Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightഒരു കുടുംബത്തിൽ നിന്ന്...

ഒരു കുടുംബത്തിൽ നിന്ന് ഞങ്ങൾ മൂന്ന് തിരക്കഥാകൃത്തുകൾ; സിദ്ധിഖ് താമരശ്ശേരി

text_fields
bookmark_border
siddique thamarassery About His Movie journey
cancel

1994ൽ തിലകന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടികൊടുത്ത ചിത്രമായ ഗമനത്തിന്റെ തിരക്കഥാകൃത്തും, സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തിന്റെ സംവിധായകനുമായ സിദ്ധിഖ് താമരശ്ശേരി തന്റെ സിനിമ അനുഭവങ്ങൾ മാധ്യമവുമായി പങ്ക് വെക്കുന്നു.

തെരുവുനാടകത്തിൽ നിന്നും സിനിമയിലേക്ക്

സ്കൂൾനാടകങ്ങളിൽ നിന്നും തുടങ്ങി തെരുവ്നാടകത്തിലൂടെ സിനിമയിലേക്ക് എത്തിയ ആളാണ് ഞാൻ. തെരുവുനാടകത്തിന്റെ ഒരു എക്‌സ്ട്രീം ഡ്രീം ആണല്ലോ സിനിമ.സ്വാഭാവികമായും സിനിമ സ്വപ്നം കണ്ടു നടന്നു.അസിസ്റ്റന്റ് ആയി പോവാൻ ശ്രമിച്ചു.പിന്നീട് കേരളത്തിൽ ആദ്യമായി ഒരു ചലച്ചിത്രസങ്കടന സംസ്ഥാന തലത്തിൽ തിരക്കഥ രചന മത്സരം നടത്തിയപ്പോൾ ഞാനതിൽ പങ്കെടുത്തു.പാലക്കാട് വെച്ചാണ് അത് നടന്നത്.അവർ തരുന്ന ഒരു വിഷയത്തെ ആസ്പദമാക്കി 10 മിനിറ്റിൽ കുറയാത്ത ഒരു തിരക്കഥ ആയിരുന്നു നമ്മൾ ചെയ്യേണ്ടിയിരുന്നത്. അതിൽ ഒന്നാം സ്ഥാനം കൂടി കിട്ടിയതോടെ എനിക്ക് സ്ക്രിപ്റ്റിലേക്കുള്ള ആവേശം കൂടി.അതാണ് തിരകഥയിലേക്ക്‌ ഉള്ള പ്രയാണം. സത്യത്തിൽ എന്റെ ഒക്കെ ചെറുപ്പത്തിൽ സിനിമ ഷൂട്ട് എന്നു പറയുന്നത് മദ്രാസിൽ മാത്രമാണ് കാര്യമായി നടക്കുക. കേരളത്തിൽ അപൂർവമായി വല്ലയിടത്തും ഷൂട്ട് നടക്കും എന്നെ ഒള്ളു.പിന്നീട് ഹരിഹരൻ സർ, ഐ.വി ശശി പോലുള്ളവരുടെ സിനിമകൾ കോഴിക്കോട് ഷൂട്ട് വന്നു തുടങ്ങി.അത് ഒരുതരത്തിൽ എനിക്ക് ഒക്കെ ആശ്വാസകരമായിരുന്നു.കോഴിക്കോട് ജില്ലയോട് ചേർന്നു നിൽകുന്ന ഇടമാണല്ലോ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയൊക്കെ.കൊണ്ടോട്ടിയിൽ നിന്നും കോഴിക്കോടേക്കുള്ള യാത്ര കൂടി എളുപ്പമായപ്പോൾ സിനിമയുമായി അടുക്കാനുള്ള സാധ്യത പിന്നെയും കൂടി.

