Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tovino thomas
cancel
Homechevron_rightEntertainmentchevron_rightപുതിയ മലയാള സിനിമ,...

പുതിയ മലയാള സിനിമ, പുതിയ താരം !! ഒടുവിലയാളിതാ തല്ലി ജയിക്കുകയാണ്

text_fields
bookmark_border

മാധവിക്കുട്ടിയുടെ ബന്ധുവായ ഒരിംഗ്ലീഷ് എഴുത്തുകാരനുണ്ട്, സാൽവദോർ ഒബ്രി ക്ലാരൻസ് മേനൻ. കാളിപ്പുരയത്ത് നാരായണ മേനോൻ എന്ന മലയാളിയുടേയും ആലീസ് വില്ലറ്റ് എന്ന ഐറിഷുകാരിയുടേയും മകൻ. എഴുത്തുകാരൻ, തീയേറ്റർ ക്രിട്ടിക്, സംവിധായകൻ, അങ്ങനെ പലതുമാണ് ലണ്ടന് ഒബ്രി മേനൻ.

പെൻഗ്വിൻ പുറത്തിറക്കിയ ഒബ്രി മേനന്റെ ഒരു പഴയ നോവലുണ്ട്, ദി ഫിഗ് ട്രീ. ജോ എന്നും കാതറിൻ എന്നും പേരുള്ള രണ്ട് കമിതാക്കളുടെ രസമുള്ള മിണ്ടിപ്പറഞ്ഞിരിക്കൽ ഞാൻ വായിക്കുന്നത് ദി ഫിഗ് ട്രീയിൽ നിന്നാണ്.

ജോ പറഞ്ഞു, "കാതറിൻ, രതിക്രീഡയിലേർപ്പെടുന്ന രണ്ട് മനുഷ്യരെക്കുറിച്ചാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്. അന്നേരങ്ങളിൽ അവരിലൊരാളുടെ ഉള്ളിലെ മറ്റേയാൾക്ക് എന്ത് ഭംഗിയായിരിക്കും !"

കാതറിൻ തിരുത്തി, "അല്ല ജോ, അവരുടെ ഉള്ളിൽ ആ നേരത്ത് അവരേ കാണൂ. രണ്ടാമത്തെയാൾ ഇല്ല."

ജോ സമ്മതിച്ചില്ല, "നീ എന്താണീ പറയുന്നത്. അഥവാ അത് നമ്മളാണെങ്കിൽ എന്റെ ഉള്ളിൽ ഞാനും, നിന്റെ ഉള്ളിൽ നീയുമായിരിക്കും അപ്പോഴെന്നോ ?" കാതറിൻ പറഞ്ഞു, "അതെ ജോ, അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാർക്ക് എങ്ങനെ രതിയിലേർപ്പെടാൻ കഴിയും ? ഒരാൾ മറ്റേയാളെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ പത്തു മിനുട്ട് കൊണ്ട് അവർ കലഹിക്കാൻ തുടങ്ങും. അന്നേരങ്ങളിൽ അവർ അവരെക്കുറിച്ച് മാത്രമാണ് ജോ ചിന്തിക്കുന്നത്. തന്റെ ആനന്ദത്തെക്കുറിച്ച് മാത്രം, തന്റെ സാമ്രാജ്യത്തെക്കുറിച്ച് മാത്രം, തന്നെക്കുറിച്ച് മാത്രം !!"

സിനിമാ കൊട്ടകകളിൽ താരങ്ങളുടെ നിറഞ്ഞാട്ടങ്ങൾ കാണുമ്പോഴെല്ലാം എനിക്ക് കാതറിനെ ഓർമ്മ വരും. അയാൾ മാത്രം, അയാളുടെ മാത്രം ആനന്ദം, അയാളുടെ മാത്രം സാമ്രാജ്യം !! ശരിയാണ്, രതിയിൽ മാത്രമല്ല - ആനന്ദവും ആർമ്മാദവും സമ്മേളിക്കുന്ന ഏത് കലയിലും ഒബ്രി മേനനാണ് ശരി, സിനിമയിലുമതെ.

