ആക്ഷൻ + ത്രില്ലർ; ദി മദർ
text_fieldsജെന്നിഫർ ലോപസ് പ്രധാന വേഷത്തിൽ അഭിനയിച്ച് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറക്കിയ ചിത്രമാണ് ‘ദ മദർ’. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപെടുന്ന ഈ സിനിമ പ്രേക്ഷകർക്ക് ആകാംക്ഷയോടൊപ്പം മാതൃവാത്സല്യത്തിന്‍റെ നൊമ്പരവും സുഖവും അനുഭവപ്പെടുത്തുന്നതാണ്.
വില്ലന്മാരുടെ കൈയിൽനിന്ന് സ്വന്തം മകളെ രക്ഷിക്കാൻ ഒരു ഏജന്‍റിന്‍റെ വേഷത്തിലാണ് ജെന്നിഫർ ലോപസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതേ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഇതിൽ മുഖ്യമായും പറയുന്നത്. സിനിമ കാണുമ്പോൾ തന്നെ ഇതിന്‍റെ അവസാനം എങ്ങനെയാകുമെന്ന് ഊഹിക്കാമെങ്കിലും അവസാനഭാഗത്തെത്തുമ്പോൾ ത്രില്ലിങ് അനുഭവം പ്രേക്ഷകന് ലഭിക്കാനിടയുണ്ട്.
ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് സിനിമ എടുത്തതെങ്കിലും പുതിയതായ ചേരുവകൾ ഇല്ലാത്തത് സിനിമയുടെ പോരായ്മയായി നിഴലിക്കുന്നുണ്ട്. ഇമോഷൻ സീനുകളും ടെച്ചിങ് സംഭാഷണങ്ങളും ഉണ്ടെങ്കിലും അത്ര കാര്യമായി ഏശുന്നില്ല എന്നതാണ് പൊതുവിലുള്ള പ്രേക്ഷക പ്രതികരണം. രണ്ടു മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. അത്രയും സമയം ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കാൻ ഒരുപക്ഷേ സാധിച്ചെന്നുവരില്ല.
എന്നിരുന്നാലും അമ്മ-മകൾ ബന്ധത്തെ കുറിച്ച് സിനിമ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. ആക്ഷൻ, ചേസിങ്, ത്രില്ലിങ് എന്നീ സംഭവങ്ങളൊക്കെ പ്രേക്ഷകന് മടുപ്പ് വരാതെ സിനിമ കണ്ടിരിക്കാൻ സഹായകമാകുന്നുണ്ട്. നികോള ജീൻ കാരോ എന്ന നികി കോരോ ആണ് ചിത്രത്തിന്‍റെ സംവിധായിക. മിഷ ഗ്രീനിന്‍റെ കഥക്ക് മിഷയും ആഡ്രിയ ബെർലോഫും പീറ്റർ ഗ്രെയ്ഗുമാണ് ഇതിന്‍റെ തിരക്കഥ ഒരുക്കിയത്. ജെന്നിഫർ ലോപസ്, ജോസഫ് ഫിയന്നസ്, ലൂസി പേസ്, ഒമാരി ഹാർഡ്‌വിക്ക്, പോൾ റാസി, ഗെയ്ൽ ഗാർസിയ ബെർണൽ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. മേയിൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.