പുറപ്പെട്ടു പോയവളുടെ സുവിശേഷം
text_fieldsവ്യത്യസ്തമാർന്ന ത്രില്ലറുകളൊരുക്കി പ്രേക്ഷക മനസ്സ് കവർന്ന സംവിധായകൻ ഡേവിഡ് ഫിഞ്ചറിന്റെ മറ്റൊരു സീറ്റ് എഡ്ജിങ് ത്രില്ലറാണ് ഗോൺ ഗേൾ. പ്രശസ്തയായ ഒരു എഴുത്തുകാരിയെ കാണാതാവുന്നതും തുടർന്ന് എഴുത്തുകാരൻകൂടിയായ ഭർത്താവ് സംശയിക്കപ്പെടുന്നതുമാണ് കഥ. ഒരു തരത്തിലും ഊഹിക്കാൻ പറ്റാത്ത സ്റ്റോറി ലൈനാണ് ചിത്രത്തിന്റെ പ്രത്യേകത. വാർപ്പുമാതൃകകളായ ത്രില്ലറുകളെ നിഷ്പ്രഭമാക്കുന്ന അവതരണമാണ് സിനിമയിലുടനീളം. മാത്രമല്ല, അതിഭാവുകത്വമില്ലാതെ അസാധാരണ കൈയടക്കത്തോടെയുള്ള സംവിധാന മികവും എടുത്തുപറയേണ്ടതാണ്. മികച്ച തിരക്കഥയുടെ ബലത്തിൽ ഫിഞ്ചറിന്റെ ഗംഭീര സംവിധാനംകൂടി ചേർന്നപ്പോൾ സിനിമ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ കൊടുമുടി കയറ്റുന്നു.
ജീവിതത്തിന്റെ ഇരുണ്ട വശങ്ങളിലേക്കാണ് ഫിഞ്ചർ തന്റെ കാമറ ചലിപ്പിക്കുന്നത്. വർണരാഹിത്യത്തിന്റെ ജീവിതാവസ്ഥകളെ വരച്ചുകാണിക്കുന്ന ചലച്ചിത്രകാരനാണ് ഡേവിഡ് ഫിഞ്ചർ.
തങ്ങളുടെ അഞ്ചാം വിവാഹവാർഷികത്തിന്റെ അന്ന് വീട്ടിലെത്തുന്ന നിക്, തന്റെ ഭാര്യയെ കാണാനില്ല എന്നറിഞ്ഞ് പൊലീസിൽ പരാതിപ്പെടുകയാണ്. വീട്ടിൽ രക്തക്കറയും മറ്റും കണ്ടതിന്റെ അടിസ്ഥാനത്തിൽ അതൊരു കൊലപാതകമാവാം എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരുകയാണ്. എന്നാൽ, നായികയെ കണ്ടെത്താൻ ആർക്കും കഴിയുന്നില്ല. ഇതോടെ കേസ് മാധ്യമശ്രദ്ധ ആകർഷിക്കുകയാണ്. അന്വേഷണത്തിൽ ഭർത്താവായ നിക് നൽകുന്ന പരസ്പരവിരുദ്ധമായ മൊഴികളും മറ്റും അയാളെ തന്നെ സംശയിക്കാനിടയാക്കുന്ന രീതിയിലാണ്. തുടർന്ന് ചിത്രം ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളിലേക്ക് നീങ്ങുകയാണ്. സമൂഹ പുരോഗതിക്കായി നിർമിച്ച ചില നിയമങ്ങൾ ബുദ്ധിയും വിവേകവുമുള്ളവർക്ക് ദുർവിനിയോഗം ചെയ്യാനാവും എന്ന സത്യം ഈ സിനിമ നമ്മോടു പറയുന്നുണ്ട്. നിസ്സാരമെന്ന് പ്രേക്ഷകന് തോന്നുന്ന വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേടുകൾ പ്രവചനാതീതമായ കഥാന്ത്യത്തിലേക്കാണ് സിനിമയെ നയിക്കുന്നത്. തങ്ങളുടെ റേറ്റിങ്ങിനു വേണ്ടി വ്യക്തിബന്ധങ്ങളെ വരെ നീചമായി അവതരിപ്പിക്കുന്ന അധമ മാധ്യമ സംസ്കാരത്തെയും സിനിമ അനാവരണം ചെയ്യുന്നു.
ഗിലിയാൻ ഫ്ലൈൻ എഴുതിയ ഗോൺ ഗേൾ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് അതേ പേരിലുള്ള ചിത്രം തയാറാക്കിയിരിക്കുന്നത്. ദ ടൗൺ, ആർഗോ, ഗ്ലോറി ഡേസ് എന്നീ ചിത്രങ്ങളിലടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ച ബെൻ അഫ്‍ലക്കാണ് നിക് ആയി രംഗത്തെത്തുന്നത്. നായികയായ ആമിയായി വേഷമിട്ട റോസമുണ്ട് പിക്വെയുടെ സ്ക്രീൻ പ്രസൻസ് എടുത്തുപറയേണ്ടതുതന്നെയാണ്. ബാഫ്ത അവാർഡ്, അക്കാദമി അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്ക്രീൻ ആക്ടേഴ്സ് ഗിൾഡ് അവാർഡ് എന്നിവയിൽ മികച്ച നടിക്കുള്ള നോമിനേഷനുകൾ ഉൾപ്പെടെ ബഹുമതികൾ ആമിയുടെ റോളിലൂടെ റോസമുണ്ട് പിക്വെ കരസ്ഥമാക്കി. നീൽ പാരടിക് ഹാരിസ്, ടെയ്‍ലർപെറി, കാരികൂൻ എന്നിവരും തങ്ങളുടെ റോളുകൾ മികച്ചതാക്കി. 2015ലെ മികച്ച അവലംബിത തിരക്കഥക്കുള്ള അവാർഡും ഗോൺ ഗേൾ കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള നോമിനേഷൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ സിനിമയിലെ വിവിധ മേഖലയിലുള്ളവർക്ക് ലഭിച്ചു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.