വിൻസിയാണ് താരം
text_fieldsസംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വിൻസി അലോഷ്യസ് സംസാരിക്കുന്നു
‘‘ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം’’ -ഇതായിരുന്നു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെക്കുറിച്ച് യുവ അഭിനേത്രി വിൻസി അലോഷ്യസിന് പറയാനുണ്ടായിരുന്നത്. ‘‘സൂപ്പർസ്റ്റാർ മമ്മൂക്ക നേടിയ അതേ പദവിയുള്ള അവാർഡ് ഞാൻ നേടി എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല! ഞാനുൾപ്പെടെ വീട്ടിലെല്ലാവർക്കും ഇഷ്ടമുള്ള നടനാണ് മമ്മൂക്ക. അങ്ങനെയൊരാൾ നേടിയതിനു തുല്യമായ അവാർഡ് കിട്ടുന്നത് മഹാഭാഗ്യം. അത്ഭുതം തോന്നുന്നു’’ -വിൻസി പറഞ്ഞുതുടങ്ങുന്നു.
‘രേഖ’ നൽകിയ സൗഭാഗ്യം
‘രേഖ’ എന്ന സിനിമയിലെ ടൈറ്റിൽ റോളാണ് അവാർഡ് നേടിത്തന്നത്. സ്ത്രീകേന്ദ്രീകൃത കഥ പറയുകയാണ് സിനിമ. അഭിനയ മികവ് പ്രകടിപ്പിക്കാൻ ധാരാളം അവസരമുള്ള റോളായിരുന്നു. ഉണ്ണി ലാലുവാണ് നായകൻ. കഥയിലും ചിത്രീകരണത്തിലുമുള്ള പുതുമയാണ് രേഖയെ സാധാരണ സിനിമകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. സംവിധായകൻ ജിതിൻ ഐസകിന്റെ തന്നെയാണ് കഥ. അനീതിക്കെതിരെ, മുൻകൂട്ടി പറയാനാവാത്ത തരത്തിലുള്ള പ്രതികാരരീതിയും മറ്റും സിനിമയെ തന്നെ വേറിട്ടൊരു അനുഭവമാക്കുന്നുണ്ടെന്നാണ് നിരൂപകരുടെ വിലയിരുത്തൽ. കഥയിൽ വൈകാരികത തുളുമ്പിനിൽക്കുന്നൊരു സന്ദർഭത്തിൽ എത്തുന്ന സിതാര ചേച്ചിയുടെ (ഗായിക സിതാര കൃഷ്ണകുമാർ) ഗാനം സിനിമക്ക് നല്ലൊരു പഞ്ചു നൽകുന്നുണ്ട്. ഈ പാട്ടിന്റെ ചിത്രീകരണം ഭാവാഭിനയത്തിന് അവസരം നൽകി. ഒരുപാടു പോസിറ്റിവ് ഫീഡ്ബാക്ക് ലഭിച്ച വിഷ്വൽ സീക്വൻസുകളായിരുന്നു അത്.
പ്രതീക്ഷിച്ചില്ല, പക്ഷേ...
തികഞ്ഞ ആത്മാർഥതയോടെയായിരുന്നു ‘രേഖ’ക്കുവേണ്ടിയുള്ള തയാറെടുപ്പുകൾ. ആ റോൾ ആവശ്യപ്പെടുന്നത്രയും ഡെഡിക്കേഷനോടെ അഭിനയിക്കാൻ ശ്രമിച്ചിട്ടുണ്ട്. കഥ നടക്കുന്നത് കാസർകോട് ജില്ലയിലായതുകൊണ്ട് അവിടെയുള്ളവരുടെ ശൈലിപോലും പഠിച്ചെടുത്തു. ഒരു വെല്ലുവിളി ഏറ്റെടുത്തു പൂർത്തീകരിക്കുന്നൊരു മാനസികാവസ്ഥയിലായിരുന്നു ഞാൻ. ആത്മബന്ധമുള്ള കഥാപാത്രമായതിനാൽ സ്വാഭാവികമായിത്തന്നെ ആ കാരക്ടറാകാൻ കഴിഞ്ഞു. ഷൂട്ട് കഴിഞ്ഞപ്പോൾ തികഞ്ഞ സംതൃപ്തിയുണ്ടായിരുന്നു. പക്ഷേ, അപ്പോഴൊന്നും സംസ്ഥാന പുരസ്കാരത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ല. തുടക്കത്തിൽ സിനിമയുടെ വിതരണത്തിന് പ്രശ്നം നേരിട്ടിരുന്നു. ഒരു പോസ്റ്റർപോലും ഇല്ലായിരുന്നു. അതിനാൽ കുറച്ച് തിയറ്ററുകളിൽ മാത്രമേ ‘രേഖ’ ആദ്യം പ്രദർശിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ആ സമയത്ത് ലഭിച്ച ചില ആസ്വാദനക്കുറിപ്പുകളിൽ എന്റെ അഭിനയത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. അത് ചില പ്രതീക്ഷകൾക്കു വക നൽകി. ഇത് ആഗ്രഹിച്ച നേട്ടമാണ്. അഹങ്കാരമാണെന്ന് ആരും കരുതരുതല്ലൊ, കൂടുതലൊന്നും ഇതേപ്പറ്റി പറയുന്നില്ല. ഇപ്പോൾ രേഖയെ എല്ലാവരും അറിഞ്ഞു. അതാണ് വലിയ നേട്ടം. സിനിമ എല്ലായിടത്തുമെത്തിക്കാൻ ഇനി വിതരണക്കാരെ ലഭിക്കുമെന്നാണ് കരുതുന്നത്. തിയറ്ററില്ലെന്നു കരുതി ദുഃഖിച്ച അതേ സിനിമയിലെ അഭിനയത്തിനാണ് അവാർഡ്!
