മോഹൻലാലിന് അസൗകര്യം; അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റി
text_fieldsകൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും മറ്റും ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം മാറ്റി. പ്രസിഡന്റ് മോഹൻലാലിന് എത്താൻ അസൗകര്യമുള്ള സാഹചര്യത്തിലാണ് യോഗം മാറ്റിയതെന്നാണ് സംഘടനയുമായി ബന്ധപ്പെട്ടവർ പറയുന്നത്. എക്‌സിക്യൂട്ടീവ് യോഗം എന്ന് ചേരണമെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള നടൻ ബാബുരാജ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം, ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തി സംഘടനയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. പ്രതിസ്ഥാനത്തുള്ളവരെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ സിദ്ദിഖിനെതിരെ തന്നെ ആരോപണം ഉയർന്നതോടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടി വന്നു. സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നോക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ജനറൽ സെക്രട്ടറിയുടെ ചുമതലയായതിനാൽ പകരക്കാരനെ ഉടൻ കണ്ടെത്തേണ്ടതുണ്ട്.
അതേസമയം, സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് നിരവധി നടിമാർ വെളിപ്പെടുത്തലുമായി എത്തുന്നത് സംഘടനയിൽ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. സിദ്ദിഖിന് പുറമെ ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ബാബുരാജ്, നടന്മാരായ മണിയൻപിള്ള രാജു, ജയസൂര്യ, മുകേഷ്, ഇടവേള ബാബു തുടങ്ങിയവർക്കെതിരെയും ആരോപണമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.