തുറന്നുപറയാൻ എന്തിനാണ് ഭയം? ഉള്ളകാര്യം പറയുന്നതല്ലേ ഏറ്റവും ഈസി...? -ഷൈൻ ടോം ചാക്കോ അഭിമുഖം
text_fieldsഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും മറ്റുള്ളവരിൽനിന്ന് തികച്ചും വ്യത്യസ്തനാണ് ഷൈൻ ടോം ചാക്കോ. സഹസംവിധായകനായി സിനിമയിലെത്തിയ ഷൈൻ, ഒരുപിടി നല്ല കഥാപാത്രങ്ങളുമായി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചുകഴിഞ്ഞു. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തം. നായകനായും പ്രതിനായകനായും സഹനടനായുമെല്ലാം ഷൈനിനെ സിനിമയിൽ കാണാം. ഇതിഹാസ, ഇഷ്ക്, ഉണ്ട, പറവ, കുറുപ്പ്, ഭീഷ്മപർവം, തല്ലുമാല, കുമാരി... ഷൈനിന്റെ കരിയറിലെ തിളക്കമാർന്ന കഥാപാത്രങ്ങളുടെ പട്ടിക ഇനിയും നീളും. തന്റെ നിലപാട് ഉറക്കെ വിളിച്ചുപറയാൻ മടികാണിക്കാത്തയാളാണ് ഷൈൻ. ഈ ക്രിസ്മസ് കാലത്ത് സിനിമക്കകത്തെയും പുറത്തെയും വിശേഷങ്ങൾ ഷൈൻ ടോം ചാക്കോ വാരാദ്യ മാധ്യമത്തോട് പങ്കുവെക്കുന്നു.
ഭാരത സർക്കസ്
ജാതി വ്യവസ്ഥയെ തുറന്നുകാണിക്കുന്ന ചിത്രമാണ് ഭാരത സർക്കസ്. മുമ്പും ശക്തമായ ജാതി പ്രമേയങ്ങളുള്ള സിനിമകൾ വന്നിട്ടുണ്ടെങ്കിലും നേരിട്ട് ജാതിപ്പേര് പറയുന്നവ അപൂർവമാണ്. ദൈവത്തിനില്ലാത്ത ജാതി എന്തിനാണ് മനുഷ്യന്. എല്ലാ മതത്തിലും ജാതി വിവേചനമുണ്ട്. ഹിന്ദുക്കളിലേത് മാത്രമാണ് ചർച്ചയാകുന്നത്. ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും ഇടയിൽ ജാതിയും വേർതിരിവുമുണ്ട്. സിനിമയിലും ജാതിയുണ്ട്. പേരിൽനിന്ന് ജാതി വാൽ മുറിച്ചാലും അത് മനസ്സിൽനിന്ന് മാറ്റാറില്ല. മൂടിവെച്ചതുകൊണ്ട് അതില്ലാതാവുന്നില്ല. ജാതി വ്യവസ്ഥ എന്തു ഗുണമാണ് ഉണ്ടാക്കുന്നത് എന്ന് ചിന്തിക്കണം. കുട്ടിയായിരിക്കുമ്പോൾ തീവ്രവാദത്തെ കുറിച്ചോ ജാതിയെ കുറിച്ചോ ആലോചിച്ചിട്ടില്ല. പക്ഷേ, വലുതായിവരുമ്പോൾ ഇത് ജീവിതത്തിന്റെ ഭാഗമാകുന്നു. പ്രവാസികൾക്കിടയിൽ ജാതിവ്യവസ്ഥയില്ല, വെള്ളപ്പൊക്കം വന്നപ്പോഴും ജാതിയില്ല. സ്ത്രീ-പുരുഷൻ എന്നിങ്ങനെ രണ്ടു ജാതികളുണ്ട്, അതാണ് പ്രധാന ജാതികൾ.
തുറന്നുപറച്ചിലുകൾ
തുറന്നുപറയാൻ എന്തിനാണ് ഭയക്കുന്നത്. ഉള്ളകാര്യം പറയുന്നതല്ലേ ഏറ്റവും ഈസി. ഡിേപ്ലാമാറ്റിക്കായി പറയുന്നതല്ലേ ഏറ്റവും ബുദ്ധിമുട്ട്. കുറെകാലം കഴിഞ്ഞാൽ നമ്മൾ പറഞ്ഞതു പോലും ആർക്കും ഓർമയുണ്ടാവില്ല. എല്ലാ ചോദ്യങ്ങളും തമാശയായി എടുക്കാറില്ല. ചിന്തിച്ച് ഉത്തരം പറയേണ്ടിവരുന്ന ചോദ്യങ്ങളുണ്ട്. അവക്ക് അങ്ങനെതന്നെയാണ് മറുപടി നൽകുന്നത്. അതൊന്നും കളിചിരിയിലൂടെ പറയാറില്ല. പക്ഷേ, പല അഭിമുഖങ്ങളിലും കുസൃതിച്ചോദ്യങ്ങളായിരിക്കും. അതിന് അതേരീതിയിലേ മറുപടി പറയാറുള്ളൂ. ആളുകൾ ആ സെൻസിലാണ് എടുക്കുന്നതും. സിനിമയെയും അഭിമുഖത്തെയും രണ്ടായി കാണാൻ അവർക്കറിയാം. അതുകൊണ്ടല്ലേ എന്തു കുരുത്തക്കേട് കാണിച്ചാലും അവർ നമ്മുടെ സിനിമകൾ കാണുന്നത്. അവർ ഇഷ്ടപ്പെടുന്നത് സിനിമയെയും കഥാപാത്രങ്ങളെയുമാണ്. സിനിമക്കുേവണ്ടിയാണ് ഇൻറർവ്യൂ കൊടുക്കുന്നത്. കുറെ കാലമായി പറയുന്നതുതന്നെ പറഞ്ഞിട്ട് കാര്യമില്ല.
