ദി റിയൽ മഞ്ഞുമ്മൽ ബോയ്സ്
text_fieldsഒരുസംഘം കൂട്ടുകാർ ഇടപ്പള്ളിയിലെ തിയറ്ററിൽനിന്ന് പുറത്തുവരുന്നു. അവർപറഞ്ഞു, ‘ഇത് സിനിമയല്ല, ഞങ്ങളുടെ ജീവിതം തന്നെയാണ്...’
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കണ്ട റിയൽ മഞ്ഞുമ്മൽ ബോയ്സ് പറയുന്നു, ‘ഇത് സിനിമയല്ല, ഞങ്ങളുടെ ജീവിതംതന്നെയാണ്...’
മനിതർ ഉണർന്തു കൊല്ലൈ...
ഇത് മനിതർ കാതൽ അല്ലൈ...
അതയും താണ്ടി പുനിതമാണത്...
‘കൺമണീ അൻപോട് കാതലൻ’ എന്ന ഹിറ്റ് പാട്ടിലെ വരികൾ... മനുഷ്യർക്കു മനസ്സിലാകാൻ ഇത് മനുഷ്യരുടെ സ്നേഹമല്ല, അതിനുമപ്പുറം ൈദവികമാണിത് എന്നർഥം. ആ വരികളുടെ ഗാനരംഗങ്ങൾ ചിത്രീകരിച്ച കൊടൈക്കനാലിലെ ‘ഗുണ കേവ്’ തേടിപ്പോകുമ്പോൾ അതേ ഗുഹയിൽവെച്ച് ആ വരികൾ ജീവിതത്തിൽ അർഥപൂർണമാവുമെന്ന്, എറണാകുളം ഏലൂരിലെ മഞ്ഞുമ്മലിൽ നിന്നുള്ള കട്ടച്ചങ്കുകളായ ഒരു കൂട്ടം പയ്യൻമാർ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.
2006 സെപ്റ്റംബർ രണ്ട്, ബാല്യകാലം മുതൽ ഉറ്റ സുഹൃത്തുക്കളായ പത്തുപേരും അവരുടെ മറ്റൊരു സുഹൃത്തും ചേർന്ന് മഞ്ഞുമ്മലിൽനിന്ന് 300 കിലോമീറ്റർ താണ്ടി കൊടൈക്കനാലിലേക്ക് ആർപ്പും വിളിയും ആഘോഷവുമായി ഒരു ട്രിപ് പോയി. തങ്ങളുടെ ജീവിതംതന്നെ മാറ്റിമറിച്ച സംഭവങ്ങളാണ് ആ യാത്രയിൽ അരങ്ങേറിയത്. 2024 ഫെബ്രുവരി 22. മഞ്ഞുമ്മലിൽനിന്ന് അതേ സംഘം ഇടപ്പള്ളിയിലെ തിയറ്ററിൽ അന്ന് റിലീസ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ പേര്: ‘മഞ്ഞുമ്മൽ ബോയ്സ്’. അതെ, വെള്ളിത്തിരയിൽ അന്നവർ കണ്ടത് അവരുടെ ജീവിതംതന്നെയായിരുന്നു.
കൊടൈക്കനാൽ യാത്രക്കിടെ ഗുണ കേവിലെത്തിയ ആ സംഘത്തെ കാത്തിരുന്നത് അപ്രതീക്ഷിത ദുരന്തമായിരുന്നു. കൂട്ടത്തിലെ സുഭാഷ് ചന്ദ്രൻ എന്ന യുവാവ് ആ ഗുഹയിലെ ‘ഡെവിൾസ് കിച്ചൻ’ എന്ന് കുപ്രസിദ്ധിയാർജിച്ച 900 അടി താഴ്ചയുള്ള ഗർത്തത്തിലേക്ക് പതിക്കുന്നു.
എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാകാത്ത നിമിഷങ്ങൾ. നോക്കെത്താ ദൂരത്തോളം നീണ്ട, ഇരുട്ടുമാത്രം നിറഞ്ഞ ഗർത്തത്തിൽ അവൻ കുടുങ്ങിപ്പോയെന്നത് വിശ്വസിക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത, എന്തുചെയ്യുമെന്നു പോലുമറിയാത്ത സമയം. ഒരിക്കലും രക്ഷപ്പെടാനാവില്ലെന്നും പൊടിപോലും ബാക്കിയുണ്ടാവില്ലെന്നും എല്ലാവരും എഴുതിത്തള്ളിയ കയത്തിൽ അവനെ ഉപേക്ഷിച്ചുപോരില്ലെന്ന ഒറ്റക്കെട്ടായുള്ള നിശ്ചയദാർഢ്യവും സൗഹൃദത്തിന്റെ തീവ്രതയും കൈമുതലാക്കി രക്ഷപ്പെടുത്തിക്കൊണ്ടു പോരുന്ന ക്ലൈമാക്സ്.
