വലിയ ലോകത്തിലെ ചെറിയ മനുഷ്യനായ രഘുവിന് ഇത് അഭിനയത്തിെൻറ 40ാം വർഷം
text_fieldsചേർത്തല: മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കൂടെ കെ.ജി. ജോർജ് സംവിധാനം ചെയ്ത 'മേള' എന്ന സിനിമയിൽ തുടക്കംകുറിച്ച കുറിയ മനുഷ്യനായ രഘുവിന് അഭിനയത്തിെൻറ 40ാം വർഷം. സിനിമയിൽ നായകവേഷത്തിൽ സർക്കസ് കൂടാരത്തിലെ ജോക്കറായി അഭിനയിച്ച രഘു ആരെയും കരയിപ്പിക്കാതെയും ചിരിപ്പിക്കാതെയും കുടുംബവുമായി കഴിയുകയാണിപ്പോൾ.
ചേർത്തല നഗരസഭ 18ാം വാർഡിൽ പുത്തൻവെളി രഘു ശശിധരനാണ് (60) താരപരിവേഷമില്ലാതെ കഴിയുന്നത്.
'മേള'യിൽ തുടങ്ങി മോഹൻലാൽ അഭിനയിച്ച 'ദൃശ്യം' വരെ എത്തി നിൽക്കുകയാണ് രഘുവിെൻറ അഭിനയ ജീവിതം. മൂന്നാമത്തെ സിനിമയാണെങ്കിലും 'മേള'യിലൂടെയാണ് മമ്മൂട്ടി ശ്രദ്ധിക്കപ്പെടുന്നത്. 1980ൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് രഘുവിനോട് നടൻ ശ്രീനിവാസൻ നേരിട്ടെത്തി സിനിമയിൽ അഭിനയിക്കാമോയെന്ന് ചോദിക്കുന്നത്. സർക്കസ് കൂടാരത്തിെൻറ കഥ പറയുന്ന മേളയിൽ പ്രധാന കഥാപാത്രമായി അഭിനയിക്കണമെന്ന് കേട്ടപ്പോൾ രഘുവിന് അദ്ഭുതമായി.
ഉയരം കുറവുള്ള ആലപ്പുഴ സ്വദേശി സുദർശനനെയും വെട്ടൂർ പുരുഷനെയും സമീപിച്ചിരുന്നതായി ശ്രീനിവാസൻ സൂചിപ്പിച്ചു. അവരേക്കാൾ കഥാപാത്രം ചേരുന്നത് തനിക്കാണെന്ന് ശ്രീനിവാസൻ പറഞ്ഞതോടെ രഘു സമ്മതം മൂളി.
ശ്രീനിവാസെൻറ കൂടെ എത്തിയ ഫോട്ടോഗ്രാഫർ വിവിധ പോസിലുള്ള ചിത്രങ്ങളും എടുത്തു.
പിന്നീട് കെ.ജി. ജോർജ് എറണാകുളം മാതാ ഹോട്ടലിൽ െവച്ച് രഘുവിനെ കണ്ട ഉടനെ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. ഗോവിന്ദൻകുട്ടിയെന്ന കേന്ദ്ര കഥാപാത്രമായി രഘുവും മരണക്കിണറിൽ ബൈക്ക് ഓടിക്കുന്ന സാഹസികനായ രമേശ് എന്ന കഥാപാത്രമായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചു. കന്നഡ നടി അഞ്ജലി നായിഡുവായിരുന്നു രഘുവിെൻറ നായിക.
സ്കൂൾ, കോളജ് തലങ്ങളിൽ നാടകവും മിമിക്രിയുമായി നടന്നിരുന്ന രഘു ആദ്യസിനിമ കഴിഞ്ഞതോടെ ഭാവി ജീവിതം അഭിനയമായി കണ്ടു.
സഞ്ചാരി, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, അപൂർവ സഹോദരങ്ങൾ, ഒരു ഇന്ത്യൻ പ്രണയകഥ, ദൃശ്യം എന്നിങ്ങനെ 30ഓളം സിനിമകളെല്ലാം വമ്പൻ ചിത്രങ്ങൾ. കെ.പി.എ.സിയിലെ നാടകത്തമ്പിലും തേൻറതായ ഇടം പിടിച്ചു.
ദൂരദർശൻ നിർമിച്ച സീരിയൽ വേലുമാലു സർക്കസിലും പ്രധാന വേഷം തേടിയെത്തി. കമൽഹാസൻ നായകനായ അപൂർവ സഹോദരൻമാരിൽ മമ്മുട്ടിയുടെയും ദൃശ്യത്തിൽ മോഹൻലാലിെൻറയും നിർദേശപ്രകാരമാണ് അവസരം കിട്ടിയത്. ഇനിയും അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് വലിയ ലോകത്തിലെ ചെറിയ മനുഷ്യനായ രഘു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.