വേറെ പദ്ധതികളുണ്ട്; വിവാഹത്തിന് ശേഷം അഭിനയിക്കില്ല -നമിത പ്രമോദ്
text_fieldsരാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു നമിത പ്രമോദിന്റെ അരങ്ങേറ്റം. പിന്നീട് സത്യൻ അന്തിക്കാടിൻ്റെ പുതിയ തീരങ്ങളിൽ നായികയാവുന്നതോടെ പ്രമുഖ സംവിധായകരുടെ സിനിമകളിലൂടെ മലയാളത്തിലും അന്യഭാഷകളിലും തിരക്കുള്ള നായികയായി. നടിമാർ വളരെ കുറച്ചു കാലം മാത്രമേ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിൽ നിലനിൽക്കാറുള്ളൂ. എന്നാൽ പത്തു വർഷം കഴിഞ്ഞിട്ടും ആരാധകരുടെ പ്രിയപ്പെട്ട നായികയായി നമിത തുടരുന്നു. സിനിമയിലെ പുതിയ മാറ്റങ്ങളെ കുറിച്ചും പുതിയ തയാറെടുപ്പുക്കളെ കുറിച്ചും നമിത 'മാധ്യമം' ഓൺലൈനുമായി സംസാരിക്കുന്നു.
ഒരു വർഷത്തോളം വീട്ടിൽ. കോവിഡ് കാലം എങ്ങനെ കടന്നുപോയി?
വീട്ടുകാര്യങ്ങളുമായി രസകരമായി മുന്നോട്ട് പോയി എന്ന് പറയാം. ഭക്ഷണം ഉണ്ടാക്കാനൊക്കെ പഠിച്ചു. പുതിയ വീട്ടിലേക്ക് താമസം മാറി. വീട് സെറ്റ് ചെയ്യലൊക്കെയായി തിരക്കു തന്നെയായിരുന്നു. പിന്നെ എല്ലാവരെയും പോലെ കുറേ സിനിമ കണ്ടു. നെറ്റ് ഫ്ലിക്സിൽ സീരീസുകൾ കണ്ടു. അങ്ങനെയൊക്കെയാണ് കഴിഞ്ഞ വർഷം കടന്നു പോയത്.
വായനക്ക് സമയം കണ്ടെത്താൻ കഴിഞ്ഞോ ?ഇപ്പോൾ വായന തീരെ കുറഞ്ഞു. വല്ലപ്പോഴും മാത്രമായി. ഒരു കാലത്ത് കുറേ വായിച്ചിരുന്നു. പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങളൊക്കെ വായിക്കാൻ താൽപര്യമായിരുന്നു. ഇപ്പോൾ സീരിസും സിനിമ കാണലും മാത്രമായി.
കണ്ട സിനിമകൾ സ്വാധീനിച്ചോ ?വെബ് സീരിസ് കാണുന്നത് തന്നെ ഒരു പഠനമാണ്. എൻ്റർടെയിൻമെൻ്റിനപ്പുറം അത് പുതിയ മേഖലയാണ്. നല്ല അനുഭവമായിരുന്നു. സിനിമയുടെ അത്ര തന്നെ ക്വാളിറ്റിയിലാണ് ഇപ്പോൾ സീരിസ് നിർമ്മിക്കുന്നത്. വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നും ചിലപ്പോൾ തനിച്ചിരുന്നുമാണ് സിരീസ് കാണാറുള്ളത്.
പാചകത്തിൽ താല്പര്യമുണ്ടോ ?പാചകം ഇഷ്ടമാണ്. എനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കാനൊക്കെ പഠിച്ചു. മാഹി സ്വദേശിയായ എന്റെ സുഹൃത്ത് മിന്നി ഇവിടെ അടുത്താണ് താമസം. അവൾ നന്നായി പാചകം ചെയ്യും. ഇടക്ക് അവളുടെ അടുത്ത് പോയി പാചകം പഠിക്കാറുമുണ്ട്. അവൾ പലപ്പോഴും രുചികരമായ വിഭവങ്ങൾ ഉണ്ടാക്കി കൊണ്ടുവരും. വീട്ടിൽ അമ്മയും നല്ല പാചകക്കാരിയാണ്. അമ്മക്ക് എപ്പോഴും ഇഷ്ടപ്പെട്ട വിഭവങ്ങൾ മാത്രം പാചകം ചെയ്യാൻ സമയം കിട്ടാറില്ല. അപ്പോൾ എനിക്ക് ഇഷ്ടമുള്ള ചിലത് ഞാൻ പഠിച്ചതിന് ശേഷം പാചകം ചെയ്ത് നോക്കും. എനിക്ക് എരിവ് ഇഷ്ടമാണ്. മധുരത്തോട് അത്ര താല്പര്യമില്ല. കേക്ക് മാത്രമാണ് ഇഷ്ടം. വല്ലപ്പോഴുമേ കഴിക്കു. കറിയിൽ ഞാൻ വീണ്ടും വീണ്ടും മുളക് ചേർക്കും. പാചകം ആസ്വദിച്ചാണ് ചെയ്യാറുള്ളത്.
