ജാതിയും പ്രകൃതിയും: 'മലയന്‍കുഞ്ഞ്' സിനിമ കാണുന്നു

ടി. ദാമോദരന്‍ ഉൾെപ്പടെ പല പ്രമുഖരും തിരക്കഥയെഴുതിയ പല സിനിമകളിലും ജാതിവെറിയും ജാതി ദുരഭിമാനങ്ങളുമുള്ള കഥാപാത്രങ്ങളെ ധാരാളമായി കാണാന്‍ കഴിയും. ഇന്നത്തേതുപോലെ 'പൊളിറ്റിക്കല്‍ കറക്ട്നസോ' സോഷ്യല്‍ മീഡിയയുടെ ഇഴകീറി പരിശോധനകളോ ഇല്ലാതിരുന്ന കാലത്ത് ജാത്യധിക്ഷേപങ്ങള്‍ മാത്രമല്ല, സ്ത്രീവിരുദ്ധത ഉള്‍പ്പെടെയുള്ള സകല സാമൂഹിക തിന്മകളും സിനിമകളില്‍നിന്ന് രക്ഷപ്പെട്ടുപോയിരുന്നു. സിനിമാസ്വാദകരായ അന്നത്തെ വലിയൊരു വിഭാഗത്തിനും അതൊക്കെ ഇഷ്ടവുമായിരുന്നു. എതിര്‍പ്പുള്ളവര്‍ക്ക് അത് രേഖപ്പെടുത്താനാവശ്യമായ പ്ലാറ്റ്ഫോമുകളും അധികമുണ്ടായിരുന്നില്ല.
കാലം മാറി, സിനിമയുടെ ഭാഷയും വ്യാകരണവും മാറി. സത്യം വിളിച്ചുപറയാന്‍ മടിയില്ലാത്തവര്‍ ജാതീയതയുടെ കരാളരൂപത്തെ സിനിമയില്‍ ഉള്ച്ചേർത്തുവെക്കാനും തുറന്നുകാണിക്കാനും മടിയില്ലാത്തവരായി. തമിഴിലും മറ്റും സമീപകാലത്തിറങ്ങിയ പല സിനിമകളും ആ സമൂഹത്തില്‍ നിലനില്ക്കുന്നതും പരസ്യമായതുമായ ജാതീയതയുടെ ക്രൂരമുഖങ്ങളെ തുറന്നുകാട്ടുമ്പോള്‍ മലയാളസിനിമയിലും ചിലരെങ്കിലും അത്തരം ശ്രമങ്ങളിലേക്ക് കാലെടുത്തുവെച്ചു.
കേരളത്തിനു പുറത്തുള്ള ജാതീയതയും അസമത്വവുമല്ല കേരളത്തിലേത്. ജാതിയുടെ പേരില്‍ ആളുകളെ പരസ്യമായി അകറ്റിനിർത്താനും അപമാനിക്കാനും മടിയില്ലാത്തവരെ തമിഴ്നാട്ടിലും മറ്റും ധാരാളമായി കാണാം. 'പരിയേറും പെരുമാളും' 'കര്‍ണനും' 'ജയ് ഭീമും' 'മണ്ടേല'യും മറ്റും തുറന്നിട്ടത് അതിന്റെ ഭീകരതകളായിരുന്നു. കേരളത്തിലാകട്ടെ ഇന്നും നല്ലൊരു വിഭാഗമാളുകളുടെയുമുള്ളില് ജാതീയത രൂഢമൂലമാണ്. 'പുഴു' പോലുള്ള സിനിമകള്‍ അത്തരം സാമൂഹികവിഷയങ്ങളാണ് കൈകാര്യംചെയ്യുന്നതും. നാം ആർജിച്ചെടുത്ത സാമൂഹികബോധവും നവോത്ഥാനമൂല്യങ്ങളും പരസ്യമായി ജാതി പറഞ്ഞാല്‍ നേരിടേണ്ടിവന്നേക്കാവുന്ന ശക്തമായ എതിര്‍പ്പുമാണ് പലരെയും തങ്ങള്‍ക്കുള്ളിലെ ജാതിയെ, ലൈംഗികതപോലെതന്നെ അടിച്ചമര്‍ത്തിവെക്കാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ, ചില സമയത്തൊക്കെ അത് ചെറിയ കുരുക്കളായി പഴുത്തുപൊട്ടിയൊലിക്കുകയും ചെയ്യും.
