ജയരാജിന്റെ സംവിധാന സഹായിയിൽ നിന്ന് അഭിനേതാവായി; ഷൈനി സാറ - അഭിമുഖം
text_fieldsഅമ്മയായും സഹോദരിയായുമൊക്കെ ക്യാരക്ടര്‍ വേഷങ്ങൾ ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയ ഷൈനി സാറ തന്റെ വിശേഷങ്ങൾ മാധ്യമത്തോട് പങ്കുവെക്കുന്നു.
• ജയരാജിന്റെ സംവിധാന സഹായി
അസിസ്റ്റന്റ് ഡയറക്ടറെന്ന ഒരു പൊസിഷനിൽ നിൽക്കുമ്പോൾ ആ സിനിമയ്ക്കത്തുള്ള നമ്മുടെ ഉത്തരവാദിത്വം വളരെ കൂടുതലാണ്. ഒരേസമയം പല കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടിവരും. പക്ഷേ അഭിനയിക്കുമ്പോൾ അങ്ങനെയല്ല. അഭിനയത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി. അതിൽ കൂടുതലായി ഉള്ള മറ്റൊന്നും നമ്മളെ ബാധിക്കില്ല. അതുകൊണ്ടുതന്നെ അഭിനയം എന്നത് കുറേകൂടി സ്ട്രെസ്സ് കുറവുള്ള പണിയാണെന്നാണ് എനിക്ക് തോന്നുന്നത്. ജയരാജ് സാർ 1998ൽ കളിയാട്ടം സിനിമ ചെയ്യുന്ന കാലത്താണ് ഞാൻ അദ്ദേഹത്തോടൊപ്പം ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുന്നത്. അന്ന് സ്ത്രീകളൊന്നും ഈ മേഖലയിൽ സജീവമല്ല. ആ സമയത്താണ് ഞാൻ സിനിമയിൽ വരുന്നത്.
• സിനിമ അന്നും ഇന്നും
അന്നത്തെ സാങ്കേതികവിദ്യ ഇന്നത്തോളം വളർന്നിട്ടില്ലല്ലോ. കളിയാട്ടം സിനിമയൊക്കെ ഫിലിമിലായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. അതുപോലെ തന്നെ പോസ്റ്റ് പ്രൊഡക്ഷനൊന്നും ഇന്നത്തെ പോലെ എളുപ്പമൊന്നുമല്ലായിരുന്നു . ഇന്നത്തെ കാലത്ത് സിനിമയുടെ ഡബ്ബിങ് ഒക്കെ ചെറിയൊരു റൂമിനകത്തിരുന്നും ചെയ്യാൻ പറ്റും. പക്ഷേ അന്നങ്ങനെയല്ല. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ചായിരുന്നു അന്ന് സിനിമയൊക്കെ ഡബ്ബ് ചെയ്തിരുന്നത്. അതും വലിയ തിയറ്റർ പോലെ ഫുൾ സ്ക്രീനിൽ സിനിമായിട്ടിട്ടൊക്കെയാണ് ഡബ്ബ് ചെയ്യുക. മാത്രമല്ല ഡബ്ബ് ചെയുമ്പോൾ ലിപ് കറക്റ്റ് ആവണം. അങ്ങനെ ആവണമെന്ന് നിർബന്ധമാണ്. എന്നാൽ ഇന്നാണെങ്കിൽ ലിപ്പ് കറക്റ്റ് അല്ലെങ്കിൽ പോലും ടെക്നോളജി ഉപയോഗിച്ച് അത് കറക്റ്റ് ചെയ്യാൻ പറ്റും. അതൊക്കെ വലിയ മാറ്റമാണ്. അതുപോലെ അക്കാലത്ത് ഡയറക്ടർക്ക് പോലും ക്യാമറമാൻ ചിത്രീകരിക്കുന്ന ഫ്രെയിമിനകത്ത് എന്ത് സംഭവിക്കുന്നു എന്ന് ദൃശ്യ രൂപത്തിൽ കാണാൻ പറ്റില്ലായിരുന്നു. കാമറയിലൂടെ അത് കാണാൻ പറ്റുന്നത് ഛായാഗ്രാഹകൻ മാത്രമാണ്. പക്ഷേ ഇന്ന് മോണിറ്റർ സൗകര്യമുള്ളതുകൊണ്ട് വളരെ ഈസിയായി ഡയറക്ടർക്ക് കാര്യങ്ങൾ കാണാൻ പറ്റും. അതുകൊണ്ടൊക്കെ തന്നെ ഏറ്റവും ബുദ്ധിമുട്ടി സിനിമ ചെയ്തിരുന്ന ഡയറക്ടെഴ്സ് അക്കാലത്താണ് ഉണ്ടായിരുന്നത് എന്താണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ അതേസമയം തന്നെ ഇന്നത്തെ സംവിധായകർക്ക് ടെക്നോളജി ഉപയോഗിച്ച് അവരുടെ വർക്കുകളിലെല്ലാം എല്ലാം പരമാവധി പെർഫെക്ഷൻ കാത്തുസൂക്ഷിക്കാൻ കഴിയുന്നുണ്ട്.