അന്യഭാഷയിൽ സജീവമാണ്?അങ്ങിനെ പറയാനാവില്ല. ഇടക്ക് തെലുങ്ക് സിനിമകൾ ചെയ്യാറുണ്ട്. അവിടെ വളരെ പ്രഫഷണലാണ്. സാങ്കേതികമായി ഏറെ മുന്നിട്ട് നിൽക്കുന്ന അണിയറ പ്രവർത്തകരാണ്. അഭിനയിച്ച കുറച്ച് തെലുങ്ക് സിനിമകൾ വരാറുണ്ട്. ഗ്ലാമറസായ വേഷങ്ങൾ ഒഴിവാക്കി കംഫർട്ടബിളായ സിനിമകളാണ് ചെയ്യാറുള്ളത്.
അന്യഭാഷയിൽ സംതൃപ്തി നൽകുന്ന സിനിമകളിൽ അഭിനയിക്കാൻ കഴിയാറുണ്ടോ ?കൃത്യമായി പറയാനാവില്ല. ചെയ്ത പല ചിത്രങ്ങളും വാണിജ്യ വിജയം മാത്രം കണ്ട് നിർമ്മിക്കുന്നതാണ്. ആ ചിത്രങ്ങളിലൊന്നും നായികക്ക് വലിയ പ്രാധാന്യവും ഉണ്ടാകണമെന്നില്ല. നല്ല കളർഫുൾ ചിത്രങ്ങളാണ് അവർ ഒരുക്കുന്നത്. ഇപ്പോൾ മലയാളത്തിലാണ് അഭിനയിക്കുന്നത്. നാദിർഷ സംവിധാനം ചെയ്യുന്ന "ഗാന്ധി സ്ക്വയർ" എന്ന ചിത്രത്തിൽ.
സിനിമയുടെ രീതികൾ മാറുന്നു. കുറേ നായികമാർ വരുന്നു. മത്സരം ഉണ്ടോ?
മത്സരം അല്ല. നമ്മൾ എപ്പോഴും അഡ്വാൻസ്ഡ് ആയി കൊണ്ടിരിക്കണം എന്നതാണ് പ്രാധാനം. കൂടുതൽ ശ്രദ്ധിച്ച് ഹോം വർക്ക് ചെയ്യ്ത് സിനിമകൾ ചെയ്യണം. കൂടെയുള്ളവരോട് മത്സരമൊന്നു ഉണ്ടാവില്ല. ആശയങ്ങൾ മാറുമ്പോൾ, വേ ഓഫ് മേക്കിങ് ഒക്കെ അനുസരിച്ച് കാര്യങ്ങൾ മാറുന്നതാണ്. അത് ശ്രദ്ധിച്ചില്ലേൽ നമ്മൾ പുറത്താകും. അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. അല്ലാതെ എത്ര പുതിയ ആൾക്കാർ വന്നാലും അത് നമ്മളെ ബാധിക്കില്ല.
ട്രാഫിക് മുതൽ ഇവിടെ വരെ പത്ത് വർഷം കഴിഞ്ഞു. നടി എന്ന നിലയിൽ സംതൃപ്തയാണോ?നടി എന്നതിനേക്കാൾ വ്യക്തിപരമായി ഞാൻ സംതൃപ്തയാണ്. ഒരു കാര്യത്തെ കുറിച്ചും അധികം ചിന്തിക്കാറില്ല. ഇവിടെ വരെ എത്തിയതിന് നന്ദിയെന്ന് മാത്രമേ കരുതാറുള്ളൂ. സിനിമയില്ലാതായാൽ വേറെ ജോലി ചെയ്ത് ജീവിക്കും.
