'ബിരിയാണി' പ്രദർശിപ്പിക്കില്ലെന്ന് ആശിർവാദ്; തിയറ്ററുകൾ സൂപ്പർ സെൻസർ ബോർഡ് ആകേണ്ടയെന്ന് സംവിധായകൻ
text_fieldsകോഴിക്കോട്: ദേശീയ, സംസ്ഥാന, അന്തർദേശിയ അംഗീകാരങ്ങൾ നേടിയ 'ബിരിയാണി' എന്ന സിനിമ പ്രദർശിപ്പിക്കാനാകില്ലെന്ന് കോഴിക്കോട് ആർ.പി മാളിലെ ആശിർവാദ് തീയറ്റർ. സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റ് നൽകിയ സിനിമയിൽ സെക്ഷ്വൽ സീനുകൾ കൂടുതൽ ആണെന്നും സദാചാര പ്രശ്നം ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണിത്. സിനിമയുടെ രണ്ട് പ്രദർശനങ്ങൾ ആണ് ഇവിടെ ചാർട്ട് ചെയ്തിരുന്നത്. പോസ്റ്റർ ഒട്ടിക്കുകയും കാശ് അടക്കുകയും ചെയ്തതിന് ശേഷമാണ് സിനിമ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ മാനേജർ അറിയിച്ചത്.
ഇത് ഒരുതരത്തിൽ സാംസ്കാരിക ഫാഷിസം തന്നെയാണെന്ന് 'ബിരിയാണി'യുടെ സംവിധായകൻ സജിൻ ബാബു പ്രതികരിച്ചു. 'സദാചാരപ്രശ്നം തന്നെയാണോ യഥാർഥ കാരണം, അതോ കുരുപൊട്ടിയ മറ്റാരുടേയെങ്കിലും ഇടപെടലാണോ ഇങ്ങനെയുള്ള തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല. തിയറ്ററുകൾ 'എ' സർട്ടിഫിക്കറ്റ് കിട്ടിയ പടങ്ങൾ പ്രദർശിപ്പിക്കില്ല എങ്കിൽ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണ്. അല്ലാതെ സദാചാര പൊലീസ് കളിക്കുകയല്ല വേണ്ടത്'- സജിൻ ബാബു പറയുന്നു. ഈ ജനാധിപത്യ രാജ്യത്ത് സൂപ്പർ സെൻസർ ബോർഡ് ആകാൻ തിയറ്ററുകൾക്ക് എന്താണ് അധികാരമെന്നും അേദ്ദഹം ചോദിച്ചു. സംവിധായകൻ ജിയോ ബേബി അടക്കം നിരവധി പേർ തിയറ്ററുകാരുടെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
സജിൻ ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ദേശീയ, സംസ്ഥാന, അന്തർദേശിയ അംഗീകാരങ്ങൾ നേടിയ, രാജ്യത്തെ സെൻസർ ബോർഡ് A സർട്ടിഫിക്കറ്റോടുകൂടി ക്ലിയർ ചെയ്ത ഞങ്ങളുടെ ചിത്രം 'ബിരിയാണി' കോഴിക്കോട് മോഹൻലാൽ സാറിന്‍റെ ഉടമസ്ഥതയിലുള്ള ആശിർവാദ് RP മാളിൽ രണ്ട് പ്രദർശനങ്ങൾ ചാർട്ട് ചെയ്യുകയും പോസ്റ്റർ ഒട്ടിക്കുകയും കാശ് അടക്കുകയും ചെയ്തതിന് ശേഷം സിനിമ പ്രദർശിപ്പിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ്. കാരണം അന്വേഷിച്ചപ്പോൾ മാനേജർ പറയുന്നത് സദാചാര പ്രശ്നമാണ് (സെക്ഷ്വൽ സീനുകൾ കൂടുതലാണത്രെ).
ഇതുതന്നെയാണോ യഥാർഥ കാരണം, അതോ കുരു പൊട്ടിയ മറ്റാരുടേയെങ്കിലും ഇടപെടലാണോ ഇങ്ങനെയുള്ള ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല. തിയറ്ററുകൾ A സർട്ടിഫിക്കറ്റ് കിട്ടിയ പടങ്ങൾ പ്രദർശിപ്പിക്കില്ല എങ്കിൽ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണ്. അല്ലാതെ സദാചാര പൊലീസ് കളിക്കുകയല്ല വേണ്ടത്. ഈ ജനാധിപത്യ രാജ്യത്ത് സൂപ്പർ സെൻസർ ബോർഡ് ആകാൻ തിയറ്ററുകൾക്ക് എന്താണ് അധികാരം? ഇത് ഒരുതരത്തിൽ സാംസ്കാരിക ഫാഷിസം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.