ഓപറേഷൻ കഴിഞ്ഞ് 16ാം ദിവസം സ്റ്റുഡിയോയിലെത്തി പാട്ട് പാടി; ജീവിതത്തിൽ ആനന്ദാമൃതം ചൊരിഞ്ഞ ഗാനമുഹൂർത്തങ്ങൾ ഓർത്ത് സുജാത മോഹൻ
text_fieldsതേനൂറുന്നൊരു നാദം ഇമ്പമാർന്നൊരു ഈണത്തെ കണ്ടു. സംഗീതപ്രേമികൾക്ക് ഒരിക്കലും ഇഷ്ടം തീരാത്ത പ്രണയസ്വരമായ ഗായിക സുജാത, മലയാളികൾ എന്നും നെഞ്ചേറ്റുന്ന മെലഡികളുടെ ഈണക്കാരനായ ഒൗസേപ്പച്ചനെ അടുത്തിടെ ഏറെ നാളുകൾക്കുശേഷം കണ്ടതിനെ ഇങ്ങനെയല്ലാതെ എന്ത് വിശേഷിപ്പിക്കാൻ! സുജാതയുടെയുള്ളിൽ ഇളനീർമഴ പെയ്യിക്കുന്നൊരു വിശേഷമായിരുന്നു ഔസേപ്പച്ചന് പറയാനുണ്ടായിരുന്നത്. '98ൽ 'മീനത്തിൽ താലികെട്ട്' എന്ന സിനിമക്കുവേണ്ടി ഔസേപ്പച്ചൻ ഈണമൊരുക്കിയ 'ഒരു പൂവിനെ നിശാശലഭം, തൊട്ടുണർത്തും യാമമായ്...' എന്ന പാട്ടുപാടിയത് യേശുദാസും സുജാതയും ചേർന്നാണ്. സുജാത പാടിപ്പോയ ശേഷമാണ് യേശുദാസ് സ്റ്റുഡിയോയിലെത്തുന്നത്. സുജാത പാടിയ ഭാഗം കേട്ട് ദാസേട്ടൻ ഔസേപ്പച്ചനോട് പറഞ്ഞു, 'അവൾ അസാധ്യമായി പാടി വെച്ചിട്ടുണ്ടല്ലോ. എനിക്ക് ഒരുപാട് ഇഷ്ടമായി' എന്ന്.
23 വർഷങ്ങൾക്കുശേഷം ഒൗസേപ്പച്ചൻ ഇതുപറഞ്ഞപ്പോൾ സദാ വിരിയുന്ന ചിരിക്കൊപ്പം സുജാതയുടെ മുഖത്ത് ചെറിയൊരു കണ്ണീർ നനവും പടർന്നു. ''അതിന് കാരണമുണ്ട്. ഒമ്പതാം വയസ്സിൽ ദാസേട്ടനൊപ്പം സ്റ്റേജിൽ േഫ്രാക്കുമിട്ട് ഞാൻ പാടിത്തുടങ്ങിയിട്ട് അമ്പത് വർഷമാകാൻ പോകുന്നു. എന്‍റെ ഏതെങ്കിലും പാട്ട് ഇഷ്ടമായെന്ന് അപൂർവമായിേട്ട ദാസേട്ടൻ പറഞ്ഞിട്ടുള്ളൂ. ഞാനൊരു പാട്ട് അസാധ്യമായി പാടിയെന്ന് ഇതുവരെ അദ്ദേഹം പറയുന്നതു കേട്ടിട്ടില്ല. പതിറ്റാണ്ടുകൾക്ക് ശേഷം അത് വളരെ പ്രിയപ്പെട്ടൊരു സംഗീത സംവിധായകനിൽനിന്ന് കേട്ടപ്പോഴുണ്ടായ ആനന്ദക്കണ്ണീരായിരുന്നു അത്. ഭർത്താവ് മോഹന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നു കൂടിയാണതെന്നത് ആനന്ദം ഇരട്ടിയാക്കുന്നു. പാടിയത് ഹിറ്റാകുക, അംഗീകാരങ്ങൾ ലഭിക്കുക എന്നതൊക്കെ സന്തോഷമുള്ള കാര്യമാണ്. പക്ഷേ, സംഗീതം എനിക്ക് നൽകിയിട്ടുള്ള ഇത്തരം ആനന്ദമുഹൂർത്തങ്ങൾ അതിനെല്ലാമുപരിയാണ്'' -മലയാളികൾ കാതുകൾകൊണ്ടു മാത്രമല്ല, ഹൃദയംകൊണ്ടും കേൾക്കുന്ന മധുരസ്വരത്തിൽ സുജാത പറഞ്ഞുതുടങ്ങി; ജീവിതത്തിൽ ആനന്ദാമൃതം ചൊരിഞ്ഞ പാട്ടുമുഹൂർത്തങ്ങളെ കുറിച്ച്...