• കളിയാട്ടത്തിലെ മഞ്ജു
മഞ്ജു വാര്യർ ഒരു ബോൺ ആർട്ടിസ്റ്റാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാമറയുടെ മുൻപിലുള്ള മഞ്ജുവല്ലാത്ത ഒരു മഞ്ജുവിനെ എനിക്കറിയാം. മിഡിയും ടോപ്പും ഇട്ട് , അല്ലെങ്കിൽ പാവാടയൊക്കെ ധരിച്ച് സെറ്റിലേക്ക് വരുന്ന മഞ്ജുവാണ്, കളിയാട്ടം സിനിമയിലെ കഥാപാത്രമായി ഒറ്റയടിക്ക് അങ്ങ് മാറുന്നത്. സെറ്റ് മുണ്ടൊക്കെയുടുത്തു പെട്ടെന്നുള്ള ആ ഒരു ട്രാൻസ്ഫോർമേഷൻ എനിക്കും നമ്മളെയൊക്കെ അത്ഭുതപ്പെടുത്തും. സുരേഷ് ഗോപി ചെയ്യുന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ട് കാമറയുടെ മുമ്പിൽ വന്നഭിനയിക്കുന്ന മഞ്ജു കഥാപാത്രമായി അങ്ങനേയങ്ങ് മാറുകയാണ്. അന്നാണെങ്കിൽ മഞ്ജുവിന് 18,19 വയസ്സൊള്ളൂ. അന്ന് കരയാനും ചിരിക്കാനുമൊക്കെ വലിയ പ്രയാസമായിരുന്നു ആൾക്ക്. ഡബ്ബ് ചെയ്യുന്ന സമയത്ത് അതിന്റേതായിട്ടുള്ള ബുദ്ധിമുട്ടുകൾ അവർ അനുഭവിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ കരയുമ്പോൾ ചിരിക്കുകയാണെന്ന് തോന്നും. ചിരിക്കുമ്പോൾ കരയുകയാണെന്ന് തോന്നും. അതാണ് പ്രശ്നം. അതിനെയൊക്കെ കഷ്ടപ്പെട്ട് തരണം ചെയ്തു കൊണ്ടാണ് അവർ മുമ്പോട്ട് വന്നത്. ആ കാലത്തു തന്നെ എനിക്കറിയാമായിരുന്നു മഞ്ജു വളരെയധികം ടാലന്റ്ഡായിട്ടുള്ള ഒരു ആർട്ടിസ്റ്റാണെന്ന്.