തുടക്കം മണിരത്നം സിനിമയിൽ അഭിനയിച്ചു കൊണ്ട്

തിരക്കഥാകൃത്തായി മാറുന്നതിനും മുൻപ്, അഭിനയിച്ചു കൊണ്ടാണ് ആദ്യമായി ഞാൻ സിനിമയിലേക്ക് വരുന്നത്. മണിരത്നം സംവിധാനം ചെയ്ത ഉണരൂ എന്ന സിനിമയാണത്. മോഹൻലാൽ സബിത ആനന്ദ്‌ ഒക്കെ അഭിനയിച്ച പടമാണത്. അതിൽ വലിയ കഥാപാത്രം ഒന്നുമല്ല ചെയ്തത്. പക്ഷെ ആദ്യമായി സിനിമയുടെ സംസ്കാരവുമായി ചേർന്നു നിൽക്കാനും സെറ്റിലെ ഭക്ഷണം കഴിക്കാനും ഒക്കെ സമ്പൂർണമായ അവസരം കിട്ടുന്നത് അപ്പോഴാണ്. അതും വലിയൊരു ബാനറിലൊക്കെയാണ് ആ സിനിമ നടക്കുന്നത്. അത് വലിയൊരു അനുഭവം തന്നെയാണ്. മണിരത്നം സാർ അഗ്നിനക്ഷത്രം സിനിമായൊക്കെ ചെയ്തു സൂപ്പർഹിറ്റാക്കിയ സമയമാണത്. അതൊക്കെ കണ്ടു നമ്മൾ ത്രസിച്ചു നിൽകുന്ന ആ കാലത്തു അദ്ദേഹം മലയാളത്തിൽ ഒരു സിനിമ ചെയ്യുന്നു, വിദൂരമായെങ്കിലും നമുക്ക് അഭിനയിക്കാൻ ഒരവസരം കിട്ടുന്നു എന്നുള്ളത് ഒക്കെ വലിയൊരു സംഭവമായിരുന്നു.അത്കൊണ്ട് തന്നെ എനിക്ക് അത് ഒരു വലിയ അനുഭവം തന്നെയാണ്. അതോടൊപ്പം എന്റെ ആത്മവിശ്വാസത്തെയും അത് പ്രോത്സാഹിപ്പിച്ചു.ഗമനം,തറവാട് സിനിമ ഒക്കെ ചെയുന്ന സമയത്ത് എനിക്ക് പി.എസ്.സി അപ്പോയിന്മെന്റ് ആയിരുന്നു. ഞാനാണെങ്കിൽ സർക്കാർ സർവീസിൽ കയറാൻ ബാധ്യസ്ഥൻ ആവുകയും ചെയ്തു. സിനിമയിൽ നിന്നും എനിക്ക് ചെറിയൊരു ഇടവേള എടുക്കേണ്ടിയും വന്നു. പക്ഷെ ഉള്ളിൽ സിനിമയോടുള്ള ആവേശം കാരണം വീണ്ടും ആ ജോലി വിട്ട് സിനിമയിലേക്ക് തന്നെ കയറി.

'ഗമന'ത്തിൽ തിലകൻ എത്തുന്നത് യാദൃശ്ചികം

എന്റെ ഒരു സുഹൃത്തിനോട് ഞാൻ ഒരു കഥ പറഞ്ഞു. ആ കഥയിൽ ആൾക്ക് താൽപ്പര്യം തോന്നി അത് പ്രൊഡ്യൂസ് ചെയ്യാമെന്നും പറഞ്ഞു. അങ്ങനെയാണ് ആരാണ് അഭിനയിക്കുക എന്ന അന്വേഷണത്തിലേക്ക് കടക്കുന്നത്. അന്ന് നടൻ മുരളി ആധാരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സമയമൊക്കെയാണ്. മുരളിയെ സമീപിച്ചപ്പോൾ അദ്ദേഹം അന്ന് കുറച്ചു സമയം കഴിഞ്ഞുള്ള ഡേറ്റാണ് തന്നത്. അതൊരുപക്ഷെ സിനിമ നഷ്ടപ്പെടാൻ കാരണമായേക്കും എന്ന ചിന്തയിൽ ആ സിനിമ പെട്ടെന്ന് ചെയ്യണമെന്ന തീരുമാനത്തിൽ ഞങ്ങളെത്തി. അപ്പോഴാണ് കോട്ടക്കൽ ഒരു പ്രോഗ്രാമിനു ശാന്തി കൃഷ്ണ വരുന്നത്. അവരെ കണ്ടു കഥ പറഞ്ഞപ്പോൾ അവർ പറഞ്ഞു തിലകൻ ചേട്ടൻ ഈ വേഷം ചെയ്യുമെങ്കിൽ ഇതിലെ ഭാനുമതി എന്ന വേഷം ഞാൻ ചെയ്യാമെന്ന്. അത് പുതിയ ഒരു സാധ്യതയായി തോന്നി അദ്ദേഹത്തെ പോയി കണ്ടു കഥ പറഞ്ഞു. അദ്ദേഹം ഉടൻ തന്നെ സന്മനസ്സോടെ ആ കഥ ചെയ്യാമെന്നു ഏറ്റു. എന്നാൽ അങ്ങോട്ട് പറഞ്ഞയച്ച ശാന്തി കൃഷ്ണ ഈ സിനിമയിൽ ഉണ്ടായില്ല. പകരം ആ വേഷം ചെയ്തത് ലക്ഷ്‌മി ചേച്ചിയാണ്. അതാണ് ഗമനം എന്ന സിനിമ. തിലകന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത സിനിമ കൂടിയാണത്.

