അമ്മമ്മയില്ലാത്ത ആദ്യ ക്രിസ്മസ്, ഇക്കുറി ആഘോഷമില്ല -അന്ന ബെൻ
text_fields‘എത്ര തിരക്കിലാണെങ്കിലും ക്രിസ്മസിന് വീട്ടിലെത്താൻ ശ്രമിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാംകൂടി ആഘോഷത്തിമിർപ്പിലായിരിക്കും. എന്നാൽ, ഇത്തവണ ക്രിസ്മസിന് അമ്മമ്മയില്ല. അതുകൊണ്ടുതന്നെ ആഘോഷമുണ്ടാകില്ല...’ പുതിയ ചിത്രത്തിന്റെ തിരക്കുകൾക്കിടയിലും ക്രിസ്മസിനെക്കുറിച്ച് അന്ന ബെൻ വാചാലയായി. കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളിൽ തുടങ്ങി കാപ്പയിലെ ബിനുവിലെത്തിനിൽക്കുകയാണ് ഇപ്പോൾ താരം. അഞ്ചു സെന്റും സലീനയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലായിരിക്കും ഇത്തവണത്തെ ക്രിസ്മസ് ദിനങ്ങൾ. അന്ന ബെന്നിന്റെ കൂടുതൽ സിനിമ-ക്രിസ്മസ് വിശേഷങ്ങളിലേക്ക്.
വൈപ്പിൻകരയിലെ ക്രിസ്മസ്
എല്ലാനാട്ടിലെയും പോലെയാണ് വൈപ്പിനിലെയും ക്രിസ്മസ് ആഘാഷം. ന്യൂ ഇയർ കാർണിവൽ ഉള്ളതുകൊണ്ടാവാം വൈപ്പിനിലെ ആഘോഷം കൂടുതൽ സുന്ദരമായി തോന്നുന്നത്. രാത്രി കരോളും പാതിരാക്കുർബാനയുമെല്ലാം പകരുന്ന ആഘോഷ വൈബ് വേറെ തന്നെയാണ്. എല്ലാ ക്രിസ്മസും വീട്ടിൽതന്നെയാണ് ആഘോഷിക്കുന്നത്. ഷൂട്ടിങ് സെറ്റിലാണെങ്കിലും ക്രിസ്മസ് ദിനത്തിൽ വീട്ടിലെത്തും. ഉച്ചക്ക് വീട്ടിലാണെങ്കിൽ വൈകീട്ട് അമ്മയുടെ വീട്ടിലായിരിക്കും. ഞങ്ങളുടേത് തറവാടുവീടായതിനാൽ കസിൻസും കുടുംബക്കാരുമെല്ലാം അവിടേക്ക് വരും. ക്രിസ്മസ് ട്രീ ഒരുക്കിയും പരസ്പരം സമ്മാനങ്ങൾ കൈമാറിയും അടിപൊളി ആഘോഷമായിരിക്കും.
ഇക്കുറി ആഘോഷമില്ല
ഈവർഷം അമ്മമ്മ ഞങ്ങളെ വിട്ടുപോയതിനാൽ ക്രിസ്മസ് ആഘോഷമുണ്ടാവില്ല. എന്റെ എല്ലാ ക്രിസ്മസ് ഓർമകളിലും അമ്മമ്മയുണ്ട്. അമ്മച്ചിയെ നടുവിലിരുത്തിയായിരുന്നു ഞങ്ങളുടെ ആഘോഷം. അപ്പോൾ മാത്രമേ ക്രിസ്മസ് പൂർണമാകുമായിരുന്നുള്ളൂ. ഇനിയുള്ള ക്രിസ്മസ് ദിനങ്ങളിൽ അതൊരു നികത്താനാവാത്ത നഷ്ടമായി തുടരും.
ഇത്തവണ ക്രിസ്മസ് സമയങ്ങളിൽ ഷൂട്ടിങ്ങുണ്ട്. പപ്പ തിരക്കഥയെഴുതുന്ന അഞ്ച് സെന്റും സലീനയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലായിരിക്കും ക്രിസ്മസ്. ഷൂട്ടിങ് കാക്കനാടായതിനാൽ ക്രിസ്മസ് ദിവസം കൊച്ചിയിലെ സുഹൃത്തുക്കളെ കാണാൻ പോകണമെന്നുണ്ട്. കോവിഡ് എത്തിയശേഷം ഫ്രീയായ ക്രിസ്മസ് കൂടിയാണല്ലോ. കാർണിവലിന് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ.