ഉരുള്‍പൊട്ടലും നമുക്കൊരു പുതിയ കാര്യമല്ല. ഒറ്റരാത്രികൊണ്ട് അനവധിയാളുകള്‍, ചിലരൊക്കെ കുടുംബത്തോടെ ഇല്ലാതായ ഒട്ടേറെ പ്രകൃതിദുരന്തങ്ങള്‍ മലയാളി കണ്ടു. തലനാരിഴക്ക് രക്ഷപ്പെട്ടവരും മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നവരുമായി ബന്ധപ്പെട്ട കരളലിയിക്കുന്ന കഥകള്‍ നാം വായിച്ചു. പ്രകൃതിദുരന്തങ്ങളില്‍ മനുഷ്യന് മതവും ജാതിയും മാത്രമല്ല, മഹാരോഗത്തെപ്പോലും അവഗണിച്ച് രക്ഷാപ്രവര്ത്തനത്തിനിറങ്ങുന്നതിനെപ്പറ്റി നാം വാചാലരായി. കേരളസമൂഹത്തില്‍ ഉള്‍ച്ചേര്‍ന്നുനില്‍ക്കുന്ന ജാതീയതയെയും സമീപകാലത്ത് നമ്മെ ഏറെ ഭയപ്പെടുത്തുകയും നിസ്സഹായരാക്കുകയുംചെയ്ത പ്രകൃതിദുരന്തങ്ങളെയും ചേര്‍ത്തുവെക്കാനുള്ള ശ്രമമാണ് മഹേഷ് നാരായണന് രചിച്ച് സജിമോന്‍ സംവിധാനംചെയ്ത 'മലയന്‍കുഞ്ഞ്'.
താഴ്ന്ന ജാതിക്കാരോട് ഉള്ളില്‍ കടുത്ത അയിത്തം കൊണ്ടുനടക്കുന്നയാളാണ് 'മലയന്‍കുഞ്ഞി'ലെ അനിക്കുട്ടന്. അയല്‍വാസിയായ ദലിതന്റെ കുടുംബത്തോടുള്ള സമീപനത്തിലുള്പ്പെടെ നിഴലിക്കുന്നത് ആ സഹിഷ്ണുതയില്ലായ്മയാണ്. അതുംപോരാഞ്ഞ് ദുരഭിമാനവും. കല്യാണത്തലേന്ന് പെങ്ങള് ഒരു താഴ്ന്ന ജാതിക്കാരനൊപ്പം ഒളിച്ചോടി പോയതിന്റെ പ്രതികാരക്കനലുകള് അയാളുടെ ഉള്ളില്‍ കെടുന്നതേയില്ല. അച്ഛനില്നിന്നുമാണ് ആ ജാതീയ തിന്മകള് അനിക്കുട്ടന് പകര്ന്നുകിട്ടിയതെന്നു കരുതുന്നതില്‍ തെറ്റില്ല. മകളുടെ ഒളിച്ചോടലിനെ തുടര്‍ന്ന് അയാള്‍ ജീവനൊടുക്കുന്നത് ദുരഭിമാന ആത്മഹത്യയല്ലാതെ മറ്റൊന്നുമായിരുന്നില്ല.