സങ്കുചിത മനസ്സ്
വികസനത്തിൽ മുന്നോട്ടുപോകുമ്പോഴും നമ്മുടെ മനസ്സുകൾ കൂടുതൽ സങ്കുചിതമാവുകയാണ്. വീട്ടിലുള്ളവർ പോലും കൂട്ടുകുടുംബമായി താമസിക്കുന്നില്ല. ഞാൻ ഉൾപ്പെടെയുള്ള തലമുറക്ക് ഇതിന്റെ ഉത്തരവാദിത്തമുണ്ട്. ഇപ്പോൾ അച്ഛൻ, അമ്മ, കുട്ടി എന്നത് മാത്രമാണ് കുടുംബം. അതിനപ്പുറം വിശാലമായ ചിന്തകൾ ഉണ്ടാകുന്നില്ല.
സെൽഫി എടുക്കാൻ വരുന്നവർ പലപ്പോഴും മുഖത്തുപോലും നോക്കാറില്ല. അവർക്ക് സെൽഫി മതി. എന്നിട്ട് വീട്ടിൽ പോയി സൂം ചെയ്ത് നോക്കും. ഈ കാലത്തിന്റെ പ്രശ്നമാണത്. പകർത്തുകയല്ല ചെയ്യേണ്ടത്, കാര്യങ്ങളെ നേരിൽ നമ്മുടെ കണ്ണുകൊണ്ട് നോക്കണം, അറിയണം. അത് നമുക്ക് പ്രചോദനം നൽകും. എനിക്ക് ഫോട്ടോക്കുമുന്നിൽ നിൽക്കാൻ ഇഷ്ടമാണ്. എത്രയോ ഫോട്ടോ കിട്ടും ഒരു ദിവസം. കാമറക്ക് മുന്നിൽ നിൽക്കാൻ ഇഷ്ടമുള്ളതുകൊണ്ടല്ലേ ഒരു നടൻ ഉണ്ടാകുന്നത്.
മോഹൻലാലുമായി സിനിമ
ഏറ്റവും കൂടുതൽ ആകർഷിച്ച നടനാണ് മോഹൻലാൽ. പക്ഷേ, അദ്ദേഹത്തിനൊപ്പം ചിത്രംചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ പരിചയപ്പെടാൻപോലും സാധിച്ചിട്ടില്ല. ദൂരെനിന്നു കണ്ട് ആസ്വദിക്കുകയാണ് അദ്ദേഹത്തെ. നമ്മൾ ഒരു സാധനം കണ്ട് ഇഷ്ടപ്പെട്ടാൽ അത് സ്വന്തമാക്കാൻ പോകും, ഷേക് ഹാൻഡ് കൊടുക്കും, ഫോട്ടോ എടുക്കും. പക്ഷേ, എനിക്ക് അതുകൊണ്ട് തീരില്ല. അതുകൊണ്ട്, അവസരം കിട്ടുമ്പോൾ നല്ല ചിത്രവുമായി അദ്ദേഹത്തിനൊപ്പം അഭിനയിക്കും.
ദുബൈയിലെ സിനിമ
ദുബൈയിൽ സിനിമ റിലീസിന് എത്തുന്നത് സ്വാഗതാർഹമാണ്. നാട്ടിൽനിന്ന് വ്യത്യസ്തമാണ് പ്രവാസികളുടെ സിനിമ കാഴ്ചപ്പാട്. അവർ ഫ്രഷ് ആകാൻ വേണ്ടിയാണ് സിനിമ കാണാൻ തിയറ്ററിൽ എത്തുന്നത്. നാട്ടിൽ, താരങ്ങളോടുള്ള ഇഷ്ടം കൊണ്ടും സിനിമ കാണാൻ ആളുകൾ എത്തും. ഇവിടെ നല്ല സിനിമകൾക്ക് മാത്രമേ ആളുകൾ കയറൂ. എല്ലാവർക്കും ജോലിത്തിരക്കല്ലേ. പകൽ ഷോകളിൽ കാണികൾ കുറവായിരിക്കും. രാത്രി ഷോയിലാണ് കൂടുതലും കാണികൾ കയറുന്നത്. നല്ല സിനിമകളും സിനിമ താരങ്ങളും ദുബൈയിൽനിന്നുണ്ടാവണം. അതിന് ഇവിടെയുള്ള സ്കൂളുകൾ മുൻകൈയെടുക്കണം. സ്കൂൾ തലം മുതൽ കലയെ പരിപോഷിപ്പിക്കണം. ഇന്ത്യൻ-മലയാളി സ്കൂളുകളിൽ പോലും അത്തരം സാഹചര്യങ്ങളില്ല. ഇക്കാര്യത്തിൽ കേരള സിലബസ് സമ്പന്നമാണ്. കലയും കായികവും ശാസ്ത്രവുമെല്ലാം കൊണ്ട് സമ്പന്നമാണ് കേരള സിലബസ്. സി.ബി.എസ്.ഇ പോലും അത്രക്ക് വരില്ല. കുട്ടികളിലെ കലാ-കായിക വാസനകൾ വളർത്താനാവശ്യമായ മേളകളും കേരളത്തിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.