Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightജയ ജയ ജയ ജയ ഹേയിലെ...

ജയ ജയ ജയ ജയ ഹേയിലെ ആങ്ങളയല്ലേ! ആനന്ദ് മന്മദന്‍ അഭിമുഖം

text_fields
bookmark_border
ജയ ജയ ജയ ജയ ഹേയിലെ ആങ്ങളയല്ലേ! ആനന്ദ് മന്മദന്‍ അഭിമുഖം
cancel

ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ആനന്ദ് മന്മദന്‍. കഴിഞ്ഞ ആറുവർഷമായി സിനിമാലോകത്ത് അഭിനയത്തിലൂടെ നിലനിൽക്കുന്ന ആനന്ദ് മന്മദൻ ഇപ്പോൾ എഴുത്തു വഴിയിൽ കൂടി കാൽ വെച്ചിരിക്കുകയാണ് . തന്റെ വിശേഷങ്ങൾ ആനന്ദ് പങ്കുവെക്കുന്നു 'മാധ്യമ'ത്തിലൂടെ...

• 'സ്ഥാനാർഥി ശ്രീക്കുട്ട'നിലൂടെ എഴുത്ത് രംഗത്തേക്ക്

ഞങ്ങളുടെ സുഹൃത്ത് വലയത്തിൽ നിന്നുണ്ടായ ഒരു സിനിമയാണ് സ്ഥാനാർഥി ശ്രീക്കുട്ടൻ. ഈ സിനിമയുടെ സംവിധായകനായ വിനീഷിന്റെ മനസ്സിൽ വന്ന ഒരു ആശയമാണ് ഇതിന്റെ ബെയ്‌സിക്ക് പ്ലോട്ട്. ആദ്യം ഒരു ഷോർട്ട് ഫിലിം ചെയ്യാം എന്ന പ്ലാനായിരുന്നു അവനുണ്ടായിരുന്നത്. പക്ഷേ അതിലൊരു സിനിമയുണ്ടെന്നവന് മനസ്സിലാക്കാൻ കഴിഞ്ഞതിനുശേഷം ഞാനും വിനീഷും ഇതിന്റെ എഡിറ്ററായ കൈലാഷും അതുപോലെ മുരളി എന്നു പറയുന്ന മറ്റൊരു റൈറ്ററും ചേർന്നാണതിന്റെ സ്ക്രിപ്റ്റെഴുതുന്നത്.

അതിനുശേഷമാണ് ബഡ്ജറ്റ് ലാബ് ഈ സിനിമ നിർമിക്കാൻ തയ്യാറാവുന്നത്. സ്ഥാനാർഥി ശ്രീക്കുട്ടൻ കുട്ടികളുടെ ഒരു മാസ് പടമാണ്. കുട്ടികളുടെ കാഴ്ചപ്പാടിലൂടെ പോകുന്ന ഒരു സിനിമ. കുട്ടികൾളുടെ സിനിമയാണെങ്കിലും അജു വർഗീസ്, സൈജു കുറുപ്പ്, ജോണി ആന്റണി എന്നിവരൊക്കെ ഇതിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ ഈ വർഷം തന്നെ പുറത്തിറക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പതിവ് കുട്ടികളുടെ സിനിമകളെ പോലെയല്ല ഈ ചിത്രം. ഇത് കുട്ടികളെ വെച്ചു ചെയ്യുന്ന ഒരു എന്റർടൈൻമെന്റ് പരിപാടിയാണ്. അത് എല്ലാ പ്രായക്കാർക്കും എൻജോയ് ചെയ്യാൻ പറ്റും. പ്രത്യേകിച്ചും 90'S കിഡ്‌സിനൊക്കെ കുറേക്കൂടി കണക്ട് ചെയ്യാൻ പറ്റുന്ന ഒന്നായിരിക്കും സ്ഥാനാർഥി ശ്രീക്കുട്ടൻ എന്നാണെനിക്ക് തോന്നുന്നത്.