ശ്രീനിവാസന്റെ രാജപ്പൻ തെങ്ങുമ്മൂട് തന്നിലെ താരത്തിന് 'എന്റെ തല, എന്റെ ഫുൾ ഫിഗർ' എന്ന് തലക്കെട്ടിടുന്നത് ചുമ്മാതല്ല. അങ്ങനെ മാത്രം വിജയിക്കാൻ കഴിയുന്ന ഒരിൻഡസ്ട്രിയാണിത്. രണ്ടേ ഇരുപതിൽ, രണ്ട് മണിക്കൂറും താരം വേണം എന്ന് തിരക്കഥയെഴുതുമ്പോൾ നാം മനസിൽ പറയേണ്ട സിനിമയാണ് ഇന്ത്യക്ക് സിനിമ എന്ന് ചുരുക്കം. ഇന്ത്യൻ സിനിമയ്ക്ക് ആരാണ് ടൊവിനോ തോമസ് എന്ന ചോദ്യത്തിന് എന്റെ ഉത്തരം ഇങ്ങനെയല്ലാത്ത ഒരാൾ എന്നാണ്. സിനിമ എന്ന ആകെത്തുകയിലായിരുന്നു അയാളുടെ നോട്ടം. 'പ്രഭുവിന്റെ മക്കളി'ലെ ചെഗുവേര സുധീന്ദ്രൻ മുതൽ 'തല്ലുമാല'യിലെ മണവാളൻ വസീം വരെ എത്തുന്ന ടൊവിനോ തോമസിന്റെ 10 വർഷങ്ങൾ അത് പറയും.




ഓർമ്മയുണ്ടോ ABCDയിലെ അഖിലേഷ് വർമ്മയെ ? ദുൽഖറും ഗ്രിഗറിയും ആറാടുന്ന കോളജിലേക്ക് അയാൾ അല്പായുസ്സുള്ള വില്ലനായി വന്നു, എല്ലാവരെക്കൊണ്ടും കൈയ്യടിപ്പിച്ചു. ABCD ബോക്സോഫിസിൽ മിന്നിച്ച് മടങ്ങിയപ്പോൾ എന്തൊക്കെയാണ് ബാക്കിയായത് ? പപ്പാ ഭരണം വേണ്ടപ്പാ എന്ന പാട്ട് നാം പിന്നെയും പാടി, ജേക്കബ് ഗ്രിഗറിയെ പിന്നീട് കണ്ടപ്പോഴൊക്കെ നോക്കെടാ കോര എന്ന് നമ്മൾ അടക്കം പറഞ്ഞു. അഖിലേഷ് വർമ്മയുടെ വില്ലൻ വേഷം പക്ഷേ അവസാനിച്ചു.


പ്രിഥ്വിരാജിന്റെ സെവൻത് ഡേയിൽ എബി എന്ന് പേരുള്ള അബിൻസീർ ആയാണ് ടൊവിനോ വന്നത്. വിനയ് ഫോർട്ടിന്റെ ഷാൻ ഓർത്തെടുത്ത് പറയുന്ന എബിയുടേയും ജെസിയുടേയും കഥ ഞാനിത് പറയുമ്പോൾ നിങ്ങളുടെ ഓർമ്മയിലുണ്ടോ ? സിനിമ ടൊവിനോ തോമസിനെന്തായിരുന്നു എന്നും, സിനിമയ്ക്ക് അയാൾ എന്തായിരുന്നു എന്നും ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു.

