നവതിയുടെ നിറവിൽ മലയാളത്തിന്റെ‘മധു’ചന്ദ്രിക
text_fieldsതിരുവനന്തപുരം: ക്ഷുഭിതയൗവനത്തിന്റെ പ്രതീകമായും പ്രണയാതുര നായകനായും പ്രതിനായകനായുമൊക്കെ മലയാള സിനിമയില് പകർന്നാട്ടം നടത്തിയ മഹാനടൻ മധുവിന് 90ാം പിറന്നാൾ.നവതി ആഘോഷിക്കുന്ന മലയാള സിനിമയുടെ കാരണവരെക്കാണാൻ കണ്ണമ്മൂലയിലെ ‘ശിവഭവന’ത്തിൽ വ്യാഴാഴ്ച സാംസ്കാരിക മന്ത്രി സജി ചെറിയാനും സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുണുമെത്തി.
മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ച മന്ത്രി ഉപഹാരമായി ഒരു ലക്ഷം രൂപയും ഒപ്പം ലൂമിയർ ബ്രദേഴ്സ് രൂപകൽപന ചെയ്ത ആദ്യകാല മൂവി കാമറയുടെ മാതൃകയും സമ്മാനിച്ചു. നവതി ആഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടി സാംസ്കാരിക വകുപ്പ് ആവിഷ്കരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായ മാധവൻ നായർ എന്ന മധുവിന്റെ പ്രാഥമിക വിദ്യാഭ്യാസം കുന്നുകുളം എൽ.പി സ്കൂൾ, എസ്.എം.വി സ്കൂൾ, പേട്ട മിഡിൽ സ്കൂൾ, സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു. എം.ജി കോളജിൽനിന്ന് പ്രീഡിഗ്രിയും യൂനിവേഴ്സിറ്റി കോളജിൽനിന്ന് ഹിന്ദി ബിരുദവും നേടി. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ അദ്ദേഹം 1959ൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു.
അവിടത്തെ ആദ്യ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായിരുന്നു മധു. ആ കാലത്താണ് രാമു കാര്യാട്ടുമായി അടുപ്പത്തിലായത്. അതോടെ, മൂടുപടത്തിലേക്ക് വഴി തുറന്നു.ക്വാജ അഹ്മദ് അബ്ബാസ് 1969ൽ ഒരുക്കിയ ‘സാത്ത് ഹിന്ദുസ്ഥാനി’ ചിത്രത്തിലൂടെ ഹിന്ദിയിലെത്തി. ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന്റെ ആദ്യ ചിത്രമായിരുന്നു അത്. പിന്നീട് മലയാളികളുടെ ഓർമയിൽ നിറം പിടിപ്പിക്കുന്ന 400 ഓളം ചിത്രങ്ങളിൽ മധു നിറഞ്ഞാടി. 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. 15 ചിത്രങ്ങൾ നിർമിച്ചു. പക്ഷേ, കോവിഡിനു ശേഷം വീടിനകത്തുതന്നെയാണ് ഈ മഹാനടൻ.
എന്തുകൊണ്ട് അഭിനയിക്കുന്നില്ലെന്ന ചോദ്യത്തോട് അദ്ദേഹത്തിന് പറയാനുള്ളത് ഇത്രമാത്രം. ‘‘അപ്പനായും അപ്പൂപ്പനായും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത വേഷങ്ങൾക്ക് ഇനിയില്ല. വെല്ലുവിളിയുള്ള വേഷങ്ങൾ കൊണ്ടുവരൂ. ഈ ആരോഗ്യാവസ്ഥയിൽ ചെയ്യാവുന്നതാണെങ്കിൽ ചെയ്യും.സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും ഇപ്പോഴും സിനിമ തന്നെയാണ് ജീവവായു. ‘സിനിമ കണ്ടും പുസ്തകങ്ങൾ വായിച്ചും ഉറങ്ങുന്നത് പുലർച്ച മൂന്നിന്. അതിനാൽ എഴുന്നേൽക്കുമ്പോൾ ഉച്ചക്ക് 12 ആവും. നേരത്തേ കിടന്നാൽ നേരത്തേ ഉണരും. പുതിയ സിനിമകൾ കാണാറുണ്ടെങ്കിലും പഴയ സിനിമകളോടാണ് താൽപര്യം. മലയാള സിനിമകളേ കാണാറുള്ളൂ’’- മധു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.