ആമിർ ഖാൻ കോൺഗ്രസിന് വോട്ട് അഭ്യർഥിച്ചോ? യാഥാർഥ്യം ഇങ്ങനെ
text_fieldsകോൺഗ്രസിന് വോട്ട് അഭ്യർഥിക്കുന്ന നടൻ ആമിർ ഖാന്റെ വിഡിയോ വ്യാജമെന്ന് നടന്റെ വക്താവ്. വാർത്താക്കുറിപ്പിലൂടെയാണ് പ്രചരിക്കുന്ന വിഡിയോയുടെ യാഥാർഥ്യം വെളിപ്പെടുത്തിയത്. ആമിർ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പ്രചാരകനല്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ വ്യാജവും ആശങ്കപ്പെടുത്തുന്നതുമാണെന്നും പറയുന്നു. കൂടാതെ ഇന്ത്യൻ ജനതയോട് വോട്ടുചെയ്ത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാനും നടൻ അഭ്യർഥിച്ചിട്ടുണ്ട്.
'ആമിർ ഖാൻ തന്റെ 35 വർഷത്തെ സിനിമ കരിയറിൽ ഇതുവരെ ഒരുരാഷ്ട്രീയ പാർട്ടിയുടേയും പ്രചാരകനായി പ്രവർത്തിച്ചിട്ടില്ല. വര്‍ഷങ്ങളായി ജനങ്ങളിൽ തെരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന പ്രചാരണങ്ങളില്‍ നടൻ ഭാഗമാകുന്നുണ്ട്. എന്നാല്‍ ഇതുവരെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി നടന്‍ രംഗത്തെത്തിയിട്ടില്ല. ആമിർ ഖാൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് അടുത്തിടെ വൈറലായ വിഡിയോയിൽ ഞങ്ങൾ ആശങ്കാകുലരാണ്. ഇതൊരു വ്യാജ വിഡിയോയാണെന്നും തീർത്തും അസത്യമാണെന്നും അദ്ദേഹം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
മുംബൈ പൊലീസിന്റെ സൈബർ ക്രൈം സെല്ലിൽ എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതുൾപ്പെടെ ഈ വിഷയം വിവിധ അധികാരികളെ അറിയിച്ചുണ്ട്' - വാർത്ത കുറിപ്പിൽ പറയുന്നു.
ആമിർ ഖാൻ അവതരിപ്പിച്ച ടെലിവിഷൻ ഷോയായ സത്യമേവ ജയതേയുടെ പ്രമോ വിഡിയോയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഇതു കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പങ്കുവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.