അങ്ങനെ കൊല്ലം 2012 ൽ നിന്നും 2014 ലെത്തി. വിനി വിശ്വലാലിന്റെ തിരക്കഥയിൽ ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ വന്നു. ഭരതിനും സണ്ണി വെയ്നിനുമൊപ്പം അയാൾ നായകനായി. എല്ലാത്തിനുമൊടുവിൽ ലാലേട്ടന്റെ ഉസ്താദ് സാലിയെ മാത്രമവസാനിപ്പിച്ച് കൂതറ തീയേറ്ററിൽ നിന്ന് മടങ്ങി. പെരുമ്പറമ്പിൽ അപ്പുവായി എന്ന് നിന്റെ മൊയ്തീനിൽ വരുമ്പോഴും താൻ നായകനായിക്കഴിഞ്ഞിരിക്കുന്നു എന്ന ചിന്താഭാരമൊന്നും ടൊവിനോയ്ക്കുണ്ടായിരുന്നില്ല. അപ്പുവേട്ടൻ ഒരൊന്നൊന്നര അപ്പുവേട്ടനായിരുന്നു എന്ന് നമുക്കറിയാഞ്ഞിട്ടല്ല, നാം പറയാഞ്ഞിട്ടാണ്. അതിനും മീതെപ്പറയാൻ കാഞ്ചനയുടേയും മൊയ്തീന്റേയും പ്രേമകഥ നമുക്കുള്ളതുകൊണ്ടാണ്. അതേയുണ്ടാവൂ എന്നറിഞ്ഞ് തന്നെയാണ് അയാൾ ആ വേഷം ഏറ്റെടുത്തതും. ടൊവിനോ തോമസിന് ഇതാണ് സിനിമ.




ഉണ്ണി ആറും മാർട്ടിൻ പ്രക്കാട്ടും നായകന്റെ ആറാട്ടിന് വേണ്ട സകലമാന ചേരുവകളും ചേർത്തൊരുക്കിയ ഡിക്യു പടം ചാർളിയിലും മുഖം കാണിച്ച് മടങ്ങാൻ വന്നു ടൊവിനോ തോമസ്. എന്തിനായിരുന്നു ചാർളിയിലെ ജോർജ്ജ് എന്ന ചോദ്യം അന്നോ ഇന്നോ അയാളുടെ ഉളളിലുണ്ടാവില്ല, എനിക്കറിയാം. സിനിമ അയാൾക്ക് സിനിമയുടെ ടോട്ടാലിറ്റിയാണ്. മൺസൂൺ മാംഗോസിലെ സഞ്ജയും എസ്റയിലെ ഷഫീർ അഹമ്മദ് എന്ന അസിസ്റ്റന്റ് കമ്മീഷണറും ആ ടോട്ടാലിറ്റിക്കുള്ള അയാളുടെ വീതമാണ്.

കുട്ടികൾക്ക് ഗോളടിച്ച് പോകാൻ പോർനിലമൊരുക്കി അരിക് മാറി നിന്ന തേജസ് വർക്കി എന്ന നായകനെ ഓർമ്മയുണ്ടോ, ജോൺപോളിന്റെ ഗപ്പിയിലെ താടിക്കാരനെ ? ചേതൻ ജയലാൽ എന്ന ബാലതാരത്തിന്റെ മാത്രം മുഖവുമായി വന്ന ഗപ്പിയുടെ തീയേട്രിക്കൽ റിലീസ് പോസ്റ്റർ കണ്ട് ഞാനമ്പരന്നിട്ടുണ്ട്. മുകേഷ് ആർ മെഹ്ത്തയും, എ.വി.അനൂപും, സി.വി.സാരഥിയും മലയാള സിനിമയുടെ താരപ്പെരുമ കണ്ട നിർമാതാക്കളാണ്. സിനിമ അതിനും മീതെയാണെന്ന് സംസാരിക്കാൻ അവർക്ക് പക്ഷേ ഒടുവിൽ ഒരു ടൊവിനോ തോമസിനെ വേണ്ടി വന്നു.




