ദിനോസറായിട്ടും അഭിനയിക്കും, ഉള്ളിലെ നെഗറ്റീവുകളെല്ലാം ഉപയോഗിക്കുന്നത് വില്ലനായി അഭിനയിക്കാൻ -ഷൈൻ ടോം
text_fieldsഅഭിനയത്തോടൊപ്പം അഭിപ്രായപ്രകടനങ്ങൾകൊണ്ടു കൂടി ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. വരുംവരായ്കകളുമൊന്നും നോക്കാതെ തന്‍റേതായ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്ന നടനാണ് ഷൈൻ. പലപ്പോഴും അഭിമുഖങ്ങളിൽ ചോദ്യശരങ്ങൾ എയ്ത് ഇൻറർവ്യൂ ചെയ്യുന്നയാളായി ഷൈൻ ടോം മാറുകയും ഇൻറർവ്യൂ ചെയ്യാൻ വന്നവർ ഉത്തരം മുട്ടി നിൽക്കുകയുമൊക്കെ ചെയ്യുന്ന മാജിക്കുകൾ സംഭവിക്കാറുണ്ട്. ഇതൊക്കെ ഷൈനിനെ ശ്രദ്ധേയമാക്കാറുണ്ട്. ഷൈൻ ടോം ചാക്കോ 'മാധ്യമം' ഓൺലൈനുമായി സംസാരിക്കുന്നു....
- വില്ലത്തരങ്ങളുള്ള വേഷങ്ങളിലൂടെയാണ് താങ്കൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അതെന്തുകൊണ്ടാണ്?
അതിന് ഹെൽപ് ചെയ്തത് എന്‍റെ രൂപവും ഇമേജുമൊക്കെയാകാം. നായകനേക്കാൾ ഒരു പടി കൂടി പെർഫോം ചെയ്യാൻ കഴിയുക ചിലപ്പോൾ വില്ലനായിരിക്കും. കാരണം വില്ലത്തരങ്ങൾ നിത്യജീവിതത്തിൽ കാണാൻ കഴിയില്ലല്ലോ. ചിരിച്ചു കൊണ്ട് പെരുമാറുന്നവരായിരിക്കും വില്ലന്മാർ. പുറമേക്ക് ആർക്കും വില്ലത്തരം കാണിക്കാൻ പറ്റില്ലല്ലോ. സിനിമയിൽ മാത്രമല്ലേ വില്ലന്മാരാകാൻ പറ്റൂ. അപ്പോൾ നമ്മുടെ ഉള്ളിലുള്ള നെഗറ്റീവുകളെല്ലാം ഉപയോഗിക്കുന്നത് സിനിമയിൽ വില്ലത്തരം കാണിക്കാനാണ്. സിനിമയിൽ എല്ലാവരുടെയും പൂർണ സമ്മതത്തോടെ അത് ചെയ്യാം. അടിയും കിട്ടില്ല.
- കോമഡി പോലെ വില്ലൻ ചെയ്യാൻ പ്രയാസമാണോ?
വില്ലൻ ചെയ്യാൻ ഈസിയാണ്. കോമഡി അഭിനയിക്കാൻ പറ്റില്ല. ഒരു ടൈമിങ്ങിൽ ചെയ്തില്ലെങ്കിൽ ശരിയാകില്ല. ആ സമയത്ത് എല്ലാവരുടേയും ടൈമിങ് വളരെ പ്രധാനപ്പെട്ടതാണ്. വില്ലൻ അങ്ങനെയല്ല, അയാളുടെ സ്വന്തം പെർഫോമൻസ് ആണ്. വില്ലന് ലൗഡ് ആയിട്ടും പെർഫോം ചെയ്യാം; 'കുറുപ്പ്' എന്ന സിനിമയിലെ പോലെ. 'ദസറ'യിൽ ലൗഡ് അല്ലായിരുന്നു. ചുണ്ട് അധികം കോട്ടാതെ കണ്ണ് അധികം അനക്കാതെ ഒക്കെയായിരുന്നു. തെലുങ്കാവുമ്പോൾ എക്സ്ട്രാ പ്രകടനമാകുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുക. എന്നാൽ അവർ അതൊക്കെ കട്ട് ചെയ്ത് ആണ് ഇപ്പോൾ സിനിമ എടുക്കുന്നത്. അതുകൊണ്ടാണ് അവർ ഇപ്പോൾ മലയാള താരങ്ങളെ സ്വീകരിക്കുന്നത്.