• നാലുപേർ ഒന്നിച്ച് തിരക്കഥയെഴുതുമ്പോൾ

എനിക്ക് സിനിമ മൊത്തത്തിൽ വലിയ ഇഷ്ടമാണ്. സിനിമ എന്നു പറയുന്ന മേഖലയെക്കുറിച്ചറിയാൻ എപ്പോഴും കൗതുകമുണ്ട്. ഒരു സിനിമയുടെ തിരക്കഥയെഴുതുക എന്ന് പറഞ്ഞാൽ ഒരു പതിവ് കഥ എഴുതുന്നത് പോലെയോ, സാഹിത്യസംബന്ധമായ എന്തെങ്കിലും എഴുതുന്ന പോലെയോ ഉള്ള ഒന്നല്ലല്ലോ. സീൻ എങ്ങനെ കൺസീവ് ചെയ്യുന്നു എന്നുള്ളതാണ് നമ്മളിവിടെ എഴുതിവെക്കുന്നത്.

ഒരുപാട് സിനിമകൾ കണ്ട പരിചയത്തിന്റെ മുകളിലാണ് നമ്മളത് എഴുതുന്നത്. പിന്നെ ഇവിടെ നാല് എഴുത്തുകാരുള്ളതുകൊണ്ട് ഒരാളുടെ അഭിപ്രായത്തിന്റെ മുകളിൽ മാത്രമല്ലല്ലോ സിനിമ എഴുതുന്നത്. ഒരാൾ പറയുന്ന അഭിപ്രായത്തെ എല്ലാവരും വിശകലനം ചെയ്താണ് ആ അഭിപ്രായം സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സീനിലും എല്ലാവരുടെയും ഇൻപുട്ട് ഉണ്ട്. എല്ലാവരും ഒരുമിച്ചിരുന്ന് മാത്രമാണ് ഈ സ്ക്രിപ്റ്റ് എഴുതിയിട്ടുള്ളത്.

• സ്വന്തം പ്രയത്നത്തിലൂടെ സിനിമയിലേക്ക്

സിനിമയോടുള്ള താല്പര്യം കുട്ടിക്കാലം മുതൽക്കേ ഉണ്ടായിരുന്നു. പക്ഷെ സിനിമ തന്നെ മതിയെന്ന് ഞാനുറപ്പിച്ചത് പഠിത്തമെല്ലാം കഴിഞ്ഞ് ജോലിക്ക് കയറിയപ്പോഴാണ്. കാരണം വേറെന്ത് ജോലി ചെയ്തിട്ടും ഞാൻ സാറ്റിസ്‌ഫൈഡ് ആകുന്നില്ല. അന്നൊക്കെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടാനായി ഒരുപാട് ഓഡിഷനുകൾക്കൊക്കെ പോയിട്ടുണ്ട്. പക്ഷേ അതിലൊന്നും സെലക്ഷൻ കിട്ടാതെ വന്നപ്പോഴാണ് എന്നാൽ പിന്നെ സ്വന്തമായി കുറച്ച് വിഡിയോകൾ ചെയ്തു യൂട്യൂബിലും ഫേസ്ബുക്കിലുമെല്ലാം ഇടാമെന്ന് തീരുമാനിക്കുന്നത്.

അങ്ങനെ ചെയ്ത ഒരു വിഡിയോ കണ്ടിട്ടാണ് വൈ സിനിമയുടെ സംവിധായകൻ സുനിൽ ഇബ്രാഹിം സാർ എന്നെ കാണാൻ വിളിക്കുന്നതും അവസരം വരുമ്പോൾ അറിയിക്കാമെന്ന് പറയുന്നതും. അതിനുശേഷമാണ് വൈ എന്ന സിനിമയുടെ ഓഡിഷനെന്നെ വിളിക്കുന്നത്.അങ്ങനെ ആ സിനിമയിലൂടെ ഞാനാദ്യമായി സിനിമ രംഗത്തേക്ക് കയറി വന്നു. സത്യം പറഞ്ഞാൽ സ്വന്തം പ്രയത്നത്തിലൂടെ തന്നെയാണ് ആദ്യ സിനിമയിലേക്ക് എത്തുന്നത് എന്നതാണ് സത്യം.