അതായിരുന്നു ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ ജീവിതം. വർഷങ്ങൾക്കിപ്പുറം ചിദംബരത്തിന്റെ സംവിധാനത്തിൽ ആ സിനിമ പുറത്തിറങ്ങി, ആദ്യ ഷോയിൽ അത് കാണുമ്പോൾ സുഭാഷും അവന്റെ രക്ഷകനായി അതേ ആഴത്തിലേക്കിറങ്ങിയ കുട്ടേട്ടനും (സിജു ഡേവിസ്), ഒപ്പമുണ്ടായിരുന്ന കൃഷ്ണകുമാർ, സിക്സൺ ജോൺ, സഹോദരൻ സിജു ജോൺ, അഭിലാഷ്, ജിൻസൺ, പ്രസാദ്, സുധീഷ്, കണ്ണൻ, അനിൽ ജോസഫ് എന്നിവരും പരസ്പരം കൈകൾ ചേർത്തു പിടിച്ച് കരയുകയായിരുന്നു, അന്നത്തെ ആ ദുരന്തം ഒരിക്കൽക്കൂടി മുന്നിൽ കണ്ടപോലെ.
വേറെയേതോ ലോകത്തെന്ന പോൽ...
2006 സെപ്റ്റംബർ മൂന്നിനാണ് സംഭവം നടക്കുന്നത്. ഗുഹയിലൂടെ കളിചിരികളുമായി മുന്നോട്ടുനടക്കുന്നതിനിടെ പൊടുന്നനെ ഒരു കുഴിയിലേക്ക് സുഭാഷ് വീണു. ‘അപ്പോൾതന്നെ ബോധം പൂർണമായും നഷ്ടപ്പെട്ടു. കണ്ണുതുറന്നപ്പോൾ ഒന്നും കാണാൻ കഴിയുന്നില്ലായിരുന്നു.
ശരീരത്തിൽ സൂചിമുനകൊണ്ട് ആഞ്ഞുകുത്തുന്ന വേദന, തിരിയാൻപോലും പറ്റാത്ത അവസ്ഥ. ഫ്രീസറിൽ ഇരിക്കുന്നപോലത്തെ തണുപ്പ്. വവ്വാലിന്റെ കരച്ചിലും ഇടക്കിടെ കല്ലുകൾ മുകളിൽ നിന്നും വീഴുന്നതുമെല്ലാം കേൾക്കുന്നുണ്ട്. ബോധം വന്നപ്പോൾ അമ്മേ എന്നാണ് ആദ്യം വിളിച്ചത്... നിരീശ്വരവാദിയായിരുന്ന ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല’ -സുഭാഷ് പറയുന്നു.
ഗർത്തത്തിന്റെ ഏകദേശം 90 അടിയോളം എത്തുന്നിടത്താണ് സുഭാഷ് തങ്ങിനിന്നത്. സിനിമയിൽ ഈ ഇടത്തിന് പിന്നെയും ആഴം കൂടും. മുകളിൽ നടക്കുന്നതെന്താണെന്ന് അറിയാത്ത നിമിഷങ്ങൾ. ഒടുവിൽ സിക്സണിന്റെ സുഭാഷേ എന്ന ഉറക്കെയുള്ള നിലവിളിയാണ് കച്ചിത്തുരുമ്പായത്.
പതിയെ ശബ്ദമെടുത്ത് വിളിച്ചെങ്കിലും മുകളിലേക്കെത്തുന്നുണ്ടായിരുന്നില്ല. ഒടുവിൽ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ പരസ്പരം വിളികളിലൂടെ അവർ സാന്നിധ്യം ഉറപ്പാക്കുകയാണ്. ആ മറുവിളി മുകളിൽ തകർന്നു നിന്ന സുഹൃത്തുക്കൾക്ക് ആശ്വാസം പകർന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. നാട്ടുകാരെയും പൊലീസ്, ഫയർഫോഴ്സ്, വനം വകുപ്പ് ഉദ്യോഗസ്ഥരെയുമെല്ലാം വിളിച്ചുകൊണ്ടുവരുന്നു.
