മെമന്റോ 2000
text_fieldsഓർമയുടെ ദ്വീപിലെ നിറവും നരയും മനുഷ്യമനസ്സു പോലെ സങ്കീർണമായ നോളന്റെ ‘മെമന്റോ’
ചിതറിത്തെറിച്ച ഓർമപ്പെരുക്കങ്ങളിൽ സ്വയം നഷ്ടപ്പെട്ടുപോകുന്നൊരു പാവം ചെറുപ്പക്കാരൻ. അടുക്കും ചിട്ടയുമില്ലാത്ത മാനസിക പടയോട്ടങ്ങളിൽ അയാളെ നയിക്കാൻ ഒരു നേതാവും സഞ്ചരിക്കാൻ കുതിരയുമില്ലായിരുന്നു. തന്റെ സ്നേഹനിധിയായ ഭാര്യയുടെ കൊലയാളിയെ തേടിയാണ് അയാൾ ഒറ്റക്കു യുദ്ധത്തിനിറങ്ങിയത്. കൊള്ളക്കാരുടെ ആക്രമണത്തിൽ ഭാര്യ കൊല്ലപ്പെടുകയും തലക്കടിയേറ്റ നായകന് ഓർമ നഷ്ടപ്പെടുകയും ചെയ്യുന്നു.
ഇതിനുശേഷമുള്ള സംഭവവികാസങ്ങളാണ് 2000ത്തിൽ ഇറങ്ങിയ ക്രിസ്റ്റഫർ നോളൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ‘മെമന്റോ’ എന്ന സിനിമ പറയുന്നത്. ചിത്രത്തിൽ എടുത്തുപറയേണ്ട പ്രത്യേകത ആഖ്യാനശൈലിയാണ്. നോൺ ലീനിയർ നരേഷനാണ് സിനിമയിൽ പ്രയോഗിക്കുന്നത്.
രണ്ട് കളർ ടോണുകളിലാണ് ചിത്രത്തിലെ രംഗങ്ങൾ. ബ്ലാക്ക് ആൻഡ് വൈറ്റിലും കളറിലും. കളറിൽ ചിത്രീകരിച്ച രംഗങ്ങൾ അവസാനത്തേതിൽനിന്ന് ആദ്യത്തിലേക്കും ബ്ലാക്ക് ആൻഡ് വൈറ്റ് ആദ്യത്തേതിൽനിന്ന് അവസാനത്തിലേക്കുമാണ് സഞ്ചരിക്കുന്നത്.
പല അടരുകളായി അവ്യക്തമായ ഓർമകളിലൂടെയുള്ള വ്യവഹാരത്തിലൂടെയാണ് സിനിമ മുന്നേറുന്നത്. മനുഷ്യമനസ്സുപോലെ സിനിമയും സങ്കീർണമാണ്. വസ്തുതകളാണ്, ഓർമകളല്ല ശരിയിലേക്ക് നയിക്കുന്നതെന്ന് കൂടെക്കൂടെ ഓർമപ്പെടുത്തുന്ന കഥാനായകൻ. എല്ലാ യുദ്ധങ്ങളും ജയിക്കാനാവില്ലെന്ന തിരിച്ചറിവിനൊപ്പം ഏറെ ദൂരം സഞ്ചരിക്കുന്ന നായകൻ ലിയോ എന്ന ലിയോനാർഡ് ഷെൽബി.
തുടക്കമോ ഒടുക്കമോ നിശ്ചയിച്ചിട്ടില്ലാത്ത നിരന്തരമായ അന്വേഷണത്തിനൊടുവിൽ അയാൾ ലക്ഷ്യത്തിലെത്തുമോ. കൊലയാളികളിൽ ഒരാൾ പുറത്തുണ്ടെന്നും തനിക്ക് പ്രതികാരം ചെയ്ത് തീർക്കാനുണ്ട് എന്നതും നായകന്റെ മറവിയുടെ മഞ്ഞടരുകളിൽ എവിടെയോ ഒളിഞ്ഞു കിടപ്പുണ്ട്.
നോളൻ ടച്ച് എന്നു അക്ഷരാർഥത്തിൽ വിളിക്കാവുന്ന സിനിമയാണ് ‘മെമന്റോ’. തകർക്കപ്പെട്ട സ്മൃതി ശകലങ്ങളും കുറച്ച് ഫോട്ടോകളും ശരീരത്തിലെ പച്ചകുത്തിയ വാചകങ്ങളും മാത്രമാണ് നായകനു കൂട്ട്.
പങ്കായം നഷ്ടപ്പെട്ട തുഴയെറിച്ചിലിൽ അവ്യക്തമായ ഓർമകളായിരുന്നു അയാൾക്ക് കൂട്ട്. ഫോട്ടോഗ്രാഫുകൾക്ക് പിന്നിൽ കോറിയിടുന്ന വാചകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു നായകന്റെ നീക്കങ്ങളത്രയും. പലതവണ പൂർണമാക്കാൻ ശ്രമിച്ചിട്ടും പൂർത്തിയാക്കാൻ കഴിയാത്ത പദപ്രശ്നമായി പ്രതികാരം പലപ്പോഴും നായകന് മുന്നിൽ വിലങ്ങുതടിയാകുന്നു.