- വ്യത്യസ്ത മോഹ വേഷങ്ങൾ മനസ്സിലുണ്ടോ?
ഇന്ന വേഷം ചെയ്യണം എന്നില്ല. അഭിനയിക്കണമെന്ന് മാത്രമാണ് മോഹം. ഒരു വേഷം കഴിഞ്ഞാൽ വീണ്ടും അതേ വേഷം ചോദിക്കും. ഇനിയില്ലാട്ടോ എന്ന് പറയാൻ പറ്റില്ലല്ലോ. ഏത് വേഷവും സ്വീകരിക്കും. ദിനോസറായിട്ടും അഭിനയിക്കും. ചെയറായിട്ട് അഭിനയിക്കാൻ പറഞ്ഞാലും ചെയ്യും. സംവിധാന സഹായിയായി വന്നത് തന്നെ അഭിനയിക്കാനാണ്. കാരണം അഭിനയിക്കാൻ മാത്രം ആരുടെയും സഹായിയാകാൻ പറ്റില്ല. അതിനാൽ സംവിധാന സഹായിയായി. ഈ ഒരു ട്രിക്കിലൂടെ എത്തി മികച്ച രീതിയിൽ അഭിനയിക്കുന്നു എന്ന് കാണിക്കുന്നതാണ് സിനിമാഭിനയം. കമലിന്‍റെ 'നമ്മൾ' എന്ന സിനിമയിൽ അസിസ്റ്റൻറായി വരുമ്പോൾ ഞാൻ ചെറിയ പയ്യനാണ്. പ്ലസ് ടു കഴിഞ്ഞിട്ടേയുള്ളൂ. അതിൽ അഭിനയിച്ചു എന്ന് പറഞ്ഞു കൂടാ. പിന്നിൽ നിൽക്കുന്നതാണ്.
- സ്വന്തം അഭിനയത്തെ ഒരു സംവിധായകന്‍റെ കണ്ണിലൂടെ നോക്കി കാണാൻ ശ്രമിക്കാറുണ്ടോ?
ഇല്ല. സംവിധായകന് ഒ.കെയാണെങ്കിൽ ഓ.കെ. ഇല്ലെങ്കിൽ നമുക്ക് ഒ.കെ ആയിട്ട് കാര്യമില്ല. കാരണം സംവിധായകന്‍റെ കലാ സൃഷ്ടിയാണ് സിനിമ. എന്നാൽ പിന്നീട് കാണുമ്പോൾ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. ചിലപ്പോൾ ആ സമയത്ത് നന്നായി തോന്നിയത് അടുത്ത നിമിഷം മുതൽ മോശമായി തോന്നാം.
- സംവിധാനം മമ്മൂട്ടി അടക്കമുള്ള നടന്മാരുടെ ആഗ്രഹമാണ്. അങ്ങനെ വല്ലതും മനസ്സിലുണ്ടോ?
എന്‍റെ ആഗ്രഹമല്ല. കാരണം സംവിധാനം ചെയ്യണമെങ്കിൽ നാച്വറലായി അങ്ങനെയൊരിഷ്ടമുണ്ടാകണം. ഞാൻ സിനിമയിൽ എത്തുന്നതു വരെ കണ്ട സിനിമകളിൽ സംവിധായകനെ ഞാൻ കണ്ടിട്ടില്ല. സിനിമോട്ടാഗ്രഫറെയും തിരക്കഥാകൃത്തിനെയും കണ്ടിട്ടില്ല. ആക്ടേഴ്സിനെ മാത്രമേ കണ്ടിട്ടുള്ളൂ. കാണുന്നതിൽ വിശ്വസിക്കാനും ഇഷ്ടപ്പെടാനുമേ എനിക്ക് പറ്റൂ. ചിലർക്ക് കണ്ട സിനിമയുടെ പിന്നിൽ എന്താണെന്ന് അറിയണം. അപ്പോൾ അങ്ങനെയുള്ളവർ സംവിധായകരാകാം.
- ബോഡി ബിൽഡിങ് ശ്രദ്ധിക്കാറുണ്ടോ?