കനത്ത മഴയത്ത് വീടുകളില്‍നിന്ന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുമ്പോള്‍ അനിക്കുട്ടന് അവിടേക്കു പോകാന്‍ മടിക്കുന്നത് താഴ്ന്ന ജാതിക്കാരോടൊപ്പം കഴിയേണ്ടിവരുമെന്നതിനാലാണ്. 1990ല്‍ പുറത്തിറങ്ങിയ ജേസി സംവിധാനം ചെയ്ത 'പുറപ്പാടി'ല്‍, ഉരുളെടുത്തില്ലാതായ കുടിയേറ്റ ഭൂമിയില്‍നിന്ന് പുതിയ ഭൂമിക തേടിയുള്ള യാത്രക്കിടയില്‍ രാത്രിയിലൊരിടത്തു തങ്ങുന്ന സംഘാംഗങ്ങള്‍ സ്വയം പാകംചെയ്യുന്ന ഭക്ഷണം അക്കൂട്ടത്തിലുള്ള ബ്രാഹ്മണന് കഴിക്കാന്‍ മടിക്കുന്നുണ്ട്. എല്ലാവര്‍ക്കുമുള്ള ഭക്ഷണം ഒരുമിച്ചു പാകംചെയ്യുന്നത് കഴിക്കാന്‍ അയാളെ വിലക്കുന്ന ദുരഭിമാനം ഇന്നും ഇല്ലാതായിട്ടില്ലെന്ന് 'മലയന്‍കുഞ്ഞും' പറയുന്നു. മതമാണ് വൈരം ഉണ്ടാക്കുന്നതെന്നാണ് 'പുറപ്പാട്' പറഞ്ഞതെങ്കില്‍ മതത്തിനുമപ്പുറം ജാതിയെന്ന സൂക്ഷ്മത സൃഷ്ടിക്കുന്ന വൈരാഗ്യമാണ് 'മലയന്‍കുഞ്ഞി'ലേത്. ഹോട്ടലില്‍പോയി ഭക്ഷണം കഴിക്കുമ്പോള്‍ മറ്റുള്ളവര്‍ പങ്കിട്ടെടുത്ത ഗ്രേവി തന്റെ പാത്രത്തിലെ പൊറോട്ടയിലൊഴിക്കാന് മടിച്ച്, അറിയാത്തവിധം പാത്രം തട്ടിക്കളഞ്ഞ് പുതിയ പാത്രത്തില്‍ ഗ്രേവി വാങ്ങിക്കുന്നതും കഴിച്ചശേഷം ഇലയെടുക്കാന്‍ മനപ്പൂർവം മടിക്കുന്നതുമൊക്കെ അനിക്കുട്ടന്റെ ഉള്ളിലെ സവര്ണബോധംമൂലമായിരുന്നു. അതിന് പൂണൂലിന്റെയോ ടിപ്പിക്കല്‍ ജാതിവാലുകളുടെയോ ഒന്നും ആവശ്യം അയാള്‍ക്കില്ല.
ജാതിചിന്തകളിലൊന്നുംപെടാതെ അടുക്കളയിലൊതുങ്ങി ജീവിക്കുന്ന അനിക്കുട്ടന്റെ അമ്മ ശാന്തമ്മ സമകാല സമൂഹത്തിലെ സവര്‍ണ-കുലസ്ത്രീ സ്ത്രീസങ്കല്പങ്ങളില് നിന്ന് തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ്. മകന് ഉള്ളില്‍ കൊണ്ടുനടക്കുന്ന ഭ്രഷ്ടിനെപ്പറ്റി അവര്‍ക്ക് കാര്യമായ ബോധ്യമൊന്നുമില്ല. അതൊന്നും ആ കഥാപാത്രത്തെ അലട്ടുന്നുമില്ല. അവര്‍ക്ക് ആരോടും വേര്‍തിരിവുകളില്ല. മകന് ഭക്ഷണമുണ്ടാക്കുന്നതിനൊപ്പം അയല്‍വാസിയായ ദലിതനും പറമ്പിലെ റബര്വെട്ടുകാര്ക്കും ആ അമ്മ അന്നം നല്കുന്നു. താഴ്ന്ന ജാതിക്കാരനൊപ്പം ഇറങ്ങിപ്പോയ മകളെ മനസ്സിലാക്കാനും രമ്യതയിലാകാനും അവര്‍ക്കു ബുദ്ധിമുട്ടില്ല. നാട്ടിലെ കള്ളുഷാപ്പില്‍വെച്ച് ജാതിയില്‍ താഴ്ന്നവരോട് അടിയുണ്ടാക്കി ജാതിപ്പേര് വിളിച്ചാക്ഷേപിക്കുന്ന അനിക്കുട്ടനെ പുറത്തിറക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തുന്ന അമ്മാവന് പറയുന്നത്, അച്ഛന് തൂങ്ങിമരിച്ചതു കണ്ടതിനുശേഷം അവനല്പം പിറകോട്ടാണ് എന്നാണ്. അനിക്കുട്ടന്റെ ഉള്ളില്‍ നീറിക്കിടക്കുന്ന ജാതിബോധത്തിനുള്ള മറയായിരുന്നു ജാതി ദുരഭിമാനം മൂത്ത് തൂങ്ങിച്ചത്ത അച്ഛന്റെ മരണം.
