കമൽ ചിരിക്കുന്നു...
text_fieldsമലയാളവും തമിഴും എന്നും ഒന്നാണെന്നു പറഞ്ഞ് ഉലകനായകൻ കമൽഹാസൻ സംസാരിച്ചുതുടങ്ങുമ്പോൾ അതിലുണ്ടായിരുന്നു മലയാളത്തോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം. മുറിച്ചുമാറ്റാൻ പറ്റാത്തതാണ് അത്. 'വിക്രം' എന്ന പുതിയ ചിത്രത്തിന് എന്തുകൊണ്ട് മലയാളം ഡബ്ബിങ് ഇല്ല എന്നുചോദിക്കുമ്പോഴും അദ്ദേഹത്തിന് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ 'മലയാളവും തമിഴും ഒന്നല്ലേ... എന്തിനാ ഡബ്ബിങ്. എല്ലാ മലയാളികൾക്കും തമിഴ് നന്നായി മനസ്സിലാവും' എന്ന്. ഇന്ത്യൻ സിനിമയുടെ സ്വന്തം കമൽഹാസൻ സംസാരിക്കുന്നു...
മലയാള സിനിമയിൽ ഇനിയുമെത്തും
മലയാള സിനിമയിൽ അഭിനയിക്കാൻ ഞാൻ എപ്പോഴും തയാറാണ്. പക്ഷേ, അതിനൊത്ത കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങൾ ചെയ്യാൻ കഴിയും എന്ന സാധ്യത ഇപ്പോഴുണ്ട്. എന്നാൽ, സംവിധായകർ അതിന് തയാറാകുന്നില്ല. സിനിമയുടെ തന്മയത്വം പോകുമോ എന്നാണ് മലയാള സംവിധായകരുടെ പേടി. ഈ പേടി മാറ്റി അവരെ പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞാൽ ഞാൻ മലയാള സിനിമയിൽ ഇനിയുമെത്തും.
പെയ്ഡ് ഹോളിഡേ
സിനിമ ജോലിയല്ല, അതെനിക്കൊരു പെയ്ഡ് ഹോളിഡേ പോലെയാണ്. കഴിഞ്ഞ 35 വർഷമായി ഈ ഹോളിഡേ ഞാൻ ആഘോഷിച്ചുകൊണ്ടിരിക്കുന്നു.
ഒരു സിനിമക്കായി കരാർ ഒപ്പുവെക്കുമ്പോൾ ആ സിനിമയോടൊള്ള സ്നേഹത്തിന് കൂടിയാണ് ഒപ്പുചാർത്തുന്നത്. കാമറക്ക് മുന്നിലും പിന്നിലും നിൽക്കാൻ കഴിയുന്നത് ഭാഗ്യമാണ്. 150 രൂപ ശമ്പളത്തിന് ഡാൻസ് അസിസ്റ്റന്‍റായി തുടങ്ങിയ ഒരാൾക്ക് ഇത്രയുംദൂരം എത്താൻ കഴിഞ്ഞില്ലേ, ഇത് പ്രതീക്ഷിച്ചതല്ല. വലിയ നടനാകണമെന്നൊന്നും ആഗ്രഹിച്ചല്ല തുടങ്ങിയത്. അതേ സമയം നല്ല നടനാകണമെന്നുണ്ടായിരുന്നു. കഴിഞ്ഞ 35 വർഷം അതിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു.
ഒ.ടി.ടിയും സാധ്യതകളും
സിനിമയിൽ കൂടുതൽ സാധ്യതകൾ തുറന്നിടുകയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ. ആദ്യം മുതൽതന്നെ അത് പോസിറ്റിവായി ഏറ്റെടുത്തയാളാണ് ഞാൻ. തീർച്ചയായും അത്തരം ചിത്രങ്ങൾ ഇനിയുമുണ്ടാകും. രാജ് കമൽ പ്രൊഡക്ഷൻസിന് കീഴിൽ ഇനിയും ഒ.ടി.ടി ചിത്രങ്ങൾ ഇറങ്ങും. സിനിമകളുടെ നിലവാരത്തിൽ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ച അവിശ്വസനീയമാണ്. 15 വർഷം മുമ്പ് സിനിമ സംവിധാനം ചെയ്യുമ്പോൾ ഇതൊന്നും സങ്കൽപിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. എല്ലാം നല്ല സിനിമകൾക്ക് ഗുണം ചെയ്യുന്നതാണ്.