• എട്ടു ദിവസത്തെ അറ്റൻഷൻ പ്ലീസ്

ഒരുപാട് ഓഡിഷനുകൾക്ക് പോകുന്നുണ്ടെങ്കിലും ജനുവിനായിട്ടുള്ള ഓഡിഷനൊന്നും അറ്റൻഡ് ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നിരുന്നു. അങ്ങനെയാണ് ഓഡിഷന് പോകുന്നത് നിർത്തി സ്വന്തമായി വിഡിയോസിടാൻ തുടങ്ങുന്നത്. അതു വഴി രണ്ടു സിനിമകളൊക്കെ ചെയ്തു നിൽക്കുന്ന സമയത്താണ് അറ്റൻഷൻ പ്ലീസ് സിനിമയുടെ ഓഡിഷൻ കോളെനിക്ക് വരുന്നത്. പക്ഷേ ഓഡിഷനുള്ള വിശ്വസ്തത നഷ്ടമായത് കാരണം ആ ഓഡിഷന് പോകണ്ട എന്ന് വിചാരിച്ചു നിൽക്കുകയായിരുന്നു. പക്ഷേ ഒരു രണ്ടുമാസം കഴിഞ്ഞപ്പോൾ വിഷ്ണുഗോവിന്ദ് വിളിച്ചെന്നോട് പറഞ്ഞു ഒരു സിനിമ ചെയ്യുന്നുണ്ട് , അതിലൊരു കഥാപാത്രം ചെയ്യാൻ ഇതുവരെ ആരും ശരിയായിട്ടില്ല, അത് നീ ചെയ്താൽ കൊള്ളായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.

നീ ഒന്ന് വരാമോ എന്ന്. അങ്ങനെ അവിടെ ചെന്നപ്പോഴാണ് ഞാനറിയുന്നത് മുൻപ് ഞാൻ ഓഡിഷന് പോകാതെ മാറ്റിവെച്ച വർക്കായിരുന്നു അതെന്ന്. എട്ടു ദിവസത്തെ ഷൂട്ടായിരുന്നു ആ സിനിമക്കുണ്ടായിരുന്നത്. വളരെ ചുരുങ്ങിയ ബഡ്ജറ്റിലുള്ള സിനിമയായതുകൊണ്ടുതന്നെ ഷൂട്ട് നടക്കുന്ന സ്ഥലത്ത് തന്നെയായിരുന്നു ഞങ്ങളുടെ താമസവും. ആ എട്ടു ദിവസങ്ങളിൽ എല്ലാവരും സംസാരിക്കുന്നതെല്ലാം സിനിമയെ കുറിച്ചായിരുന്നു. അങ്ങനെ ഒരു പ്രോസസ്സിലൂടെയുള്ള സിനിമാനുഭവം എനിക്കാദ്യമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴും ഞങ്ങൾക്കിടയിൽ നല്ലൊരു ബോണ്ട് ഉണ്ട്.

