വാരനാടൻ കഥകൾ
text_fieldsചേർത്തലയിലെ വാരനാട് എന്ന ഗ്രാമം. ആ ഗ്രാമത്തിന്റെ, അവിടത്തെ നാട്ടുകാരുടെ കഥ പറയാൻ ഒരു കഥയെഴുത്തുകാരൻ. സുനീഷ് വാരനാട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അദ്ദേഹത്തിന്റെ വാര‘നാടൻ’ കഥകൾ ഏറെ ജനപ്രീതി നേടിയിരുന്നു. മാധ്യമപ്രവർത്തകനിൽനിന്ന് തിരക്കഥാകൃത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ച്, ‘പൊറാട്ട് നാടകം’ എന്ന തന്റെ സിനിമയെക്കുറിച്ച്, വിശേഷങ്ങൾ പങ്കുവെക്കുകയാണ് സുനീഷ് വാരനാട്.
കാരിക്കേച്ചർ ടു സിനിമ
സ്റ്റേജ് വൺമാൻ ഷോകളും കാരിക്കേച്ചറുകളും 1997ലാണ് തുടങ്ങുന്നത്. അന്ന് ഇതൊന്നും സ്റ്റാൻഡ് അപ് കോമഡി എന്ന ലേബലിൽ അല്ല അറിയപ്പെട്ടിരുന്നത്. ‘കണ്ടതും കേട്ടതും’ എന്നായിരുന്നു പരിപാടിയുടെ പേര്. പൊളിട്രിക്സ് (പൊളിറ്റിക്കൽ സറ്റയർ), അതിന്റെ അവതാരകനും സംവിധായകനും ഞാനായിരുന്നു കുറെക്കാലം.
പൊറാട്ട് നാടകത്തിലേക്ക്
കേരളകൗമുദിയിൽ ജോലിചെയ്യുന്ന കാലത്താണ് കൊല്ലം കിളിവല്ലൂർ പൊലീസ് സ്റ്റേഷനിൽ പശുവിന്റെ ചാണകത്തിൽനിന്ന് സ്വർണമാല കിട്ടിയ വാർത്ത കാണാനിടയായത്. പൊലീസൊക്കെ ചേർന്ന് അതിന്റെ ഉടമയെ അന്വേഷിക്കുന്നു. ഈ വാർത്തയിൽ ഒരു കൗതുകം അന്നേ തോന്നിയിരുന്നു. ഇത് മനസ്സിൽ പതിഞ്ഞതിന് ശേഷമാണ് മംഗലാപുരത്ത് പശു സ്വർണമാല വിഴുങ്ങിയ മറ്റൊരു വാർത്ത കാണുന്നത്. ഈ വാർത്തകളിൽ നിന്നാണ് ‘പൊറാട്ട് നാടകം’ എന്ന കഥയിലേക്ക് എത്തുന്നത്.
സിദ്ദിഖ് സാറിനോട് ഇതിനെപ്പറ്റി സംസാരിച്ചിരുന്നു. ഇത് മലയാളത്തിലേക്ക് ആലോചിച്ച് ഒരു കാസർകോടൻ പശ്ചാത്തലത്തിൽ ചെയ്യാൻ പറഞ്ഞത് സാറാണ്. പശുവിനെ വെറുതെ അവതരിപ്പിക്കാതെ പശു രാഷ്ട്രീയത്തെ കേരളത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യാനാണ് ഞാൻ ‘പൊറാട്ട് നാടക’ത്തിലൂടെ ശ്രമിച്ചത്. പശുവിന് ചുറ്റും കുറെ കഥാപാത്രങ്ങളെ ഉണ്ടാക്കി ആക്ഷേപ ഹാസ്യത്തിലൂടെ രാഷ്ട്രീയം പറയുക. അതായിരുന്നു ഉദ്ദേശ്യം. സിദ്ദിഖ് സാർതന്നെയാണ് പൊറാട്ട് നാടകം എന്ന് പേര് നിർദേശിച്ചത്. കാരണം, ഇതിൽ ഒരു കലാരൂപം വരുന്നുണ്ട്. പിന്നെ രാഷ്ട്രീയക്കാരും മീഡിയയും സ്വയം നടത്തുന്ന പരിപാടികൾക്ക് പൊറാട്ടു നാടകം എന്ന് പറയാറുണ്ടല്ലോ. അപ്പോൾ ആ പേരിൽ ഒരു ആക്ഷേപഹാസ്യവും ഉണ്ട്.
