രാജ്യാന്തര ചലച്ചിത്ര മേള: വികാരനിർഭരമായി സ്‌പെഷൽ സ്‌ക്രീനിങ്ങിലെ ആദ്യദിനം
text_fieldsകോട്ടയം: രാജ്യാന്തര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സി.എം.എസ് കോളജിൽ നടത്തിയ മലയാള സിനിമകളുടെ സ്‌പെഷൽ സ്‌ക്രീനിങ് ഉദ്ഘാടന ചടങ്ങ് വികാരനിർഭര വേദിയായി മാറി. അന്തരിച്ച സംവിധായകൻ ഷാജി പാണ്ഡവത്ത് സംവിധാനം ചെയ്ത ‘കാക്കത്തുരുത്ത്’ സിനിമയായിരുന്നു ഉദ്ഘാടന ചിത്രം.
ചിത്രത്തെയും അണിയറ പ്രവർത്തകരെയും പരിചയപ്പെടുത്തിയ പ്രമുഖ സംവിധായകനും ഫെസ്റ്റിവൽ ചെയർമാനുമായ ജയരാജ്, നിർമാതാവ് മാവേലിക്കര മധുസൂദനൻ, അഭിനേതാവ് വേണു ബി.നായർ, മകൾ ടീന പാണ്ഡവത്ത് എന്നിവർ പങ്കുവെച്ച ഓർമകൾ സദസ്സിനെ ഒന്നടങ്കം വികാര നിർഭരമാക്കി. തിരക്കഥാകൃത്തായിരുന്ന ഷാജി പാണ്ഡവത്ത് സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് കാക്കത്തുരുത്ത്. ചലച്ചിത്ര മേളയുടെ സമാപന ദിനമായ 28 വരെ എല്ലാ ദിവസവും ഉച്ചക്ക് 2.30ന് സി.എം.എസ് കോളജിൽ സ്‌പെഷൽ സ്‌ക്രീനിങ് നടത്തും.
ഞായറാഴ്ച അജി കെ. ജോസ് സംവിധാനം ചെയ്ത ‘കർമ സാഗരം’ പ്രദർശിപ്പിക്കും. ചിത്രത്തിൽ മഖ്ബൂൽ സൽമാൻ, പൂജിത മേനോൻ, കോട്ടയം രമേഷ്, കോട്ടയം പുരുഷൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 27ന് ‘കൊന്നപ്പൂക്കളും മാമ്പഴവും’ സിനിമ പ്രദർശിപ്പിക്കും. എസ്. അഭിലാഷ് സംവിധാനം ചെയ്ത ചിത്രത്തിൽ ജെയ്‌സൻ ഫിലിപ്, ശ്രീദർശ്, സഞ്ജയ് സുനിൽ എന്നിവരാണ് അഭിനേതാക്കൾ.
നവാഗതനായ ജിഷ്ണു ഹരീന്ദ്ര വർമ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം ‘നോ മാൻസ് ലാൻഡ്’ ആണ് സമാപന ദിവസം പ്രദർശിപ്പിക്കുന്നത്. ലുക്മാൻ അവറാൻ, ശ്രീജ ദാസ്, സുധി കോപ്പ, ഷഫീക്ക് കരീം, കാവ്യ ബെല്ലു, ആഖിബ് സമാൻ, തോമസ് ജോർജ്, ജിജോ ജേക്കബ്, അനു കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
‘ദ വെയ്ൽ’ ഇന്ന് വൈകീട്ട്
കോട്ടയം: രാജ്യാന്തര ചലച്ചിത്ര മേളയിൽ ഞായറാഴ്ച വൈകീട്ട് ഏഴിന് അനശ്വര തിയറ്ററിൽ അമേരിക്കൻ ചലച്ചിത്രം ‘ദ വെയ്ൽ’ പ്രദർശിപ്പിക്കും. പ്രശസ്ത ചലച്ചിത്രകാരൻ ഡാരൻ ആരോനോഫ്സ്കി സംവിധാനം നിർവഹിച്ച ചിത്രം 79ാമത് വെനീസ് ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. കാമുകനുമായുള്ള ബന്ധം തുടരാനായി ഒമ്പതുവർഷം മുമ്പേ ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ചുപോയ സ്വവർഗാനുരാഗിയായ ഇംഗ്ലീഷ് അധ്യാപകൻ ചാർളിയുടെ കഥയാണ് ദ വെയ്ൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.