സത്യെൻറ വിയോഗത്തിന് അരനൂറ്റാണ്ട്; ആലപ്പുഴയിൽ സ്മാരകം വേണമെന്ന് ആവശ്യം ഉയരുന്നു
text_fieldsആലപ്പുഴ: അനശ്വര നടൻ സത്യെൻറ വിയോഗത്തിന് അരനൂറ്റാണ്ട് പൂർത്തിയായ വേളയിൽ അദ്ദേഹത്തിെൻറ സ്മരണ നിറഞ്ഞുനിൽക്കുന്ന ആലപ്പുഴയിൽ സ്മാരകം വേണമെന്ന ആവശ്യം ശക്തമായി. സത്യെൻറ നടനജീവിതത്തിെൻറ പ്രധാന പശ്ചാത്തലമായ ഉദയ സ്റ്റുഡിയോയും ഒൗദ്യോഗിക ജോലി ചെയ്ത സൗത്ത് പൊലീസ് സ്റ്റേഷനും ആലപ്പുഴക്ക് മറക്കാനാകാത്ത ഇടങ്ങളാണ്.
മാനുവേൽ സത്യനേശൻ നാടാർ എന്ന സത്യൻ സബ് ഇൻസ്പെക്ടർ ആയി ജോലി ചെയ്ത ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം വന്നപ്പോൾ രാജഭരണകാലം മുതൽക്കുള്ള പഴയ കെട്ടിടം നാശോന്മുഖമായ അവസ്ഥയിലാണ്. സത്യൻ ജോലി ചെയ്തത് കൊണ്ട് മാത്രം ഈ കെട്ടിടം എല്ലാവർക്കും സുപരിചിതമാണ്. അടച്ചുപൂട്ടിയ പഴയ സ്റ്റേഷൻ കെട്ടിടത്തെ മ്യൂസിയം ആക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. സജി ചെറിയാൻ സിനിമ മന്ത്രിയായതോടെ ഈ ആവശ്യം സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സ്റ്റേഷെൻറ തൊട്ടടുത്തെ താമസക്കാരനും ചലച്ചിത്ര പ്രവർത്തകനുമായ കബീർ ആലപ്പുഴ.
സത്യന് ആലപ്പുഴയിൽ ഉചിതമായ സ്മാരകം വേണമെന്ന ആവശ്യത്തെ സ്വാഗതം ചെയ്ത റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ.എൻ. ബാൽ, സൗത്ത് പൊലീസ് സ്റ്റേഷനെ പുരാവസ്തു പ്രാധാന്യമുള്ള പൈതൃക സ്ഥാപനമായി നിലനിർത്തുന്നതാണ് അഭികാമ്യമെന്ന് അഭിപ്രായപ്പെട്ടു. ഉദയ സ്റ്റുഡിയോ നിലനിന്നിരുന്ന പാതിരാപ്പള്ളി പ്രദേശം സ്മാരകത്തിന് അനുയോജ്യമായിരിക്കുമെന്നും നിർദേശിച്ചു. 1971ഫെബ്രുവരിയിൽ മുൻ ഡി.ജി.പി അബ്ദുൽ സത്താർകുഞ്ഞ് കോട്ടയം എസ്.പി ആയിരിക്കെ പൊലീസ് ക്ലബിെൻറ ഉദ്ഘാടനത്തിന് സത്യനെ കൂട്ടിക്കൊണ്ടുപോകാൻ ഉദയ സ്റ്റുഡിയോയിൽ എത്തിയ കാര്യം കെ.എൻ. ബാൽ അനുസ്മരിച്ചു.
എന്നാൽ, കമ്യൂണിസ്റ്റ് പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് ഉേദ്യാഗസ്ഥനായിരുന്നു സത്യനെന്ന കാര്യം വിസ്മരിക്കാനാവില്ലെന്ന് ആലപ്പുഴയിൽ പുസ്തകശാല നടത്തുന്ന അശോകൻ അക്ഷരമാല പറഞ്ഞു. പൊലീസിലായാലും സിനിമയിലായാലും ഏറ്റെടുത്ത ജോലി ഭംഗിയായി ചെയ്യുന്നയാളാണ് സത്യൻ. തങ്ങളെ തല്ലിച്ചതച്ചയാൾ എന്ന നിലയിൽ കമ്യൂണിസ്റ്റുകാർക്ക് സത്യനോടുള്ള വിരോധം സ്മാരകം ഉയരുന്നതിന് തടസ്സമായിട്ടുണ്ടാകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനഹൃദയങ്ങളിൽ ജീവിക്കുന്ന നടന് സ്മാരകം വേണമെന്നതിൽ എതിരഭിപ്രായമില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.