അയല്‍വാസിയായ ദലിത് കുടുംബത്തിലെ നവജാതശിശുവിന്റെ കരച്ചില് അനിക്കുട്ടനെ നിരന്തരം അലോസരപ്പെടുത്തുന്നതും അതുകൊണ്ടാണ്. ''നീയും നിന്റെ പെങ്ങളുമൊക്കെ ഉണ്ടായപ്പോഴും ഇങ്ങനെ കരഞ്ഞുകൊണ്ടുതന്നെയാണ് കഴിഞ്ഞിരുന്ന''തെന്ന അമ്മയുടെ വാചകങ്ങളൊന്നും അനിക്കുട്ടനില് മാറ്റവുമുണ്ടാക്കുന്നില്ല. കുഞ്ഞിന്റെ കരച്ചില്മൂലം തനിക്ക് സ്വസ്ഥമായി ജോലി ചെയ്യാനാകുന്നില്ലെന്ന് പരാതി പറയുന്ന അനിക്കുട്ടന് ആ കരച്ചിലിനെ മറികടക്കുന്നത്, രാത്രിയിലും ഉയര്‍ന്ന ശബ്ദത്തില്‍ ടേപ് റെക്കോഡറില്‍ അയ്യപ്പഭക്തിഗാനം പ്ലേ ചെയ്താണ്. മഴയുടെ ഇരമ്പത്തിനും മീതേയുള്ള ആ ഭക്തിഗാനം അനിക്കുട്ടനിലെ ജാതിക്കോമരത്തെമാത്രമേ തൃപ്തിപ്പെടുത്തുന്നുള്ളൂ.
മരണത്തിന്റെ ആഴച്ചുഴിയില്നിന്നു നീന്തിയും മാന്തിയും അള്ളിപ്പിടിച്ചും അയാള്‍ വെളിച്ചക്കീറു തേടി വരുന്നത് ഒരു ശബ്ദത്തെ പിന്‍പറ്റിയാണ്. മണിക്കൂറുകള്‍ക്കു മുമ്പുവരെ തനിക്ക് അലോസരം സൃഷ്ടിച്ചിരുന്ന കുഞ്ഞിന്റെ കരച്ചില്തന്നെയായിരുന്നു അത്. ആ കരച്ചിലിന്റെ ദിശയില്‍ ജീവിതത്തിലേക്കു തുറന്നുകിടക്കുന്ന വാതില്‍ അയാള്‍ പ്രതീക്ഷിക്കുന്നു. കുഞ്ഞിനെതിരെ ശാപവചനങ്ങള്‍ മാത്രം ഉരുവിട്ടിരുന്ന നാവുകൊണ്ട്, 'പൊന്നി' എന്ന അവളുടെ പേര് അയാള്‍ നീട്ടിവിളിച്ചുകൊണ്ടേയിരിക്കുകയാണ്, ആവര്‍ത്തിച്ചാവര്‍ത്തിച്ച്. മണ്ണിനടിയിലെ മരണത്തിന്റെ തണുപ്പിലും ഭീകരതയിലും അയാളിലെ ജാതിബോധം ഉരുകിയൊലിച്ചില്ലാതാകുന്നുവെന്നു പറയാനാണ് 'മലയന്‍കുഞ്ഞ്' ശ്രമിക്കുന്നത്.