കരിയറിൽ ആരോടെങ്കിലും കടപ്പാടുണ്ടോ ?രാജേഷ് പിള്ളയാണ് എന്നെ സിനിമയിൽ അവതരിപ്പിച്ചത്. സത്യൻ അന്തിക്കാടിന്‍റെ സിനിമയിലൂടെയാണ് നായിക ആകുന്നത്. സിനിമ തന്ന എല്ലാവരോടും കടപ്പാടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത ആളാകും സിനിമയിൽ അവസരം നൽകുന്നത്. എങ്കിലും എനിക്ക് ഏറ്റവും കടപ്പാടുള്ളത് എൻ്റെ അച്ഛനോടാണ്. എനിക്കായി മറ്റെല്ലാം മാറ്റിവെച്ച ഒരാളെ എനിക്ക് വേറെ കിട്ടില്ല. അച്ഛൻ്റെ ഓരോ സെക്കൻ്റും നമ്മളാണ്. എനിക്ക് വേണ്ടിയാണ് അച്ഛൻ്റെ കഴിഞ്ഞ പത്തു വർഷം ചിലവാക്കിയത്. അപ്പോൾ എനിക്ക് ഏറ്റവും കടപ്പാട് അച്ഛനോട് തന്നെയാണ് .
കോമഡി ചെയ്യാറില്ലേ ?വൈകാരിക മുഹൂർത്തങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ അഭിനയിക്കാൻ കഴിയും. കോമഡി ചെയ്യാൻ കുറച്ച് പാടാണ്.
നടിയായ ശേഷം ജീവിതത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ?നാട് മാറി എന്നതാണ് ഒന്നാമത്തെ മാറ്റം. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് മാറി. ആളുകളോട് സംസാരിക്കാനൊക്കെ പഠിച്ചു. ഒരുപാട് പേരെ പരിചയപ്പെട്ടു. ലൈഫ് സ്റ്റൈൽ തന്നെ മാറി. കുറേ പേരോട് ആശയവിനിമയം നടത്താറുണ്ട്. ചുറ്റുമുള്ളവരെ നിരീക്ഷിക്കാറുണ്ട്. അങ്ങനെ കുറേ വ്യത്യാസങ്ങൾ ജീവിതത്തിൽ വരുത്താൻ സാധിച്ചു.
എത്രമാത്രം ഗൗരവമുള്ളതാണ് നമിതക്ക് അഭിനയം?ഒരു പാട് ഇഷ്ടമാണ് അഭിനയം. ആദ്യമൊന്നും അഭിനയം ഇഷ്ടമല്ലായിരുന്നു. എന്നാൽ പീന്നീട് അഭിനയത്തെ ഇഷ്ടപ്പെട്ടു തുടങ്ങി. ഇഷ്ടപ്പെട്ട് തന്നെയാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഇനി സിനിമ കിട്ടുമോ എന്നൊന്നും സത്യത്തിൽ അറിയില്ല. പക്ഷേ ചെയ്യുന്നത് സത്യസന്ധമായാണ്.
സിനിമ തെരഞ്ഞെടുക്കുന്നത് എങ്ങിനെ?
മികച്ച തിരക്കഥ, അണിയറ പ്രവർത്തകർ എന്നിവ നോക്കിയാണ് സിനിമ തെരഞ്ഞെടുക്കുന്നത്.
തുടർച്ചയായി ചില സിനിമകൾ പരാജയപ്പെടുമ്പോൾ വിഷമിക്കാറുണ്ടോ?
