'ഉഴപ്പ് എന്തെന്നുപോലും അറിയാത്ത കാലം'; ക്യാമ്പസിലെ 'ലാലേട്ട'ൻ ചിത്രങ്ങളുമായി ജയസൂര്യ
text_fieldsമികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നടൻ ജയസൂര്യ സമൂഹമാധ്യമങ്ങളിൽ തെൻറ കൗമാരകാല ചിത്രങ്ങൾ പങ്കുവച്ചു. കോളേജിൽ പഠിക്കുന്ന കാലത്തെ ചിത്രങ്ങളാണ് നടൻ തെൻറ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അകൗണ്ടുകൾവഴി നൽകിയിട്ടുള്ളത്. ക്യാമ്പസ് കാലം ഓരോ വ്യക്തിയെ സംബന്ധിച്ചും നൊസ്റ്റാൾജിയ ആണ്. കൂട്ടുകാർക്കൊപ്പം ജീവിതം ആഘോഷമാക്കിയകാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് അത്. 'കോളേജ് കാലം, ഉഴപ്പ് എന്താന്ന് പോലും അറിയാത്ത കാലം' എന്നാണ് ചിത്രങ്ങൾക്ക് ജയസൂര്യ നൽകിയ തലക്കെട്ട്.
എറണാകുളം ഓൾ സെയിൻറ്സ് കോളേജിൽ നിന്നാണ് ജയസൂര്യ ബി.കോം പഠനം നടത്തിയത്. കൂട്ടുകാർക്കിടയിൽ മോഹൻലാലിനെ അനുകരിക്കുന്ന ജയസൂര്യയുടെ ചിത്രവും കൂട്ടത്തിലുണ്ട്.മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ടു തവണ നേടിയ ജയസൂര്യ, ഒരുകാലത്ത് സിനിമയിൽ തലകാണിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു.
തൃപ്പൂണിത്തുറ സ്വദേശിയായ ഇദ്ദേഹം മിമിക്രിയിലൂടെയാണ് കലാരംഗത്ത് എത്തിയത്. തുടർന്ന് ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായി. 'ദോസ്ത്' എന്ന ചിത്രത്തിൽ ചെറിയൊരു വേഷം അവതരിപ്പിച്ച് സിനിമയിലെത്തി. ഇടയിൽ ടെലിഫിലിമുകളുടെയും ഭാഗമായി. പിന്നീട് 'ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ' എന്ന ചിത്രത്തിലൂടെ നായകനായി. സൂപ്പർതാരചിത്രങ്ങൾക്കും പുതുമുഖ നായകന്മാരുടെ കടന്നുവരവിന് ഇടയിലും അഭിനയമികവു കൊണ്ട് തന്റേതായ ഒരു സമാന്തരപാത ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ നടൻ കൂടിയാണ് ജയസൂര്യ.
മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം രണ്ടുതവണ സ്വന്തമാക്കിയിരിക്കുകയാണ് ഈ നടൻ. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത 'വെള്ളം' എന്ന സിനിമയിലെ 'മുരളി' എന്ന കഥാപാത്രത്തിനാണ് രണ്ടാമത് പുരസ്‌കാരം ലഭിച്ചത്. ഫുട്ബോൾ താരം വിപി സത്യന്റെ കഥ പറഞ്ഞ 'ക്യാപ്റ്റൻ', ട്രാൻസ്ജെൻഡറുകളുടെ ജീവിതകഥ പറയുന്ന 'ഞാൻ മേരിക്കുട്ടി' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് 2018ൽ സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.
സംവിധായകൻ രഞ്ജിത്ത് ശങ്കർ ജയസൂര്യയുടെ ചിത്രങ്ങൾക്കുതാഴെ രസകരമായ കമന്റ് പോസ്റ്റ് ചെയ്‌തു. 'അപ്പൊ ശെരിക്കും കോളേജിൽ പോയിട്ടുണ്ടല്ലേ' എന്നാണ് രഞ്ജിത്ത് കുറിച്ചത്. ഈ കമന്റിനൊപ്പം മറുപടികളുമായി ആരാധകരുമെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.