12 വർഷം സിനിമക്കു പിന്നാലെ നടന്നു, എല്ലാം നിർത്തി ഗൾഫിൽ പോയാലോ എന്നുവരെ ചിന്തിച്ചു -ഉണ്ണി ലാലു
text_fieldsയൂട്യൂബ്, ടിക്ടോക് പ്രേക്ഷകരുടെ പ്രിയ താരമാണ് ഉണ്ണി ലാലു. ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജി ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്ന ഉണ്ണി ലാലു നായകനായ ഏറ്റവും പുതിയ സിനിമയാണ് ‘രേഖ’. തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ച് ഉണ്ണി ലാലു മാധ്യമവുമായി സംസാരിക്കുന്നു.
‘രേഖ’ കാണാൻ ആവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്
കണ്ട എല്ലാവരും നല്ല അഭിപ്രായം പറഞ്ഞ സിനിമയാണ് ‘രേഖ’. തിയേറ്ററിൽ വളരെ ചുരുക്കം ആളുകൾ മാത്രമാണ് സിനിമ കാണാൻ കയറുന്നത്. എന്നാൽപോലും സിനിമ കണ്ട ഒരാൾ പോലും മോശം അഭിപ്രായം പറഞ്ഞിട്ടില്ല. വലിയ സ്റ്റാർ കാസ്റ്റ് ഇല്ലാത്തതിനാൽ ഈ സിനിമയെ കൂടുതൽ തിയേറ്ററുകളിൽ എത്തിക്കുന്ന കാര്യത്തിൽ പരിമിതികളുണ്ടായിട്ടുണ്ട്. വലിയ പ്രമോഷനുകൾ ഒന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഏതു നിമിഷവും സിനിമ തിയേറ്ററിൽ നിന്ന് മാറിപ്പോകാൻ സാധ്യത കൂടുതലായപ്പോൾ വിഷമം കൊണ്ടാണ് ഉള്ള തിയേറ്ററിൽ ഉള്ള ഷോസ് കാണാൻ ശ്രമിക്കണമെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. സാധാരണ ഒരു സിനിമയ്ക്ക് കിട്ടുന്ന അത്ര പോലും ശ്രദ്ധ നമ്മുടെ സിനിമക്ക് കിട്ടിയിട്ടില്ല. ആ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് കാര്യമായിട്ടുള്ള മാറ്റം ഒന്നും സിനിമക്ക് സംഭവിച്ചിട്ടുമില്ല. പക്ഷേ ആ പോസ്റ്റിലൂടെ ഈ സിനിമയ്ക്ക് ഇങ്ങനെയാണ് സംഭവിച്ചതെന്ന് എല്ലാവരുമറിഞ്ഞു. സിനിമ ഉടൻ തീയറ്ററിൽ നിന്നും മാറി നെറ്റ്ഫ്ലിക്‌സിലെത്തും. അപ്പോൾ കൂടുതൽ ആളുകളിലേക്ക് സിനിമ എത്തുമെന്ന സന്തോഷമുണ്ട്.
അഭിനയത്തിൽ ഞങ്ങൾ ചിൽ ആൻഡ് കൂൾ
ഈ സിനിമയ്ക്ക് വേണ്ടി ആദ്യമായി കണ്ടുമുട്ടുന്നതിനു മുമ്പേ വർക്കുകൾ കണ്ട് വിൻസിക്കും എനിക്കും പരസ്പരം അറിയാമായിരുന്നു. നേരിൽ പരിചയമില്ലെന്ന് മാത്രമേയുള്ളൂ. ഷൂട്ട് തുടങ്ങുന്നതിനു മുൻപ് ഗ്രൂമിങ് സെക്ഷൻ വന്നു. അങ്ങനെ ഞങ്ങൾ നല്ല ഫ്രണ്ട്സായി. സിനിമ തുടങ്ങുന്നതിനു മുൻപേ തന്നെ ഞങ്ങൾക്കിടയിൽ ഒരു റാപ്പ് ഉണ്ടായിരുന്നു. വിൻസി നല്ല ആർട്ടിസ്റ്റ് ആണ്. അതുകൊണ്ടുതന്നെ ഒരു പുതിയ ആളെന്ന നിലയ്ക്ക് എന്നെ സംബന്ധിച്ചിടത്തോളം അഭിനയിക്കുമ്പോൾ എന്റെ ഓപ്പോസിറ്റ് നിൽക്കുന്ന വിൻസി തരുന്ന റിയാക്ഷൻസ് എന്റെ അഭിനയത്തെ കൂടുതൽ ഭംഗിയാക്കുകയായിരുന്നു. നന്നായി അഭിനയിക്കാനുള്ള പ്രചോദനം ലഭിക്കുന്നുണ്ടായിരുന്നു അവരുടെ റിയാക്ഷൻസ് കാണുമ്പോൾ. ഒരു ഫ്രണ്ട്ഷിപ്പ് ബോണ്ട് ഉള്ളതുകൊണ്ട് തന്നെ ഞങ്ങൾ വളരെ ചിൽ ആൻഡ് കൂൾ ആയാണ് അഭിനയിച്ചത്. ഒരു ഇന്റിമേറ്റ് സീനുണ്ടായിരുന്നു സിനിമയിൽ. അത് വളരെ രസകരമായിരുന്നു. ആ സീനൊക്കെ ചിത്രീകരിക്കുമ്പോൾ എല്ലാവരും ഒരുപാട് ചിരിച്ചു. ഇത്തരത്തിൽ ഇന്റിമേറ്റ് സീൻ ചെയ്തു എനിക്കും മുൻ പരിചയമില്ലായിരുന്നു. വിൻസിക്കും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ ഷൂട്ടിങ് അനുഭവമൊക്കെ ഫണ്ണിയായിരുന്നു.
