'മേരിക്കുണ്ടൊരു കുഞ്ഞാടി'ൽ ഭാവനക്ക് വേണ്ടി ഡ്യൂപ്പ് വേഷം കെട്ടിയത് ഞാൻ; 'ദി സീക്രട്ട് ഓഫ് വുമണി'ന്റെ എല്ലാ ക്രെഡിറ്റും പ്രജേഷ് സെന്നിന്- സുമാദേവി
text_fieldsഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടി ക്കുള്ള പുരസ്കാരം ലഭിച്ചത് ജി. പ്രജേഷ് സെൻ സംവിധാനം ചെയ്ത 'ദി സീക്രട്ട് ഓഫ് വുമൺ' എന്ന സിനിമയിലെ ഷീല എന്ന കഥാപാത്രം ചെയ്ത സുമാദേവിക്കാണ്. കാലങ്ങളായി സ്റ്റണ്ട് മാസ്റ്റർ മാഫിയാ ശശിക്കൊപ്പം പ്രവർത്തിക്കുന്ന സുമാദേവി സൗത്ത്ഇന്ത്യൻ സിനിമാ മേഖലയിലെ അറിയപ്പെടുന്ന ഡ്യൂപ്പ് കൂടിയാണ്. തന്റെ പുതിയ സിനിമയെക്കുറിച്ചും അംഗീകാരത്തെക്കുറിച്ചും, മുൻകാല സിനിമ അനുഭവങ്ങളെ കുറിച്ചും സുമാദേവി മാധ്യമവുമായി സംസാരിക്കുന്നു
• ഷോട്ട്ഫിലിമിൽ നിന്നും സിനിമയിലേക്ക്
ഏതാണ്ട് നാല് വർഷം മുൻപാണ് ഞാനൊരു ഷോട്ട് ഫിലിമിൽ അഭിനയിക്കുന്നത്. രജീഷ് കെ സൂര്യ എന്ന ആർട്ട് അസോസിയേറ്റാണ് എനിക്ക് അഭിനയിക്കാൻ കഴിയും അല്ലെങ്കിൽ അഭിനയിക്കാനുള്ള കഴിവുണ്ടെന്നൊക്കെ ആദ്യമായി പറയുന്നത്. നല്ല കഥാപാത്രങ്ങളൊരുപാട് ചെയ്യണമെന്നൊക്കെ ആളെന്നോട് നിരന്തരം പറയുമായിരുന്നു. അങ്ങനെ അദ്ദേഹം ഒരു ഷോർട്ട് ഫിലിം ഡയറക്റ്റ് ചെയ്തപ്പോൾ അതിൽ നല്ലൊരു കഥാപാത്രം തന്നെയെനിക്ക് അഭിനയിക്കാൻ തന്നു. അതായിരുന്നു ഈ പറഞ്ഞ നാലുവർഷം മുൻപ് ചെയ്‌ത എന്റെ ആദ്യത്തെ ഷോർട്ട് ഫിലിം. അങ്ങനെയാണ് അഭിനയത്തിലേക്ക് കാര്യമായി വരുന്നത് അല്ലെങ്കിൽ കഥാപാത്രങ്ങൾ ചെയ്തു തുടങ്ങുന്നത് എന്ന് വേണം പറയാൻ. അതിനുശേഷമാണ് പ്രജേഷേട്ടന്റെ 'ദി സീക്രട്ട് ഓഫ് വുമണി'ൽ എത്തുന്നത്. ജിത്തു എന്ന കൺട്രോളർ വഴിയാണ് ഞാൻ ഈ സിനിമയിലേക്കെത്തുന്നത്.