• അഭിനയം ആഗ്രഹിച്ചു - സഹസംവിധായികയായി മാറി
സത്യത്തിൽ അഭിനയമായിരുന്നു എനിക്കിഷ്ടം. അഭിനയത്തിലേക്ക് പോകാൻ വേണ്ടി ശ്രമിച്ച സമയത്ത് എന്റെ കൂട്ടുകാരും ഫാമിലിയുമെല്ലാം എന്നെ നിരുത്സാഹപ്പെടുത്തി. അങ്ങനെ ആ ആഗ്രഹം കുറെക്കാലം ഞാൻ മനസ്സിൽ അടക്കി വെച്ചു.പിന്നീട് 1997ലെ ഒരു ഫെസ്റ്റിവലിലാണ് ജയരാജ് സാറിനെ ഞാനാദ്യമായി കാണുന്നത്. അപ്പോൾ ഞാൻ വിചാരിച്ചു കാമറക്ക് പിന്നിൽ നിൽക്കാമെന്ന്. സിനിമയുടെ ഒരു ഭാഗമാകണം എന്നാണ് ഞാനന്ന് ആഗ്രഹിച്ചത്. കാരണം സിനിമ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. അങ്ങനെയാണ് ജയരാജ് സാർ വിളിച്ചപ്പോൾ കളിയാട്ടം സ്നേഹം തുടങ്ങിയ സിനിമകളിൽ പോസ്റ്റ് പ്രൊഡക്ഷനിൽ ഞാൻ അസിസ്റ്റന്റ് ആയി മാറുന്നത്. അതിനു ശേഷം അദ്ദേഹത്തിന്റെ കൂടെ തന്നെ വേറെയും സിനിമകളിൽ അസിസ്റ്റന്റ് ആയി. കൂടാതെ രാജേഷ് കെ എബ്രഹാം എന്ന ഒരു സംവിധായകന്റെ ആറു സുന്ദരികളുടെ കഥ എന്ന സിനിമയിൽ അസിസ്റ്റന്റ് ആയിരുന്നു. അതുപോലെ ഫഹദ് ഫാസിൽ നായകനായ ഹരം എന്ന സിനിമയിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തു.
• ആറു സുന്ദരികളുടെ കഥ
അഭിനയത്തിലേക്കുള്ള തുടക്കം ആറു സുന്ദരികളുടെ കഥ എന്ന സിനിമയിലൂടെയാണ്. കുട്ടിക്കാനത്തായിരുന്നു അതിന്റെ ഷൂട്ട് ഫിക്സ് ചെയ്തത്. അതിലെ കഥാപാത്രത്തിനായി ഞാനെന്റെയൊരു കൂട്ടുകാരിയെ കാസ്റ്റ് ചെയ്തിരുന്നു. ഒരു കമ്പനി മാനേജർ ഒരാളെ ഇന്റർവ്യൂ ചെയ്യുന്നതായിരുന്നു സീൻ. ഇന്റർവ്യൂ ചെയ്യപ്പെടുന്നതായ കഥാപാത്രമായി നരേൻ ആണ് അഭിനയിച്ചത്. കമ്പനി മാനേജർ കഥാപാത്രമായിരുന്നു അവൾക്ക് കൊടുത്തിരുന്നത്. പക്ഷേ ഷൂട്ടിന്റെ ഡേറ്റ് മാറിയപ്പോൾ ഞാൻ കാസ്റ്റ് ചെയ്ത ആൾക്ക് വരാൻ പറ്റിയില്ല. പകരം ഇനി എന്തു ചെയ്യും എന്നുള്ള ആലോചന നടക്കുമ്പോഴാണ് ആ വർക്കിന്റെ അസോസിയേറ്റ് ഡയറക്ടർ ഷൈനിക്ക് ട്രൈ ചെയ്തൂടെ എന്നെന്നോട് ചോദിച്ചത് . അങ്ങനെയാണ് ആ കഥാപാത്രം ഞാൻ ചെയ്യുന്നത്. പക്ഷെ അത് ചെയുമ്പോൾ പോലും ഒരു പകരക്കാരിയായി അഭിനയിക്കുക എന്നല്ലാതെ സീരിയസായി