നടനും ദേശീയ വോളിബാൾ താരവുമായ മിഗ്ദാദ് അന്തരിച്ചു
text_fieldsതിരുവനന്തപുരം: ചലച്ചിത്ര നടനും ദേശീയ വോളിബാൾ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
1982ൽ പുറത്തിറങ്ങിയ 'ആ ദിവസം' എന്ന സിനിമയിലൂടെയാണ് മിഗ്ദാദ് അഭിനയരംഗത്തെത്തുന്നത്. സംവിധായകൻ സിബി മലയിലിന്റെ ആദ്യ സിനിമയായ മുത്താരംകുന്ന് പി.ഒയിലെ 'രാജൻപിള്ള' എന്ന ഫയൽവാന്റെ വേഷത്തിലൂടെ ശ്രദ്ധേയനായി.
ആനയ്ക്കൊരുമ്മ, പൊന്നുംകുടത്തിനും പൊട്ട്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, മാന്നാർ മത്തായി സ്‌പീക്കിങ് തുടങ്ങി സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു.
പോസ്‌റ്റൽ ആൻഡ് ടെലഗ്രാഫ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 2010ൽ വിരമിച്ചു. പേട്ട അക്ഷരവീഥി മഠത്തുവിളാകം ലെയിനിൽ (എ.വി.ആർ.എ 12- X) ആയിരുന്നു താമസം.
ഖബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് കൊല്ലം പോളയത്തോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: റഫീക്ക മിഗ്ദാദ്. മക്കൾ: മിറ മിഗ്ദാദ്, റമ്മി മിഗ്ദാദ്. മരുമക്കൾ: സുനിത് സിയാ, ഷിബിൽ മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.