നയൻതാരയുമായുള്ള തർക്കം; ധനുഷിന് അനുകൂലമായി മദ്രാസ് ഹൈകോടതി വിധി
text_fieldsചെന്നൈ: നടൻ ധനുഷും നടി നയൻതാരയും തമ്മിലുള്ള പൊതു തർക്കത്തിന് വിരാമമിട്ട് മദ്രാസ് ഹൈകോടതി വിധി. നയൻതാരയ്‌ക്കെതിരായ പകർപ്പവകാശ കേസ് തള്ളിക്കളയാനുള്ള നെറ്റ്ഫ്ലിക്‌സ് ഇന്ത്യയുടെ അപേക്ഷ മദ്രാസ് ഹൈകോടതി നിരസിച്ചു.
താൻ നിർമാതാവായ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ക്ലിപ്പ് അനുവാദമില്ലാതെ ഉപയോഗിച്ചതിന് നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്‍ററിയുടെ നിർമാതാക്കൾക്കുമെതിരെ ധനുഷ് കേസ് കൊടുത്തിരുന്നു. അതിനുശേഷം ഇതേചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. തന്‍റെ അനുവാദം വാങ്ങാതെയാണ് നയൻതാര 'ബിയോണ്ട് ദി ഫെയറി ടെയിൽ' എന്ന ഡോക്യുമെന്‍ററിയിൽ ക്ലിപ്പ് ഉപയോഗിച്ചതെന്നായിരുന്നു ധനുഷിന്റെ അവകാശവാദം.
24 മണിക്കൂറിനുള്ളിൽ ക്ലിപ്പ് ഡോക്യുമെന്‍ററിയിൽനിന്ന് നീക്കം ചെയ്യണമെന്ന് കേസ് ഫയൽ ചെയ്യുന്നതിന് മുമ്പ് നയൻതാരയ്ക്കും വിഘ്‌നേഷിനും ഡോക്യുമെന്‍ററിയുടെ നിർമാതാക്കൾക്കും ധനുഷ് മുന്നറിയിപ്പ് നൽകിയിരുന്നു. അവഗണിച്ചാൽ കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു. ധനുഷ് കേസ് ഫയൽ ചെയ്തതിന് ശേഷം, നയൻതാര ഒരു തുറന്ന കത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. മൂന്ന് സെക്കൻഡ് ക്ലിപ്പ് ഉപയോഗിക്കുന്നതിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടതായി കത്തിൽ നയൻതാര ആരോപിച്ചിരുന്നു.
‘സിനിമ പുറത്തിറങ്ങി ഏകദേശം പത്ത് വർഷമായി. ലോകത്തിന് മുന്നിൽ വളരെക്കാലമായി മുഖംമൂടി ധരിച്ചാണ് അദ്ദേഹം തുടരുന്നത്. ഇന്നും എല്ലാവരും ഇഷ്ടപ്പെടുന്നതും നിർമാതാവ് എന്ന നിലയിൽ നിങ്ങളുടെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായതുമായ ചിത്രത്തെ കുറിച്ച് റിലീസിന് മുമ്പേ നിങ്ങൾ പറഞ്ഞ ഭയാനകമായ വാക്കുകൾ ഞാൻ മറന്നിട്ടില്ല. ഉണങ്ങാത്ത മുറിവാണ് അത് ഞങ്ങൾക്കുണ്ടാക്കിയത്. ചിത്രം വൻ വിജയമായതോടെ നിങ്ങളുടെ ഈഗോക്ക് അത് മുറിവേൽപിച്ചുവെന്നാണ് സിനിമ വൃത്തങ്ങളിൽനിന്ന് ഞാൻ മനസ്സിലാക്കിയത്’ -നയൻതാര വിശദീകരിച്ചു.
ഡോക്യുമെന്‍ററിയിൽ ഉപയോഗിച്ചിരിക്കുന്ന മൂന്ന് സെക്കൻഡ് വിഡിയോ അവരുടെ സ്വകാര്യ ഉപകരണങ്ങളിൽ നിന്ന് എടുത്തതാണെന്നും സോഷ്യൽ മീഡിയയിൽ പൊതുവായി ലഭ്യമായ വിഷ്വലുകൾ അടങ്ങിയതാണെന്നും കൂട്ടിച്ചേർത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.