'മലയന്‍കുഞ്ഞ്' എന്ന പേരിലൊരു കഥാപാത്രം സിനിമയിലില്ല. സിനിമയില്‍ അനിക്കുട്ടനാല് പരാമര്‍ശിക്കപ്പെടുന്ന ജാതിപ്പേരുകളില്നിന്ന്, പൊന്നി എന്ന ആ കൈക്കുഞ്ഞാണ് മലയന്കുഞ്ഞെന്നു വ്യക്തമാണ്. പേരിലെ ആദ്യക്ഷരം മാറ്റി മറ്റൊന്നാക്കിയാല് അതില്‍ സിനിമയില്‍ പരാമര്‍ശിക്കുന്ന ജാതി കടന്നുവരുകയും ചെയ്യും. മറച്ചുവെക്കപ്പെട്ടതും എന്നാല്‍ അര്‍ഥസമ്പുഷ്ടവുമായ ആ പേരിലൂടെ സിനിമയുടെ ജാതിപ്രമേയത്തെ വെളിപ്പെടുത്താനാണ് ശ്രമിക്കുന്നത്. കഥയും കഥാപാത്രവുമായി ചേർത്തുവെക്കുമ്പോള്‍ അതിന് പതിന്മടങ്ങ് ശക്തി കൈവരുന്നുമുണ്ട്.
പുലര്‍ച്ചെ മൂന്നരക്ക്, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ അലാറം വെച്ചെഴുന്നേറ്റ് തൊടിയിലെ കിണറ്റില്‍നിന്ന് വെള്ളംകോരി നേരേ തലയിലൊഴിച്ച് 'ദേഹശുദ്ധി' വരുത്തി തൊഴിലെടുക്കുന്ന അനിക്കുട്ടന് മുറിക്ക് പുറത്ത് എന്തു ശബ്ദം കേട്ടാലും നേരിടാനുള്ള ആയുധമാണ് ടോര്‍ച്ച്. റബറുവെട്ടാന്‍ വരുന്നവര്‍ ചൂളംകുത്തുമ്പോഴും അയല്‍വീട്ടിലെ കുട്ടി കരയുമ്പോഴും ആ ടോര്‍ച്ചാണ് അയാളുടെ ആയുധം. ഇടക്ക് ആദ്യത്തെ ടോര്‍ച്ച് മാറ്റി അല്പംകൂടി തീക്ഷ്ണവെളിച്ചമുള്ള മറ്റൊരു ടോര്‍ച്ച് അയാള്‍ വാങ്ങുന്നു. ഒച്ചയെടുത്ത് പ്രതിഷേധിക്കുന്നതിനുമപ്പുറത്ത് തന്റെ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ആ ടോര്‍ച്ചിന്റെ വെളിച്ചം അയാള്‍ക്കു വേണ്ടിയിരുന്നു. മറ്റുള്ളവര്‍ക്കുനേരേ മാത്രം തെളിച്ചിരുന്ന ആ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് മണ്ണിനടിയിലായ അനിക്കുട്ടനെ പ്രേക്ഷകര്‍ ആദ്യം കാണുന്നത്. അതുവരെ മറ്റുള്ളവര്‍ക്കുനേരേ മാത്രം വീശിയിരുന്ന ആ വെളിച്ചം മണ്ണിനടിയിലാകുമ്പോഴാണ് അനിക്കുട്ടന്റെ മുഖത്തേക്ക് ആദ്യമായി പതിക്കുന്നത്.
മലയോര ഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം ഈ ടോര്‍ച്ച് എല്ലാക്കാലത്തും ഒരായുധംതന്നെയാണ്. 'മഹേഷിന്റെ പ്രതികാര'ത്തില്‍ തോട്ടിലെ പാറപ്പുറത്ത് ഇരുവശങ്ങളും ഉരച്ചുകഴുകി വെളുപ്പിച്ച് ഉപയോഗിക്കുന്ന ഹവായ് ചെരുപ്പ് പോലെതന്നെയാണ് ഇവിടെ ടോര്‍ച്ച്. ഇതുരണ്ടും ഹൈറേഞ്ചിലെ ജീവിതങ്ങളില്‍നിന്നു കടമെടുത്ത ചലച്ചിത്രഘടകങ്ങളാണ്. അടിക്കടി വൈദ്യുതിബന്ധം നിലക്കുന്നിടത്ത് വെളിച്ചത്തിനായി മാത്രമല്ല, ഇരുട്ടില്‍ പതുങ്ങിയെത്തിയേക്കാവുന്ന ശത്രുക്കളെ മുന്നില്‍ കണ്ടുകൂടിയാണ് ടോര്‍ച്ച് ഉപയോഗിക്കപ്പെടുന്നത്. 'മലയന്‍കുഞ്ഞി'ല്‍ ആ ടോര്‍ച്ചിന്റെ ശക്തിയായ വെളിച്ചം അനിക്കുട്ടനിലേക്കു തിരിച്ചുവെച്ച് തിരിച്ചറിവിനെ സമര്‍ഥിക്കാന്‍ സംവിധായകന് ശ്രമിക്കുന്നു.
