സുവർണ ചകോരത്തിലേക്ക് ഇനി ഒരു പകൽ ദൂരം
text_fieldsതിരുവനന്തപുരം: 27ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച മത്സരചിത്രത്തിനുള്ള സുവർണചകോരം ഏതു രാജ്യത്തേക്കെന്നറിയാൻ ഇനി ഒരു പകൽദൂരം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, മഹേഷ് നാരായണന്റെ അറിയിപ്പ് അടക്കം 14 ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മേളയിൽ പ്രേക്ഷകരുടെ ഹൃദയംകവർന്ന ചിത്രങ്ങളിൽ ഏറെയും മത്സരവിഭാഗത്തിലുള്ളതാണ്. ബൊളീവിയയിലെ മലയോര പ്രദേശത്ത് താമസിക്കുന്ന ദമ്പതികളുടെ കഥ പറയുന്ന സ്പാനിഷ് ചിത്രം ഉതാമ, റഷ്യ-യുക്രെയ്ൻ അതിർത്തി ഗ്രാമത്തിലെ ഗർഭിണിയുടെ ജീവിതം പറയുന്ന റഷ്യന്‍-ഡച്ച് ചിത്രം ക്ലൊണ്ടൈക്ക്. മരണത്തിന്റെ മൂന്ന് ആഖ്യാനങ്ങൾ അവതരിപ്പിക്കുന്ന വിയറ്റ്നാം ചിത്രം മെമ്മറി ലാൻഡ്, രാഷ്ട്രീയ പ്രണയകഥ പറയുന്ന ഇംഗ്ലീഷ് ചിത്രം തഗ് ഓഫ് വാർ, ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'നന്‍പകല്‍ നേരത്ത് മയക്കം' തുടങ്ങിയവയാണ് മത്സരവിഭാഗത്തിലെ ചിത്രങ്ങൾ. പ്രേക്ഷക പുരസ്കാരത്തിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12 വരെയാണ് വോട്ടെടുപ്പിനുള്ള സമയം. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്.എം.എസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. 16നാണ് മേളക്ക് തിരശ്ശീല വീഴുക.
രാജ്യാന്തര മേളയുടെ ഏഴാം ദിനമായ വ്യാഴാഴ്ച കച്ചേയ് ലിംബു ഉൾപ്പെടെ 61 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമയിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ 54 സിനിമകളുടെ അവസാന പ്രദർശനവും വ്യാഴാഴ്ച ഉണ്ടാകും. കൺസേൺഡ് സിറ്റിസൺ, കെർ, എ പ്ലേസ് ഓഫ് അവർ ഓൺ, ടഗ് ഓഫ് വാർ, ഉതാമ, കൺവീനിയൻസ് സ്റ്റോർ എന്നീ മത്സരചിത്രങ്ങളുടെ അവസാന പ്രദർശനവും വ്യാഴാഴ്ചയാണ്. കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാൾ ഓഫ് ഗോഡിന്റെ രണ്ടാമത്തെ പ്രദർശനവും നടക്കും.
ഓസ്കർ നോമിനേഷൻ കിട്ടിയ ഫ്രഞ്ച് ചിത്രം ക്ലോസ്, ഇറാനിൽ നിരോധിക്കപ്പെട്ട ലൈലാസ് ബ്രദേഴ്സ്, ഇപാം ഡി ഓർ ജേതാവ് റൂബൻ ഓസ്ലൻഡിന്റെ ആക്ഷേപഹാസ്യ ചിത്രം ട്രയാങ്കിൾ ഓഫ് സാഡ്നെസ്, തുനീഷ്യൻ ചിത്രം ഹർഖ തുടങ്ങിയവയാണ് വ്യാഴാഴ്ച അവസാന പ്രദർശനത്തിനെത്തുന്ന ലോക സിനിമാ വിഭാഗത്തിലെ പ്രധാന ചിത്രങ്ങൾ.
പ്രദർശനം തുടങ്ങിയാൽ പ്രേക്ഷകനാണ് സിനിമയുടെ ഉടമ -രാരിഷ്
തിരുവനന്തപുരം: സിനിമയുടെ വാണിജ്യപരമായ അവകാശി നിർമാതാവാണെങ്കിലും പ്രദർശനത്തിനെത്തിയാൽ ഉടമ പ്രേക്ഷകനാണെന്ന് സംവിധായകൻ ജി. രാരിഷ്. രാജ്യാന്തര മേളയിൽ മീറ്റ് ദ ഡയറക്ടർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ സംവിധായകരെ ജനങ്ങൾ ഗൗരവത്തിലെടുക്കുന്നില്ലെന്നും സ്ത്രീപക്ഷ സിനിമകൾ മാത്രമേ എടുക്കൂവെന്ന മുൻവിധി സമൂഹത്തിനുണ്ടെന്നും സംവിധായിക കുഞ്ഞില മാസിലാമണി പറഞ്ഞു. സിനിമ സ്വപ്നം കാണുന്ന ധാരാളംപേർക്ക് സഹകരണ കൂട്ടായ്മകൾ അനുഗ്രഹമാണെന്ന് ഏക്താര കലക്ടിവ് അംഗം റിഞ്ചിൻ പറഞ്ഞു. ജിയോ ബേബി, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ്, സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ, അമൽ പ്രാസി, മാഹീൻ മിശ്ര, മുസ്ക്കാൻ, മീരാ സാഹിബ് എന്നിവർ പങ്കെടുത്തു.
ജി.എസ്. പണിക്കർക്ക് രാജ്യാന്തര മേളയിൽ ആദരം
തിരുവനന്തപുരം: സംവിധായകനും നിർമാതാവുമായ ജി.എസ്. പണിക്കർക്ക് രാജ്യാന്തര മേളയിൽ ആദരം. പ്രമേയത്തിലും അവതരണത്തിലും വൈവിധ്യം പുലർത്തിയ കലാകാരനാണ് പണിക്കരെന്ന് ഗാനരചയിതാവ് ഷിബു ചക്രവർത്തി പറഞ്ഞു. അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, പണിക്കരുടെ ഭാര്യ ഷീല പണിക്കർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പണിക്കരുടെ ആദ്യ സിനിമ ഏകാകിനിയുടെ പ്രദർശനം നടന്നു.
ഒ.ടി.ടിയിൽ വിതരണക്കാർ ഏറ്റെടുക്കുന്നത് മികച്ച ഉള്ളടക്കം -സുപ്രിയ മേനോൻ
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കുശേഷം സിനിമയുടെ ഉള്ളടക്കത്തിൽ കൂടുതൽ ജനാധിപത്യം ഉണ്ടായതായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഉടമ സുപ്രിയ മേനോൻ. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വ്യാപകമായതോടെ ലോകസിനിമയുടെ വൈവിധ്യം വീടിനുള്ളിലിരുന്ന് ആസ്വദിക്കാൻ സാധിച്ചു. അതിലൂടെ മലയാളത്തെ ലോകം കൂടുതൽ അടുത്തറിഞ്ഞെന്നും അവർ പറഞ്ഞു.
അശ്വനി കുമാർ, മുബി ഏഷ്യൻ പ്രോഗാം ഡയറക്ടർ സ്വെറ്റ്ലാന നൗഡിയാൽ, ശങ്കർ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.