കഥാപാത്രത്തിന് ആവശ്യമെങ്കിൽ മാത്രമേ ശ്രദ്ധിക്കാറുള്ളൂ. ഭക്ഷണം ഞാൻ അധികം കഴിക്കാറില്ല. ആവശ്യമുള്ളത് മാത്രമേ കഴിക്കൂ. ഇഷ്ട ഭക്ഷണം എന്ന് പറയാനില്ല ചില സമയത്ത് ചില തോന്നുന്ന ഭക്ഷണങ്ങൾ കഴിക്കും. ചില സന്ദർഭത്തിൽ മധുരം ഇഷ്ടമായിരിക്കും. ചിലപ്പോൾ ഇറച്ചി ആയിരിക്കും ഇഷ്ടം.
- മതപരമായ കാര്യങ്ങളിലുള്ള താങ്കളുടെ സമീപനങ്ങൾ എങ്ങനെയാണ്?
മതത്തിൽ സ്വന്തമായ ചിന്തകൾ ഉണ്ടാകണം. നമ്മൾ ഓരോരുത്തരും ഓരോ മതത്തിൽ ജനിക്കുന്നവരാണ്. ആ മതത്തെ മനസ്സിലാക്കി പഠിക്കണം. എന്നിട്ട് നാം സ്വയം ചിന്തിക്കണം. അതിന്‍റെ അടിസ്ഥാനത്തിൽ മതത്തിൽ നിന്ന് പുറത്ത് കടക്കണം. അവർക്കേ ദൈവത്തിലെത്താൻ പറ്റൂ. ഈ പറഞ്ഞ ദൈവങ്ങളൊന്നും മതങ്ങൾ ഉണ്ടാക്കാൻ പറഞ്ഞിട്ടില്ല. ക്രിസ്തു ക്രിസ്ത്യാനിയല്ലല്ലോ. ചുറ്റപ്പെട്ടുകിടക്കുന്ന ആളുകൾക്ക് വേണ്ടിയാണ് ക്രിസ്തു പൊരുതിയത്. അതിനാൽ മതങ്ങൾ എല്ലാരും പഠിക്കണം. അത് നിർബന്ധിത പഠനത്തിലൂടെയേ പഠിക്കൂ. അല്ലാതെ ആര് പഠിക്കാൻ. പഠിക്കുന്നത് അതെന്താണെന്ന് മനസ്സിലാക്കാനാണ്. മറ്റു മതങ്ങളെ ബഹുമാനിക്കാനാണ്. എന്നാൽ അറിവ് കൂടി വരുമ്പോഴാണ് മതപരമായ വേർതിരിവുകൾ ഒക്കെ ഉണ്ടാകുന്നത്. അറിവു കൂടുമ്പോൾ വേർതിരിവുകൾ ഇല്ലാതാവുകയാണ് ശരിക്കും വേണ്ടത്. എന്നാൽ അറിവ് കൂടുന്തോറും മനുഷ്യൻ മോശമായി വരികയാണ്. ശരിക്കും മോശത്തരം മറ്റുള്ളവരെ എങ്ങനെ നശിപ്പിക്കാം എന്ന് ചിന്തിച്ച് കാട്ടിക്കൂട്ടുന്ന കാര്യങ്ങളാണ്. തന്‍റെ ദൈവമാണ് ഏകദൈവമെന്ന് വിശ്വസിക്കുന്നവർ ആ ദൈവം തന്നെയാണ് മറ്റുള്ളവരെ സൃഷ്ടിച്ചത് എന്ന് എന്തുകൊണ്ട് വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിച്ചാൽ മറ്റ് സൃഷ്ടികളെ നശിപ്പിക്കാതിരിക്കേണ്ടതല്ലേ. പരിപാലകൻ അല്ലേ ദൈവം.
- ഇപ്പോൾ അഭിനയിച്ച ചാട്ടുളി എന്ന സിനിമയിലെ വേഷം?
ഒരു സി.ഐ ആണ്. വേഷത്തെ കുറിച്ച് പറയാതിരിക്കുകയാണ് നല്ലത്. കാരണം എന്തെങ്കിലും പറഞ്ഞാൽ ഫുൾ കഥ പറഞ്ഞ് സെക്കൻഡ് പാർട്ട് വരെ ചിലർ ഉണ്ടാക്കും... (ചിരിക്കുന്നു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.