സിനിമ പോസ്റ്റർ വിറ്റ് സിനിമ നിർമിച്ച് ടീം ബറാക്ക
text_fieldsതിരുവനന്തപുരം: സിനിമാ പോസ്റ്ററുകൾ വിറ്റു കിട്ടുന്ന കാശ് കൊണ്ട് സിനിമ നിർമിക്കാനുള്ള ശ്രമത്തിലാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെത്തിയിരിക്കുന്ന ഒരുകൂട്ടം യുവതി യുവാക്കൾ. 'ടീം ബറാക്ക'യെന്ന ഈ സിനിമ കൂട്ടായ്മ ചലച്ചിത്ര പോസ്റ്ററുകൾ വിറ്റ് ഇതിനോടകം നിർമിച്ചത് മൂന്ന് ഹ്രസ്വചിത്രങ്ങളും ഒരു ഡോക്യുമെന്ററിയും. അതിൽ ഇവർ തയാറാക്കിയ 'രാത്രിയിൽ കണ്ണുകാണുന്ന പെൺകുട്ടി' കഴിഞ്ഞ കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ നിറഞ്ഞ കൈകയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
സിനിമയെന്ന സ്വപ്നത്തിനായി മൂന്ന് വർഷം മുമ്പ് രൂപീകൃതമായ 'ടീം ബറാക്ക'യിൽ ഇതിനോടകം സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമായി 25ഓളം പേരാണ് അംഗങ്ങളായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇവർ സംവിധാനം ചെയ്ത് കൂട്ടായ്മയിലെ തന്നെ അംഗങ്ങൾ അഭിനയിച്ച 'ടൂറിസ്റ്റ്' എന്ന ഹ്രസ്വചിത്രം ഇവരുടെ 'ബറാക്ക 69 വേൾഡ്' എന്ന യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയിരുന്നു.
ഇടതുപക്ഷ രാഷ്ട്രീയ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ബറാക്ക ടീമിന് ഐ.എഫ്.എഫ്.കെ, ഐ.ഡി.എഫ്.എഫ്.കെ പോലുള്ള മേളകൾ സിനിമകൾ കാണാൻ മാത്രമല്ല സിനിമകൾ നിർമിക്കാനുള്ള വഴികൂടിയാണ്. ആൾകൂട്ടം എവിടെയുണ്ടോ അവിടെയെല്ലാം മൂന്നുവർഷമായി ഇവർ പോസ്റ്ററുമായി എത്താറുണ്ട്.
ഒരോ വിദേശ ചലച്ചിത്രങ്ങളുടെയും ലോകോത്തര സംവിധായകരുടെയും വർണാഭമായ പോസ്റ്ററുകൾ തയാറാക്കി ഇവർ സിനിമപ്രേമികൾക്ക് നൽകുന്നതിലൂടെ പോസ്റ്ററുകൾ വാങ്ങുന്നവരും ചിത്രത്തിന്റെ നിർമാതാക്കളായി മാറുകയാണെന്ന് ടീം അംഗമായ ആദർശ് 'മാധ്യമ'ത്തോട് പറഞ്ഞു. പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ് ടീം ഇന്ന്. ഇതിനായുള്ള ഫണ്ട് സ്വരൂപിക്കലിന്റെ ഭാഗമായാണ് ഇത്തവണയും ഐ.എഫ്.എഫ്.കെയിൽ സംഘം എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.