നേരായും അഡ്വ. വിജയ് മോഹൻ കോടതിയിലെ തീ ആണ്...
text_fieldsനേമം: സിനിമയില്‍ മെഗാ താരം തന്റെ കഥാപാത്രത്തിന് മികവുറ്റ പബ്ലിക് പ്രോസിക്യൂട്ടറുടെ പേരു സ്വീകരിക്കുക... ചിത്രീകരണ വേളയില്‍ യഥാര്‍ഥ വ്യക്തി നടനെ നേരിട്ടുകണ്ട് സൗഹൃദം പങ്കിടുക... പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയ് മോഹനായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ജിത്തു ജോസഫിന്റെ നേര് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരവും കഥാപാത്രവും നേരില്‍ക്കണ്ടത്.
സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന് വിജയ് മോഹന്‍ എന്ന പേരു നല്‍കിയത് തിരക്കഥാകൃത്ത് അഡ്വ. ശാന്തി മായാദേവിയാണ്. അഭിഭാഷകജീവിതത്തില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുന്ന ചങ്ങാതിയുടെ പേര് നായകനു നൽകാൻ അവർ തീരുമാനിക്കുകയായിരുന്നു. വെള്ളിത്തിരയില്‍ മോഹന്‍ലാല്‍ വിജയ് മോഹനായി മാറി വാദപ്രതിവാദങ്ങള്‍ കസറുമ്പോൾ യഥാർഥ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയ് മോഹനും പാറ്റൂരിലെ പോക്സോ കോടതിമുറിയില്‍ തന്റെ കക്ഷിക്ക് നീതി ലഭിക്കാന്‍ വാദമുഖത്തു തന്നെ!
അഭിഭാഷകനായി 24 വര്‍ഷം പൂര്‍ത്തിയാക്കിയ കോട്ടയ്ക്കകം പുന്നയ്ക്കല്‍ റോഡ് ചിരാഗില്‍ അഡ്വ. ആര്.എസ്. വിജയ്മോഹന്‍ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റത് 2021ലാണ്. രണ്ടര വര്‍ഷത്തിനിടെ വിജയ് മോഹന്‍ വാദിച്ചു ജയിച്ച പോക്സോ കേസുകൾ 60ൽ ഏറെയാണ്. ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡറിന് ശിക്ഷ, സ്വന്തം കുഞ്ഞിനെ വില്പനക്ക് വെച്ച മാതാവിന് ഇരുമ്പഴി, പീഡനക്കേസില്‍ പ്രതിയായ മനഃശാസ്ത്രജ്ഞനു ശിക്ഷ ... ഇതെല്ലാം വിജയ് മോഹന്‍ എന്ന അഭിഭാഷകന്റെ വിജയങ്ങളില്‍ ചിലതു മാത്രം.
ഏറെക്കാലം മാധ്യമ പ്രവര്‍ത്തകനായിരുന്ന വിജയ് മോഹന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചും നിയമകാര്യങ്ങളെക്കുറിച്ചും എഴുതിയ ലേഖനങ്ങള്‍ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥ പി.എസ്. അമൃതയാണ് ഭാര്യ. മക്കള്‍: ആര്‍ദ്ര, രവിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.