• മികച്ച നടിക്കുള്ള ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം
പ്രജേഷേട്ടന്റ സിനിമകൾ കണ്ടിട്ടുണ്ട് എന്നല്ലാതെ അദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ലായിരുന്നു. പക്ഷെ ലൊക്കേഷനിൽ അദ്ദേഹത്തോടൊപ്പമുള്ള സിനിമാനുഭവം എന്നെ അത്ഭുതപ്പെടുത്തി എന്നുവേണം പറയാൻ. അത്രയേറെ മികച്ച അനുഭവമായിരുന്നുവത്. പ്രജേഷേട്ടന്റെ കഴിവ് കൊണ്ടാണ് ആ സിനിമയിൽ ഞാൻ അത്രയൊക്കെ പെർഫോം ചെയ്തത് എന്നാണ് എനിക്ക് തോന്നുന്നത്. ആ സിനിമയിലെന്റെ അഭിനയം നന്നായിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നുവാണെങ്കിൽ അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് മാത്രമാണ്.ഒപ്പം അഭിനയിച്ച നിരഞ്ജനയും ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കിട്ടിയ ഈ അംഗീകാരം, അത് ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. ഒരു തുരുത്തിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ഷീല എന്ന കഥാപാത്രത്തെയായിരുന്നു ഞാൻ അവതരിപ്പിച്ചത്. ശക്തരായ രണ്ടു സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയിലെ പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നാവാൻ സാധിച്ചു എന്നതിനോടൊപ്പം തുരുത്തിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ കരുത്തുറ്റ ജീവിതം പരമാവധി നന്നാക്കി ചെയ്യാൻ കഴിഞ്ഞു എന്നതിലും സന്തോഷമുണ്ട്. പുറത്തുവരുന്നതുവരെക്കും കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല. ഏതായാലും ഇത്ര വലിയൊരു അംഗീകാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്.
• സൗത്ത് ഇന്ത്യൻ സിനിമയിൽ ഡ്യൂപ്പ് ആയത് 15 വർഷത്തോളം
ഡ്യൂപ്പ് ആവുക എന്നത് റിസ്ക്കുള്ള പണിയാണ്. ഡ്യൂപ്പായി അഭിനയിച്ചപ്പോഴുള്ള ഓരോ അനുഭവവും ഓരോ തരത്തിൽ റിസ്ക് തന്നെയായിരുന്നു. പക്ഷേ ആ റിസ്ക് അനുഭവിക്കുമ്പോഴും ഞാൻ ഹാപ്പിയായിരുന്നു. സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് തന്നെയാണ് ആ മേഖല തെരഞ്ഞെടുത്തത്. എന്നെ സംബന്ധിച്ചിടത്തോളം അക്കാലത്ത് സിനിമയിലേക്ക് എത്തുവാനുള്ള ഒരു മാർഗ്ഗം കൂടിയായിരുന്നു ഡ്യൂപ്പാവുകയെന്നത്. നമ്മൾ എന്തെല്ലാം പെർഫോം ചെയ്താലും, എത്രയൊക്കെ കഷ്ടപ്പെട്ടാലും ആളുകൾ നമ്മളെ തിരിച്ചറിയില്ലല്ലോ. നമ്മുടെ മുഖം പോലും സ്ക്രീനിൽ കാണില്ല. എന്നിട്ടും സൗത്ത് ഇന്ത്യൻ സിനിമയിൽ ഡ്യൂപ്പായി ഏതാണ്ട് പതിനഞ്ചു വർഷത്തോളം ഞാൻ വേഷമിട്ടു.നിങ്ങൾ നെഞ്ചിലേറ്റിയ നിരവധി സിനിമകളിൽ ഡ്യൂപ്പ് വേഷം കൈകാര്യംചെയ്തു. അതും സ്‌ക്രീനിൽ മുഖം പോലും വ്യക്തമാക്കാതെ പക്ഷേ എനിക്ക് അതൊന്നും ഒരു പ്രശ്നമല്ലായിരുന്നു. കാരണം മാക്സിമം സിനിമയിൽ ബന്ധങ്ങൾ വളർത്തിയെടുക്കുക എന്നതായിരുന്നു എന്റെ ആവശ്യം. കഴിഞ്ഞ 15 വർഷം കൊണ്ട് ഡ്യൂപ്പ് എന്ന തൊഴിൽ വഴി ഞാൻ ചെയ്യാൻ ശ്രമിച്ചതും അത് തന്നെയായിരുന്നു. പരമാവധി കോൺടാക്ട് ഉണ്ടാക്കിയെടുത്തു.അതോടൊപ്പം മറ്റേതൊരു തൊഴിൽ പോലെയും ഞാനെന്റെ തൊഴിൽ ആസ്വദിക്കുകയും ചെയ്തു.