കയറും മറ്റും ഇട്ടു നോക്കുന്നു, കയറിവരാൻ ആവശ്യപ്പെടുന്നു. എന്നാൽ, ഒന്നും സാധിക്കാത്ത നിമിഷങ്ങൾ. സമയം പോയിക്കൊണ്ടിരിക്കുന്നു, കൂട്ടിന് കനത്ത മഴയും. ഓരോ നിമിഷത്തിനും ഒരു യുഗത്തിന്റെ ദൈർഘ്യം. ഒടുവിൽ സംഘത്തിലെ മുതിർന്നയാളായ കുട്ടേട്ടൻ സ്വന്തം ജീവൻ പണയംവെച്ച ആ ഉറച്ച തീരുമാനമെടുക്കുന്നത്. സുഭാഷിനെ രക്ഷിക്കാൻ താൻ ആ കുഴിയിലേക്കിറങ്ങുമെന്ന്. ഇനിയും ഒരു ജീവൻകൂടി അപകടപ്പെടുത്താനാവില്ലെന്ന ചിന്തയിൽ അധികൃതർ ആദ്യം വിലക്കി.
‘ഒന്നുകിൽ നിങ്ങളിറങ്ങ്, അല്ലെങ്കിൽ അവനെ ഇറങ്ങാൻ അനുവദിക്ക്’ എന്ന് നാട്ടുകാരും അധികൃതരെ സമ്മർദത്തിലാക്കാൻ തുടങ്ങി. ഏറെനേരം നീണ്ട ആലോചനകൾക്കൊടുവിൽ കുട്ടനെ ഇറക്കാെമന്ന് തീരുമാനിക്കുന്നു. ആരുവേണമെങ്കിലും ഇറങ്ങുമെന്ന തീരുമാനത്തിലായിരുന്നു സുഹൃത്തുക്കൾ.
സിനിമയിൽ കാണിക്കുന്നത്ര വീതി യഥാർഥത്തിൽ ആ ഗർത്തത്തിനുണ്ടായിരുന്നില്ലെന്ന് സുഹൃത്തിനെ ഒരു കയറിൽകെട്ടിനെഞ്ചോടുചേർത്ത് പുനർജന്മത്തിന്റെ ഉന്നതിയിലെത്തിച്ച കുട്ടൻ ഓർക്കുന്നു. അവൻ ജീവനോടെയുണ്ടെന്നും ഇറങ്ങിയാൽ രക്ഷിക്കാനായേക്കും എന്നുമുള്ള ഒറ്റ പ്രതീക്ഷയായിരുന്നു മുന്നിലുണ്ടായിരുന്നത്. ആ പ്രതീക്ഷ ഏറെ പരിശ്രമങ്ങൾക്കു ശേഷം യാഥാർഥ്യമായി. ദൈവം കുട്ടേട്ടന്റെ രൂപത്തിൽ രക്ഷിക്കാനെത്തി എന്നാണ് രക്ഷാപ്രവർത്തനത്തെകുറിച്ച് സുഭാഷ് ഓർക്കുന്നത്.
അന്നത്തെ അതിസാഹസിക രക്ഷാപ്രവർത്തനത്തിന് കുട്ടനെ രാജ്യം ജീവൻരക്ഷാപതക് നൽകി ആദരിച്ചിരുന്നു. നല്ല മനക്കരുത്തുള്ള ആളായിരുന്നുവെങ്കിലും അന്നത്തെ സംഭവത്തിന്റെ ആഘാതത്തിൽനിന്ന് മുക്തനാവാൻ മാസങ്ങൾ വേണ്ടിവന്നു സുഭാഷിന്. കണ്ണടക്കുമ്പോഴേക്കും വീണ്ടും ഒരു അഗാധ ഘർത്തത്തിലേക്കു പതിക്കുന്ന പ്രതീതിയായിരുന്നെന്ന് സുഭാഷ് പറയുന്നു. ഉറങ്ങാൻപോലും പറ്റാത്ത അവസ്ഥ. പിന്നീട് പതിയെ തിരികെ ജീവിതത്തിലേക്ക്.
വടംവലിക്കാൻ റിയൽ ‘മഞ്ഞുമ്മൽ ബോയ്സ്’
സിനിമയുടെ തുടക്കത്തിൽ രണ്ടു സംഘങ്ങൾ ഒരു കല്യാണവീട്ടിൽ ചേരിതിരിഞ്ഞുള്ള വടംവലിയും വാക്കേറ്റവും കാണിക്കുന്നുണ്ട്. എതിർ സംഘത്തിലെ വടംവലിക്കാരായി വരുന്നത് റിയൽ മഞ്ഞുമ്മൽ ബോയ്സ് ആണെന്ന കാര്യം പലർക്കുമറിയില്ല. അന്നത്തെ സംഭവത്തിനു ശേഷം പലയിടത്തും ഇതേ ടീം ട്രിപ് പോയിട്ടുണ്ടെങ്കിലും കൊടൈക്കനാലിലേക്ക് പോയിരുന്നില്ല.
