Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightതോൽക്കാൻ...

തോൽക്കാൻ മനസ്സില്ലാത്തവൻ റീസ്റ്റാർട്ട് പറയുമ്പോൾ

text_fields
bookmark_border
തോൽക്കാൻ മനസ്സില്ലാത്തവൻ റീസ്റ്റാർട്ട് പറയുമ്പോൾ
cancel

തോറ്റവരുടേതും ഒപ്പം തോൽക്കാൻ മനസ്സില്ലാത്തവരുടേതും കൂടിയാണ് ഈ ലോകം. ചമ്പലിൽനിന്നു വരുന്ന ഒരു ചെറുപ്പക്കാരൻ തോക്കിനു പകരം കൈയിൽ പേന എടുത്താലോ​​? ഇന്ത്യയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന യു.പി.എസ്.സിയുടെ സിവിൽ സർവിസ് പരീക്ഷ സംവിധാനത്തിലേക്ക് നിശ്ചയദാർഢ്യവും സ്വപ്നവും മാത്രം കൈമുതലായി ആദ്യം ഗ്വാളിയറിലും പിന്നെ ഡൽഹിയിലെ മുഖർജി നഗറിലും എത്തിപ്പെടുന്ന മനോജ് ശർമയെന്ന ചെറുപ്പക്കാരൻ.

ഒരു സർക്കാർ ജോലി ലഭിക്കാൻ വീടുവിട്ടിറങ്ങിയ യാത്രയിൽ മുത്തശ്ശി നൽകിയ പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ട് ഗതികെട്ട് വിശപ്പിനും ജീവിതത്തിനും മുന്നിൽ പകച്ചു നിന്നുപോയൊരു പാവം മനുഷ്യൻ. ഫീൽഗുഡ് മൂവി എന്നോ മോട്ടിവേഷൻ സിനിമയെന്നോ ബയോപിക് എന്നോ എന്തു പേരിട്ടു വിളിച്ചാലും കോടിക്കണക്കിന് ഇന്ത്യൻ യുവത്വത്തിന് ‘12th ഫെയി’ൽ (പന്ത്രണ്ടാം ക്ലാസിലെ തോൽവി) എന്ന ഈ ചിത്രം പ്രചോദനമാകുമെന്ന കാര്യം ഉറപ്പാണ്.

ചമ്പല്‍ താഴ്‌വരയിലെ ബില്‍ഗാവ് ഗ്രാമത്തിലെ മനോജ് കുമാർ ശർമയെന്ന സാധാരണക്കാരനായ യുവാവിന്റെ കഥയാണ് ‘12th ഫെയില്‍’. അധ്യാപകർ മുൻകൈയെടുത്ത് കോപ്പിയടിക്കാൻ പ്രേരിപ്പിച്ച് വിദ്യാർഥികളെ ജയിപ്പിച്ചെടുക്കുന്ന മധ്യപ്രദേശിലെ സ്കൂളുകളിലൊന്നിൽ പുതുതായെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടർന്ന് ഒരു വർഷം കോപ്പിയടി നടക്കാതെ പോവുകയും എല്ലാ കുട്ടികളും 12ാം ക്ലാസിൽ തോൽക്കുകയും ചെയ്യുന്നു. പക്ഷേ, അടുത്ത കൊല്ലം വീണ്ടും കൂട്ടത്തോടെ കോപ്പിയടിച്ച് എല്ലാ കുട്ടികളും ഫസ്റ്റ് ക്ലാസിൽ ജയിക്കുമ്പോൾ കോപ്പിയടി ഇല്ലാതെ തേർഡ് ക്ലാസിൽ പാസാകുന്ന മനോജ് ശർമയെന്ന യുവാവ്, അഴിമതിക്കെതിരെ കുടുംബത്തിന്റെ പിന്തുണയോടെ വ്യവസ്ഥയെ വെല്ലുവിളിച്ച് നടത്തുന്ന സമരമായും ഈ സിനിമയെ കാണാം.