മണ്ണിനടിയില്‍ മരണത്തെ മുഖാമുഖം കാണുന്ന അനിക്കുട്ടന്റെ അതിജീവനത്തിന്റെ ദൃശ്യങ്ങളൊക്കെ എത്രത്തോളം റിയലാണെന്നു സാക്ഷ്യം പറയാന്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് മണ്ണിനടിയില്‍നിന്നു രക്ഷപ്പെട്ടവരാരുമില്ല. കേട്ടും കണ്ടുമറിഞ്ഞ ഉരുള്‍പൊട്ടല്‍ കഥകളോട് ആ ദൃശ്യങ്ങള്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്ന് സ്വാഭാവികമായും സംശയിക്കാം. നാല്പതടിയോളം താഴ്ചയുള്ള കിണറിനുള്ളില്നിന്നാണ് അനിക്കുട്ടനും കൈക്കുഞ്ഞായ പൊന്നിയും രക്ഷാപ്രവര്‍ത്തകരുടെ കൈകളിലേക്കെത്തുന്നത്. ആ കിണറിലേക്ക് അനിക്കുട്ടനെത്തിയതെങ്ങനെയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം സിനിമ നല്‍കുന്നില്ല.
കല്ലും മണ്ണും വെള്ളവും വന്പാറകളുമൊക്കെയാണ് ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളില്‍ മനുഷ്യരെ ഇല്ലാതാക്കുന്നത്. ഇന്നും കണ്ടെടുക്കാനാകാത്ത മനുഷ്യശരീരങ്ങളുണ്ട്. പശുവും മനുഷ്യരും മാത്രമല്ല, ആ മനുഷ്യര്‍ സഞ്ചരിച്ച ജീപ്പുവരെ സിനിമയില്‍ മണ്ണിനടിയിലാണ്. പെട്ടെന്നു പൊട്ടിയൊലിച്ച് ഉരുള്‍ നിശ്ചലമാകുന്നുമില്ല. അനിക്കുട്ടന്റെ അതിജീവനശ്രമങ്ങള്ക്കിടയിലെല്ലാം നിരന്തരം മണ്ണായും കല്ലായും വെള്ളമായും അതിങ്ങനെ പതിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തിലൊരിടത്തുനിന്ന് വലിയൊരു കിണറിനുള്ളിലേക്ക് അനിക്കുട്ടന് നുഴഞ്ഞെത്തുന്നതിനെ യാഥാര്‍ഥ്യബോധത്തോടെ ചിത്രീകരിക്കാന്‍ സിനിമക്കു സാധിച്ചിട്ടുണ്ടോ എന്നു സംശയമാണ്. മാത്രമല്ല, അത്രയും ഭീകരമായ ഉരുളിനുള്ളില്നിന്ന് പുറത്തെത്തുന്ന മനുഷ്യന്റെ ശാരീരികാവസ്ഥയാണോ അനിക്കുട്ടനുണ്ടായിരുന്നതെന്ന് ആരും സംശയിച്ചുപോകുകയും ചെയ്യും.
