ഹൊറർ ചിത്രം ദി എക്സോർസിസ്റ്റും ടോട്ടവും ഉൾപ്പെടെ നാളെ 67 ചിത്രങ്ങൾ
text_fieldsതിരുവനന്തപുരം: വില്യം ഫ്രീഡ്കിന്റെ അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രം എക്സോർസിസ്റ്റ്, സങ്കീർണ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന മെക്സിക്കൻ സംവിധായിക ലില അവിലെസിന്റെ ടോട്ടം ഉൾപ്പടെ 67 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും.
മിഡ്നൈറ്റ് സ്ക്രീനിങ് വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് ദി എക്സോർസിസ്റ്റ്. മുത്തച്ഛന്റെ വീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന പെൺകുട്ടി നേരിടേണ്ടിവന്ന അപ്രതീക്ഷി സംഭവങ്ങളുടെ അനാവരണമാണ് ടോട്ടം.വിവിധ രാജ്യങ്ങളിലായി ഒൻപത് ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രം മെക്സിക്കയുടെ ഓസ്കാർ പ്രതീക്ഷയാണ്.
അഡുര ഓണാഷൈലിന്റെ ഗേൾ ,പലസ്തീൻ ചിത്രം ഡി ഗ്രേഡ്, ജർമ്മൻ ചിത്രം ക്രസന്റോ ,ദി ഇല്ല്യൂമിനേഷൻ, അർജന്റീനിയൻ ചിത്രം ദി ഡെലിക്വൊൻസ്, മോൾഡോവാൻ ചിത്രം തണ്ടേഴ്സ് ,ദി റാപ്ച്ചർ ,ക്രിസ്റ്റോഫ് സനൂസിയുടെ ദി സ്പൈറൽ തുടങ്ങി 25 ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദർശനമാണ് തിങ്കളാഴ്ച നടക്കുക.
വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനം പ്രമേയമാക്കിയ പോളിഷ് ചിത്രം ദി പെസന്റ്സ്,ലിത്വാനിയൻ സംവിധായിക മരിയ കവ്തരാത്സെയുടെ സ്ലോ, ഫിൻലൻഡ് ചിത്രം ഫാളൻ ലീവ്‌സ്, ജർമ്മൻ സംവിധായകനായ ഇൽക്കർ കറ്റാക്ക് ഒരുക്കിയ ദി ടീച്ചേർസ് ലോഞ്ച്, ടർക്കിഷ് ചിത്രം എബൗട്ട് ഡ്രൈ ഗ്രാസസ്, അറബിക് ചിത്രം ഹാങിംഗ് ഗാർഡൻസ് , ബെൽജിയൻ സംവിധായകൻ ബലോജി ഒരുക്കിയ ഒമെൻ ഉൾപ്പടെ 42 ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും നാളെ ഉണ്ടാകും.
വിഘ്നേഷ് പി ശശിധരൻ്റെ ഷെഹറാസാദ, വി ശരത്കുമാർ ചിത്രം നീലമുടി, സമാധാനമുള്ള മരണം കാംക്ഷിക്കുന്ന യുവാവിൻ്റെ കഥപറയുന്ന സതീഷ് ബാബുസേനൻ - സന്തോഷ് ബാബുസേനൻ ചിത്രം ആനന്ദ് മൊണാലിസ മരണവും കാത്ത്, കമലിന്റെ പെരുമഴക്കാലം, അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ വിധേയൻ, സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിൽ പിറന്ന റാം ജി റാവൂ സ്പീക്കിങ് എന്നീ ചിത്രങ്ങളും ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതാനഗെയുടെ ഇന്ത്യൻ ചിത്രം പാരഡൈയ്സും തിങ്കളാഴ്ച പ്രദർശിപ്പിക്കും. ഓ. ബേബി, അദൃശ്യ ജാലകങ്ങൾ, ആപ്പിൾ ചെടികൾ, ദായം തുടങ്ങിയ മലയാള സിനിമകളുടെ പുന:പ്രദർശനവും നാളെ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.