•ഡ്യൂപ്പ് എന്നാൽ സാഹസികതകൾ എന്ന് കൂടിയാണ് അർഥം
ആക്സിഡന്റ് പോലുള്ള അല്പം ദുർഘടം പിടിച്ച സീനുകളെല്ലാം ഡ്യൂപ്പ് വേഷത്തിൽ ഞാൻ ചെയ്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലൂടെയാണ് ആദ്യമായി ഞാൻ വരുന്നത്. അതിൽ ഭാവനക്ക് വേണ്ടിയാണ് ഡ്യൂപ്പ് വേഷം കെട്ടിയത്. ഭാവനയും ബിജുമേനോനും സൈക്കിളിൽ വരുമ്പോൾ ഒരു സ്ട്രഗിൾ നടന്നിട്ട് ഭാവന ഉരുണ്ട് വീഴുന്നുണ്ട്. വാസ്തവത്തിൽ ആ വീഴുന്നത് ഭാവനയല്ലയിരുന്നു. അത് ഞാനായിരുന്നു. എന്റെ ആദ്യത്തെ സിനിമാ അനുഭവം തന്നെ അതായിരുന്നു. അവിടെ നിന്ന് തുടങ്ങിയ ഡ്യൂപ്പ് എന്ന കരിയറിൽ ഏറ്റവും അവസാനം എത്തിനിൽക്കുന്നത് ദിലീപേട്ടന്റെ പുതിയ സിനിമയിൽ തമന്നക്കുവേണ്ടി ഡ്യൂപ്പ് വേഷം ചെയ്തുകൊണ്ടാണ്. ഇതിനിടയിൽ കൈയൊടിയുക പോലുള്ള അപകടങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ തൊഴിലിൽ ഞാൻ പൂർണ സംതൃപ്തയായിരുന്നു. അത്തരം സഹസികതകളും അപകടങ്ങളുമൊന്നും ഡ്യൂപ്പ് വേഷത്തിൽ നിന്നും പിന്മാറാൻ കാരണമായില്ല. എന്നാൽ ചെയ്യുന്നത് വലിയൊരു സാഹസികതയാണെന്ന് തോന്നിയത് ഒടിയൻ സിനിമയിൽ വർക്ക് ചെയ്യുമ്പോഴാണ്. പക്ഷേ സിനിമ കാണുമ്പോൾ നമുക്കത്ര സാഹസികതയൊന്നും ഫീൽ ചെയ്യില്ല. വെള്ളത്തിന്റെ അടിയിലൂടെ ബോട്ട് വലിച്ചു കൊണ്ട്പോകുന്ന ഷോട്ടായിരുന്നു അത്. ശ്രീജയ എന്ന ആർടിസ്റ്റിന് വേണ്ടിയാണത് ചെയ്തത്. അത് ചെയ്യുന്ന സമയത്ത് ശ്വാസം എടുക്കാനൊക്കെ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. ഒരേസമയം രണ്ടുമൂന്നു ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്നതു കാരണം നമ്മുടെ അഭിനയത്തിൽ ഒരിടത്ത് പോലും പാളിച്ച സംഭവിക്കാൻ പാടില്ലായിരുന്നു. ഒരുപാട് ടേക്ക് എടുക്കേണ്ടി വന്നു ആ നിമിഷത്തിലൊക്കെ. മോഹൻലാൽ സർ പോലും ഒരുപാട് കഷ്ടപ്പെട്ട് അഭിനയിച്ച ഒരു സീനായിരുന്നു അത്.
