‘ഡാർക്ക് ഷെയ്ഡ്സ് ഓഫ് എ സീക്രട്ട്’: വെല്ലുവിളികൾക്കിടയിൽ പൂർത്തിയാക്കിയ സിനിമ -വിദ്യ മുകുന്ദൻ
text_fieldsനവാഗതയായ വിദ്യ മുകുന്ദൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഡാർക്ക് ഷെയ്ഡ്സ് ഓഫ് എ സീക്രട്ട്’. എഴുത്തുകാരിയും കോസ്റ്റ്യൂം ഡിസൈനറും കൂടിയായ വിദ്യ തന്റെ സിനിമയെ കുറിച്ചും മറ്റു സിനിമാ വിശേഷങ്ങളും മാധ്യമം ഓൺലൈനുമായി പങ്കുവെയ്ക്കുന്നു...
• ക്രൈം ത്രില്ലർ സിനിമകളോടിഷ്ടം
ക്രൈം ത്രില്ലർ ജോണറിലുള്ള സിനിമകൾ കാണാനെനിക്കിഷ്ടമാണ്. നമ്മുടെ ചുറ്റുപാടുകളിൽ അത്തരത്തിലുള്ള കൊലപാതങ്ങളോ മറ്റോ നടക്കുമ്പോൾ വാർത്ത ചാനലുകളിലൂടെയും മറ്റും നിരീക്ഷിക്കാറുണ്ട്. എന്താണ് അത്തരത്തിലൊരു ക്രൈം നടക്കാനുണ്ടായ പ്രചോദനം, ഏതു രീതിയിലാണ് കേസന്വേഷണം നടക്കുന്നത്, അന്വേഷണം ഏതുവിധത്തിൽ പുരോഗമിക്കുന്നു തുടങ്ങിയ എല്ലാ കാര്യങ്ങളും മനസ്സിലാക്കി വെക്കും. അതൊരു പഠനം പോലെയാണ്. അതുപോലെ നെറ്റ്‌ഫ്ളിക്സിലൊക്കെ വരുന്ന ക്രൈം സിനിമകളെല്ലാം കാണും. ക്രൈം വിഭാഗത്തിനോടുള്ള താല്പര്യമാണ് ഞാനീ പറയുന്നത്. വാസ്തവത്തിൽ ആദ്യ സിനിമ എന്ന നിലയ്ക്ക് ചെയ്യാനിരുന്നത് മറ്റൊരു സിനിമയായിരുന്നു. ചില കാരണങ്ങളാൽ അത് വൈകിയപ്പോൾ അതിന് മുൻപ് വേറൊരു സിനിമ ചെയ്യാമെന്ന് കരുതി. അങ്ങനെയാണ് എന്റെ ഇഷ്ടപ്പെട്ട ജോണറായ ക്രൈം ത്രില്ലർ മൂവി ചെയ്യുന്നത്. പിന്നെ എങ്ങനെ ഒരു സിനിമ ഉണ്ടാക്കിയെടുക്കാം എന്നുള്ള പഠനം എന്ന രീതിയിൽ കൂടിയാണ് ഈ സിനിമ ചെയ്തത്.