എന്നാൽ, സിനിമയുടെ പൂജ നടന്നത് കൊടൈക്കനാലിലായിരുന്നു. അന്ന് അണിയറ പ്രവർത്തകർ ക്ഷണിച്ചതനുസരിച്ച് ആ സംഘം ഒരിക്കൽക്കൂടി അവിടെയെത്തി. അന്നാ സ്ഥലം കണ്ടപ്പോൾതന്നെ കൈയും കാലും വിറച്ചുപോയെന്ന് സുഭാഷ് പറയുന്നു. മുമ്പുതന്നെ ഈ ഭാഗം നിരോധിത മേഖലയാണെന്ന് ബോർഡുകൾ വെച്ചിരുന്നെങ്കിലും എല്ലാം തമിഴിലായതുകൊണ്ട് ആർക്കും മനസ്സിലായില്ല.
അന്നത്തെ പ്രായത്തിന്റെ ആവേശം കൂടിയായപ്പോഴാണ് ആ സാഹസികതയിലേക്കിറങ്ങിയതെന്നും കൂട്ടുകാർ ഓർക്കുന്നു. അവരുടെ ജീവിതം സിനിമയാക്കാൻ മുമ്പ് പലരും തയാറായിവന്നെങ്കിലും അന്നത് നടക്കാതെ പോയി. തങ്ങളുടെ വൈകാരിക നിമിഷങ്ങളെപോലും അണിയറ പ്രവർത്തകർ അതേപടി ഒപ്പിയെടുത്തുവെന്ന് സുഭാഷും സംഘവും സാക്ഷ്യപ്പെടുത്തുന്നു.
ഇവരുടെ ജീവിതത്തിലെ അനുഭവങ്ങളുടെ മിക്ക ഭാഗങ്ങളും അതേപടിതന്നെ സിനിമയിൽ കാണിക്കുന്നുണ്ട്. ഏറെ കാലമെടുത്ത് തങ്ങളോടൊപ്പം ചെലവഴിച്ച്, തങ്ങളെ കണ്ടും അടുത്തും അറിഞ്ഞാണ് താരങ്ങൾ സിനിമയിൽ അഭിനയിച്ചത് എന്നതിനാൽ നടന്മാർക്ക് മാനറിസങ്ങളും രീതികളുമെല്ലാം അതേ പടി പകർത്താനായിട്ടുണ്ടെന്ന് റിയൽ മഞ്ഞുമ്മൽ ബോയ്സ് കൂട്ടിച്ചേർക്കുന്നു. സുഭാഷ്, കുട്ടൻ തുടങ്ങി റിയൽ ലൈഫ് മഞ്ഞുമ്മൽ ബോയ്സിന്റെ പേരും ജോലിയുമെല്ലാംതന്നെയാണ് റീൽ ലൈഫിലും നൽകിയിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിലെ അഡ്വഞ്ചർ പോയന്റാണ് ഗുണ കേവ്. അപകടം നിറഞ്ഞ, ദുരൂഹമായ ഈ ഗുഹക്ക് ബ്രിട്ടീഷുകാരിട്ട പേര് ‘ഡെവിൾസ് കിച്ചൻ’ എന്നാണ്. 1991ൽ പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രമായ ‘ഗുണ’യിലെ ‘കൺമണീ അൻപോട്’ എന്ന ഗാനം ഈ ഗുഹയിൽ ചിത്രീകരിച്ച ശേഷമാണ് ഗുഹക്ക് ‘ഗുണ കേവ്’ എന്ന പേരുവന്നത്.
ഗുഹക്കുള്ളിലെ 900 അടിയോളം ആഴമുള്ള ഗർത്തത്തിലേക്ക് പതിച്ച് പത്തിലേറെ പേർ ഇല്ലാതായിട്ടുണ്ട്. ഇല്ലാതായിട്ടുണ്ടെന്നാൽ അവർ വീണശേഷം ഒരു തുമ്പുപോലും കിട്ടിയിട്ടില്ലെന്നർഥം. ഇവിടെനിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് മഞ്ഞുമ്മലിലെ സുഭാഷ്. അപകടത്തിനുശേഷം അടുത്തേക്കുപോലും പ്രവേശനമില്ലാത്തവിധം ഗുണ കേവ് പൂർണമായും നിരോധിത മേഖലയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.