• സ്റ്റണ്ട് മാസ്റ്റർ മാഫിയാ ശശിക്കൊപ്പവും പ്രവർത്തിച്ചു
മാഫിയ ശശി സാറിനെ കാണുന്നതും സിനിമയോടുള്ള ഇഷ്ടം കാരണമാണ്.അദ്ദേഹത്തിന്റെ ഭാര്യവീട് എന്റെ നാടായ തൃശൂർ തന്നെയാണ്. അങ്ങനെയൊക്കെയുള്ള ബന്ധങ്ങൾ വഴിയാണ് ആദ്ദേഹവുമായി കണക്ഷൻ കിട്ടുന്നത്. അങ്ങനെ ആദ്ദേഹത്തെ കണ്ട് ആദ്ദേഹത്തോട് സിനിമയോടും ഫൈറ്റിനോടുമുള്ള താല്പര്യം പറഞ്ഞു. അതുകേട്ട സാർ തന്നെയാണ് പറയുന്നത് കൂടെ നിൽക്ക് വർക്ക് വരുമ്പോൾ വിളിക്കാമെന്ന്. അങ്ങനെ സാറിന്റെ കൂടെ പ്രവർത്തിച്ചു. സാർ എപ്പോഴും നമുക്ക് കരുതൽ നൽകാറുണ്ട്. അപകടങ്ങൾ പറ്റാതിരിക്കാനൊക്കെ ശ്രദ്ധിക്കാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അവകാശപ്പെടാൻ സിനിമ പാരമ്പര്യം ഒന്നുമില്ലാത്ത ഒരാളാണ് ഞാൻ. അഭിനയിക്കണം എന്നുള്ളത് എന്റെ ഒരു ആഗ്രഹമായിരുന്നു. അതിനേക്കാൾ കൂടുതൽ അത് ആഗ്രഹിച്ചിട്ടുള്ളത് എന്റെ അമ്മയാണ്. ഞാൻ അഭിനയിക്കണം അവാർഡുകൾ വാങ്ങണം എന്നെല്ലാം അമ്മ ആഗ്രഹിച്ചിട്ടുണ്ട്. മാഫിയ ശശി സാറിനെ നേരിൽ സമീപിച്ചു, ഡ്യൂപ്പ് ആയി തൊഴിൽ ചെയ്തു എന്നതെല്ലാം ഒഴിച്ചാൽ അങ്ങനെ പ്രത്യേകിച്ച് ആരുടേയടുത്തും അവസരങ്ങൾ തേടി ഞാൻ പോയിട്ടില്ല.നാലു വർഷം മുൻപ് ആദ്യമായി ഷോർട്ട് ഫിലിമിൽ അഭിനയിച്ചതിനു ശേഷവും ഞാൻ അവസരങ്ങൾ തേടി അലഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു സത്യം. എനിക്ക് വളരെ അടുത്തറിയാവുന്ന ആളുകൾ വിളിക്കുമ്പോൾ മാത്രമേ ഞാൻ അഭിനയിക്കാൻ പോയിട്ടുള്ളൂ. അവസരങ്ങൾ അന്വേഷിച്ചിരുന്നെങ്കിൽ ചിലപ്പോൾ എനിക്ക് കിട്ടുമായിരിക്കും. പക്ഷെ ശ്രമിച്ചിട്ടില്ല.
• വരും പ്രൊജക്ടുകൾ
ഒരു തമിഴ് പ്രൊജക്ട് ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്. കൂടുതൽ വർക്കുകൾക്കായുള്ള കാത്തിരിപ്പാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ കിട്ടിയ അംഗീകാരം തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അംഗീകാരമായിരുന്നു അത്. അത്ര നല്ല നിമിഷങ്ങൾ ഇനിയും ജീവിതത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.