• ഷോർട്ട് ഫിലിംസും - വെബ് സീരീസും എന്റെ പഠന കേന്ദ്രം

ഒരുകാലത്ത് എന്നെ ജീവിക്കാൻ പിടിച്ചു നിർത്തിയത് തന്നെ ഷോർട്ട് ഫിലിംസും വെബ് സീരീസും ഒക്കെയായിരുന്നു. അക്കാലങ്ങളിൽ കുട്ടി സ്റ്റോറീസ് എന്ന് പറയുന്ന ഒരു ചാനലിൽ കുറെ ഷോർട് ഫിലിംസും കുറെ വെബ് സീരീസും ചെയ്തിട്ടുണ്ട്. ഡബിൾഡക്കർ എന്നൊരു വെബ് സീരീസൊക്കെ ചെയ്തിട്ടുണ്ട്. എന്ന ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയതൊക്കെ അതിലൂടെയാണ്. ഞാനിപ്പോൾ ഇത്രയൊക്കെ പടങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇന്നും എന്നെ ആളുകൾ തിരിച്ചറിയുന്നത് ഈ ഷോർട്ട് ഫിലിംസിന്റെയും വെബ്സീരീസിന്റെയുമൊക്കെ പേരിലാണ്.

എന്നാൽ ആ വർക്ക് ചെയ്യുമ്പോഴൊക്കെ എന്റെ ഏറ്റവും വലിയ ലക്ഷ്യം സിനിമ തന്നെയായിരുന്നു. ചെയ്യുന്ന സിനിമയിലെ പെർഫോമൻസ് ശരിയായില്ലെങ്കിൽ അത് കരിയറിനെ മൊത്തത്തിൽ ബാധിക്കും എന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ നമ്മുടെ അഭിനയത്തെ നന്നായി പോളിഷ് ചെയ്തെടുക്കാനുള്ള ഒരു ഉപാധിയായിട്ടാണ് ഞാൻ ഷോർട്ട് ഫിലിംസിനേയും വെബ്സീരീസിനെയും കണ്ടിട്ടുള്ളത്. ഒന്നിലെ അഭിനയം മോശമാകുമ്പോൾ തന്നെ നമുക്ക് അത് തിരിച്ചറിയാനും അടുത്ത ഷോർട്ട് ഫിലിമിലൂടെ അതിനെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നുള്ളതും വലിയ സാധ്യത തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഷോർട്ട് ഫിലിംസും വെബ് സീരീസും എന്റെ പഠന കേന്ദ്രം തന്നെയായിരുന്നു.

• പ്രേക്ഷകരെന്നെ തിരിച്ചറിയുന്നത് ജയ ജയ ജയ ജയ ഹേയിലൂടെ

ഇതിനു മുൻപ് ഞാൻ പല സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ചെയ്ത ഒരു സിനിമ തീയറ്ററിൽ വർക്ക് ആവുന്നത് ജയ ജയ ജയ ജയ ഹേ ആണ്. എനിക്കതിലുള്ള കഥാപാത്രം താരതമ്യേന ചെറുതാണെങ്കിൽ കൂടിയും അത്യാവശ്യം നല്ല കഥാപാത്രമാണത്. ആ കഥാപാത്രം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു എന്നുള്ളത് വലിയ സന്തോഷമാണ്. ഹിറ്റാകുന്ന ഒരു സിനിമയിൽ നമ്മൾ ചെറിയ റോൾ അഭിനയിച്ചാൽ പോലും നമുക്കതുണ്ടാക്കുന്ന ഒരു മാറ്റം ഞാനാ സിനിമയിലൂടെയാണ് തിരിച്ചറിയുന്നത്. കാരണം അത്രയേറെ ഓഡിയൻസിനിടയിലേക്കാണ് നമ്മളെത്തപ്പെടുന്നത്.