നായകനു ഭാര്യയുടെ ഘാതകനെ ഇല്ലാതാക്കാൻ കഴിയുമോ. അല്ലെങ്കിൽ അതും സ്മൃതിനാശം വന്ന മറ്റൊരു മങ്ങിയ ഓർമ മാത്രമായി മാറുമോ. കണ്ടുതന്നെ അറിയണം. ഒറ്റക്കാഴ്ചയിൽ പൂർണമായി ആസ്വദിക്കാൻ കഴിയില്ലെന്ന വിമർശനം സിനിമ ഇറങ്ങിയ കാലം മുതൽതന്നെ നിലവിലുണ്ട്. അമേരിക്കൻ സിനിമ നിരൂപകനായ റോജർ എബർട്ട് ‘മെമന്റോ’ ആശയക്കുഴപ്പമുണ്ടാക്കുന്ന കലാസൃഷ്ടിയാണെന്നു തുറന്നെഴുതിയിരുന്നു.
സാധാരണ പ്രേക്ഷകർക്ക് സിനിമ ദഹിക്കില്ലെന്ന പരാതി ഉയർന്നതിനാൽ വിതരണക്കാരെ പോലും റിലീസിന്റെ ആദ്യനാളുകളിൽ ലഭിച്ചിരുന്നില്ല. തൊട്ടുമുമ്പത്തെ സംഭവങ്ങൾപോലും മറന്നുപോകുന്ന ഓർമക്കുറവുള്ള കഥാപാത്രമായ ലിയോനാർഡ് ഷെൽബിയെ സ്ക്രീനിൽ അനശ്വരനാക്കി ആസ്ട്രേലിയൻ നടനായ ഗൈ എഡ്വേർഡ് പിയേഴ്സ് ചരിത്രം സൃഷ്ടിച്ചു.
സൈക്കോളജിക്കൽ ത്രില്ലറിൽ ലോകത്തിറങ്ങിയ മികച്ച സിനിമകളിൽ ഒന്നാണ് ‘മെമന്റോ’. ക്രിസ്റ്റഫർ നോളന്റെ സഹോദരൻ ജോനാഥൻ നോളന്റെ ‘മെമന്റോ മോറി’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നോളന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി ആരാധകർ ഇതിനെ കണക്കാക്കുന്നു. ഹ്രസ്വമായ ഓർമയുടെ ദ്വീപിലാണ് നായകൻ വസിക്കുന്നത്.
ഒരേ ചോദ്യങ്ങൾ പലവുരു ആവർത്തിക്കുന്നു. വീണ്ടും വീണ്ടും കാണിക്കുന്ന ദൃശ്യങ്ങളും സംഭാഷണവും, ശ്രേണീ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളും ടാറ്റൂവും, മുന്നോട്ടും പിറകോട്ടും കഥാഗതി വികസിപ്പിച്ചുകൊണ്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്. മനഃശാസ്ത്ര സമീപനമാണ് സിനിമയിലുടനീളം സ്വീകരിച്ചിരിക്കുന്നത്.
റിവേഴ്സ് ക്രോണോളജി സമർഥമായി ഉപയോഗപ്പെടുത്തിയ ‘മെമന്റോ’യെപോലെ വേറൊരു ചിത്രം സിനിമാചരിത്രത്തിലില്ല. സീനുകൾ തമ്മിലുള്ള ബന്ധമൊക്കെ വളരെ പ്രാധാന്യമർഹിക്കുന്നതാണ് ഇതിൽ. സിനിമയുടെ പല ഭാഗങ്ങളിലും പ്രേക്ഷകർ കണ്ടെത്തേണ്ടതായിട്ടുള്ള പല കാര്യങ്ങളുമുണ്ട്. ‘മെമന്റോ’യുടെ ഒറിജിനൽ തിരക്കഥക്ക് ക്രിസ്റ്റഫർ നോളൻ, ജോനാഥൻ നോളൻ, മികച്ച എഡിറ്റിങ്ങിന് ഡോഡി ഡോൺ എന്നിവർക്ക് ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു.
കഥക്കും തിരക്കഥക്കും ധാരാളം അംഗീകാരങ്ങൾ നേടിയെടുക്കാനും ‘മെമന്റോ’ക്ക് സാധിച്ചു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്ലാറ്റ് ഫോമുകളിൽ സിനിമ ലഭ്യമാണ്. ലിയോയുടെ കൂട്ടുകാരനായി എത്തിയ ജോ പാന്റലോയിയാനോ തന്റെ വേഷം മിച്ചതാക്കി. കാരി ആൻ മോസ്, ജോർജ ഫോക്സ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം വാലി ഫിസ്റ്ററും സംഗീതം ഡേവിഡ് ജൂലിയാനും നിർവഹിച്ചിരിക്കുന്നു.
അടുത്ത ലക്കം: ‘ഫോളോയിങ്’-1998
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.