കിം കി ഡുക്കിനെ മലയാളിക്ക് പരിചയപ്പെടുത്തിയത് രാജ്യാന്തര ചലച്ചിത്രമേള
text_fieldsതിരുവനന്തപുരം: കിം കി ഡുക് എന്ന താളാത്മകമായ പേരുള്ള സംവിധായകനെ മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് 2005ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയായിരുന്നു. ഹിംസയും ലൈംഗികതയും പ്രമേയങ്ങളായ കിം കി ഡുക്കിെൻറ സിനിമകൾ ജീവിതത്തിെൻറ അകത്തേക്കും പുറത്തേക്കുമുള്ള തിരിഞ്ഞുനോട്ടങ്ങളായിരുന്നു. ശാന്തതയും അക്രമവും മനുഷ്യമനസ്സിെൻറ രണ്ട് വശങ്ങളാണെന്നും അവയെയാണ് താൻ തെൻറ സൃഷ്ടികളിലൂടെ പുറത്തെത്തിക്കുന്നതെന്നും കിം പറഞ്ഞിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾകൊണ്ട് ഒരു ചലച്ചിത്രജാലകം അേദ്ദഹം തുറന്നിട്ടു.
സ്പ്രിങ് സമ്മർ ഫാൾ വിൻറർ, ഡ്രീം, ടൈം, മോബിയസ് തുടങ്ങിയ ചിത്രങ്ങൾ മലയാളി അത്ഭുതത്തോടെ കണ്ടു. അറബ് ലോകപരിസരത്തുനിന്ന് കൊറിയയുടെ ചുറ്റുവട്ടങ്ങളിലേക്ക് അദ്ദേഹം മലയാളിയെ എത്തിനോക്കാൻ പഠിപ്പിച്ചു. അതിനുശേഷം ഓരോ ഡിസംബറും കിമ്മിെൻറ പുതിയ ചിത്രം കാണാൻ മാത്രം ഐ.എഫ്.എഫ്.കെയിൽ പാസ് എടുക്കുന്നവർ ഉണ്ടായി. ടാഗോറിെൻറയും നിശാഗന്ധിയുടെയും പരിസരത്ത് കിം ഫാൻസ് അസോസിയേഷനുകൾ രൂപപ്പെട്ടു.
കിമ്മിെൻറ ചിത്രങ്ങൾക്കായുള്ള നീണ്ട ക്യൂവും തള്ളും ഒഴിവാക്കാനായി രാത്രി 11.30ന് ആദ്യപ്രദർശനം അക്കാദമി ഒരുക്കിയിരുന്നെങ്കിലും അക്കാദമിയെപ്പോലും അതിശയിപ്പിച്ചുകൊണ്ട് സ്ത്രീകൾ അടക്കമുള്ളവർ മണിക്കൂറുകൾക്ക് മുന്നേ ക്യൂവിൽ തിക്കിത്തിരക്കി. തിയറ്ററുകളിൽ സീറ്റ് കിട്ടാത്തവർ നിലത്തിരുന്നും നിന്നും ചിത്രങ്ങൾ കണ്ടു. പല ഘട്ടങ്ങളിലും ഡെലിഗേറ്റുകളും സംഘാടകരും തമ്മിൽ കൈയാങ്കളിവരെ കാര്യങ്ങൾ നീണ്ടു.
കേരളത്തിൽ കിമ്മിനുള്ള ആരാധകവൃന്ദത്തെ തിരിച്ചറിഞ്ഞ സംസ്ഥാന ചലച്ചിത്ര അക്കാദമി 18ാം രാജ്യാന്തര ചലച്ചിത്രമേളയിലാണ് വിശിഷ്ഠാതിഥിയായി കൊണ്ടുവരുന്നത്. ലോകത്തിെൻറ മൂലയിലുള്ള കൊച്ചുകേരളത്തിലേക്ക് എത്തിയ കിം മലയാളിയുടെ സ്നേഹം കണ്ട് അത്ഭുതസ്തബ്ധനായി. തിരുവനന്തപുരത്ത് അതിരാവിലെ നടക്കാനിറങ്ങിയപ്പോൾ വഴിയോരത്തുെവച്ചുപോലും പലരും പറയുന്നു, ദേ കിം കി ഡുക്. കോളജ് വിദ്യാർഥിനികൾ വട്ടംെവച്ച് ഓട്ടോഗ്രാഫ് വാങ്ങി. കൊറിയൻ ഭാഷ മാത്രം അറിയാവുന്ന കിം സ്നേഹഭാഷയിൽ അവരോട് സംവദിച്ചു. ആദ്യകാലത്തെ കിമ്മിെൻറ ശാന്തത പിന്നീടങ്ങോട്ട് അപ്രത്യക്ഷമായിട്ടുപോലും തിയറ്ററുകളിലെ തള്ളിക്കയറ്റം കുറഞ്ഞില്ല.
ചിത്രത്തിലെ അസഹ്യമായ രക്തച്ചൊരിച്ചിലും ലൈംഗിക അതിപ്രസരവും താങ്ങാനാകാതെ പലരും തിയറ്ററുകളിൽ തലകറങ്ങി വീണിട്ടുണ്ട്. ചിലർ പാതിവഴിയിൽ ഇറങ്ങിപ്പോയി. അപ്പോഴെല്ലാം കിമ്മിെൻറ ചിത്രങ്ങൾക്കായി വീണ്ടും പ്രദർശനം സംഘടിപ്പിക്കേണ്ടിവന്നിട്ടുണ്ട് അക്കാദമിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.