• സിനിമയ്ക്ക് മുൻപും ശേഷവും
ഒരു സിനിമ ചെയ്യുന്നതിനു മുൻപ് ക്ലാസ്സിലിരുന്ന് നമ്മൾ പഠിക്കുന്ന പല കാര്യങ്ങളുണ്ട്. എങ്ങനെ തിരക്കഥ തയാറാക്കാം, എങ്ങനെ ഷോട്ടുകൾ പ്ലാൻ ചെയ്യാം തുടങ്ങി പലതും. എന്നാൽ ഒരു സിനിമ ഉണ്ടാക്കിയെടുക്കുന്നതിലൂടെ നമ്മൾ പഠിക്കുന്ന കാര്യങ്ങൾ അതിൽനിന്നെല്ലാം വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് തിരക്കഥയെഴുതുമ്പോൾ അതിൽ എഴുതിവെച്ച പല കാര്യങ്ങളും ഷൂട്ട് ചെയുന്ന സമയത്ത് എളുപ്പത്തിൽ ചിത്രീകരിക്കാൻ കഴിഞ്ഞോളണമെന്നില്ല. കാലാവസ്ഥ പ്രശ്നങ്ങൾ കാരണമോ, ആർട്ടിസ്റ്റിനെ കൃത്യസമയത്ത് കിട്ടാത്തതിനാലോ അങ്ങനെ എന്തെങ്കിലും കാരണങ്ങൾ കൊണ്ടെല്ലാം ഷൂട്ട് നടക്കാതെ പോയേക്കാം. എങ്കിൽ പിന്നെ മുമ്പിലുള്ള സമയം നഷ്ടപ്പെടുത്താതെ പകരം നമ്മൾ എന്ത് ചെയ്യണമെന്ന് ആ സമയത്ത് തന്നെ തീരുമാനമെടുക്കാൻ കഴിയണം. അത്തരത്തിലുള്ള ക്യാപ്പബിലിറ്റി ഒരു സിനിമ എടുത്തുകൊണ്ടു മാത്രമേ നമുക്ക് പ്രൂവ് ചെയ്യാൻ സാധിക്കൂ. ഏതൊരു സംവിധായകനെ സംബന്ധിച്ചിടത്തോളവും അയാൾക്ക് അത്തരത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് വേണമെന്നാണ് വിശ്വസിക്കുന്നത്. അതുപോലെ ലീഡർഷിപ്പും. സിനിമയ്ക്ക് പുറത്ത് നിന്നുകൊണ്ട് ഒരിക്കലും ഇത് രണ്ടും പഠിച്ചെടുക്കാൻ സാധിക്കില്ല. അത് നമ്മൾ അനുഭവത്തിലൂടെ ഉണ്ടാക്കിയെടുക്കേണ്ടതാണ് എന്നാണ് കരുതുന്നത്.
• സംവിധാനത്തിലേക്കുള്ള തുടക്കം
കോസ്റ്റ്യും ഡിസൈറായി വർക്ക് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് കെ.എസ്.എഫ്.ഡി.സി വനിതാ സംവിധായകർക്ക് സിനിമ ചെയ്യുവാനുള്ള ഫണ്ട് നൽകുന്നുവെന്ന വാർത്ത ശ്രദ്ധയിൽപെടുന്നത്. അതിന് മുൻപേതന്നെ എഴുതി പൂർത്തിയാക്കിയ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ടായിരുന്നു. അതാണ് കെ.എസ്.എഫ്.ഡി.സിയിലേക്ക് അയച്ചുകൊടുക്കുന്നത്. കോസ്റ്റ്യും ഡിസൈനറായി വർക്ക് ചെയ്യുന്ന സമയത്ത് തന്നെ കവിത സമാഹാര പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. അതിന് ശേഷമാണ് ഈ തിരക്കഥ ചെയ്തത്. പക്ഷെ സ്ക്രിപ്റ്റ് തെരഞ്ഞെടുക്കപ്പെട്ടില്ല. ആ സ്ക്രിപ്റ്റാണ് പിന്നീട് ആദ്യസിനിമയാക്കാൻ വേണ്ടി തീരുമാനിച്ചതും നടക്കാതെ പോയതും. പകരം ഡാർക്ക് ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് എന്ന സിനിമ പുറത്തുവന്നു.
