ചെമ്മീൻ സിനിമക്ക് 56 വയസ്സ്; ചേർത്തലയിലുണ്ട് കറുത്തമ്മയുടെ കൂട്ടുകാരി
text_fieldsചേർത്തല: തകഴി ശിവശങ്കരപ്പിള്ളയുടെ നോവലായ 'ചെമ്മീൻ' ചലച്ചിത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ട് വ്യാഴാഴ്ച 56 വർഷം. സിനിമയിൽ നായികയായ കറുത്തമ്മയുടെ കൂട്ടുകാരിയായി വേഷമിട്ട നടി ചേർത്തലക്കാരിയാണ്. ലാസർ ആശാൻ -റോസമ്മ ദമ്പതികളുടെ മകളായ ചേർത്തല തങ്കം. 14ാം വയസ്സിലാണ് ചെമ്മീനിൽ വേഷമിട്ടതെന്ന് അവർ പറയുന്നു.
ചേർത്തല നഗരസഭ ഒമ്പതാം വാർഡിൽ സേതു നിവാസിൽ ചേർത്തല തങ്കത്തിെൻറ രണ്ടാമത്തെ സിനിമയായിരുന്നു ചെമ്മീൻ. 'കടലമ്മ' ആയിരുന്നു ആദ്യസിനിമ. ചെമ്മീനിൽ നായികയുടെ കൂട്ടുകാരികളായി അഭിനയിക്കാൻ പെൺകുട്ടികളെ ആവശ്യപ്പെട്ട് കഥാകാരൻ തകഴി ആലപ്പുഴയിലെ സ്വർണവ്യാപാരിയായ ചെമ്പക മണിയോട് പറഞ്ഞപ്പോൾ 'കടലമ്മ'യിൽ അഭിനയിച്ച തങ്കത്തിെൻറ കാര്യം പറയുകയായിരുന്നു. 'പെണ്ണാളെ.... പെണ്ണാളെ.... കരിമീൻ കണ്ണാളെ, കണ്ണാളെ...' എന്നു തുടങ്ങുന്ന ഗാനത്തിലും കറുത്തമ്മയുടെ ജീവിതത്തിലും പ്രധാന കൈത്താങ്ങുകളായ കൂട്ടുകാരിലൊരാളാണ് തങ്കം. വയലാർ രാമവർമ -സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്ന പാട്ടുകൾക്കൊപ്പം പല സീനിലും തങ്കം ചുവടുവെച്ചു. സത്യൻ, മധു, ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ, എസ്.പി. പിള്ള തുടങ്ങിയ പ്രഗല്ഭരുടെ കൂടെ അഭിനയിക്കാനുള്ള അവസരവും വലിയ ഭാഗ്യമായി കരുതുകയാണ് തങ്കം.
പുതിയ ആകാശം പുതിയ ഭൂമി, കല്യാണ ഫോട്ടോ, അനുഭവങ്ങൾ പാളിച്ചകൾ, കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, കടത്തനാട്ട് മാക്കം, ചൂള, പിച്ചിപ്പൂ, നീലപ്പൊൻമാൻ, തീനാളങ്ങൾ, ഇത്തിക്കരപ്പക്കി, വല്ലാത്ത പഹയൻ, മാണിക്കകൊട്ടാരം തുടങ്ങിയ സിനിമകളിലും ചേർത്തല തങ്കം ശ്രദ്ധേയവേഷങ്ങൾ ചെയ്തു. ഹാസ്യ സമ്രാട്ടുകളായ ബഹദൂർ, ആലുംമൂടൻ എന്നിവരുടെ ജോടിയായിട്ടാണ് പല സിനിമകളിലും അഭിനയിച്ചത്. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ സത്യെൻറ ആദ്യകാമുകിയായി സ്വന്തം പേരായ തങ്കം എന്ന കഥാപാത്രമായും അഭിനയിച്ചു. മമ്മൂട്ടി നായകനായി അഭിനയിച്ച മകൻ എെൻറ മകൻ എന്ന സിനിമയായിരുന്നു ഒടുവിൽ അഭിനയിച്ച ചിത്രം.
നഗരസഭ ജീവനക്കാരിയായി സർക്കാർ ജോലി ലഭിച്ചേതാടെ അഭിനയ ജീവിതത്തോട് വിടപറഞ്ഞത്. കാഥികനും ആത്മീയ പ്രഭാഷകനുമായ മുതുകുളം സോമനാഥാണ് ഭർത്താവ്. മകൻ സേതു അറിയപ്പെടുന്ന ഗായകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.