നൻപകൽ നേരത്ത് മയക്കം
text_fieldsസിനിമയിൽ വ്യത്യസ്തതക്ക് നിറംപകരുന്ന സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിക്കൊപ്പം ചേരുന്ന ആദ്യസിനിമയാണ് ‘നൻപകൽ നേരത്ത് മയക്കം’. ഒരു തമിഴ്- മലയാളം കോമ്പിനേഷൻ സിനിമ. ഭാഷ, സംസ്കാരം, മതം... ഇതിനേക്കാളെല്ലാമുപരി മനുഷ്യവികാരവും മനുഷ്യത്വവുമാണ് സിനിമ നമ്മോട് പറയുന്നതെന്ന് സിനിമയുടെ നിർമാണ പങ്കാളി കൂടിയായ മമ്മൂട്ടി പറയുന്നു.
തമിഴ്ഗ്രാമത്തിൽ താമസിക്കുന്ന മലയാളിയുടെ കഥയാണ് നൻപകൽ നേരത്ത് മയക്കം. അവാർഡ് സിനിമയെ ന്നോ അല്ലാത്ത സിനിമയെന്നോ വേർതിരിവ് ഇന്നത്തെ സിനിമകളിൽ കാണാനാവില്ല. ഇതും അതുപോലെത്തന്നെയാണ്. എന്നുകരുതി എല്ലാ സിനിമകളും എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നതോ തൃപ്തിപ്പെടുത്തുന്നതോ ആകണമെന്നില്ലെന്നാണ് മമ്മൂട്ടിയുടെ അഭിപ്രായം. സംവിധായകൻ ലിജോ ജോസുമായി മൂന്നു സിനിമകൾ ചർച്ചചെയ്തു. അതിൽ ഏറ്റവും കുറഞ്ഞ സമയത്തിലും ബജറ്റിലും ചെയ്യാൻ സാധിച്ചതിനാലാണ് ഈ കഥ തിരഞ്ഞെടുത്തത്. തമിഴ്നാട്ടിലെ പഴനിയിലും വേളാങ്കണ്ണിയിലുമായി 35 ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്തത്.
മുപ്പതു വർഷത്തിനുശേഷം മമ്മൂട്ടിക്കൊപ്പം ഒന്നിച്ചഭിനയിക്കുന്ന സിനിമയാണ് നൻപകൽ നേരത്ത് മയക്കം എന്ന് അതിലെ ഒരു പ്രധാനവേഷം കൈകാര്യം ചെയ്ത അശോകൻ പറയുന്നു. യവനിക, അനന്തരം, അമരം തുടങ്ങി വേറെയും ഒരുപാട് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ടങ്കിലും താൻ കടന്നുവന്ന സമാന്തര സിനിമകളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചവയിൽ പ്രധാനം ഇവയൊക്കെയാണ്. ഒരർഥത്തിൽ സിനിമയിലെ നായക കഥാപാത്രത്തെയാണ് അശോകൻ കൈകാര്യം ചെയ്യുന്നതെന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു. നായികമാരായി അഭിനയിച്ച രമ്യ പാണ്ഡ്യൻ തമിഴ് നടിയാണ്. മറ്റൊരു നായിക രമ്യ സുവി മലയാളിയും ഡാൻസറുമാണ്. ഇരുവരും മമ്മൂട്ടിയുടെ ഭാര്യാവേഷമാണ് കൈകാര്യം ചെയ്യുന്നത്. ലിജോയുടെ കഥക്ക് തിരക്കഥ ഒരുക്കിയത് എഴുത്തുകാരൻ എസ്. ഹരീഷ് ആണ്. ആമേൻ, ഈമായൗ, ജല്ലിക്കെട്ട് തുടങ്ങിയ തന്‍റെ മറ്റു സിനിമകളിൽനിന്നെല്ലാം വ്യത്യസ്തമായ മേക്കിങ്ങും കഥയും അവതരണവുമാണ് ഇൗ സിനിമയിലെന്ന് ലിജോ ജോസ് കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഐ.എഫ്.എഫ്.കെയിൽ വൻ വരവേൽപ് ലഭിച്ച ചിത്രം ഇതിനകം സാധാരണ പ്രേക്ഷകരിലും ചർച്ചയായിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.