തിലകൻ എഴുത്തുക്കാരെ ആദരിക്കുന്ന വ്യക്തി

തിലകൻ ചേട്ടൻ വലിയ താത്പര്യത്തോടെയാണ് ആ കഥാപാത്രം ചെയ്തത്. അത്കൊണ്ട് തന്നെ നമ്മൾ എപ്പോഴും ആളുടെ കൂടെ വേണം എന്ന നിർബന്ധം ആൾക്കുണ്ടായിരുന്നു.ഷൊർണ്ണൂർ ഉള്ള ശ്യാം ഹോട്ടലിൽ ആണ് ഷൂട്ട് നടക്കുമ്പോൾ പുള്ളി താമസിക്കുന്നത്. ഞങ്ങൾ ഒക്കെ ഒറ്റപ്പാലം അയോദ്ധ്യ ഹോട്ടലിലും. ഞാൻ എന്നും അദ്ദേഹത്തിന്റർ റൂമിൽ രാവിലെ ചെന്ന് അന്നന്ന് എടുക്കുന്നു സീനുകൾ ചർച്ച ചെയ്യണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ട്. അതൊരു ദിവസം അല്പം വൈകിയാൽ അദ്ദേഹം ശുണ്ഠി പിടിക്കും. പിന്നെ കുട്ടികളെ പോലെ അദ്ദേഹത്തെ സോപ്പിട്ടു വേണം നമ്മൾ കൊണ്ട് നടക്കാൻ. അതൊക്കെ വലിയ അനുഭവമാണ്. ഇതൊക്കെ ആണെങ്കിലും എഴുത്തുകാരോട് വലിയ ആദരവുള്ള വ്യക്തിയാണ് അദ്ദേഹം. നാടകത്തിൽ നിന്ന് കിട്ടിയ എക്സ്പീരിയൻസ് വെച്ചു സാംസ്കാരിക രംഗത്തു അദ്ദേഹത്തിനുള്ള സ്ഥാനം വലുതാണ്. അതുകൊണ്ട് തന്നെ അദ്ദേഹം എല്ലാവരെയും പിന്തുണക്കുന്ന ആളാണ്. ഗമനത്തിന് ശേഷമാണ് തറവാട് ,സ്വസ്ഥം ഗൃഹഭരണം പോലുള്ള സിനിമകളിൽ ഞാൻ സ്‌ക്രിപ്റ്റ് ചെയുന്നത്.

ഒരു കുടുംബത്തിൽ മൂന്ന് തിരക്കഥാകൃത്തുകൾ

ടി. എ റസാഖ്,ടി. എ ഷാഹിദ് ഞാൻ എല്ലാം ഒരു വീട്ടിലെ അംഗങ്ങളാണ്. അവർ രണ്ട് പേരും എന്റെ അച്ഛന്റെ ഏട്ടന്റെ മക്കളാണ്. ഞങ്ങൾ ഒരുമിച്ചു നാടകമൊക്കെ അവതരിപ്പിക്കുമായിരുന്നു. നാടകം,സംസ്‌കാരിക പ്രവർത്തനം ഒക്കെ ഞങ്ങൾ ഒരുമിച്ചായിരുന്നു. ടി. എ റസാഖ് പക്ഷെ നാടകത്തിൽ അഭിനയിച്ചിട്ടില്ല. എഴുതുമായിരുന്നു അതുപോലെ സംവിധാനം ചെയ്യുമായിരുന്നു. നാടകം സത്യത്തിൽ കുടുംബപരമായ ഞങ്ങളുടെ ഒരു പ്രവർത്തി ആയിരുന്നു. പിന്നീട് ഞാനതിൽ നിന്ന് വിഭിന്നമായി പാർട്ടി സംബന്ധമായ തെരുവു നാടകത്തിൽ പോയി തുടങ്ങി വലിയ പ്രഗൽഭരായ ആളുകൾക്കൊപ്പം പരിചയം കൂടി,അനുഭവങ്ങൾ നേടി. തെരുവിൽ നിന്ന് ആളുകളുടെ ഇടയിൽ നിന്ന് ജീവൻ വെച്ചു കഥാപാത്രമാകുന്നതിൽ നമുക്ക് കിട്ടുന്ന ആത്മവിശ്വാസവും വലുതാണ്.

