തെറ്റുതിരുത്താൻ അവസരം ലഭിക്കില്ല, സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകി -ലഗാൻ ഓർമയിൽ ആമിർ ഖാൻ
text_fieldsമുംബൈ: 20 വർഷം മുമ്പാണ് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്‍റെ ഹിറ്റ് ചിത്രം 'ലഗാൻ' റിലീസ് ചെയ്യുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മനോഹരമായ പാട്ടുകളും ദൃശ്യങ്ങളും കോർത്തിണിക്കി നിർമിച്ചിരിക്കുന്ന ചിത്രത്തിന് ആരാധകരും ഏറെയാണ്. 2002ൽ മികച്ച വിദേശ ചിത്രം എന്ന കാറ്റഗറിയിൽ ഓസ്കർ പട്ടികയിലേക്ക് നാമനിർദേശം ചെയ്യുകയും ചെയ്തിരുന്നു ലഗാനെ.
എന്നാൽ, നിർഭാഗ്യവശാൽ ഓസ്കർ കടമ്പ കടക്കാൻ ലഗാന് കഴിഞ്ഞില്ല. ചിത്രത്തിന് ഓസ്കർ ലഭിക്കാതിരുന്നപ്പോൾ തോന്നിയ വികാരം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ ആമിർ ഖാൻ ഇപ്പോൾ. 'എന്നോട് പലരും ചോദിച്ചിരുന്നു. ഓസ്കർ നഷ്ടമായപ്പോൾ താങ്കൾ നിരാശനായിരുന്നോയെന്ന്? തീർച്ചയായും. ഞാൻ നിരാശനായിരുന്നു. ചിത്രത്തിന് ഓസ്കർ ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ചിത്രത്തിലെ പാട്ടുകളും അതിന്‍റെ ദൈർഘ്യവുമാണോ ഓസ്കർ നഷ്ടമാകാൻ കാരണമെന്ന് നിരവധിപേർ ചോദിച്ചു. സത്യം എന്തെന്നാൽ ചിത്രം ആദ്യ അഞ്ചിൽ ഇടംപിടിച്ചിരുന്നു. അംഗങ്ങൾ ചിത്രം ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. ഓസ്കർ നോമിനേഷൻ ലഭിക്കുന്നതുപോലും എളുപ്പമല്ല' -ആമിർ ഖാൻ പറഞ്ഞു.
സിനിമയെ കുറിച്ച് കേൾക്കാത്തവർ പോലും കണ്ടുകഴിഞ്ഞ് ലഗാനെക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ അഭിമാനം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഗാൻ ഒരു വെല്ലുവിളിയാണെന്ന് അറിയാമായിരുന്നു. കാരണം ചിത്രം അസാധാരണമായിരുന്നു. ഉറ്റ സുഹൃത്തുക്കളായ ആദിത്യ ചോപ്രയും കരൺ ജോഹറും തനിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നുവെന്നും ആമിർ ഖാൻ പറഞ്ഞു.
'ഞാൻ ലഗാൻ ഏറ്റെടുക്കാൻ തീരുമാനിച്ചപ്പോൾതന്നെ അതൊരു വലിയ വെല്ലുവിളിയായിരിക്കുമെന്ന് അറിയാമായിരുന്നു. കാരണം അതൊരു അസാധാരണ ചിത്രമായിരുന്നു. ഞാൻ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി പോകും മുമ്പ് സുഹൃത്തുക്കളായ ആദിത്യ ചോപ്രയെയും കരൺ ജോഹറിനെയും കണ്ടിരുന്നു. അവർ എന്‍റെ നല്ല സുഹൃത്തുക്കളാണ്. സത്യസന്ധമായി അഭിപ്രായം പറയും. അവർ പറഞ്ഞു ''എന്‍റെ ആദ്യ നിർമാണം, ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം, ശബ്ദമിശ്രണവും ഒരുമിച്ച്. 30 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം അെതങ്ങനെയുണ്ടെന്ന് നോക്കൂ. ഒറ്റ ഷെഡ്യൂളായി മാത്രം ചെയ്യരുത്. നിങ്ങൾക്ക് നിങ്ങളുടെ തെറ്റുകൾ തിരുത്താൻ പിന്നീട് സമയം കിട്ടില്ല. ഷൂട്ടിങ്ങിനിടെ തന്നെ ശബ്ദം സമന്വയിപ്പിക്കരുത്. വളരെക്കാലമായി അതാരും ചെയ്തിട്ടില്ല. അത് ഷൂട്ടിങ്ങിന് കാലതാമസമുണ്ടാക്കും. സംഭാഷണങ്ങൾ പിന്നീട് ഡബ്ബ് ചെയ്ത് ഉപയോഗിക്കൂ. വിവേകമുള്ളവനാകൂവെന്നും അവർ പറഞ്ഞു' -ആമിർ കൂട്ടിച്ചേർത്തു.
ഇന്നും ആരാധകർ ഏറെയുള്ള ചിത്രത്തിന്‍റെ സംവിധാനം അശുതോഷ് ഗോവാരിക്കറാണ്. ഗ്രേസി സിങ്, റേച്ചൽ ഷെല്ലി തുടങ്ങിയ താരങ്ങളാണ് ലഗാനിൽ അണിനിരന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ലഗാൻ. ക്യാപ്റ്റൻ റസ്സൽ എന്ന ഭരണാധികാരി വളരെ വലിയ ഭൂനികുതി ഏർപ്പെടുത്തിയതിൽ കുപിതനായ ഭുവൻ ഗ്രാമവാസികളോട് എതിർക്കാൻ പറയുന്നു. പ്രശ്നപരിഹാരത്തിന് ക്രിക്കറ്റ് കളിയിൽ തോൽപ്പിച്ചാൽ നികുതി റദ്ദാക്കാം എന്ന മറുപടി റസ്സൽ മുന്നോട്ടുവെച്ചു. പരിചയമില്ലാത്ത കളി പരിമിതികൾക്കുള്ളിൽനിന്ന് കളിക്കുക എന്ന കടമ്പയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഭുവൻ എന്ന ചെറുപ്പക്കാരനായി ആമിർ ഖാൻ സിനിമയിലെത്തുന്നു. കൂടാതെ പ്രണയവും വിരഹവുമെല്ലാം ചിത്രത്തിന്‍റെ ഭാഗമാകുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.