അഭിനയിക്കുക എന്നത് ഞാൻ സ്വപ്നം കണ്ടിട്ടില്ല. പക്ഷെ അന്നത്തെ അസോസിയേറ്റ് ഡയറക്ടർ എന്നോട് പറഞ്ഞു ഷൈനിക്കിത് പ്രഫഷൻ ആക്കാം, തരക്കേടില്ലാതെ അഭിനയിക്കുന്നുണ്ട് എന്നൊക്കെ. അതിന് ശേഷമാണ് മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിച്ചത്. ആ സിനിമയിൽ അനുശ്രീയുടെ കൂടെ ഒരു സീൻ ഉണ്ട്. എന്നെ ഒന്ന് കെട്ടിപ്പിടിച്ചു കരഞ്ഞാൽ തീരുന്ന പ്രശ്നമേ നിനക്കുള്ളൂ എന്നാണ് അനുശ്രീയുടെ കഥാപാത്രത്തോട് എന്റെ കഥാപാത്രം പറയുന്നത്. ആ സീനിന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ എന്നോട് ശ്യാം പുഷ്കരൻ പറഞ്ഞു ചേച്ചി ഇനി കുറെ നാൾ സിനിമയിലുണ്ടാകുമെന്ന്. അന്ന് ഞാൻ അതത്ര കാര്യമാക്കിയെടുത്തില്ല. പക്ഷേ അതിനുശേഷം പല സിനിമകളിലേക്കും കോൾ വന്നപ്പോഴാണ് എനിക്ക് സംഗതിയുടെ ഗൗരവം മനസ്സിലായത്.
• 8 വർഷം 88 സിനിമകൾ
8 വർഷത്തിനിടയിൽ 88 സിനിമകളോളം അഭിനയിച്ചു. അതിൽ തന്നെ ചെറിയ ഷോട്ടുകളിൽ മാത്രമായി അഭിനയിച്ച സിനിമകളുമുണ്ട് . പക്ഷേ ഭീമന്റെ വഴി,സൺഡേ ഹോളിഡേ ജൂൺ തുടങ്ങിയ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കിട്ടി. കാതൽ സിനിമയിലും ജൂണിലുമൊക്കെ ഒറ്റ സീൻ ഒള്ളൂ. എന്നാലും അത് ശ്രദ്ധിക്കപ്പെട്ടു. ജൂണിലെ അർജുൻ അശോകന്റെ അമ്മ എന്ന കഥാപാത്രത്തിലൂടെയാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്. സുകുമാരിയമ്മയാണ് എന്റെ റോൾ മോഡൽ. സുകുമാരിയമ്മ ചെയ്തത് പോലെ മോഡേൺ കഥാപാത്രം, നാടൻ കഥാപാത്രം, പൊങ്ങച്ചക്കാരി അങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷേ ഇപ്പോൾ ഒരുപാട് അഭിനേതാക്കൾ അമ്മ കഥാപാത്രങ്ങൾ ചെയ്യാനായിട്ട് വരുന്നുണ്ട്. പിന്നെ ഞങ്ങൾക്കൊക്കെ വരുന്ന വേഷങ്ങളെല്ലാം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത അമ്മകഥാപാത്രങ്ങളാണ്. ഭീമന്റെ വഴി എന്ന സിനിമയിലെ അമ്മ കഥാപാത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. ഈയടുത്തു വിശേഷം എന്ന സിനിമയിലെ ഞാൻ ചെയ്ത അമ്മ കഥാപാത്രവും എനിക്കിഷ്ടമാണ്.