മൂന്ന് കോടിയിൽ താഴെ ബഡ്ജറ്റിലാണ് അനൂപ് കണ്ണന് വേണ്ടി ടോം ഇമ്മട്ടി 'മെക്സിക്കൻ അപാരത'യൊരുക്കുന്നത്. അതിന്റെ ഏഴ് മടങ്ങിലധികമാണ് ആ പടം ബോക്സോഫീസിൽ നിന്ന് കൊയ്തത്, 21 കോടി. ആരാധകപ്പെരുപ്പം കൊണ്ട് ആരോടും തുല്യം നിൽക്കാൻ ഈ താരം ഉണ്ട് എന്നതിന് ഇങ്ങനെ തെളിവു കിട്ടിയിട്ടും നമ്മുടെ മുന്തിയ സിനിമാ ചർച്ചകളിൽ അയാൾ എല്ലാം തികഞ്ഞ നായകനായി അന്നുമുണ്ടായില്ല എന്നതാണ് രസം.

ആറരക്കോടി മുടക്കി 20 കോടി കൊയ്ത 'ഗോദ'യായിരുന്നു അടുത്ത പടം. വാമിക ഗബ്ബിയുടെ അതിഥി സിംഗിനെ വാഴ്ത്തിയത്രയും നാമന്ന് ആഞ്ജനേയ ദാസിനെ വാഴ്ത്തിയിരുന്നോ ? ഫഹദ് ഫാസിലിനേയും ദുൽഖർ സൽമാനേയും നിവിൻ പോളിയേയും വാഴ്ത്തുന്ന മലയാള സിനിമയ്ക്ക് ടൊവിനോ തോമസ് ആരാണ് എന്ന ചോദ്യം എപ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു. എന്ത് രസമായിരുന്നു മായാനദിയിലെ മാത്തൻ, പക്ഷേ നമുക്ക് പറയാൻ അപ്പുവിന്റെ വിശേഷങ്ങളായിരുന്നു കൂടുതൽ. ലൂക്കയേക്കാൾ കൂടുതൽ നാം സംസാരിച്ചത് അയാളുടെ കാമുകി നിഹാരികയെക്കുറിച്ചായിരുന്നു.

ഒരു ഫ്യൂഡൽ മാടമ്പിയുടെ അഴിഞ്ഞാട്ടമുണ്ടായിരുന്നു കളയിലെ നായകനിൽ. സിനിമയുടെ രാഷ്ട്രീയം തനിക്കെതിരാണ് എന്ന് തിരിച്ചറിഞ്ഞിട്ടും ഷാജിയാവാൻ അയാൾ നിന്നു കൊടുക്കുകയായിരുന്നു. സുമേഷ് മൂർ എന്ന അയാളുടെ എതിരാളിക്ക് കൈയ്യടിക്കുമ്പോൾ ഒരിക്കൽപ്പോലും, സ്വയം തോറ്റ് സിനിമ വിജയിപ്പിക്കാൻ ചെളിയിൽ കിടന്നുരുണ്ട കളയിലെ ഷാജിക്ക് നാം കൈയ്യടിച്ചതേയില്ല.




നെറ്റ്ഫ്ലിക്സിന് കേരള മാർക്കറ്റിൽ വേരുണ്ടാക്കിക്കൊടുത്ത മിന്നൽ മുരളിയിലെ ജയ്സനോട് പോലും നാം ചെയ്തത് അതാണ്. ജീവിതത്തോട് ചേർന്ന് നിൽക്കുന്ന, അഭിനയിച്ച് വിജയിപ്പിക്കാൻ സ്പേസുണ്ടായിരുന്ന ഗുരു സോമസുന്ദരത്തിന്റെ ഷിബുവിന് നമ്മുടെ കഥകളിൽ ഇടം കൂടുതലായിരുന്നു. ഒട്ടുമേ റിയലിസ്റ്റിക്കല്ലാത്ത ഒരു വേഷം ചുമലിൽ വെച്ചു കൊടുത്തിട്ടും എത്ര അനായാസമായാണ് ജയ്സണെ സൂപ്പർ ഹീറോയാക്കി അയാൾ മാറ്റിയത്.