പെരുമഴക്കാലത്തിലെ 'എളേപ്പ' യെന്ന പേര് വന്നത് എന്നിൽ നിന്ന്

ടി. എ ഷാഹിദിന്റെ സ്വഭാവം അനുസരിച്ച് ഏത് കഥ കിട്ടിയാലും അവൻ ഏത് പാതിരാത്രി വിളിച്ചും അത് പങ്ക് വെക്കും.സാംസ്കാരിക മേഖലയിൽ നിൽകുന്ന ആളുകളെന്ന അടുപ്പം കൂടി അതിന് പുറകിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ കൊണ്ടൊട്ടോയിൽ ടി. എ റസാഖ്, ടി. എ ഷാഹിദ്, സി.ആർ ചന്ദ്രൻ തുടങ്ങിയ നിരവധി എഴുത്തുകാർ തിരക്കഥ മേഖലയിൽ തന്നെ ഉണ്ട്. ടി. എ ഷാഹിദിനെ പോലെ ഒത്തിരി വൈകുന്നേരങ്ങൾ ആ കാലം മുതൽക്ക് സി.ആർ ചന്ദ്രനും സിനിമ കഥകൾ ചർച്ചകളൊക്കെയായി നമ്മൾക്കൊപ്പം ഇരിക്കും. അതുപോലെ തന്നെയാണ് ടി. എ റസാഖും. റസാഖിനെ സംബന്ധിച്ചിടത്തോളം റസാഖും എല്ലാ കഥകളും നമ്മളോട് ചർച്ച ചെയ്യും. പെരുമഴക്കാലം സിനിമയൊക്കെ അവന്റെ പെങ്ങളെ വീട്ടിൽ ഞങ്ങളിരുന്നു ഒരുപാട് സംസാരിച്ച കഥയാണ്. എന്നെ റസാഖും ഷാഹിദും ഒക്കെ എളേപ്പ എന്നാണ് വിളിക്കുന്നത്.സലീം കുമാർ പെരുമഴക്കാലത്തിൽ ചെയ്ത എളേപ്പ എന്ന കഥാപാത്രത്തിൻറെ ആ പേര് പോലും എടുത്തത് എന്നിൽ നിന്നാണ്/എന്നെ അവർ വിളിക്കുന്ന പേരിൽ നിന്നാണ്.

സഖാവിന്റെ പ്രിയസഖിയിലൂടെ സംവിധാന രംഗത്തേക്ക്

എന്നെ സംബന്ധിച്ചിടത്തോളം അഭിനയം,എഴുതുക ഈ രണ്ടുമാണ് ഏറ്റവും ആദ്യത്തെ ലക്ഷ്യം. ഇതിൽ സംഭവിച്ചത്, ഈ കഥ ഒരു നിർമ്മാതാവിനോട് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു നിങ്ങൾ തന്നെ ഡയറക്ട് ചെയ്തോളൂ എന്ന്. അങ്ങനെയാണ് സഖാവിന്റെ പ്രിയസഖി ഉണ്ടാകുന്നത്. പിന്നെ ഒ.ടി. ടി യിൽ ഇപ്പോൾ സിനിമ റിലീസ് ചെയ്തിട്ടുണ്ട്. അവതരണമൂല്യം ഉള്ള സിനിമകൾക്ക് ഒക്കെ ഒ.ടി. ടി ഇപ്പോൾ നല്ല സാധ്യത ആണ്, ലോകത്തുള്ള ഏത് പ്രേക്ഷകർക്കും സിനിമ കാണാൻ പറ്റുന്ന തലത്തിൽ കാഴ്ച്ച മാറി കഴിഞ്ഞു എന്നതൊക്കെയാണ് ഇതിന്റെ നല്ല വശമായി ഞാൻ കണക്കാക്കുന്നത്.

വരും പ്രോജക്ട്കൾ

ഒ. ടി. ടി ലക്ഷ്യം വെച്ചു ഒരു സിനിമ ചെയ്യാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്.അതോടൊപ്പം ഒരു വെബ്‌സീരീസ് തുടങ്ങുവാനുള്ള സാധ്യത ഞാൻ കാണുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsinterviewsiddique thamarassery
News Summary - siddique thamarassery About His Movie journey
Next Story