തിയേറ്ററിൽ മാത്രമല്ല ഹോട്ട് സ്റ്റാറിലും ടെലിവിഷനിലുമെല്ലാം ഈ സിനിമ എത്തുംതോറും അത്രയേറെ ആളുകളിലേക്കാണ് ഈ കഥാപാത്രവും എത്തുന്നത്. ഒരു ദിവസം ഞാൻ ചെറിയൊരു നാട്ടിൻ പ്രദേശത്ത് പോയപ്പോൾ അവിടെയുള്ള ഒരു ചെറിയ ചായക്കടയിൽ നിൽക്കുന്ന ചേട്ടൻ എന്നെ കണ്ടു തിരിച്ചറിഞ്ഞു. ജയ ജയ ജയ ജയ ഹേയിലെ ആങ്ങളയല്ലേ എന്നെന്നോട് ചോദിച്ചു. അതാണ് മാസ് ഓഡിയൻസിലേക്ക് എത്തപ്പെടുന്ന സിനിമയിലൂടെ നമുക്കുണ്ടാകുന്ന വ്യത്യാസം. മാത്രമല്ല കരിയറിലും എനിക്ക് വലിയൊരു ഭാഗ്യമാണ് ആ സിനിമ തന്നത്. ഇങ്ങനെയൊരു നടൻ ഉണ്ടെന്ന് എല്ലാവരും തിരിച്ചറിയുന്നത് ആ സിനിമയിലൂടെയാണ്.അതിന് ശേഷമാണ് കുറെ റോളുകൾ വന്നു തുടങ്ങിയത്.

• ക്യാരക്ടർ ട്രാൻസിഷൻ സിനിമയിലും ജീവിതത്തിലും

എന്റെ റിയൽ ലൈഫിലെനിക്ക് സഹോദരിമാരില്ല. ഒരു സഹോദരനാണുള്ളത്. എങ്കിൽ കൂടി ആ കഥാപാത്രത്തിന്റെ ചായ്‌വ് എനിക്ക് എവിടെയൊക്കെയോ ഉണ്ടെന്നു തോന്നിയിട്ടുണ്ട്. ഈ പറയുന്നതുപോലെ ഞാനും എന്റെ സഹോദരനും തമ്മിൽ ചെറുപ്പത്തിൽ തല്ലുണ്ടാക്കുകയൊക്കെ ചെയ്യുമായിരുന്നു. പക്ഷേ ഒരു പരിധി കഴിയുമ്പോൾ ഞാനും അവനുമൊക്കെ തുല്യരാണെന്ന് മനസ്സിലാക്കുന്ന ഒരു സ്റ്റേജ് ഉണ്ടല്ലോ. അതുപോലുള്ള ഒരു മാറ്റം ഈ പറയുന്ന ജയ ജയ ജയ ജയ ഹേലുമുണ്ട്. ആ സിനിമയിലൊരു ക്യാരക്ടർ ട്രാൻസിഷൻ വരുന്നത് ഞാൻ ചെയ്യുന്ന കഥാപാത്രത്തിന് മാത്രമാണുള്ളത്.

ബാക്കി എല്ലാ കഥാപാത്രങ്ങളും തുടക്കം മുതൽ എങ്ങനെയാണോ അതുപോലെതന്നെയാണ് അവസാനം വരെയും നിൽക്കുന്നത്. പക്ഷേ ഞാൻ ചെയ്ത കഥാപാത്രം ചെറുപ്പത്തിൽ സഹോദരിക്ക് ഒരുപാട് പാരകൾ വെക്കുന്നുണ്ടെങ്കിലു, ഏറ്റവും അവസാനം അവൾക്കൊപ്പം നിൽക്കുകയാണ് ചെയ്യുന്നത്. ആ ഒരു മാറ്റം എന്റെ ജീവിതത്തിൽ എന്റെ അനിയന്റെ അടുത്തുണ്ടായിട്ടുണ്ടെന്നെനിക്ക് തോന്നിയിട്ടുണ്ട്.