• അഭിനയം ഇഷ്ടമാണ്
അഭിനയം പണ്ടുമുതൽക്കേ ഇഷ്ടമാണ്. ചെറുപ്പം മുതലേ സിനിമകൾ കണ്ടു ശീലിച്ച എല്ലാവർക്കും ഉറപ്പായും സിനിമയോടോ സിനിമ നടന്മാരോടോ /നടിമാരോടോ ഒക്കെ ആരാധനയുണ്ടായിരിക്കും. അതുപോലെയൊരു താല്പര്യത്തിന്റെ പുറത്താണ് ചെറിയ ചെറിയ റോളുകളൊക്കെ അഭിനയിച്ചു നോക്കുന്നത്. ഞാൻ ചെയ്തിട്ടുള്ള ആൽബങ്ങളിലെല്ലാം ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഡാർക്ക് ഷേഡ്സ് ഓഫ് എ സീക്രട്ട് എന്ന സിനിമയിൽ അഭിനയിക്കേണ്ടതായിരുന്നില്ല. ഈ സിനിമയിൽ ഞാൻ ചെയ്ത കഥാപാത്രം ഒരു എ.സി.പിയുടേതായിരുന്നു. ഒരു സീനിയർ ആർട്ടിസ്റ്റിനെ കൊണ്ടുവന്ന് അവരെ അക്കോമഡേറ്റ് ചെയ്തു അഭിനയിപ്പിക്കാനും പ്രതിഫലം നൽകാനും മാത്രമുള്ള ബഡ്ജറ്റ് നമ്മുടെ സിനിമയിലില്ലായിരുന്നു. അങ്ങനെയാണ് ആ കഥാപാത്രം ഞാൻ ചെയ്തത്. ആ കഥാപാത്രം ചെയ്യുമ്പോൾ പോലും ഇത് വേണോ എന്ന് ഞാൻ പലതവണ ചിന്തിച്ചിരുന്നു. പക്ഷേ നമ്മുടെ പരിമിതിക്കുള്ളിൽ നിൽക്കുന്ന ആർട്ടിസ്റ്റിനെ കിട്ടാത്തത് കൊണ്ട് ആ കഥാപാത്രം ചെയ്യുകയായിരുന്നു.
• കുടുംബം, സ്ത്രീ, സിനിമ
കുടുംബത്തിനകത്ത് അമ്മ, ഭാര്യ എന്നീ നിലകളിലൊക്കെ ജീവിക്കുന്ന ഒരു സ്ത്രീ സിനിമ ചെയ്യാനായി പുറപ്പെടുമ്പോൾ അതിനായി ഒരുപാട് സമയം കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. മറുവശത്ത് നമ്മുടെ കുടുംബം നമ്മളെയവിടെ ഡിമാൻഡ് ചെയ്യുന്നുണ്ടായിരിക്കും. ഒരുപാട് ഉത്തരവാദിത്വങ്ങൾ മാറ്റിവെച്ചാണ് അത്രയും സ്ട്രെഗിൾ ചെയ്തു നമ്മൾ സിനിമക്ക് വേണ്ടി മാറി നിൽക്കുന്നത്. അങ്ങനെ മാറി നിൽക്കുമ്പോഴും നമ്മുടെ ചിന്ത നമ്മുടെ വീട് നമ്മുടെ കുട്ടികൾ തുടങ്ങിയ കാര്യങ്ങളിലേക്ക് പലപ്പോഴും കടന്നു ചെല്ലും. ഈ സിനിമയുടെ പ്രീപ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും എല്ലാം വീട്ടിൽ വെച്ച് തന്നെയാണ് ചെയ്തത്. അത് വലിയൊരു പ്രശ്നമായൊന്നും ഞാൻ കണ്ടിട്ടില്ല. പക്ഷേ സ്ത്രീ സംവിധായകയെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളിയായി തന്നെയായാണ് ഞാൻ കാണുന്നത്. അത്തരം വെല്ലുവിളികളിലൂടെയാണ് ഈ സിനിമ മുൻപോട്ട് പോയിട്ടുള്ളത്. ഇനി സിനിമ ആളുകളിലേക്ക് എത്തുക എന്നുള്ളതാണ്. ഒ.