'വിക്രം'
അടുത്ത പത്ത് വർഷം പ്രേക്ഷകരുടെ മനസ്സിൽ മായാതെ തങ്ങിനിൽക്കുന്ന സിനിമയായിരിക്കും വിക്രം. സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് വിക്രം ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ടിലും കൊറിയോഗ്രഫിയിലുമെല്ലാം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പുതിയ അനുഭവമാണ്. അതുകൊണ്ടുതന്നെ, പ്രേക്ഷകർക്കും 'വിക്രം' പുതിയ അനുഭവമായിരിക്കും. 1986ൽ ഇറങ്ങിയ 'വിക്ര'വുമായി ഈ ചിത്രത്തിന് ഒരു ബന്ധവുമില്ല. സംവിധായകൻ ലോകേഷ് കനകരാജിന്‍റെ ഇഷ്ട സിനിമയാണ് '86ലെ വിക്രം. അതാവാം ഈ സിനിമക്കും അങ്ങനെയൊരു പേരിടാൻ കാരണം.
ഫഹദ് എന്ന 'ഗുരു'
ഞാൻ ഇപ്പോഴും സിനിമയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥിയാണ്. 'വിക്ര'മിൽ ഫഹദ് ഫാസിലും വിജയ് സേതുപതിയും തകർത്തഭിനയിക്കുമ്പോൾ ഞാൻ അവരിൽനിന്ന് പഠിക്കുകയായിരുന്നു. അവരെവെച്ച് ചിത്രം സംവിധാനം ചെയ്യണമെന്നുപോലും ആഗ്രഹിച്ചുപോയി. ഫഹദ് അപാര ടാലന്‍റുള്ള നടനാണ്. കേരളത്തിന്‍റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെ സ്വത്താണ് ഫഹദ്. ഈ ചിത്രത്തിലേക്ക് ഫഹദിനെ തെരഞ്ഞെടുക്കാൻ കാരണം അദ്ദേഹത്തിന്‍റെ കഴിവ് മാത്രമാണ്. അല്ലാതെ മലയാളിയായതുകൊണ്ടല്ല. മലയാള നടീനടന്മാർ ആദ്യ ചിത്രം മുതൽ എന്നോടൊപ്പമുണ്ട്. ആദ്യമായി നിർമിച്ച രാജ പവാർവയിൽ കെ.പി.എ.സി ലളിതയുണ്ടായിരുന്നു. 'സത്യ'യിൽ നെടുമുടി വേണുവും ബഹദൂറുമെല്ലാമുണ്ടായിരുന്നു.
സിനിമയും ഡബ്ബിങ്ങും തമ്മിൽ
സിനിമയുടെ ഡബ്ബിങ് നമ്മൾ ഉദ്ദേശിക്കുന്ന പോലെ അത്ര എളുപ്പമല്ല. വളരെ ബുദ്ധിമുട്ടേറിയ ജോലിയാണത്. അഭിനയിക്കുന്നത് വേറൊരു ഭാഷ പറഞ്ഞായിരിക്കും. അത് മറ്റൊരു ഭാഷയിലേക്ക് ഡബ്ബ് ചെയ്യുമ്പോൾ ആ സീനും ഡയലോഗും സാഹചര്യവുമെല്ലാം മനസ്സിലുണ്ടാകണം. കഥയുടെ ഒറിജിനൽ സ്ക്രിപ്റ്റ് മനസ്സിൽ വേണം. അഭിനയിക്കുമ്പോഴും ഇക്കാര്യങ്ങൾ മനസ്സിലുണ്ടാവണം.
ഓരോ നാട്ടിലെയും പ്രേക്ഷകർ ആവശ്യപ്പെടുന്നത് നമുക്ക് നൽകാൻ കഴിയണം. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമാണ് വിക്രം റിലീസ് ചെയ്യുന്നത്. മലയാളികൾക്ക് തമിഴ് മനസ്സിലാകും എന്നതുകൊണ്ടാണ് ഇത് മലയാളത്തിലേക്ക് മൊഴി മാറ്റാതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.