പാട്ട് കേൾക്കുമ്പോൾ കൂടുതൽ ആനന്ദം
ചെറുപ്പം മുതലേ സംഗീതം മാത്രമാണ് സുജാതയുടെ ജീവിതം. പക്ഷേ, പാടുന്നതിനെക്കാൾ കൂടുതൽ കേൾക്കുമ്പോഴാണ് തനിക്ക് സംഗീതം ആനന്ദകരമാകുന്നതെന്ന് പറയുന്നു സുജാത. ''മനോഹരമായൊരു പാട്ട് ആര് പാടിയതാണെങ്കിലും അത് കേൾക്കുമ്പോഴുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാനാകില്ല. നന്നായി പാടുമ്പോൾ ലഭിക്കുന്ന ആനന്ദത്തിൽനിന്ന് വ്യത്യസ്തമാണത്. പാടുന്നവരെക്കാൾ അനുഭൂതിയും ആനന്ദവും ഒരു പാട്ട് പകരുന്നത് അത് കേൾക്കുന്നവരിലേക്കാണ്. സംഗീതം പ്രഫഷനായി സ്വീകരിച്ചുകഴിഞ്ഞാൽ നമ്മൾ സംഗീതത്തെ നോക്കിക്കാണുന്ന രീതി മാറും. വേറൊരു തലത്തിൽനിന്നാണ് നമ്മൾ പിന്നെ പാട്ടുകൾ കേൾക്കുക. ചെറുപ്പത്തിൽ ഉറങ്ങാനായി ലതാജിയുടെ (ലത മങ്കേഷ്കർ) 'ലഗ് ജാ ഗലേ' കേട്ടുകിടന്നതു പോലെയല്ല മുതിർന്നപ്പോൾ ആ പാട്ട് കേട്ടത്. അവർ എവിടെ കട്ട് ചെയ്തു, എവിടെ ശ്വാസമെടുത്തു എന്നൊക്കെ വിലയിരുത്തിയാണ് കേൾക്കുക. നമ്മൾ ഏകാന്തതയിൽ ഇരുന്നൊക്കെ പാടുേമ്പാൾ ലഭിക്കുന്ന ഫീൽ മറ്റൊരുതരം ആനന്ദമാണ്. സ്റ്റേജ് ഷോയിലോ അല്ലെങ്കിൽ റെക്കോഡിങ്ങിനോ ഒക്കെ പാടുേമ്പാൾ അത് ജോലിയുടെ ഭാഗമായി മാറും. പക്ഷേ, തനിച്ച് നമ്മളും സംഗീതവും മാത്രമാകുമ്പോൾ ലഭിക്കുന്ന ഊർജവും അനുഭൂതിയും പ്രത്യേക ആനന്ദമാണ് പകരുന്നത്. നല്ല പാട്ടുകൾ പാടുന്നത്, സ്ഥിരം ശൈലിയിൽനിന്ന് മാറിയുള്ള പാട്ടുകൾ ലഭിക്കുന്നത്, അവാർഡുകൾ കിട്ടുന്നത് ഒക്കെ ആനന്ദകരം തന്നെ. അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നുമാത്രം'' -സുജാത പറയുന്നു.