സിദ്ദിഖ് കൂട്ടുകെട്ട്
സിദ്ദിഖ് സാറുമായി ഒരുപാട് സംസാരിക്കുമായിരുന്നു. ഒന്നരവർഷം മുമ്പാണ് ‘പൊറാട്ട് നാടകം’ ഷൂട്ട് ചെയ്തത്. സാറിന്റെ വിയോഗവും മറ്റു ചില സാങ്കേതിക കാരണങ്ങൾ കൊണ്ടും ചിത്രം വൈകി. ഞാൻ മിമിക്രി മേഖലയിൽനിന്ന് വരുന്ന ഒരാളാണ്. സിദ്ദിഖ് സാറും ഇതേ മേഖലയിൽനിന്ന് വന്ന ആളാണ്. ഈ സിനിമയിൽ മിമിക്രി കലാകാരന്മാരുമുണ്ട്. ഞങ്ങളുടെ മേഖലയിലുള്ള ആളുകൾക്ക് ഞങ്ങൾ അവസരം കൊടുത്തില്ലെങ്കിൽ പിന്നെ ആരാണ് അവസരം കൊടുക്കേണ്ടത്. ഞാൻ ‘ബഡായി ബംഗ്ലാവ്’ എഴുതിക്കൊണ്ടിരിക്കുന്ന കാലം മുതലേ പിഷാരടിയും ധർമജനുമായി നല്ല സൗഹൃദമുണ്ട്. ആ സൗഹൃദം തന്നെയാണ് സിദ്ദിഖ് സാറുമായി ഈ കഥ ചർച്ച ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.
സിനിമയും തിരക്കഥയെഴുത്തും
പ്രോഗ്രാം ചെയ്ത കാലത്തും ജേണലിസം പഠിച്ച കാലത്തും സിനിമയിൽ എത്തണം, സിനിമ ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. ബി.എസ് സി ഫിസിക്സായിരുന്നു പഠിച്ചത്. അത് കഴിഞ്ഞാണ് ജേണലിസത്തിലേക്ക് തിരിയുന്നത്. അപ്പോഴും കഥകൾ മനസ്സിലുണ്ട്. ‘ബഡായി ബംഗ്ലാവി’ൽ വന്നശേഷമാണ് സിനിമയിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഈ സമയത്ത് സാജിദ് യഹിയയുമായിട്ടുള്ള പരിചയമാണ് എന്നെ ആദ്യത്തെ തിരക്കഥയിലേക്ക് എത്തിക്കുന്നത്. സാജിദിന്റെ കഥയായിരുന്നു ‘മോഹൻലാൽ’. ഞാനൊരു കടുത്ത മോഹൻലാൽ ആരാധകനായതുകൊണ്ട് കഥ എഴുതാമോ എന്ന് സാജിദ് ചോദിച്ചപ്പോൾതന്നെ ഞാൻ ഓക്കെ പറഞ്ഞു. അങ്ങനെ മോഹൻലാലാണ് എന്റെ ആദ്യ തിരക്കഥ.
അടുത്ത തിരക്കഥ ‘ഈശോ’. അതും അങ്ങനെയൊരു കൂട്ടുകെട്ടിൽ പിറന്നതാണ്. നാദിർഷയുമായുള്ള ബന്ധം ‘ബഡായി ബംഗ്ലാവി’ന്റെ കാലത്ത് തുടങ്ങിയതാണ്. ‘കട്ടപ്പന ഋതിക് റോഷൻ’, ‘അമർ അക്ബർ അന്തോണി’ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തത് ഇക്കാലത്താണ്. അന്നുമുതലേ പരിചയമുണ്ട്. അങ്ങനെയാണ് ‘ഈശോ’യിലേക്ക് വരുന്നത്. സിദ്ദിഖ് സാറുമായുള്ള സൗഹൃദത്തിൽനിന്നാണ് ‘പൊറാട്ട് നാടക’ത്തിൽ എത്തുന്നത്. സൗഹൃദങ്ങളിൽനിന്നാണ് സിനിമ കിട്ടിയത്.
കഥ വന്ന വഴി
കേരള സാഹിത്യ അക്കാദമി പുരസ്കാരം വാര‘നാടൻ’ കഥകൾക്ക് കിട്ടിയതിൽ സന്തോഷമുണ്ട്. ‘മോഹൻലാൽ’ കഴിഞ്ഞ് ആദ്യത്തെ പ്രളയം ഉണ്ടായ സമയത്താണ് ഫിസിക്കലി എനിക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത്. ആ സമയത്ത് സ്റ്റേജ് പ്രോഗ്രാമിൽ ഒന്നും പോവാൻ പറ്റിയിരുന്നില്ല. കൂട്ടുകാരുടെ കൂടെ കൂടുമ്പോൾ ഞാൻ വാരനാടിലെ, എന്റെ നാട്ടിലെ തമാശകൾ പറയും. കഥകൾ പറയും.
