ഇന്ത്യൻ ആർമിയോട് അനാദരവ് കാണിച്ചു; ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദക്കെതിരെ പരാതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ആർമിക്കെതിരെ അനാദരവ് കാണിച്ചു, ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ആമിർ ഖാൻ ചിത്രമായ ലാൽ സിങ് ഛദ്ദക്കെതിരെ പരാതി. അഭിഭാഷകൻ വിനീത് ജിൻഡാൽ ആണ് ഡൽഹി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ആമിർ ഖാനും സംവിധായകൻ അദ്വൈത് ചന്ദനും നേരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചിത്രത്തിൽ മാനസിക വൈകല്യമുള്ളയാളെ സൈന്യത്തിൽ ചേരാനും കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാനും അനുമതി നൽകുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. കഠിനമായ പരിശീലനം ലഭിച്ച മികച്ച പട്ടാളക്കാരെയാണ് കാർഗിൽ യുദ്ധത്തിനായി അയച്ചത്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം തകർക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനുമായി പറഞ്ഞ സാഹചര്യം മനഃപൂർവം ചിത്രീകരിച്ചു, ജിൻഡാൽ പരാതിയിൽ പറഞ്ഞു.
കൂടാതെ ചിത്രത്തിൽ പാകിസ്താൻ ഉദ്യോഗസ്ഥൻ ആമിർ ഖാന്റെ കഥാപാത്രമായ ലാൽ സിംഗ് ഛദ്ദയോട് പ്രാർഥിക്കാത്തതിനെ കുറിച്ച് ചോദിക്കുന്നുണ്ട്. ഇതിന് ലാൽ സിങ് പറയുന്ന മറുപടി, തന്റെ അമ്മ പറഞ്ഞു പൂജാ പാതയെല്ലാം മലേറിയയാണെന്ന്. ഈ ദൃശ്യവും പ്രസ്താവനയും ഹിന്ദുമത വിശ്വാസികൾക്കിടയിൽ വികാരം ഉണർത്തിയെന്നും അഭിഭാഷകൻ പരാതിയിൽ വ്യക്തമാക്കി.
ആഗസ്റ്റ് 11 ആണ് ലാൽ സിങ് ഛദ്ദ തിയറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആമിർ ഖാനോടൊപ്പം കരീന കപൂർ, നാഗ ചൈതന്യ, മോന സിങ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.