‘കോട്ടയം കറിയാച്ചന്’ 55 സിനിമ വർഷങ്ങൾ
text_fieldsകോട്ടയം: പ്രേംപ്രകാശ് എന്ന കോട്ടയംകാരുടെ കറിയാച്ചൻ സിനിമാരംഗത്തേക്ക് കടന്നുവന്നിട്ട് 55 വർഷം. ഹിറ്റ് സിനിമകളുടെ നിർമാതാവ്, നടൻ, പാട്ടുകാരൻ, പ്രശസ്ത നടന്റെ സഹോദരൻ, സിനിമാക്കാരായ മക്കളുടെ പിതാവ്... അങ്ങനെ മേൽവിലാസങ്ങളൊരുപാടുണ്ടെങ്കിലും തനി കോട്ടയംകാരനായി അറിയപ്പെടാനാണ് ഇദ്ദേഹത്തിന് ഏറെയിഷ്ടം. 80വർഷം പിന്നിട്ട തന്റെ ജീവിതം അടയാളപ്പെടുത്തിയ ചില ഓർമകൾ പങ്കുവെക്കുകയാണ് ഇദ്ദേഹം.
കോട്ടയം സ്റ്റാറും രാജ്മഹലും
സ്കൂൾ കാലത്തേ സിനിമ ഭ്രാന്തനായിരുന്നു. ക്ലാസ് കട്ട്ചെയത് സ്ഥിരം സിനിമക്കുപോവും. അന്ന് കോട്ടയം സ്റ്റാറും രാജ്മഹലുമാണ് (ഇന്നത്തെ അനശ്വര) കോട്ടയത്തെ തിയറ്ററുകൾ. ഹിന്ദി, തമിഴ് എല്ലാ സിനിമയും കാണും. ഭാഷ അറിഞ്ഞിട്ടല്ല. പാട്ടുകളോടുള്ള ഇഷ്ടം കൊണ്ടാണ് അന്യഭാഷ സിനിമകൾ കാണുന്നത്. സേക്രഡ് ഹാർട്ട് സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് ക്ലാസ് കട്ട്ചെയ്ത് സിനിമക്കുപോവുന്നതറിഞ്ഞ് മാന്നാനം സെന്റ് എഫ്രേംസിൽ ബോർഡിങ്ങിൽ ചേർത്തു. ഒരുവർഷം അവിടെ പഠിച്ചപ്പോൾ ചാടിപ്പോക്ക് നടന്നില്ലെങ്കിലും സ്കൂളിലെ മികച്ച നടനും പാട്ടുകാരനുമായി.
സി.എം.എസ് കോളജ്
സി.എം.എസ് കോളജിലാണ് ഡിഗ്രി പഠിച്ചത്. പരിപാടികളിലും സൗഹൃദക്കൂട്ടായ്മകളിലുമെല്ലാം പാടും. പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും താൽപര്യവും തരക്കേടില്ലാതെ പാടുന്നതും കണ്ട് കൂട്ടുകാരാണ് പറഞ്ഞത് സിനിമയിൽ ശ്രമിച്ചുകൂടേ എന്ന്. അങ്ങനെ ചേട്ടനോടുപറഞ്ഞു. അദ്ദേഹമാണ് ചെന്നൈയിൽ വരാൻ പറഞ്ഞതും ‘കാർത്തിക’ എന്ന സിനിമയിൽ ആദ്യമായി പാടുന്നതും. അധ്യാപകരും പ്രോത്സാഹനം നൽകിയിരുന്നു. അമ്പലപ്പുഴ രാമവർമയോടൊപ്പം നാടകവുമായി തട്ടിൽ കയറിയിട്ടുണ്ട്. കോളജിലെ ലിറ്ററേച്ചർ വിദ്യാർഥിനി ആയിരുന്നു ഭാര്യ ഡെയ്സി. അന്നേ പരിചയമുണ്ടായിരുന്നു. കുടുംബക്കാർക്കും അറിയാവുന്ന ആളായിരുന്നു. സി.എം.എസിൽനിന്നിറങ്ങി അടുത്ത വർഷം ഡെയ്സിയെ വിവാഹം ചെയ്തു.
ചങ്ങനാശ്ശേരി എസ്.ബി കോളജ്
ചേട്ടൻ ജോസ് പ്രകാശ് ആണ് പ്രീ യൂനിവേഴ്സിറ്റിക്ക് ചേർക്കാൻ എസ്.ബി കോളജിലേക്കുകൊണ്ടുപോയത്. അന്ന് കാളാശ്ശേരി അച്ചനായിരുന്നു പ്രിൻസിപ്പൽ. സർട്ടിഫിക്കറ്റുകൾ നോക്കി അദ്ദേഹം പറഞ്ഞു, നിനക്ക് പ്രവേശനം തരുന്നത് എസ്.എസ്.എൽ.സി മാർക്ക് നോക്കിയല്ല, അടിമുടി കലാകാരനായതുകൊണ്ടാണെന്ന്. കലാപ്രവർത്തനങ്ങൾക്കു കിട്ടിയ സർട്ടിഫിക്കറ്റുകളാണ് അദ്ദേഹത്തിന്റെ മനസ്സ് കീഴടക്കിയത്.
അച്ചൻകുഞ്ഞ്
ചന്തക്കടവിലെ ചുമട്ടുതൊഴിലാളി ആയിരുന്നു നടൻ അച്ചൻകുഞ്ഞ്. ‘ലോറി’ സിനിമയെടുക്കുമ്പോൾ പത്മരാജൻ പറഞ്ഞു, പരുക്കനായ മുഖമുള്ള മനുഷ്യനെ വേണം. അങ്ങനെ വല്ലവരുമുണ്ടെങ്കിൽ പറയണം എന്ന്. തകരയിൽ അഭിനയിച്ച ആളായിരുന്നു പത്മരാജന്റെ മനസ്സിൽ. എങ്കിലും പുതിയമുഖം കിട്ടിയാൽ നന്നായേനെ എന്നാണു ചിന്ത. ആറടി ഉയരത്തിൽ അരോഗ ദൃഢഗാത്രനാണ് അച്ചൻകുഞ്ഞ്. മുഖത്തൊരു വെട്ടുണ്ട്. ലോറിയിൽനിന്ന് ചാക്കിറക്കുമ്പോൾ വീണതാണ്. നാടകത്തിലൊക്കെ അഭിനയിക്കുമായിരുന്നു. ഒന്നുകണ്ടുനോക്കാൻ പറഞ്ഞു പത്മരാജനോട്. ഇതാണ് താൻ പറഞ്ഞ നടനെന്ന് പത്മരാജനും. നല്ല മനുഷ്യനായിരുന്നു അച്ചൻകുഞ്ഞ്. മരിച്ചപ്പോൾ ചെറിയ പള്ളിയിലെ സംസ്കാരത്തിന് സിനിമാരംഗത്തുനിന്ന് ഞാനല്ലാതെ ആരെയും കണ്ടില്ലെന്നത് വേദനിപ്പിച്ചു.
ജോസ് പ്രകാശ്
എട്ടുമക്കളിൽ മൂത്തയാളാണ് ജോസ് പ്രകാശ്. ഞാൻ ഇളയവനും. 17 വയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ. വാത്സല്യമായിരുന്നു എന്നോട്. സിനിമയിൽ കാണുന്ന വില്ലനല്ല ജീവിതത്തിൽ. പാവത്താനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതലാളിത്യമാണ് എന്നെ ആകർഷിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.