സിങ്ക് സൗണ്ടിന്റെ സാധ്യതകള്‍ തീര്ത്തുമില്ലാത്തതും ആളുകള്‍ അനുഭവിച്ചിട്ടില്ലാത്തതുമായ ഒരു പശ്ചാത്തലമാണ് ഇടവേളക്കുശേഷം സിനിമയിലുള്ളത്. അതുവരെ പശ്ചാത്തലത്തില്‍ നിറഞ്ഞുനില്ക്കുന്ന പെരുമഴയുടെ മുഴക്കങ്ങള്‍ക്ക് ഒരു ബി.ജി.എമ്മിനുമപ്പുറം സ്പെഷല്‍ ഇഫക്ടിന്റെ സാധ്യതകളാണുള്ളത്. ഇടവേളക്കുശേഷം ഒരുപക്ഷേ, അല്പം കൂടി മിതത്വവും നിശ്ശബ്ദതക്ക് സാധ്യതകളുമുള്ള പശ്ചാത്തലസംഗീതമാണ്, മൂന്നു പതിറ്റാണ്ടിനുശേഷം മലയാളത്തിലേക്കെത്തിയ എ.ആര്. റഹ്മാന് ഈ സിനിമയില്‍ പരീക്ഷിച്ചിരുന്നതെങ്കില്‍ മണ്ണിനടിയില്‍ അകപ്പെട്ട അനിക്കുട്ടന്റെ അതിജീവനത്തിന്റെ തീക്ഷ്ണത, കൂടുതലായി പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങുമായിരുന്നു.
ഇതിനുമുമ്പിറങ്ങിയ ഫഹദ് ചിത്രങ്ങളില്‍ പലതിന്റെയും അനുരണനങ്ങള്‍ ആ നടന് ടൈപ്പ് കാസ്റ്റിങ്ങിലേക്കു നീങ്ങുകയാണോയെന്ന് സംശയമുണ്ടാക്കുംവിധം ഈ സിനിമയില്‍ പ്രകടമാണ്. അതേസമയം ഫഹദിന്റെ അമ്മ ശാന്തമ്മയായെത്തുന്ന പുതുമുഖം ജയ കുറുപ്പ് കാഴ്ചവെക്കുന്ന പ്രകടനം സമാനതകളില്ലാത്തതുമാണ്. ഹൈറേഞ്ചിലെ വീടുകളില്‍ സാധാരണയായി കാണുന്ന അമ്മമാരെ അതേപടി പകര്‍ത്തി അവതരിപ്പിച്ചിട്ടുണ്ട് ജയ. ദുരഭിമാനിയായ അച്ഛന്റെ വേഷം ജാഫര്‍ ഇടുക്കിയും നന്നായി ചെയ്തു.
1990ലാണ് ജോണ്‍പോളിന്റെ രചനയില്‍ ജേസി സംവിധാനം ചെയ്ത 'പുറപ്പാട്' തിയറ്ററുകളിലെത്തുന്നത്. നങ്ങ്യാര്തൊടിയെന്ന കുടിയേറ്റക്കോളനിയിലെ വര്ഗീയകലാപത്തിനൊടുവില് ഉരുള്‍പൊട്ടലുണ്ടായി ഗ്രാമം മുഴുവന്‍ നശിക്കുന്നതും, അവശേഷിച്ചവര്‍ സര്‍ക്കാര്‍ നിർദേശപ്രകാരം 160 കിലോമീറ്റര്‍ അകലെയുള്ള കണിയാന്കുന്നിലെ പുറംപോക്കു ഭൂമിയിലേക്കു നടത്തുന്ന യാത്രയുമാണ് ആ സിനിമ. മനുഷ്യന്റെ ഉള്ളിലെ നീചബോധങ്ങളെ പ്രകൃതിദുരന്തങ്ങള്കൊണ്ട് കുറേയൊക്കെ തടുക്കാനാകുമെന്നായിരുന്നു ജേസി ആ സിനിമയില്‍ പറഞ്ഞത്. 32 വര്‍ഷത്തിനിപ്പുറം നങ്ങ്യാര്തൊടിയില്നിന്ന് മുളവുമ്പാറയിലെത്തുമ്പോള് മതം മാറി ജാതിയാകുന്നു. അതിജീവനത്തിനും തിരിച്ചറിവിനും ദുരന്തങ്ങളുണ്ടായേ പറ്റൂ എന്ന ശാഠ്യം ആവര്‍ത്തിക്കുന്നു. പക്ഷേ, അപ്പോഴും ദുരന്തങ്ങള്‍ക്കും നിസ്സഹായതകള്ക്കുമപ്പുറം ഇനിയും സിനിമകള്‍ക്ക് പ്രമേയങ്ങളാകാനാകുംവിധം മതജാതിബോധങ്ങള് പരസ്യമായും രഹസ്യമായും അരങ്ങുവാഴുന്നുവെന്നതാണ് വാസ്തവം.