അങ്ങനെയിരിക്കെയാണ് പ്രശാന്ത് നാരായണന്റെ ‘കളം’ എന്ന ഓൺലൈൻ പോർട്ടലിൽ എഴുതാൻ അവസരം കിട്ടുന്നത്. ഹാസ്യം എഴുതുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കുറെ നല്ല പ്രതികരണങ്ങൾ കിട്ടിത്തുടങ്ങി. 15 എണ്ണം ഒക്കെ ആയപ്പോൾ കഥാകൃത്ത് അരുൺകുമാർ വഴി പ്രസാധകർ വിളിക്കുകയും പുസ്തകമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് 21 കഥകൾ ചേർന്ന വാരനാടൻ കഥകൾ ഉണ്ടാകുന്നത്. ‘ഹലോ മൈക്ക് ടെസ്റ്റിങ്’ രണ്ടാമത്തെ പുസ്തകമാണ്.
ഹ്യൂമർ ടച്ച്
ഹ്യൂമർ എഴുത്തുകാർ, ടെലിവിഷൻ തമാശയെഴുത്തുകാർ ഉൾപ്പെട്ട ഒരു സംഘടനയുണ്ട്. നമ്മൾ കാണുന്ന വലിയ തമാശ പരിപാടികൾക്ക് പിന്നിൽ വലിയ സംഘത്തിന്റെ അഹോരാത്ര പരിശ്രമമുണ്ട്.
ഹ്യൂമർ എഴുത്തുകാരെ അങ്ങനെ ആരും തിരിച്ചറിയില്ല. പക്ഷേ, ഒരു മനുഷ്യൻ അൽപനേരമെങ്കിലും റിലാക്സ് ആവുന്നത് ഇത്തരം തമാശ എഴുത്തുകാരുടെ ചെറുതായി സംഭവിക്കുന്ന തമാശയിലൂടെയാണ്. ഞങ്ങളുടെ എണ്ണം വളരെ കുറവാണ്. ‘വാരനാടൻ കഥകൾ’ക്ക് എനിക്ക് അവാർഡ് കിട്ടിയപ്പോൾ ടെലിവിഷൻ തമാശ എഴുത്തുകാർക്ക് അത് വലിയ ആഘോഷമായിരുന്നു. എന്നെ അംഗീകരിച്ചതല്ല, ഞങ്ങളുടെ സംഘത്തെ അംഗീകരിച്ചതായിട്ടാണ് എല്ലാവരും ആ പുരസ്കാരത്തെ കണ്ടത്.
പത്രപ്രവർത്തകന്റെ തിരക്കഥ
‘കേരള കൗമുദി’, ‘മാതൃഭൂമി’, ‘ഇന്ത്യാ വിഷൻ’ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളതിനാൽ എഴുത്തിൽ പത്രഭാഷ വരുന്നത് സ്വാഭാവികമാണ്. എന്നാൽ, സിനിമ എഴുതണമെങ്കിൽ നമ്മളിലെ പത്രപ്രവർത്തകനെ കൊല്ലണം. ഒരു വിഷയത്തിലെ സത്യവും അസത്യവും തിരിച്ചറിയാനുമെല്ലാം പത്രപ്രവർത്തനം സഹായിക്കും. പത്രപ്രവർത്തകർ സമൂഹത്തിലെ എല്ലാ മേഖലയിലെ ആളുകളുമായി അടുത്തിടപഴകുന്നവരാണ്. അതുകൊണ്ടുതന്നെ കൂടുതൽ കഥകൾ കിട്ടും, യഥാർഥ കഥകൾ.
ഒരു സിനിമയുടെ പണിപ്പുരയിലാണിപ്പോൾ. പിന്നെ വാര‘നാടൻ’ കഥകളിലെ രണ്ടുമൂന്ന് കഥകൾ സിനിമയാക്കാനുള്ള ചിന്തയുമുണ്ട്. കഥകളുടെ രണ്ടാം ഭാഗം എഴുതിയാൽ കൊള്ളാമെന്നുണ്ട്. ഇനിയും എഴുതാനുള്ള നാട്ടുകഥകൾ ഏറെയുണ്ട്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.