നിങ്ങളല്ലെങ്കിൽ മറ്റാര് എന്ന ചോദ്യത്തോടെ ഞാൻ ടൊവിനോയെ നോക്കുന്നത്, മിന്നൽ മുരളിക്ക് ശേഷമാണ്. ഗുരു സോമസുന്ദരത്തിന്റെ വില്ലൻ വേഷം ചെയ്ത് കയ്യടി വാങ്ങാൻ ഇന്ത്യൻ സിനിമയിൽ സമാരാധ്യരായ പ്രതിഭകൾ ഏറെ ഉണ്ട് എന്നാണ് എന്റെ തോന്നൽ. പക്ഷേ ടീ ഷർട്ടും കള്ളിമുണ്ടുമുടുത്ത ഒരൊറ്റ നാടൻ സൂപ്പർ ഹീറോയെ മാത്രമേ എനിക്ക് സങ്കല്‌പിക്കാൻ കഴിയുന്നുള്ളൂ. അലസനായ മാത്തനായും ആഞ്ജനേയ ദാസായും വിലസാൻ ഒരൊറ്റ ടൊവിനോ തോമസേ ഇന്ത്യൻ സിനിമക്കുള്ളൂ. പറഞ്ഞു വരുന്നത് തല്ലുമാലയിലേക്കാണ്. തല്ലുമാല എന്ന പടമുണ്ടാവുന്നത്, ടൊവിനോ തോമസ് എന്ന അഭിനേതാവ് ഇവിടെയുള്ളത് കൊണ്ട് മാത്രമാണ്.




തീവണ്ടിയും കൽക്കിയും കുപ്രസിദ്ധ പയ്യനും നാരദനും വാശിയുമൊക്കെ അയാളിലെ നായകനെ തീയേറ്ററിൽ ആഘോഷിക്കുന്ന അതേ കാലത്ത് തന്നെ - ആമിക്ക് മാത്രം ഇടമുള്ള സിനിമയിൽ കൃഷ്ണനായും, കുറുപ്പിന് മാത്രം ഇടമുള്ള സിനിമയിൽ മിനുട്ടുകൾ മാത്രം ആയുസ്സുളള ചാർളിയായും, ലാലേട്ടനു മാത്രം ലൂസിഫറായി വാഴാവുന്ന സിനിമയിൽ ജതിൻ രാംദാസായും അയാൾ വന്ന് പോയി. സിനിമയിലായിരുന്നു എപ്പോഴും ടൊവിനോ തോമസിന്റെ നോട്ടം, തന്നിലായിരുന്നില്ല. സാൽവദോർ ഒബ്രി ക്ലാരൻസ് മേനന്റെ ജീവിതാദർശമായിരുന്നില്ല അയാളുടേത്.

മാറുന്ന സിനിമയെ നോക്കി നോക്കിയാവണം തല്ലുമാലയിലേക്കും അയാൾ വന്ന് കയറിയിട്ടുണ്ടാവുക. ഇന്നോളമുള്ള ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും പുതിയ സിനിമയാണ് എനിക്ക് തല്ലുമാല. സംവിധായകൻ മുതൽ, തിരക്കഥ മുതൽ, നായകനും നായികയും മുതൽ, സകലമാന അഭിനേതാക്കൾ മുതൽ, ക്യാമറ മുതൽ, കളറിസ്റ്റ് മുതൽ, കുപ്പായം തുന്നിയയാൾ മുതൽ, ടൈറ്റിൽ ചെയ്തയാൾ മുതൽ എല്ലാവരും ആധുനികരായ ആദ്യത്തെ സിനിമ.