ജിതിൻ ഐസക്ക് തോമസ് - ഉണ്ണി ലാലു കൂട്ടുകെട്ട്
സുഹൃത്ത് വഴിയാണ് ജിതിനെ പരിചയപ്പെടുന്നത്. സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ നമുക്ക് ശ്രമിക്കാം എന്നാണ് ജിതിൻ പറഞ്ഞത്. അങ്ങനെയാണ് ഞാൻ ജിയോ ബേബിയുടെ സംരംഭമായ ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജി മൂവിയിൽ ജിതിൻ സംവിധാനം ചെയ്ത വർക്കിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. അതിനുശേഷം വളരെയധികം കൂട്ടായി. ആ സൗഹൃദത്തിന്റെ പുറത്താണ് ‘രേഖ’യിലെ കഥാപാത്രം സംഭവിക്കുന്നത്. സിനിമയ്ക്ക് അപ്പുറത്തേക്കുള്ള സൗഹൃദം ഞങ്ങൾക്കിടയിൽ ഉള്ളതുകൊണ്ടുതന്നെ പരസ്പരം നന്നാവണമെന്ന് ആഗ്രഹിക്കുന്ന സുഹൃത്തുക്കൾ കൂടിയാണ്. ജിതിൻ സംവിധാനം ചെയ്ത അറ്റൻഷൻ പ്ലീസ് എന്ന സിനിമ നെറ്റ്ഫ്ലിക്സിൽ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് കാർത്തിക് സുബരാജ് അടുത്ത സിനിമ ഓഫർ ചെയുന്നത്. അങ്ങനെയാണ് രേഖ ഉണ്ടാകുന്നതും. ‘രേഖ’ കണ്ടിട്ട് അദ്ദേഹം വളരെ ഹാപ്പിയായിരുന്നു.
14 ഡെയ്സ് ഓഫ് ലവ്
കോളേജുകളിലൊക്കെ പോകുമ്പോൾ ചെയ്ത വർക്കിൽ ഏറ്റവുമിഷ്ടം ഏതാണെന്നു ചോദിച്ചാൽ എല്ലാവരും പറയുന്ന വർക്കാണ് ‘14 ഡെയ്സ് ഓഫ് ലവ്’. ഒരുപാട് ചെറു വീഡിയോകൾ ചെയ്തിട്ടുണ്ട്. ഏകദേശം 4000 വീഡിയോസിന് മുകളിൽ ചെയ്തിട്ടുണ്ട്. അതിൽ നിന്നാണ് ഒരു ഷോർട്ട് ഫിലിം ചെയ്യാമെന്നുള്ള ചിന്ത വരുന്നത്. അത് സിനിമാറ്റിക് ആവണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ഞാനും എന്റെ സുഹൃത്തും ചേർന്ന് സെറ്റ് ചെയ്ത് ഷോർട്ട് ഫിലിം ആണ് ‘14 ഡെയ്സ് ഓഫ് ലവ്’. അത് ഒരുപാട് ശ്രദ്ധിക്കപ്പെട്ടു.
ജൂനിയർ ആർട്ടിസ്റ്റിൽനിന്നും നടനിലേക്ക്
ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും ഈ സിനിമ വരെ ഞാനെത്തി നിൽക്കുന്നുണ്ട്. സിനിമ എന്നല്ല ഏതൊരു മേഖലയായാലും അതിന്റെ തുടക്ക സമയത്ത് ഒരുപാട് റിജക്ഷൻസ് ലഭിക്കും, ഒരുപാട് സ്ട്രഗിൾ ചെയ്യും, ഇതൊക്കെ നിർത്തി പോയാലോ എന്ന് ചിന്തിക്കും. ഞാൻ അങ്ങനെ ചിന്തിച്ചിട്ടുള്ള ആളാണ്. ഗൾഫിൽ എന്തെങ്കിലും ജോലി നോക്കി പോയാലോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ നമ്മുടെ ആഗ്രഹവും സ്വപ്നവും തീവ്രമായതുകൊണ്ട് തളർന്നുപോകാതെ വീണ്ടും വീണ്ടും നമ്മൾ സ്വയം മോട്ടിവേറ്റ് ചെയ്താണ് പാഷൻ നിലനിർത്തുന്നത്. പാഷൻ കൈവിട്ടു കഴിഞ്ഞാൽ അത് അതിന്റെ വഴിക്ക് പോകും. പക്ഷേ ക്ഷമയോടെ കാത്തു നിന്നാൽ എന്നെങ്കിലും ഒരിക്കൽ, ഒരു തവണ എങ്കിലും ദൈവം നമുക്കൊരവസരം തരും. പന്ത്രണ്ട് വർഷത്തോളമാണ് ഈ മേഖലയുടെ പിറകെ ഞാൻ നടന്നത്.