ഒരിക്കലല്ല, പലവട്ടമാണ് കടുത്ത ജീവിതയാഥാർഥ്യങ്ങൾ സ്വപ്നത്തിനുമേൽ കരിന്തിരി കത്തി അയാൾ വീണുപോകുന്നത്.​ പാതിവഴിയിൽ പ്രതീക്ഷകളുടെ വർണപ്പട്ടം ചരടു പൊട്ടി പോകുമ്പോഴൊക്കെ ചേർത്തുപിടിക്കാൻ പ്രണയിനിയും സൗഹൃദവും എല്ലാത്തിനും മുകളിൽ ആത്മവിശ്വാസവും അയാൾക്കു കൂട്ടിനുണ്ടായിരുന്നു. എന്നാൽ, നിലനിൽപിനും ഭക്ഷണത്തിനും പുസ്തകത്തിനും വേണ്ടി ആ യുവാവ് നടത്തുന്ന സമാനതകളില്ലാത്ത പോരാട്ടമാണ് ‘12th ഫെയിലി’നെ അടയാളപ്പെടുത്തുന്നത്. വീണുപോകുന്നിടത്തുനിന്ന് വീണ്ടും യുദ്ധത്തിനിറങ്ങുന്ന മനോജ് ശർമയെന്ന ഐ.പി.എസുകാരനാകാൻ മോഹിക്കുന്ന ചെറുപ്പക്കാരനെ സ്ക്രീനിൽ ഉജ്ജ്വലമാക്കിയ വിക്രാന്ത് മാസിയെന്ന നടന്റെ പ്രകടനമാണ് എടുത്തുപറയേണ്ട പ്രത്യേകത.

പ്രതീക്ഷകൾ അസ്തമിച്ചൊരു രാത്രിയിൽ കൈപിടിച്ചുയർത്താൻ അദ്ദേഹത്തിനൊരു സുഹൃത്തുമുണ്ടായിരുന്നു, ആനന്ദ് വി. ജോഷി ഉജ്ജ്വലമാക്കിയ പ്രീതം പാണ്ഡെ. കുടുംബത്തിന്റെ ഭാരംകൂടി താങ്ങേണ്ടിവരുന്നതിനാൽ പഠനവും ജീവിതവുമൊന്നും ഒട്ടും സുഖകരമായിരുന്നില്ല മനോജ് കുമാർ ​ശർമക്ക്. ലൈബ്രറിയിലും ധാന്യപ്പൊടിമില്ലിലും പണിയെടുക്കുമ്പോഴും തന്റെ കഠിനാധ്വാനവും ലക്ഷ്യബോധവും അയാൾ ഉപേക്ഷിക്കുന്നില്ല. അനുരാഗ് പതക്കിന്റെ ബെസ്റ്റ് സെല്ലറായ ​നോവൽ ‘12th ഫെയിലി’ന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. വിധു വിനോദ് ചോപ്രയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ‘മുന്നഭായ് എം.ബി.ബി.എസ്’, ‘ലഗോ രഹോ മുന്ന ഭായ്’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് തിരക്കഥയെഴുതിയതും വിധു വിനോദ് ചോപ്രയാണ്. ബോളിവുഡ് വാണിജ്യ സിനിമയുടെ തലത്തിലേക്ക് ‘12th ഫെയിലി’നെ കൊണ്ടുവന്നെങ്കിലും പതിവു ഹിന്ദി സിനിമയുടെ വർണ ശബ്ദങ്ങൾ വിളിപ്പാടകലെ നിർത്തിയാണ് സിനിമ അണിയിച്ചൊരുക്കിയത്.

സിനിമയി​ലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഫൈനൽ ഇന്റർവ്യൂ. അവിടെ മനോജ് നേരിട്ട ഏറ്റവും വലിയ ചോദ്യവും പന്ത്രണ്ടാം ക്ലാസിലെ ​തോൽവിയെക്കുറിച്ചായിരുന്നു. ഐ.എം.ഡി.ബിയുടെ (ഇന്റർനെറ്റ് മൂവി ഡേറ്റാ ബേസ്) പട്ടികയില്‍ ഏറ്റവും ഉയർന്ന റേറ്റിങ് നേടിയ ഇന്ത്യൻ സിനിമയാണ് ഇപ്പോള്‍ ‘12th ഫെയിൽ’, ‘10ൽ 9.2. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സിനിമ കാണാം. വിക്രാന്ത് മാസിയെ കൂടാതെ നായികയായെത്തിയ മേധ ശങ്കറും ആനന്ദ് വി. ജോഷിയും ആയുഷ്മാൻ പുഷ്കറും തങ്ങളുടെ വേഷം ഭംഗിയാക്കി. ശന്തനു മൊയ്ത്രയുടെ സംഗീതം ഹൃദയഹാരിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FilmRestartTwelth Fail
News Summary - When the one who doesn't want to lose says restart
Next Story