ഒരു സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ അടുത്ത സിനിമ ശ്രദ്ധിക്കപ്പെടുമായിരിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകാറുളളത്. പരാജയത്തെ കുറിച്ച് ആലോചിച്ച് വിഷമിക്കാറില്ല. യാത്രയിൽ ഉയർച്ച താഴ്ച്ചകൾ ഉണ്ടാകും. സിനിമയിൽ ഒന്നും പ്രവചിക്കാനില്ലല്ലോ. പ്രേക്ഷകരാണ് വിധി കർത്താക്കൾ. സിനിമയുടെ വിജയത്തിന് പിന്നിൽ നിർമാണം മുതൽ വിതരണം വരെ കുറേ കാര്യങ്ങളുണ്ട്. ചെറിയ പാളിച്ച സംഭവിച്ചാൽ പ്രശ്നമാണ്. ചെയ്യാനുള്ള കാര്യം ഭംഗിയായി ചെയ്ത് കഴിഞ്ഞാൽ മറ്റൊന്നും നമ്മുടെ കൈയ്യിലില്ല. വിജയത്തിൽ ആഹ്ളാദിക്കുമ്പോൾ പരാജയത്തിൽ സങ്കടപ്പെടുകയും ചെയ്യും. പക്ഷേ അത് വല്ലാതെ കൊണ്ടു നടക്കാറില്ല.
മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യു.സി.സിയിൽ നമിത അംഗമല്ല?സംഘടന നല്ലതാണ്. എല്ലാവരേയും പിന്തുണക്കാനും സഹായിക്കാനും പ്രവർത്തിക്കുന്ന സംഘടനകൾ നല്ലതിനാണ്. സിനിമയിൽ വന്ന് മൂന്ന് സിനിമകൾ കഴിഞ്ഞപ്പോൾ അങ്ങനെ ഒരു അസോസിയേഷനിൽ ചേർന്നു. വല്ലപ്പോഴും മീറ്റിങ്ങിന് പോകാറുണ്ട്. കുറേ ഫ്രണ്ട്സുണ്ട്. എല്ലാവരേയും കാണുന്നു. സീരിയസായി അതേപറ്റി ചിന്തിച്ചിട്ടില്ല.
ജീവിതം എങ്ങനെയാണ് ചിട്ടപ്പെടുത്താറുള്ളത് ?
ഭക്ഷണം പണ്ടേ ശ്രദ്ധിക്കും. വലിച്ചു വാരി കഴിക്കില്ല. മുൻപേയുള്ള ശീലമാണ്. എൻ്റെ ശരീരത്തിൽ ഞാൻ കോൺഷ്യസാണ്. എനിക്കറിയാം എനിക്ക് എന്താണ് പറ്റുന്നതെന്ന്. അത് ശ്രദ്ധിക്കുന്നത് കൊണ്ട് വെയിറ്റ് കൂടില്ല. പിന്നെ സ്കിൻ ശ്രദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കും. മനസ് ഹാപ്പിയായി വെയ്ക്കാൻ ശ്രദ്ധിക്കും. പിന്നെ ഞാൻ അങ്ങനെ ഡയറ്റ് പ്ലാനൊന്നും ഫോളോ ചെയ്യുന്നില്ല. എനിക്ക് പറ്റില്ല എന്നതാണ് സത്യം. വളരെ നോർമ്മലായ കാര്യങ്ങളാണ് ചെയ്യുക.
ഓർക്കാൻ ഇഷ്ടപ്പെടുന്ന നമിതയുടെ സിനിമ ?എല്ലാ സിനിമയും പ്രിയപ്പെട്ടതാണ്. വിക്രമാദിത്യൻ, പുള്ളിപുലിയും ആട്ടിൻകുട്ടിയും കൂടുതൽ ഇഷ്ടമാണ്. ആ ടീമിനോടുള്ള ഇഷ്ടം കൂടുതൽ കൊണ്ടാവും.
ഏറെ സ്നേഹിക്കുന്ന സ്വപ്നം ?കുറേ യാത്ര പോകണം. വലിയ ആർഭാടമൊന്നും ഇല്ലാത്ത യാത്ര. പ്രകൃതിയിലേക്കുള്ള യാത്രകൾ. തിരക്കൊക്കെ മാറ്റിവെച്ച് സ്വസ്ഥമായി ഒരു യാത്ര. ഒറ്റയ്ക്ക് യാത്ര പോകാറില്ല. വീട്ടുകാരോടൊപ്പം പോകണമെന്നാണ് ആഗ്രഹം.
വിവാഹം കഴിഞ്ഞിട്ടുള്ള യാത്രകളാണോ?
ഉടൻ തന്നെ വിവാഹം ഉണ്ടാകില്ല. നാല് വർഷത്തിനുള്ളിൽ കല്യാണം ഉണ്ടാകും. അച്ഛനും അമ്മയും വിവാഹകാര്യമേ എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാൽ ഞാൻ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.