ഫോൺ കോളുകൾ കാരണം ഉറങ്ങാൻ കഴിയുന്നില്ല;'അമരൻ' നിർമാതാക്കൾക്കെതിരെ വക്കീൽ നോട്ടീസുമായി വിദ്യാർഥി
text_fieldsതിയറ്ററുകളിൽ മികച്ച കളക്ഷൻ നേടി 'അമരൻ' പ്രദർശനം തുടരുകയാണ്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ബോക്സോഫീസിൽ 300 കോടി നേടിയിട്ടുണ്ട്. ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒക്ടോബർ 31 ആണ് തിയറ്ററുകളിലെത്തിയത്.
അമരൻ വിജയകമായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ നിർമാതാക്കൾക്കെതിരെ വക്കീൽ നോട്ടീസുമായി ചെന്നൈ സ്വദേശി എഞ്ചിനിയറിങ് വിദ്യാർഥി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിൽ സായ് പല്ലവിയുടെ കഥാപാത്രമായ ഇന്ദു റബേക്ക വർഗീസിന്റേതായി കാണിച്ചിരിക്കുന്നത് തന്റെ ഫോൺ നമ്പറാണെന്നും അജ്ഞാത ഫോണുകൾ തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നും നഷ്ടപരിഹാരം വേണമെന്നും വിദ്യാർഥി വക്കീൽ നോട്ടീസിൽ പറയുന്നു. 1.1 കോടി രൂപയാണ് നഷ്ടപരിഹാരമായി വിദ്യാർഥി ആവശ്യപ്പെട്ടിരിക്കുന്നത്. തുടർച്ചയായി അജ്ഞാത ഫോൺ കോളുകൾ വരുന്നത് കാരണം തനിക്ക് ഉറങ്ങാനോ പഠിക്കാനോ കഴിയുന്നില്ലെന്നും ഇത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും വിദ്യാർഥി വക്കീൽ നോട്ടീസിൽ പറയുന്നു. എന്നാൽ ഫോൺ നമ്പർ മാറ്റില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് അമരൻ. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ മേജര്‍ മുകുന്ദ് ആയാണ് ശിവകാര്‍ത്തികേയന്‍ എത്തിയിരിക്കുന്നത്. ഭാര്യ ഇന്ദു റബേക്ക വർഗീസിന്റെ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിച്ചിരിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.