പെരുത്തിഷ്ടമാണ് പെരുന്നാളുകൾ
text_fieldsഇപ്പോൾ സിനിമയിൽ തിരക്കായതോടെ പെരുന്നാൾ ഒരു ദിവസത്തെ ആഘോഷം മാത്രമായി ചുരുങ്ങി. പിറ്റേന്ന് എന്തെങ്കിലും പരിപാടികളുണ്ടാകും. പിന്നെ എറണാകുളത്താകുമ്പോൾ നോമ്പുതുറക്കും പെരുന്നാളിനുമൊക്കെ സിനിമ സുഹൃത്തുക്കളെ വിളിക്കാറുണ്ട്
ഓർമകൾ പിച്ചവെച്ചെത്തുന്ന കുഞ്ഞുന്നാളുകളിലെ പെരുന്നാളുകളിൽ നിറഞ്ഞിരുന്നത് പുത്തനുടുപ്പിന്റെ മണമായിരുന്നു. അന്നൊക്കെ പുത്തനുടുപ്പുകൾ കിട്ടുന്നത് പെരുന്നാളിന് മാത്രമായിരുന്നു. പിന്നെ ഡ്രസ്സെടുക്കണമെങ്കിൽ കാത്തിരിക്കണം അടുത്ത പെരുന്നാൾ വരെ. ഉപ്പ ഗൾഫിലായതിനാൽ ദാരിദ്ര്യമൊന്നും ഇല്ലായിരുന്നെങ്കിലും വസ്ത്രമെടുക്കൽ അപൂർവമായിരുന്നു. കല്യാണങ്ങൾക്ക് പോകാൻ പോലും പുതുവസ്ത്രങ്ങൾ എടുക്കുന്ന പതിവുകളില്ലായിരുന്നു. ഇപ്പോൾ ഏത് കുടുംബത്തിലായാലും ഇടക്കൊക്കെ ഡ്രസ്സെടുക്കും. കല്യാണത്തിനും പരിപാടികൾക്കുമൊക്കെ പുതിയ ഡ്രസ്സുകളുണ്ടാകും.
പെരുന്നാളിന് പുതുവസ്ത്രങ്ങൾ വേണമെന്ന നിർബന്ധമൊന്നും ഉപ്പക്കും ഉമ്മക്കും ഇല്ലായിരുന്നു. എന്നാൽ, കുട്ടികൾക്ക് എടുക്കാൻ ധിറുതി കൂട്ടും. അപ്പോൾ അവർക്കും നിർബന്ധിച്ച് വസ്ത്രങ്ങൾ എടുപ്പിക്കലാണ് ചെയ്യുക. താൽപര്യം കാണിക്കാറില്ലെങ്കിലും പെരുന്നാളിന് ഡ്രസ്സെടുക്കൽ ഉമ്മക്ക് വലിയ ഇഷ്ടമാണ്. അതിനാൽ കുട്ടിക്കാലത്തെ പെരുന്നാൾ ഓർമകൾ പുതുവസ്ത്രങ്ങളിലാണ് നിറഞ്ഞു നിൽക്കുന്നത്. പിന്നെ ഇറച്ചി വാങ്ങുക പ്രധാനമായിരുന്നു. വലിയ പെരുന്നാളിന് ഇറച്ചി കിട്ടാത്ത ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു. ബലിമാംസം ആവശ്യത്തിന് കിട്ടും. മറ്റൊന്ന് പെരുന്നാൾ നമസ്കാരത്തിന് പോകലായിരുന്നു. കുളിച്ച് പുത്തനുടുപ്പുമിട്ട് പള്ളിയിൽ പോകും. ഗൾഫിലുള്ള ഉപ്പ നാട്ടിലുള്ളപ്പോൾ ഉപ്പയുടെ കൂടെ പെരുന്നാൾ നമസ്കാരത്തിനു പോകുമായിരുന്നു. ഇപ്പോൾ കുടുംബസമേതം വളയംകുളം ഈദ്ഗാഹിൽ പോകാറുണ്ട്.
ചെറിയ പെരുന്നാളിനാണെങ്കിൽ പെരുന്നാളിന് മുമ്പുള്ള നോമ്പുകൾ കൃത്യമായി അനുഷ്ഠിക്കുമായിരുന്നു. നോമ്പു നോൽക്കുന്നതിൽ ഗൾഫിൽ നിന്നുള്ള ഉപ്പയുടെ നിർദേശം ഉമ്മ നടപ്പാക്കുകയായിരുന്നു. ഉമ്മക്കാണല്ലോ നമ്മളിൽ സ്വാധീനമുണ്ടാക്കാൻ സാധിക്കുക.
