‘ആടുജീവിതം’ റിലീസ് ആഘോഷമാക്കി നജീബിന്റെ സുഹൃത്തുക്കൾ
text_fieldsആറാട്ടുപുഴ: ‘ആടുജീവിതം’ സിനിമ പ്രേക്ഷക മനസ്സ് കീഴടക്കുമ്പോൾ കഥാനായകന്റെ നാടായ ആറാട്ടുപുഴയിൽ ആവേശം ഏറെ. പ്രദേശത്തെ ഏതാനും മത്സ്യത്തൊഴിലാളികളുടെ സന്തോഷ പ്രകടനം വേറിട്ടതായി. ഷിബു മസ്താൻ, അബ്ദുൽ വാഹിദ്, താജുദ്ദീൻ, ഷാജു മസ്താൻ, മുഹമ്മദ്കുഞ്ഞ് എന്നിവരാണ് തൊഴിലാളികൾ. ഇവരെല്ലാം ആടുജീവിതം കഥയിലെ യഥാർഥ നായകൻ നജീബിന്റെ സഹപ്രവർത്തകരാണ്. ഇവരോടൊപ്പമാണ് നജീബ് പൊന്തുവള്ളത്തിൽ പണിയെടുക്കുന്നത്.
‘ആടുജീവിതം’ എന്ന് പിന്നിൽ എഴുത്തുള്ള ലാവണ്ടർ നിറത്തിലെ ടീഷർട്ട് ധരിച്ചാണ് റിലീസ് ദിനത്തിൽ ഇവർ മംഗലം ഭാഗത്ത് പണിക്കിറങ്ങിയത്. ആദ്യ ഷോ കാണാൻ നജീബ് എറണാകുളത്ത് പോയതിനാൽ പണിക്കുണ്ടായിരുന്നില്ല.
ആദ്യ ദിവസംതന്നെ സിനിമ കാണണമെന്നായിരുന്നു ഇവരുടെയും ആഗ്രഹം. പിന്നണി പ്രവർത്തകർ അതിന് സൗകര്യമൊരുക്കുമെന്ന് പറഞ്ഞിരുന്നു. പേരക്കുട്ടി മരിച്ചതോടെ നജീബും കുടുംബവും സിനിമക്ക് പോകുന്ന തീരുമാനം മാറ്റിയതിനെത്തുടർന്നാണ് സഹപ്രവർത്തകരും സിനിമ കാണൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്.
ആടുജീവിതത്തിന്റെ കഥാകൃത്ത് ബെന്യാമിനാണ് നജീബിന്റെ അഭ്യർഥനപ്രകാരം സുഹൃത്തുക്കൾക്ക് ടീഷർട്ട് സമ്മാനിച്ചത്. വ്യാഴാഴ്ച ബെന്യാമിൻ ഹരിപ്പാട് നേരിട്ടെത്തി സുഹൃത്തുക്കൾക്ക് കൊടുക്കാൻ നജീബിന് ടീഷർട്ട് കൈമാറുകയായിരുന്നു.
ഇത്രയും കാലത്തിനുള്ളിൽ നജീബ് തന്നോട് ആവശ്യപ്പെട്ടത് സുഹൃത്തുക്കൾക്ക് കൊടുക്കാൻ കുറച്ച് ഷർട്ട് മാത്രമാണെന്ന് ബെന്യാമിൻ എറണാകുളത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രവാസജീവിതം അവസാനിപ്പിച്ചതിനുശേഷമാണ് നിത്യജീവത്തിന് വകതേടി നജീബ് ഇവരോടൊപ്പം കൂടിയത്. ചുട്ടുപൊള്ളുന്ന വെയിലിൽ ദുരിതജീവിതം നയിക്കുകയാണ് ഇപ്പോഴും നജീബ്. 500 രൂപ പോലും കിട്ടാത്ത ദിവസങ്ങളാണ് അധികവും. വല്ലപ്പോഴുമേ നല്ല പണി കിട്ടൂ.
ആടുജീവിതത്തിന്റെ പ്രശസ്തിയിലൂടെ പണമുണ്ടാക്കാനുള്ള അവസരം മുന്നിലുണ്ടായിട്ടും നജീബ് തന്റെ സങ്കടം ആരോടും പങ്കുവെച്ചിട്ടില്ല. ഈ സിനിമയുടെ വിജയത്തിലൂടെ നജീബിന്റെ ജീവിതദുരിതങ്ങൾക്ക് കുറച്ചെങ്കിലും ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.