ടി.ടിയിലേക്ക് സിനിമ എപ്പോഴെത്തുമെന്ന് പറയാൻ പറ്റില്ല. തീയേറ്റർ റിലീസിന് ശേഷം പരിഗണിക്കാമെന്ന് ഒന്നുരണ്ട് ഒ.ടി.ടി പറഞ്ഞിട്ടുണ്ട്. തീയേറ്റർ റിലീസിന് ശേഷം സിനിമകളെ പരിഗണിക്കുന്ന സിസ്റ്റമാണ് ഇവിടെ ഒ.ടി.ടികൾക്ക്. അതുകൊണ്ട് മാത്രമായിരിക്കും ചെറിയ സിനിമകൾ ചെയ്യുന്നവരൊക്കെ അവരുടെ സിനിമകൾ തീയേറ്ററുകളിലെത്തിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. എന്നെ പോലെയൊക്കെ മൈക്രോബഡ്ജറ്റ് സിനിമ ചെയ്യുന്നവർ ഒ.ടി.ടിയെ സമീപിക്കുമ്പോൾ അവിടെ തിയേറ്റർ റിലീസ് നിർബന്ധമാണെന്ന് പറയുന്നു. അപ്പോൾ വീണ്ടും നമ്മുടെ കൈയിൽ നിന്നും പണം ചിലവാകുന്ന അവസ്ഥയാണ്. മാത്രമല്ല സിനിമ കാണാൻ കയറുന്ന ഓഡിയൻസ് അഭിനേതാക്കൾ ആരാണ് എന്നൊക്കെ നോക്കിയിട്ടെ കയറൂ.
• അറിയപ്പെടുന്ന കോസ്റ്റ്യൂം ഡിസൈനർ
കോസ്റ്റ്യൂം ഡിസൈനറായകരിയർ ആരംഭിക്കുന്നത് 2013 മുതലാണ്. പണ്ടുമുതലേ ഫാഷനോടൊക്കെ താല്പര്യമുണ്ട്. നല്ല ഡ്രെസ്സ് ഒക്കെ സെലക്ട് ചെയ്യാൻ താല്പര്യമുണ്ടായിരുന്നു. പക്ഷേ പ്രൊഫഷണലി ഡിസൈനിങ്ങൊന്നും പഠിച്ചിട്ടില്ല. ബികോം, സി.എ രണ്ടും കഴിഞ്ഞ ശേഷം മുംബൈയിൽ ജോലി ചെയ്യുകയായിരുന്നു. ഭർത്താവിന് സ്ഥലംമാറ്റം കിട്ടി ഞങ്ങൾ ചെന്നൈയിലേക്ക് മാറി. ചെന്നൈയിലെത്തുമ്പോൾ പ്രഗ്നന്റ് ആയിരുന്നു. വർക്കിന് പോകാൻ പറ്റിയ അവസ്ഥയിലല്ലായിരുന്നു. അങ്ങനെ കുറച്ചുകാലം വീട്ടിൽ മക്കളെ നോക്കിയൊക്കെ ജീവിക്കുമ്പോഴാണ് സ്വന്തം ഫാഷൻ സങ്കല്പങ്ങൾ വെച്ച് മകൾക്ക് വേണ്ടി ഫ്രോക്കുകളൊക്കെ തയ്ച്ചു തുടങ്ങിയത്. അതിന് വേണ്ടി മെഷീൻ വാങ്ങി. മനസ്സിൽ തോന്നുന്ന ഐഡിയകൾ വെച്ചാണ് ഡ്രെസ്സുകളൊക്കെ ഡിസൈൻ ചെയ്തത്. പക്ഷേ ചുറ്റുമുള്ളവർ അഭിനന്ദിച്ചു തുടങ്ങിയപ്പോൾ എനിക്കതിൽ മുമ്പോട്ട് പോയാൽ കൊള്ളാമെന്നു തോന്നി. അങ്ങനെ അടിസ്ഥാനപരമായ കാര്യങ്ങൾ പഠിക്കാനായി രണ്ടാഴ്ചയോളം സ്റ്റിച്ചിങ് ക്ലാസിൽ പോയി. ഡിസൈൻ ചെയ്തു തുടങ്ങിയ വസ്ത്രങ്ങളുടെ ഫോട്ടോസ് ഫേസ്ബുക്ക് വഴി ഷെയർ ചെയ്തു ഓൺലൈൻ ബോട്ടിക്കിൽ സജീവമായപ്പോൾ അതിലൂടെ ഡ്രസ്സ് വാങ്ങാൻ ഒരുപാട് പേർ വന്നു. ഇന്ത്യക്ക് പുറത്തു നിന്നുവരെ ഓർഡർ വന്നു. അത് ഒരുപാട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തയാണ്. പിന്നെയാണ് സിനിമ ഫോക്കസ് ചെയുന്നത്. അങ്ങനെ 2015ൽ എറണാകുളത്തേക്ക് മാറി. തുടർന്ന് അവിടെ ഒരു ബോട്ടിക്ക് തുടങ്ങി. അതിനുശേഷം ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് റീഡേഴ്സിനു വേണ്ടി ഒരു വർഷം കോസ്റ്റ്യൂംസ് ഡിസൈൻ ചെയ്തു തുടങ്ങി. അതുപോലെ പരസ്യം, ടി.വി പ്രോഗ്രാംസ് എല്ലാത്തിനും ഡിസൈനറായി.
• ജൻഡർ ന്യൂട്രൽ യൂനിഫോം ഡിസൈൻ
2019 ലാണ് അങ്ങനെയൊരു യൂനിഫോം ഡിസൈൻ ചെയ്യുന്നത്. പെരുമ്പാവൂർ വളയംചിറങ്കര സ്കൂളിലെ പി.ടി.എ പ്രസിഡന്റ് ആയിരുന്ന ഡോ. ബിനോയ് പീറ്റർ സുഹൃത്താണ്. ബിനോയ് ആണ് ഇങ്ങനെ ഒരു ആശയം മുൻപോട്ട് വെച്ചത്. അത് കേട്ടപ്പോൾ അത് എത്രമാത്രം സാധ്യമാകുമെന്ന കാര്യത്തിൽ തുടക്കത്തിലെനിക്ക് ആശങ്കയുണ്ടായിരുന്നു. ശ്രമിച്ചു നോക്കാം എന്നായിരുന്നു ബിനോയ്ക്ക് നൽകിയ മറുപടിയും. സ്പോർട്സിൽ പെൺകുട്ടികൾ പങ്കെടുക്കുമ്പോൾ ഓടുകയും ചാടുകയും ചെയ്യുന്ന സമയത്ത് പാവാട പൊങ്ങുമ്പോൾ ചുറ്റുമുള്ളവർ കളിയാക്കി ചിരിക്കുന്നതാണ്. അതൊക്കെ ഞാനും അഭിമുഖീകരിച്ചതാണ്. ഇത്തരം ബുദ്ധിമുട്ടുകളിൽനിന്ന് പെൺകുട്ടികൾ മോചനം നേടണമെന്ന് ആഗ്രഹിച്ചു. ഡിസൈൻ ചെയ്ത മോഡൽ അവർ സെലെക്ട് ചെയ്തു. അപ്പോഴേക്കും ലോക്ഡൗൺ ആയി സ്കൂളുകളെല്ലാം അടച്ചു. പിന്നീട് 2021 ൽ സ്കൂൾ തുറക്കുന്ന സമയത്ത് കുട്ടികളെല്ലാം ഒരുപോലെ യൂനിഫോം ധരിച്ച് വരുന്നത് കണ്ടിട്ടാണ് മാധ്യമങ്ങൾ അത് വാർത്തയാക്കി ഏറ്റെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.