ഇളയരാജ വീണ്ടും പാടാൻ വിളിച്ചപ്പോൾ
ദാസേട്ടനൊപ്പം രണ്ടായിരത്തോളം ഗാനമേളകൾ. അതിലൂടെ ബേബി സുജാതക്ക് 'കൊച്ചു വാനമ്പാടി' എന്ന വിളിപ്പേരും. അതുംകഴിഞ്ഞ് 1975ൽ പുറത്തിറങ്ങിയ 'ടൂറിസ്റ്റ് ബംഗ്ലാവ്' എന്ന ചിത്രത്തിനുവേണ്ടി പാടിയാണ് സുജാത പിന്നണിഗാന രംഗത്ത് എത്തുന്നത്. തമിഴർ ആ സ്വരം ആദ്യം കേൾക്കുന്നത് ഇളയരാജയുടെ സംഗീതത്തിൽ 1977ൽ 'കവികുയിൽ' എന്ന സിനിമയിലൂടെയാണ്. എന്നാൽ, ആ ഗാനം സിനിമയിൽ ഉണ്ടായിരുന്നില്ല. സുജാതയുടേതായി ആദ്യം തമിഴ് സിനിമയിൽ വന്നത് ഇളയരാജയുടെ തന്നെ സംഗീതത്തിൽ 1978ൽ റിലീസ് ചെയ്ത 'ഗായത്രി' എന്ന സിനിമയിലെ 'കാലൈ പനിയിൽ ആടും മലർകൾ...' എന്ന ഗാനമാണ്. പിന്നെയും കുറച്ച് ഗാനങ്ങൾ ഇളയരാജക്കുവേണ്ടി പാടിയെങ്കിലും എന്തോ കാരണങ്ങളാൽ പിന്നീട് അദ്ദേഹം കുറേക്കാലം സുജാതയെ പാടാൻ വിളിച്ചില്ല. '92ൽ 'റോജ'ക്കുവേണ്ടി എ.ആർ. റഹ്മാൻ ഒരുക്കിയ 'പുതുവെള്ളൈ മഴൈ' എന്ന പാട്ടിലൂടെ സുജാത തമിഴരുടെ മനസ്സിൽ മഞ്ഞുമഴ പെയ്യിച്ചു.
പിന്നെയും റഹ്മാനുവേണ്ടി ഏറെ ഹിറ്റുകൾ പാടിക്കഴിഞ്ഞാണ് '98ൽ ഇളയരാജ വീണ്ടും സുജാതയുടെ സ്വരം തേടിയെത്തുന്നത്. 'ഭരണി' എന്ന സിനിമക്കുവേണ്ടി പാടാനായിരുന്നു അത്. സ്റ്റുഡിയോയിലെത്തിയപ്പോഴാണ് ഇളയരാജ വീണ്ടും പാടാൻ വിളിച്ചതിലെ സുജാതയുടെ സന്തോഷം ഇരട്ടിയായത്. കാരണം, പാടുന്നത് ഇളയരാജക്കൊപ്പമാണ്.''രാജാസാറുമായി ഒരുമിച്ചുനിന്ന് 'തേനാ ഓടും ഓടക്കരയിൽ...' എന്ന ഡ്യുയറ്റ് പാടിയപ്പോഴുണ്ടായ ആനന്ദം വാക്കുകൾക്കതീതമാണ്.
എന്തോ കാരണംകൊണ്ട് എന്നോട് അദ്ദേഹത്തിന് തോന്നിയ അനിഷ്ടം മാറിയത് ഏറെ സന്തോഷമുണ്ടാക്കി. പിന്നീട്, ശ്വേതയും അദ്ദേഹത്തിനുവേണ്ടി പാടി. എനിക്കു ചെറുപ്പത്തിൽ തന്ന അതേ വാത്സല്യമാണ് അദ്ദേഹം ശ്വേതയോടും കാട്ടിയത്. ഒരിക്കൽ അവളോട് പറഞ്ഞു, 'നീ ഇപ്പോഴുള്ളതിനെക്കാൾ ചെറുപ്പത്തിൽ ഞാൻ കണ്ടുതുടങ്ങിയതാണ് നിന്‍റെ അമ്മയെ' എന്ന്...''
ഓപറേഷൻ കഴിഞ്ഞ് 16ാം ദിവസം സ്റ്റുഡിയോയിൽ
വയറിൽ ഓപറേഷൻ കഴിഞ്ഞ് റെക്കോഡിങ്ങൊന്നുമില്ലാെത മനംമടുത്തിരുന്ന നാളുകൾക്ക് മോചനം നൽകിയ പാട്ടും സുജാതക്ക് എന്നും സവിശേഷ ആനന്ദമേകുന്നതാണ്. 'മധുരനൊമ്പരക്കാറ്റ്' എന്ന സിനിമയിലെ 'ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു' എന്ന പാട്ട്. ''ഓപറേഷൻ കഴിഞ്ഞ് 16ാം ദിവസമാണ് അത് പാടാൻ പോയത്. എനിക്കാണെങ്കിൽ രണ്ടാഴ്ച പാടാതിരുന്നപ്പോൾ ഒരുമാതിരിയായിരുന്നു. റെക്കോഡിങ്ങിനു പോകുന്ന കാര്യം അമ്മയും മോഹനും മാത്രമേ അറിഞ്ഞിരുന്നുള്ളൂ. കുടുംബത്തിലുള്ളവരൊക്കെ അറിഞ്ഞാല്‍ ചീത്ത പറയും. സാധാരണ നിന്നാണല്ലോ റെക്കോഡിങ്. വയറ്റിൽ ബൈൻഡർ ഒക്കെ കെട്ടി സ്റ്റുഡിയോയിൽ ഇരുന്നാണ് പാട്ട് പാടിയത്. ഈണം കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. ആ എനർജിയിലാണ് ദീർഘ ഹമ്മിങ് ഒക്കെയുള്ള പാട്ട് പാടിത്തീർത്തത്. അത് നന്നായിവരുകയും ചെയ്തപ്പോൾ വളരെ സന്തോഷമായി. അതുകൊണ്ടുതന്നെ എനിക്ക് പ്രത്യേകമായൊരു സ്നേഹമുള്ള പാട്ടാണത്. 'മുത്തു'വിലെ 'തില്ലാന തില്ലാന' എന്ന പാട്ടിനെ കുറിച്ച് ഒരിക്കൽ എ.ആർ. റഹ്മാൻ ഒരാളോട് പറഞ്ഞു, ഞാൻ ആ പാട്ട് മറ്റൊരു തലത്തിൽ എത്തിച്ചുവെന്ന്. ആ പാട്ടിന്റെ സ്രഷ്ടാവ് തന്നെ അത് പറഞ്ഞപ്പോഴുണ്ടായ ആനന്ദം അതുല്യമാണ്. ക്രിയേറ്റ് ചെയ്തയാൾ ഉദ്ദേശിച്ചതിലും മേലെ ഒരു പാട്ട് പാടാൻ കഴിയുന്നത് ഗായകന് അല്ലെങ്കിൽ ഗായികക്ക് നൽകുന്ന സന്തോഷം ചെറുതല്ല''-സുജാത പറയുന്നു.