• ത്രൂഔട്ട് കഥാപാത്രം തരുന്നത് സെന്ന ഹെഗ്‌ഡെ

എനിക്ക് സെന്ന സാറിന്‍റെയടുത്ത് വളരെയധികം നന്ദിയുണ്ട്. ഞാനാദ്യമായൊരു ത്രൂഔട്ട് കഥാപാത്രം ചെയ്യുന്നത് സാറിന്റെ പത്മിനി എന്ന സിനിമയിലാണ്. ആ കഥാപാത്രം ചെയ്യാൻ, നിലവിലുള്ള ഏത് ആർട്ടിസ്റ്റ്നെ വേണമെങ്കിലും വിളിക്കാനുള്ള ഒരുപാട് ഓപ്ഷൻസ് സാറിന്റെ മുൻപിലുണ്ടായിരുന്നു. എന്നിട്ടും അത് ചെയ്യാൻ സാറെന്നെ തന്നെ വിളിച്ചു. ആ വിളിക്കാൻ തോന്നിയ മനസ്സ് വലിയ കാര്യം തന്നെയാണ്. ഇതിനു മുൻപുള്ള ആദ്ദേഹത്തിന്റെ 1744 വൈറ്റ് ഓള്‍ട്ടോ എന്ന സിനിമയെടുക്കുകയാണെങ്കിൽ ആ സിനിമയിലെനിക്ക് ഒരു ഡയലോഗ് പോലുമില്ലായിരുന്നു.

എങ്കിലും സിനിമയിൽ ഞാൻ എന്ന കഥാപാത്രം കാര്യമായി തന്നെയുണ്ടായിരുന്നു. പക്ഷേ അധികമാർക്കും ആ സിനിമ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ഓടിടി റിലീസിതു വരെ വന്നിട്ടില്ല. സത്യത്തിൽ ആ സിനിമയും എനിക്ക് വേറൊരുതരം അനുഭവമായിരുന്നു. എല്ലാ സീനിലുമുള്ള ഒരു കഥാപാത്രത്തിന് സംസാരിക്കാതെ, ഡയലോഗില്ലാതെ എന്ത് ചെയ്യാൻ പറ്റുമെന്നുള്ള ഒരു ആശയകുഴപ്പം എനിക്കതിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു നടനെന്ന നിലയിൽ എനിക്കതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നു.

അതുപോലെതന്നെ അദ്ദേഹത്തിന്റെ പത്മിനി സിനിമയിലൂടെ ചാക്കോച്ചനെ പോലെ ഒരു വലിയ നടന്റെ കൂടെ ആദ്യമായിട്ടാണ് ഞാനഭിനയിക്കുന്നത്. അതിന്റേതായ ടെൻഷനെല്ലാം എനിക്കുണ്ടായിരുന്നു. പക്ഷേ ചാക്കോച്ചൻ നല്ല കൂളായിരുന്നു. നമുക്ക് പെർഫോം ചെയ്യാനുള്ള സ്പേസ് തരുമായിരുന്നു. ഒരു നടൻ എന്ന നിലയിൽ അതെനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. പുള്ളിയുടെ കഥാപാത്രത്തിന്റെ കൂടെ നടക്കുന്ന കഥാപാത്രമാണ് ഞാൻ. ചാക്കോച്ചൻ തന്നിട്ടുള്ള ആ സ്പേസ് കാരണം തന്നെയാണ് ആ കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രി വർക്ക്ഔട്ട് ആവുന്നതും.

• പുതിയ വർക്കുകൾ

ഉടൻ തന്നെ ഇറങ്ങാൻ പോകുന്നത് ഒരു വെബ് സീരീസാണ്. തെക്കൻ തല്ല് കേസ് സിനിമയുടെ സംവിധായകനായ ശ്രീജിത്തേട്ടൻ ചെയ്യുന്ന വെബ് സീരീസാണത്. ഉടൻതന്നെ ഹോട്ട്സ്റ്റാറിൽ വരും. അതുപോലെ മാസ്റ്റർപീസ് എന്ന മറ്റൊരു വെബ് സീരീസുമുണ്ട്. അതിൽ ഷറഫുദ്ദീൻ, നിത്യ മേനോൻ എന്നിവരാണുള്ളത്. മറ്റൊരു വെബ്സൈറ്റ് ചെയ്യാൻ നിൽക്കുന്നുണ്ട്. ഇതൊക്കെയാണ് പുതിയ വിശേഷങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InterviewAnand Manmadan
News Summary - Interview with Anand Manmadan
Next Story