പപ്പയോടൊപ്പം
ബെന്നി പി. നായരമ്പലത്തിന്റെ മകളായതുകൊണ്ടുതന്നെ ‘എന്നാണ് പപ്പക്കൊപ്പം സിനിമ’ എന്ന ചോദ്യം കുറേയേറെ കേട്ടിട്ടുണ്ട്. അപ്പോഴും അത് ഉടനെയൊന്നും സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്തോ ഭാഗ്യത്തിന് സാഹചര്യങ്ങൾ ഒത്തുവന്നതുകൊണ്ടാണ് ‘അഞ്ച് സെന്റും സലീനയും’ യാഥാർഥ്യമാകുന്നത്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷയുണ്ടായിരുന്നു. അപ്പ, മകൾ എന്നതിൽനിന്ന് റൈറ്റർ, ആക്ടർ എന്നരീതിയിലേക്ക് മാറുമ്പോൾ എങ്ങനെയായിരിക്കും എന്ന സംശയവുമുണ്ടായിരുന്നു. തിരക്കഥ എഴുതുമ്പോഴും പപ്പ ഇടക്കിടെ കാരക്ടറിനെ കുറിച്ചും സീനുകളെ കുറിച്ചും പറയും. അപ്പോൾ ഞാൻ പറയും ‘ഇടക്കിടെ പറയേണ്ട, ഫുൾ തീർന്നിട്ട് വായിച്ചോളാം’ എന്ന്. സെറ്റിൽ എല്ലാദിവസവും പപ്പയുണ്ടാകും. സെറ്റിൽ പോയിരുന്ന് സംവിധായകനോടൊപ്പം ജോലിചെയ്യുന്ന എഴുത്തുകാരനാണ് പപ്പ. അദ്ദേഹത്തിന്റെ സാന്നിധ്യം നൽകുന്ന കരുത്ത് ചെറുതല്ല. പപ്പയുമായുള്ള ചർച്ചകൾ കഥാപാത്രത്തെ നന്നായി സഹായിക്കുന്നുണ്ട്.
വൈപ്പിൻകരക്കൊപ്പം എന്നുമുണ്ടാകും
വൈപ്പിൻയാത്രക്കാരുടെ പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്, അത് ശരിയാണെന്ന് തോന്നിയതുകൊണ്ടാണ്. സെന്റ് തെരേസാസിൽ വിദ്യാർഥിയായിരുന്നപ്പോൾ ഞാനും അനുഭവിച്ചിരുന്ന പ്രശ്നമാണത്. വൈപ്പിൻ ബസുകൾക്ക് മാത്രം നഗരത്തിലേക്ക് പ്രവേശനം നൽകാത്തതും അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളുമാണ് കത്തിൽ ചൂണ്ടിക്കാണിച്ചത്. ഞാൻ ജനിച്ചുവളർന്ന നാടാണ് വൈപ്പിൻകര. അവിടെയൊരു പ്രശ്നമുണ്ടെങ്കിൽ നാട്ടുകാരി എന്ന നിലയിൽ അവരോടൊപ്പമുണ്ടാകും. അഭിനേത്രി എന്ന നിലയിൽ എനിക്ക് കിട്ടിയ പ്ലാറ്റ്ഫോം അവർക്കായി ഉപയോഗപ്പെടുത്തുന്നതിൽ സന്തോഷമേയുള്ളൂ. നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഇടപെടാൻ മടികാണിക്കേണ്ടതില്ല.
‘കാപ്പ’യിലെ ബിനു
എന്റെ സ്വഭാവവുമായി ഒരു ബന്ധവുമില്ലാത്തയാളാണ് കാപ്പയിലെ ‘ബിനു’ എന്ന കഥാപാത്രം. ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും നെഗറ്റിവും പോസിറ്റിവുമായ വശങ്ങളുണ്ട്. ബിനുവും അങ്ങനെതന്നെ. രസമുള്ള കഥാപാത്രമാണത്. ഈ കഥ കേട്ടപ്പോൾ ബിനുവുമായി എങ്ങനെ ഇണങ്ങും എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ, ചിത്രീകരണം തുടങ്ങിയതുമുതൽ ഞാൻ ബിനുവായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.