അരനൂറ്റാണ്ടോടടുക്കുന്ന പാട്ടുജീവിതത്തില്‍നിന്ന് ചെറിയൊരു കാലത്തേക്ക് സുജാതക്ക് മാറിനില്‍ക്കേണ്ടി വന്നിരുന്നു. ആ ഇടവേള കഴിഞ്ഞ് വീണ്ടും പാടാന്‍ വന്ന അവിസ്മരണീയ മുഹൂര്‍ത്തവും ഏറെ ആനന്ദകരമാണ് സുജാതക്ക്. പ്രിയദർശന്‍റെ 'കടത്തനാടന്‍ അമ്പാടി'യായിരുന്നു സിനിമ. അതിലെ 'നാളെ അന്തിമയങ്ങുമ്പോള്‍ വാനിലമ്പിളി പൊന്തുമ്പോള്‍...' എന്ന പാട്ടാണ് സുജാതയെ തേടി വന്നത്. രാഘവൻ മാസ്റ്ററുടെ സംഗീതത്തിൽ എം.ജി. ശ്രീകുമാറിന്‍റെ കൂടെയാണ് പാടേണ്ടത്. ആദ്യമായി പാടാന്‍ പോകുന്ന അതേ ചങ്കിടിപ്പോടെയാണ് സുജാത അന്ന് പ്രസാദ് സ്റ്റുഡിയോയിലെത്തിയത്. അന്ന് പാടിക്കൊണ്ടിരുന്നപ്പോൾ സുജാത വല്ലാതെ വിയർത്തിരുന്നുവെന്ന് പിന്നീട് എം.ജി. ശ്രീകുമാർ പറഞ്ഞിട്ടുണ്ട്. എങ്കിലും, കുറെ നാളുകള്‍ക്കുശേഷം മൈക്കിനു മുന്നില്‍ വന്നുനിന്ന ആ മുഹൂർത്തവും എല്ലാം മറന്ന് ആ പാട്ട് നന്നായി പാടിയതും ഇന്നും ഒരു പ്രത്യേക ആനന്ദമാണ് സുജാതക്ക് സമ്മാനിക്കുന്നത്.
സുജാതക്ക് പാടുമ്പോഴും പറയുമ്പോഴും ഏറെ സന്തോഷം കൊണ്ടുവരുന്ന മറ്റൊരു ഗാനമുണ്ട്; 'ലൈഫ് ഈസ് ബ്യൂട്ടിഫുളി'ൽ ഔസേപ്പച്ചൻ ഈണം നൽകിയ 'ഇനിയെന്ത് നൽകണം, ഞാൻ ഇനിയുമെന്ത് നൽകണം.'
ആനന്ദഗീതം പൊഴിക്കുന്ന വീട്
ഭർത്താവ് മോഹൻ കീബോർഡ് വായിക്കാൻ പഠിച്ച കാലത്ത് മിക്ക ദിവസവും വൈകീട്ട് ചെന്നൈയിലെ വീട്ടിൽ ആനന്ദഗീതം പൊഴിയുമായിരുന്നു. പഴയ ചലച്ചിത്രഗാന പുസ്തകമൊക്കെയെടുത്ത്, കീബോർഡ് വായിച്ച്, കരോക്കെയിട്ട് മോഹനൊപ്പം യുഗ്മഗാനങ്ങൾ പാടിയിരുന്ന ആ നാളുകളിലെ സന്തോഷം ഇന്നും സുജാതയുടെ വീട്ടിൽ അലയടിക്കുന്നുണ്ട്. സുജാതയെപ്പോലെ തന്നെ സദാ മന്ദസ്മിതം തൂകുന്ന മുഖവും ഭാവാർദ്രമായ ആലാപനവുമായി ശ്വേതയും ആ വീട്ടിൽനിന്ന് സംഗീതാസ്വാദകരുടെ മനസ്സിലേക്ക് ഗാനധാരയായി ഒഴുകിയെത്തുന്നു. സംഗീതവഴിയിലെ ഇളമുറക്കാരിയായി ശ്വേതയുടെ മകൾ നാലു വയസ്സുകാരി ശ്രേഷ്ഠയുമുണ്ട്. പാടുന്നതിനെക്കാളുപരി ശ്രേഷ്ഠ നന്നായി പാട്ടുകേൾക്കുമെന്ന് പറയുന്നു സുജാത. ''പാട്ടുകാരിയുടെ മകൾ പാട്ടുകാരിയാകണമെന്ന് യാതൊരു നിർബന്ധവുമില്ല. പക്ഷേ, ശ്രേഷ്ഠ പാട്ടിന്‍റെ വഴിയിലേക്ക് എത്തിയാൽ അത് സംഗീതം സമ്മാനിക്കുന്ന മറ്റൊരു ആനന്ദം. ആനന്ദം മാത്രമല്ല, ജന്മസുകൃതവും...''
(2022 ൽ പ്രസിദ്ധീകരിച്ച അഭിമുഖം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.