യൂട്യൂബിലെ റൊമാന്റിക് ചോക്ലേറ്റ് ബോയ്
സോഷ്യൽ മീഡിയയിൽ ഞാൻ വീഡിയോസൊക്കെ തുടങ്ങി ആക്ടീവാവുന്ന കാലത്ത് ഈ പ്ലാറ്റ്ഫോം അത്ര സജീവമല്ല. യൂട്യൂബിൽ ഇന്ന് കാണുന്ന ആളുകൾ പോലും അന്നില്ലായിരുന്നു. ഞങ്ങളുണ്ടായിരുന്നു, പിന്നെ ‘’കരിക്കും’ ഉണ്ടായിരുന്നു. ഞങ്ങൾ കാര്യമായി ചെയ്തിരുന്നത് ഷോർട്ട് വീഡിയോസ് ആയിരുന്നു. അത് യൂട്യൂബിലും ടിക്ക്റ്റോക്കിലും ആണ് ഉണ്ടാവുക. അതുപ്പോലെ കൺസപ്റ്റ്സ് വെച്ച് ചെയുന്ന വീഡിയോസിൽ കാര്യമായി എടുത്ത വിഷയം പ്രണയമായിരുന്നു. പ്രണയം എത്ര പൈങ്കിളി ആയാലും എന്നും സ്കോപ്പുണ്ട്. അത്തരം കോമഡി റൊമാൻസ് വീഡിയോസ് ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ പതിയെ ആളുകൾ തിരിച്ചറിഞ്ഞു. ഞാൻ ഇങ്ങനെ സ്ട്രഗിൾ ചെയ്യുമ്പോഴൊക്കെ എന്നെ ഒരുപാട് പേർ കളിയാക്കുമായിരുന്നു. പ്രത്യേകിച്ചും നാട്ടിലുള്ളവരൊക്കെ. വലിയ സപ്പോർട്ട് ഒന്നുമില്ലായിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ആണ് എന്റെ കരിയറിൽ പോസിറ്റീവ് സംഭവിക്കുന്നത്.
നടനാകണമെന്ന് തീരുമാനിച്ച കുട്ടിക്കാലം
ചെറുപ്പം മുതലേ എനിക്ക് സിനിമ ഇഷ്ടമായിരുന്നു. ഓർമ്മവെച്ച നാൾ മുതൽ സിനിമ കാണാൻ തീയേറ്ററിൽ പോകുന്ന ആളാണ്. ഡാൻസ് ഇഷ്ടമാണ്. മോണോ ആക്ടും നാടകവുമെല്ലാം സ്കൂളിൽ പഠിക്കുമ്പോഴേ ചെയ്യുമായിരുന്നു. അന്ന് മനസ്സിൽ വിചാരിച്ച കാര്യമാണ് നടനാവണമെന്ന്. പിന്നീട് പല ജോലിക്കും പോയെങ്കിലും അവിടെയൊന്നും മനസ്സുറക്കാത്തതുകൊണ്ട് ഒടുവിൽ അതെല്ലാം നിർത്തി വീട്ടിലേക്ക് വന്നപ്പോൾ അച്ഛൻ പറഞ്ഞു; അങ്ങനെയാണെങ്കിൽ നീ ട്രൈ ചെയ്യെന്ന്. ആ മെന്റൽ സപ്പോർട്ട് വലുതാണ്. തുടക്കകാലത്ത് ടിക്ടോക്, യൂട്യൂബ് വീഡിയോസ് ചെയ്യുമ്പോൾ ആളുകൾ അഭിനന്ദിക്കുമായിരുന്നു. അത്തരം അഭിനന്ദനങ്ങൾ സന്തോഷം തരുമെങ്കിലും പിന്നീട് ഇതിൽ തന്നെ ഒതുങ്ങി പോകുമോ എന്ന് ഭയന്നു. അപ്പോഴാണ് ‘ഫ്രീഡം ഫൈറ്റ്’ സംഭവിക്കുന്നത്
പുതിയ വർക്കുകൾ
ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ‘രേഖ’ ഇനി നെറ്റ്ഫ്ലിക്സിൽ വരുമ്പോഴുള്ള പ്രേക്ഷകരുടെ റെസ്പോൺസ് ആണ് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.