അമ്മയും മകനും ചില വിചിത്ര സംഭവങ്ങളും
text_fieldsമക്കൾ രക്ഷിതാക്കളോട് വിചിത്രമായും മോശമായും പെരുമാറുന്ന ഇക്കാലത്ത് അത്തരത്തിലൊരു വിഷയത്തെയും അതിനു പിന്നിലെ മാനസിക അവസ്ഥകളെയും സമഗ്രമായി കാണിക്കുന്നൊരു ജാപ്പനീസ് ചിത്രമാണ് ‘മോൺസ്റ്റർ’. ബന്ധങ്ങളുടെ ആഴങ്ങളെക്കുറിച്ച് വിവരിക്കുന്നതിനാൽ സൈക്കോളജിക്കൽ അംശത്തിനൊപ്പം ഡ്രമാറ്റിക് ത്രില്ലർ ഗണത്തിലാണ് ചിത്രമൊരുക്കിയിട്ടുള്ളത്. ജാപ്പനീസ് തിരക്കഥാകൃത്ത് യുജി സകാമോട്ടോ രചന നിർവഹിച്ച ചിത്രത്തിന്‍റെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചത് ഹിരോകാസു കൊറെ-എഡയാണ്.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന മിനാറ്റോ (സോയ കുറോകവ) എന്ന ബാലനെ വളർത്തുന്ന അവിവാഹിതയായ അമ്മയാണ് സൗരി മുഗിനോ (സകുറ ആൻഡോ). ഒരു ദിവസം മകൻ അമ്മയോട് വിചിത്രമായി പെരുമാറുകയും അനാവശ്യ വാശി പ്രകടിപ്പിക്കുകയും ചെയ്യുന്നു.
സ്വന്തം മുടിമുറിക്കുക, ഒറ്റ ചെരിപ്പിട്ട് വീട്ടിൽ വരിക തുടങ്ങിയ സ്വഭാവദൂഷ്യങ്ങൾ അവനിലുണ്ടാകുമ്പോൾ അമ്മ വല്ലാതെ ആകുലപ്പെടുന്നു. ഒരു രാത്രി മിനാറ്റോ വീട്ടിലേക്ക് വരുന്നില്ല. അന്വേഷണത്തിനൊടുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു ട്രെയിൻ ടണലിൽ സൗരി അവനെ കണ്ടെത്തുന്നു. ഈ സംഭവം അവരെയാകെ തളർത്തുന്നു.
തന്‍റെ മകൻ വിചിത്രമായി പെരുമാറാൻ തുടങ്ങിയതിനുശേഷം തീർത്തും ഒറ്റപ്പെട്ട അമ്മ ഈ വിഷയം അവന്‍റെ സ്കൂൾ ടീച്ചറുടെ മുന്നിൽ അവതരിപ്പിക്കുന്നു. ടീച്ചർ അവനെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നതാണ് മകന്‍റെ സ്വഭാവമാറ്റത്തിന് പിന്നിലെന്ന് ആ അമ്മ സംശയിക്കുന്നു. എന്നാൽ, സംഭവത്തിന്‍റെ നിജസ്ഥിതി മറ്റൊന്നായിരുന്നു. അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് തുടർന്നുള്ളത്.
അമ്മ സൗരിയുടെ (സകുറ ആൻഡോ) അന്വേഷണം പലരീതിയിൽ പുരോഗമിക്കവെ സ്കൂൾ അധികൃതരും ചോദ്യമുനയിൽപെടുന്നു. എന്നാൽ, നിരന്തരമായ ചോദ്യങ്ങൾക്കു മുന്നിൽ അധികൃതർ നിഷ്ക്രിയമായ മൗനം പാലിക്കുന്നു. അത് സൗരിക്ക് ഇഷ്ടപ്പെടുന്നില്ല.
ദേഷ്യത്തോടെ സംസാരിക്കുകയും സ്കൂൾ അധികൃതരെ കേസിൽപ്പെടുത്തുമെന്ന ഭീഷണിയോടെ സംസാരിക്കുകയും ചെയ്യുന്നു. മകന്‍റെ ടീച്ചർ ഹോറിയെയും (ഈറ്റ നാഗയാമ) ചോദ്യമുനയിൽ സൗരി നിർത്തുന്നെങ്കിലും അവരും കുറ്റം സമ്മതിക്കുന്നില്ല. എന്നാൽ, അന്വേഷണത്തിന് ഒരു തുമ്പ് ആ അധ്യാപികയിൽനിന്ന് ലഭിക്കുന്നു.
അതനുസരിച്ച് സൗരിയുടെ അന്വേഷണം ചെന്നെത്തുന്നത് മകൻ മിനാറ്റോയുടെ സഹപാഠി യോറിയെയിലേക്കാണ് (ഹിനത ഹിരാഗി). ഉേദ്വഗഭരിതമായ സംഭവവികാസങ്ങളാണ് തുടർന്ന് നടക്കുന്നത്.
നല്ലൊരു ത്രില്ലറായി കണ്ടുതീർക്കാവുന്ന ചിത്രത്തിന്‍റെ ആകർഷണം സൈക്കോളജിക്കൽ അംശങ്ങളും രഹസ്യ ചുരുളുകളുമാണ്. റ്യൂട്ടോ കോൻഡോയുടെ (Ryuto Kondo) ഛായാഗ്രഹണവും റ്യുയിചി സകാമോട്ടോയുടെ (Ryuichi Sakamoto) സംഗീതവും ചിത്രത്തിന്‍റെ മുതൽക്കൂട്ടാണ്.
രക്ഷിതാക്കളോട് മക്കൾ പെരുമാറുന്ന രീതികളിൽ വന്ന മാറ്റം പലതരത്തിലാണ്. എല്ലാം തുറന്നുപറയാൻ സാധിക്കുന്ന മാതാപിതാക്കളുണ്ടെങ്കിലും ചിലർക്കിപ്പോഴും എല്ലാം പറയാൻ മൂന്നാമതൊരാൾ വേണമെന്ന അവസ്ഥയാണ്. എന്നാൽ, നല്ല രക്ഷിതാക്കളുണ്ടെങ്കിൽ എല്ലാം കേൾക്കാൻ അവരേക്കാൾ നല്ല ശ്രോതാക്കൾ ലോകത്ത് എത്ര തേടിപ്പോയാലും കണ്ടെത്തൽ പ്രയാസമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.