റിയാലിറ്റി ഷോയിൽ തുടക്കം
റിയാലിറ്റി ഷോയിലൂടെയാണ് ഞാൻ ആദ്യം പ്രേക്ഷകരുടെ മുന്നിലെത്തിയത്. സ്കിറ്റുകളിൽ, ‘ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാം’ എന്നത് സമൂഹ മാധ്യമങ്ങളിൽ തരംഗങ്ങൾ തീർത്തു. വിഷയം എന്തായിരുന്നാലും അത് കുറ്റമറ്റതാക്കാൻ ശ്രമിച്ചു. കുറെ കഷ്ടപ്പാടുകൾ സഹിച്ചാണ് സിനിമാരംഗത്തെത്തിയത്. ആത്മസമർപ്പണം താനെ വരില്ലേ! അതുകൊണ്ടായിരിക്കാം ജനങ്ങൾ എന്നെ ശ്രദ്ധിച്ചതും. ‘വികൃതി’യാണ് ബിഗ് സ്ക്രീനിലെ ആദ്യ സിനിമ. സൗബിൻ ഷാഹിറിന്റെ നായിക. പിന്നെ, ഭീമന്റെ വഴി, കനകം കാമിനി കലഹം, ജനഗണമന, സോളമന്റെ തേനീച്ചകൾ, വൈറ്റ് ആൾട്ടൊ ഇതൊക്കെയാണ് ഞാൻ അഭിനയിച്ച സിനിമകൾ. നാലെണ്ണത്തിൽ നായിക. അതും പെൺകരുത്ത് പ്രകടമാക്കുന്ന കഥാപാത്രങ്ങൾ. ഏറെ സന്തോഷമുണ്ട്.
ഹിന്ദിയിലെ നായിക
ഇന്ദോറിലെ സാമൂഹിക പ്രവർത്തകയായിരുന്ന റാണി മരിയയുടെ ജീവിതകഥ പറയുന്ന ‘ഫെയ്സ് ഓഫ് ദ ഫെയ്സ്ലസ്’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ബോളിവുഡിലെ അരങ്ങേറ്റം. റാണി മരിയയുടെ വേഷമാണ് അതിൽ ചെയ്യുന്നത്. മുംബൈയിലും പുണെയിലുമുള്ള ലൊക്കേഷനുകളിൽ ഒന്നര മാസത്തോളം ഷൂട്ട് കഴിഞ്ഞു. അഞ്ചെട്ടു സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. കേരളത്തിൽനിന്ന് ഞാൻ മാത്രമേയുള്ളൂ. സംഭാഷണം ഹിന്ദിയിൽ തന്നെയാണ്. റിലീസ് ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
മലപ്പുറം ജില്ലയിലെ പൊന്നാനിയാണ് ജന്മസ്ഥലം. വളരെ സാധാരണക്കാരായവരുടെ കുടുംബത്തിലെ അംഗം. പിതാവ് ആലോഷ്യസ്, മാതാവ് സോണി, ജ്യേഷ്ഠൻ വിപിൻ. സിനിമയിൽ സജീവമാകുന്നതിനു മുമ്പ് ആർക്കിടെക്ചർ എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.