'എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ' എന്ന് അമ്മ പറഞ്ഞതിന്‍റെ പൊരുള്‍ ഇപ്പോ മനസ്സിലായി: ഉത്തര ശരത്ത്
text_fieldsമലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്. അമ്മയ്ക്കൊപ്പം മകളായി തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഉത്തര. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ 'കെഞ്ചിര' യ്ക്കു ശേഷം സംവിധായകന്‍ മനോജ് കാന ഒരുക്കുന്ന 'ഖെദ്ദ' എന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്ത് സിനിമയിലേക്ക് ചുവടു വെയ്ക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന 'ഖെദ്ദ' യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ തുടങ്ങി. അമ്മയ്ക്കൊപ്പം അഭിനയരംഗത്തേക്കുള്ള തന്‍റെ വരവിനെക്കുറിച്ച് ഉത്തര ശരത്ത് അമ്മ ആശാശരത്തിനൊപ്പം വിശേഷങ്ങള്‍ പങ്കിടുന്നു.
"അമ്മയുടെ സിനിമകള്‍ കാണുമ്പോഴൊക്കെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. പലപ്പോഴും അക്കാര്യം പറയുമ്പോഴെല്ലാം അമ്മയാണ് എതിര്‍ത്തിരുന്നത്. പഠനം കഴിഞ്ഞിട്ട് മതി അഭിനയമെന്നായിരുന്നു അമ്മയുടെ അഭിപ്രായം. ഉത്തര പറയുന്നു. ഇപ്പോള്‍ വളരെ യാദൃശ്ചികമായിട്ടാണ് 'ഖെദ്ദ'യില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. ലോക്ഡൗണിന് മുന്‍പ് നാട്ടിലെത്തിയതാണ്. പിന്നെ കൊറോണ വ്യാപകമായതോടെ ദുബായിലേക്കുള്ള തിരിച്ചുപോക്ക് മുടങ്ങി. അങ്ങനെ ലോക്ഡൗണില്‍ ഇവിടെ പെട്ടുപോയതുകൊണ്ടാണ് സിനിമയിലേക്ക് എനിക്ക് വഴി തുറന്നത്.
മുഴുവന്‍ സമയം പഠനത്തിലായിരുന്നു ശ്രദ്ധ. ഇപ്പോള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞതുകൊണ്ട് കുറെ ഫ്രീടൈം കിട്ടി. അതുകൊണ്ടുതന്നെ അഭിനയിക്കാനും കഴിഞ്ഞു. ഞാന്‍ ദുബായിലായിരുന്നു എങ്കില്‍ ഒരിക്കലും ഇങ്ങനെ ഒരു അവസരം കിട്ടില്ല. നാട്ടിലെത്തിയത് ഭാഗ്യമായി. ഈ ചിത്രത്തില്‍ അമ്മയും ഞാനും അമ്മയും മകളുമായിട്ട് തന്നെയാണ് അഭിനയിക്കുന്നത്. സംവിധായകന്‍ മനോജേട്ടന്‍ എന്നോട് ചോദിച്ചു 'അമ്മയോടൊപ്പം അഭിനയിച്ചുകൂടെ'. അങ്ങനെയാണ് ഞാന്‍ ഈ സിനിമയുടെ ഭാഗമാകുന്നത്.
അമ്മയും അച്ഛനും ഇടപെട്ടിട്ടേയില്ല. തീരുമാനം എന്‍റേത് മാത്രം. 'എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ'എന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു. ഇപ്പോഴാണ് ആ പ്രയോഗത്തിന്‍റെ അര്‍ത്ഥം എനിക്ക് മനസ്സിലായത്. വളരെ നല്ല ക്യാരക്ടറാണ് ഈ ചിത്രത്തില്‍ എനിക്കുള്ളത്. അഭിനയിക്കുമ്പോള്‍ അമ്മ എനിക്ക് ആര്‍ട്ടിസ്റ്റ് മാത്രമാണ്. അമ്മയോടൊപ്പം ഒത്തിരി തവണ വേദികളില്‍ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നത് ആദ്യമാണ്. ആഗ്രഹിച്ച സമയത്തൊന്നും അവസരം കിട്ടിയില്ല. ഇപ്പോഴാണ് ഭാഗ്യമുണ്ടായത്.
അച്ഛനും അമ്മയും പറഞ്ഞതുപോലെ പഠനം പൂര്‍ത്തിയായ ശേഷം എന്‍റെ പഴയ ആഗ്രഹം നിറവേറി. ഞാന്‍ ദുബായില്‍ ജനിച്ചു വളര്‍ന്നതുകൊണ്ട് മലയാളം എഴുതാനും വായിക്കാനും അറിയില്ലായിരുന്നു . നാട്ടിലെത്തിപ്പോള്‍ അഭിനയത്തോടൊപ്പം മലയാളം എഴുതാനും വായിക്കാനും പഠിച്ചു. അമ്മയുടെ ഗുരുനാഥ കൂടിയായ മുത്തശ്ശിയാണ് (കലാമണ്ഡലം സുമതി) മലയാളം പഠിപ്പിച്ചത്. എന്‍റെ കൂടെ അച്ഛനും മലയാളം എഴുതാനും വായിക്കാനും പഠിച്ചു. ഞാന്‍ ദുബായില്‍ ഡ്രൈവ് ചെയ്യുമായിരുന്നെങ്കിലും ഈയിടെയാണ് ഇവിടെ ഡ്രൈവിംഗ് പഠിച്ചത്. അഭിനയത്തേക്കാളും പ്രധാനം പഠനം തന്നെയാണ് എന്നാണെന്‍റെ അഭിപ്രായം. പഠനം പൂര്‍ത്തിയായ ശേഷം മാത്രമേ കലാപ്രവര്‍ത്തനത്തില്‍ സജീവമാകാവൂ എന്നെനിക്ക് തോന്നിയിട്ടുണ്ട്.
സിനിമയില്‍ കൂടുതല്‍ അവസരങ്ങളേക്കാളും നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്ക് താല്പര്യം. പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന നല്ല കഥാപാത്രങ്ങള്‍. ഉത്തര ശരത്ത് പറഞ്ഞു. ഒട്ടേറെ പുരസ്ക്കാരങ്ങള്‍ നേടിയ ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനോജ് കാന ഒരുക്കുന്ന ചിത്രമാണ് 'ഖെദ്ദ'. ആശാശരത്ത്(സവിത), ഉത്തരശരത്ത്(ചിഞ്ചു) ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളാണ് ഇരുവരും. സുധീര്‍ കരമന, അനുമോള്‍, ജോളി ചിറയത്ത്, ബാബു കിഷോര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
തയ്യാറാക്കിയത് :
പി ആര്‍ സുമേരന്‍ ( പി ആര്‍ ഒ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.