ലക്ഷ്യം വർഗീയ ധ്രുവീകരണം, കേരള സ്റ്റോറി സിനിമക്കെതിരെ നടപടിയെടുക്കണം -ഡി.വൈ.എഫ്.ഐ
text_fieldsതിരുവനന്തപുരം: മതവികാരം വ്രണപ്പെടുത്തുന്നതും വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നതുമാണ് സുദിപ്തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലറെന്ന് ഡി.വൈ.എഫ്.ഐ. മതവിദ്വേഷം ഉണ്ടാക്കി വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള കൃത്യമായ സംഘ്പരിവാർ ഗൂഢാലോചനയാണ് നടക്കുന്നത്. സിനിമക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മത സൗഹാർദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തെ മത തീവ്രവാദത്തിന്റെ കേന്ദ്രമെന്ന് സ്ഥാപിക്കുക വഴി ബി.ജെ.പിക്ക് അനുകൂലമായി കേരളത്തിനെതിരെ ദേശീയതലത്തിൽ പൊതുബോധം നിർമിക്കാനുള്ള ശ്രമങ്ങൾ സംഘ്പരിവാർ തുടങ്ങിയിട്ട് നാളുകളേറെയായി. കേരളം കൂടി ഉൾപ്പെടുന്നതാണ് ഇന്ത്യൻ യൂണിയൻ, ആ കേരളത്തെ ശത്രുരാജ്യത്തോടുള്ള മാനസികാവസ്ഥയിലാണ് സംഘപരിവാർ സമീപിക്കുന്നത്.
രാജ്യത്തിന്റെ നിയമനിർമാണ സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ തള്ളിക്കളഞ്ഞ ലൗ ജിഹാദ് ഉൾപ്പെടെയുള്ള നുണക്കഥകൾ വീണ്ടും ഉന്നയിക്കുകയാണ്. മുസ്ലിം എന്നാൽ തീവ്രവാദം എന്ന പ്രചാരണം സമുദായത്തെയൊന്നാകെ ആക്ഷേപിച്ചുകൊണ്ട് വിദ്വേഷം വളർത്തുവാനും വർഗീയത പടർത്താനുമാണ്. ഇതിന് സിനിമ എന്ന ജനപ്രിയ മാധ്യമം ഉപയോഗപ്പെടുത്തുകയാണെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.