• ഗാനരചയിതാവ് കൂടിയാണ്
2009ൽ മൗനം പ്രണയം എന്നൊരു ആൽബത്തിനു വരികളെഴുതി പുറത്തിറക്കി. അതിനുശേഷം ആരും എന്നെ ലിറിക്സ് ചെയ്യാൻ വിളിച്ചിട്ടില്ല. ഞാനായിട്ട് ആരോടും ആഗ്രഹം പറഞ്ഞിട്ടുമില്ല. കുറച്ചുകാലം ഞാൻ കുവൈറ്റിൽ ജോലി ചെയ്തിരുന്നു. ഞങ്ങളുടെ സഹമുറിയിൽ ഒരു മ്യൂസീഷനുണ്ടായിരുന്നു. അദ്ദേഹം അവിടുത്തെ പിള്ളേരെ വയലിനും ഗിറ്റാറും ഒക്കെ പഠിപ്പിക്കുന്നുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം എന്നോട് പറഞ്ഞു ഷൈനി ഒരു മൂന്നാല് വരി എഴുതി നോക്കൂ ഞാനതൊന്ന് ട്യൂൺ ചെയ്തു നോക്കട്ടെ എന്ന്. അങ്ങനെ എഴുതിയതാണ് ആ വരികൾ. അദ്ദേഹം അത് ട്യൂൺ ചെയ്തു, ഞങ്ങളുടെ സുഹൃത്തായ ഒരു പാട്ടുകാരൻ വന്ന് അത് പാടി. ഞങ്ങളുടെ വേറൊരു സുഹൃത്ത് ആ പാട്ട് കേട്ടു. അയാൾക്കത് ഇഷ്ടപ്പെട്ടപ്പെട്ടപ്പോൾ നമുക്കിത് മ്യൂസിക് ആൽബം ആക്കിയാലോ എന്നൊരു ആശയം അവിടെ നിന്നാണ് തുടങ്ങിയത്. അതിലെ മൂന്നാല് പാട്ടുകൾ ഞാനെഴുതി. ബാക്കി പാട്ടുകൾ എല്ലാം പുറത്തുനിന്നുള്ള പ്രഫഷണൽ ആയ അന്നത്തെ ആൽബം സോങ്സ് പാട്ട് എഴുത്തുകാരാണ് എഴുതിയത്. പിന്നീട് നാട്ടിൽ വന്നാണ് റെക്കോർഡിങ് ചെയ്തത്. വിനീത് ശ്രീനിവാസൻ വിജയ് യേശുദാസ് ശ്വേതാ മേനോൻ തുടങ്ങിയ എല്ലാവരും പാടിയിട്ടുണ്ടതിൽ. അത് ഇഷ്ടപ്പെട്ട വിജയ് യേശുദാസ് പുറത്തുള്ള യഥാർത്ഥ പ്രൊഡ്യൂസറുടെ കൈയിൽ നിന്ന് ആ ആൽബങ്ങൾ വാങ്ങിച്ച് ആ പാട്ട് അദ്ദേഹമായിട്ട് പുറത്തിറക്കുകയാണ് ചെയ്തത്. മമ്മൂട്ടിയും യേശുദാസും ആണ് ആ ആൽബം സ്റ്റേജിൽ വച്ച് റിലീസ് ചെയ്തത്. 2009 കാലഘട്ടത്തിലായിരുന്നു ഇതൊക്കെ
• ആലോചനകൾ തുടരുന്നു
സിനിമ സംവിധാനം ചെയ്യുന്ന കാര്യത്തെ കുറിച്ച് ഞാനിങ്ങനെ ചിന്തിച്ചു കൊണ്ടേയിരിക്കുകയാണ്. അതിനിടയിൽ സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ കിട്ടുമ്പോൾ സംവിധാനത്തിലേക്കുള്ള എന്റെ മടി കൂടിക്കൊണ്ടിരിക്കുന്നു. സംവിധാനം അത്ര എളുപ്പമൊന്നുമല്ല. ടെക്നോളജി സൗകര്യം കൂടുതലാണെങ്കിലും അതുപോലെ തന്നെ ഉത്തരവാദിത്വവും വളരെ കൂടുതലാണ്. മാത്രമല്ല നമ്മൾ ഒരു വർക്ക് ചെയ്യുമ്പോൾ അത് നമ്മുടെ സിഗ്നേച്ചർ ആയി മാറണം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പില്ലാതെ ഒരു സുപ്രഭാതത്തിൽ സിനിമ ചെയ്യൻ പറ്റില്ല. അത്കൊണ്ട് അതേപറ്റിയുള്ള ആലോചന നടന്നു കൊണ്ടേയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.