‘ജമ്മുവിലെ ഹിന്ദുക്കൾക്ക് അവർ എന്താണ് നൽകിയത്?’; ‘ദ കശ്മീർ ഫയൽസ്’ അണിയറ പ്രവർത്തകർക്കെതിരെ നടി ആഷ പരേഖ്
text_fieldsമുംബൈ: ഏറെ വിവാദങ്ങൾക്കിടയാക്കിയ ‘ദ കശ്മീർ ഫയൽസ്’ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി നടി ആഷ പരേഖ്. കശ്മീർ പണ്ഡിറ്റുകളുടെ യഥാർഥ കഥയെന്ന പേരിൽ വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ 2022ൽ പുറത്തിറങ്ങിയ ‘ദ കശ്മീർ ഫയൽസ്’ ആഗോള ബോക്സോഫിസിൽനിന്ന് 400 കോടിയോളം രൂപയാണ് നേടിയത്.
എന്നാൽ, ഇതിൽ ഒരു ചില്ലിക്കാശ് ജമ്മുവിലെയും കശ്മീരിലെയും വെള്ളവും വൈദ്യുതിയുമില്ലാത്ത ഹിന്ദുക്കൾക്ക് നൽകിയില്ലെന്നായിരുന്നു അവരുടെ കുറ്റപ്പെടുത്തൽ. സി.എൻ.ബി.സി ആവാസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. വിവാദ സിനിമകളായ ‘ദ കശ്മീർ ഫയൽസ്’, ‘ദ കേരള സ്റ്റോറി’ എന്നിവ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. ഇത്തരം സിനിമകളിൽനിന്ന് എന്ത് നേട്ടമാണ് ജനങ്ങൾക്കുണ്ടായതെന്നും അവർ ചോദിച്ചു.
‘ഞാൻ ഈ സിനിമകൾ കണ്ടിട്ടില്ല. അതിനാൽ അവയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുന്നില്ല. ഇത്തരം സിനിമകൾ കാണാൻ താൽപര്യമുള്ളവർക്ക് അത് കാണാം. നിരവധി പേർ കശ്മീർ ഫയൽസ് കണ്ടിട്ടുണ്ട്. സിനിമയുടെ നിർമാതാവിന് 400 കോടി ലഭിച്ചു. എന്നാൽ, എത്ര തുകയാണ് ഇതിന്റെ നിർമാതാക്കൾ വെള്ളവും വൈദ്യുതിയുമില്ലാതെ പ്രയാസപ്പെടുന്ന ജമ്മുവിലെ ജനങ്ങൾക്ക് നൽകിയത്. അവർക്ക് 50 കോടി രൂപയെങ്കിലും കശ്മീരി ഹിന്ദുക്കൾക്ക് നൽകാമായിരുന്നു’, ആഷ പരേഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.