വീഡിയോ വ്ലോഗുകളും റീൽസും വിരാജിക്കുന്ന ഒരിടത്ത് നിന്ന് കൊണ്ട് എങ്ങനെ സിനിമ ചെയ്യണം - ഒട്ടുമേ ലീനിയറല്ലാത്ത ജീവിതം ജീവിക്കുന്ന മനുഷ്യരോട് ഏത് ഭാഷയിൽ സംസാരിക്കണം എന്നൊക്കെയുള്ള അന്വേഷണമാവും അഷ്റഫ് ഹംസയെക്കൊണ്ടും മുഹ്സിൻ പരാരിയെക്കൊണ്ടും തല്ലുമാലയെഴുതിച്ചിട്ടുണ്ടാവുക. ഉണ്ടയും ലവും കടന്ന് തല്ലുമാലയിലെത്തുമ്പഴേക്കും ഖാലിദ് റഹ്‌മാനിലെ സിനിമാക്കാരൻ ഇന്ത്യൻ സിനിമയുടെ ഒരു ട്രാൻസിഷൻ പിരീയ്ഡിനെത്തന്നെ അടയാളപ്പെടുത്തുന്നു എന്ന ആനന്ദമാണ് പടം കണ്ടിറങ്ങുമ്പോൾ എനിക്കുണ്ടായത്. തല്ലുമാലയുടെ പ്രൊഡക്ഷൻ കമ്പനിയുടെ പേരാണ് സത്യത്തിൽ ആ സിനിമയുടെ തലക്കെട്ട്, പ്ലാൻ ബി എന്റർടെയ്ൻമെന്റ്സ് !! സത്യം, ആസ്വാദനത്തിന്റെ പ്ലാൻ എ കാലം കഴിയുകയാണ് എന്ന മെസേജാണ് തല്ലുമാല.




തല്ലാണ് ഇതിന്റെ മെയിൻ. അവർ തല്ലുണ്ടാക്കിക്കൊണ്ടേയിരിക്കുകയാണ്. അങ്ങനെ മാത്രമേ മുന്നോട്ട് പോകാനാവൂ എന്ന ഒരു തലമുറയുടെ തിരിച്ചറിവാണ് ഈ പടം. ഒറ്റത്തല്ലുമാത്രം ഉദാഹരിച്ച് അവസാനിപ്പിക്കാം. ഒരു ക്യാമ്പസ്, സാംസ്കാരിക പരിപാടിയിൽ - കാലങ്ങളായി അത്തരം പരിപാടികൾ കുത്തകയാക്കി വെച്ചൊരാൾ സംസാരിക്കുന്നു. അവിടേക്ക് ടൊവിനോ തോമസിന്റെ നായകൻ കടന്ന് വരുന്നു. ക്യാമ്പസ് ഇളകി മറിഞ്ഞു. ആരാധകരുടെ ആനന്ദ നൃത്തങ്ങൾക്കിടയിലൂടെ അയാൾ വേദിയിലേക്ക് കയറി. പ്രസംഗിച്ച് കൊണ്ടിരുന്നയാൾ പൊട്ടിത്തെറിച്ചു കൊണ്ട് ചോദിച്ചു, "എന്ത് വലിയ സംഭാവന കലയ്ക്ക് ചെയ്തിട്ടാണ് ഇവനൊക്കെ ഇവിടെ കയറി ഇരിക്കുന്നത് ? എന്റെ കസേരയിൽ ഇവനെ ഇരുത്താൻ മാത്രം ഇവനാരാണ് ?"




കസേരയിൽ നിന്ന് എഴുന്നേറ്റ് വന്ന് മൈക്ക് പിടിച്ചു വാങ്ങി പ്രേക്ഷകരോടായി അയാൾ ചോദിച്ചു, "ഞാൻ വന്നിട്ട് നിങ്ങൾക്ക് സന്തോഷമായോ?" ആൾക്കൂട്ടം ആർത്ത് വിളിച്ചു, ആയി ! ആയി !! അയാൾ വീണ്ടും ചോദിച്ചു, "ഇയാളെയാണോ എന്നെയാണോ നിങ്ങൾക്ക് കൂടുതലിഷ്ടം ?" പ്രേക്ഷകർ അയാളെ നോക്കി പറഞ്ഞു, നിങ്ങളെ ! നിങ്ങളെ !! നോക്കൂ, ടൊവിനോ തോമസ് ഒടുവിൽ തല്ലി ജയിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tovino thomasThallumala
News Summary - Lijeesh kumar write up about thallumala movie and tovino thomas
Next Story