അക്കാലത്ത് പെരുന്നാൾ ദിനത്തിൽ മാമന്റെ വീട്ടിലും ഉമ്മയുടെ വീട്ടിലുമൊക്കെ വിരുന്നുപോകുന്നതും രസമായിരുന്നു. രണ്ടു മൂന്ന് കിലോമീറ്റർ പാടത്തൂടെ നടന്നായിരുന്നു പോയിരുന്നത്. സഹോദരങ്ങളും കൂടെയുണ്ടാകും. അന്നൊക്കെ അതൊരു ദൂരമായിരുന്നില്ല. ഇന്ന് അതും വലിയ ദൂരമാണ്. കാറും വാഹനങ്ങളുമില്ലാതെ പോകാൻ പറ്റാതെയുമായി. അന്ന് പോകുന്ന വഴിയിൽ പാടത്തെ വെള്ളത്തിൽ മീൻ പിടിച്ചൊക്കെ നിൽക്കും. അതിനാൽ പെരുന്നാളിന് ബന്ധുവീടുകളിൽ എത്താൻ വൈകും.
ഭക്ഷണങ്ങളിൽ അന്ന് ബിരിയാണിയായിരുന്നു ഇഷ്ടം. ബിരിയാണി അന്ന് പെരുന്നാളിനും കല്യാണത്തിനും മാത്രമല്ലേ കിട്ടിയിരുന്നത്. ബിരിയാണിയിൽ ബീഫ് തന്നെ മുമ്പൻ. ബീഫില്ലാത്ത കളിയില്ല. 'തല്ലുമാല' എന്ന സിനിമയിൽ പറയുമ്പോലെ ഇറച്ചി എന്നാൽ ബീഫ് തന്നെ. അതിനാൽ പെരുന്നാൾ വിഭവങ്ങളിലും ബീഫ് തന്നെ പ്രധാനം. ചില പെരുന്നാളുകളിൽ ഉച്ച നമസ്കാരശേഷം സുഹൃത്തുക്കളുമായി അടുത്ത സ്ഥലങ്ങളിൽ യാത്രപോകുന്ന പതിവുമുണ്ടായിരുന്നു.
അക്കാലത്ത് പെരുന്നാളിന് ഒളിഞ്ഞും തെളിഞ്ഞും സിനിമക്ക് പോകുമായിരുന്നു. ഉമ്മയോട് പറയും. ഉപ്പയോട് പറയില്ല. ഉപ്പ കുറച്ച് യാഥാസ്ഥിതിക സ്വഭാവക്കാരനായിരുന്നു. ഇപ്പോൾ കുറച്ച് പുരോഗമനമൊക്കെ വന്നിട്ടുണ്ട്.
ഇപ്പോൾ സിനിമയിൽ തിരക്കായതോടെ പെരുന്നാൾ ഒരു ദിവസത്തെ ആഘോഷം മാത്രമായി ചുരുങ്ങി. പിറ്റേന്ന് എന്തെങ്കിലും പരിപാടികളുണ്ടാകും. പിന്നെ എറണാകുളത്താകുമ്പോൾ നോമ്പുതുറക്കും പെരുന്നാളിനുമൊക്കെ സിനിമ സുഹൃത്തുക്കളെ വിളിക്കാറുണ്ട്. നാട്ടിൽ അയൽക്കാരുമായും പെരുന്നാൾ ആഘോഷമുണ്ട്. ഷറഫുക്ക, ഷക്കീലാത്ത, സൂറാത്ത എന്നിവരുടെ വീടുകൾ ഒരു പറമ്പിലാണ്. ഞങ്ങൾ ഒരു കുടുംബംപോലെയാണ് കഴിയുന്നത്. അതിനാൽ പെരുന്നാളാഘോഷങ്ങളും ഒരുമിച്ചുതന്നെ.
വലിയ പെരുന്നാൾ ഹജ്ജ് പെരുന്നാളാണല്ലോ. അടുത്ത വർഷം ഉമ്മയെയും ഉപ്പയെയും ഹജ്ജിന് വിടണമെന്ന് കരുതുന്നുണ്ട്. പെരുന്നാളിന് കൂട്ടുകൂടുക, കുടുംബബന്ധങ്ങളും രക്തബന്ധങ്ങളും ശക്തിപ്പെടുത്തുക, പിണക്കങ്ങൾ തീർക്കുക ഒക്കെയാണല്ലോ മുഖ്യം. അനാവശ്യ പിണക്കങ്ങൾ ഒഴിവാക്കി ബന്ധങ്ങൾ ദൃഢപ്പെടുത്തുന്ന ആഘോഷമാണ് പെരുന്നാൾ. എനിക്കെന്നും പെരുത്തിഷ്ടം തന്നെയാണ് പെരുന്നാളുകളോട്.
തയാറാക്കിയത്: സിദ്ദീഖ് പെരിന്തൽമണ്ണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.