ഓസ്കാർ യോഗ്യത; ആടുജീവിതം ആദ്യ റൗണ്ടിലേക്ക്
text_fields97ാമത് ഓസ്കാറിനുള്ള ആദ്യ റൗണ്ടിലേക്ക് പ്രവേശിച്ച് മലയാള ചിത്രം ആടുജീവിതം. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്.
ആടുജീവിതം കൂടാതെ സൂര്യ നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’, സന്തോഷ് (ഹിന്ദി), സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ (ഹിന്ദി), ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്നീ ഇന്ത്യന്‍ ചിത്രങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക. 323 ചിത്രങ്ങളിൽ നിന്ന് 207 ചിത്രങ്ങളാണ് ഷോട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ജൂഡ് ആന്‍റണിയുടെ സംവിധാനത്തിലെത്തിയ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു.
ബ്ലെസ്സിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് പ്രധാനകഥാപാത്രത്തിലെത്തിയ ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി ചിത്രം ഒരുക്കിയിരിക്കുന്നത്. എ. ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും സിനിമയെ മറ്റൊരു തലത്തിലേക്കാണ് കൊണ്ടുപോയത്.
പൃഥ്വിരാജിന് പുറമെ അമല പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
നവംബർ 14ന് 38 ഭാഷകളിലായി തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. 50 കോടി ബജറ്റിലെത്തിയ ചിത്രം 106.58 കോടിയാണ് ആകെ നേടിയത്. ആമസോൺ പ്രൈമിലാണ് കങ്കുവ സ്ട്രീം ചെയ്തിരിക്കുന്നത്. തിയേറ്ററിൽ പരാജയപ്പെട്ടിട്ടും ഓസ്കർ പട്ടികയിൽ ചിത്രം സ്ഥാനം നേടിയതിന്‍റെ ഞെട്ടലിലാണ് പ്രേക്ഷകർ.
അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.