നായിക ഉപയോഗിച്ചത് അത്രയും മോശമായ ഭാഷ,എങ്ങനെ സെന്‍സറിങ് കിട്ടി; വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദന്‍ ഉണ്ണിയെ വിമർശിച്ച് ഇടവേള ബാബു
text_fieldsവിനീത് ശ്രീനിവാസനെ കേന്ദ്രകഥപാത്രമാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെ വിമർശിച്ച് നടൻ ഇടവേള ബാബു. നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തോട് അനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷത്തിൽ സംസാരിക്കവെയാണ് ചിത്രത്തെ വിമർശിച്ചത്. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും എങ്ങനെ സെൻസറിങ് കിട്ടിയെന്ന് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞു. നായിക മോശമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.
'മുകുന്ദന്‍ ഉണ്ണി' എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം മുഴുനീളം നെഗറ്റീവാണ് ചിത്രം. ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. ക്ലൈമാക്‌സിലെ ഡയലോഗ് ആവര്‍ത്തിക്കുന്നില്ല. അത്രയും മോശമായ ഭാഷയാണ് നായിക ഉപയോഗിക്കുന്നത്. സിഗററ്റ്, മദ്യക്കുപ്പി എന്നിവ കാണിക്കുമ്പോള്‍ മൂന്ന് തവണയെങ്കിലും അതിനെതിരേയുള്ള മുന്നറിയിപ്പ് എഴുതി കാണിക്കണം. അങ്ങനെ ചെയ്തില്ല. ഇത് ഇവിടെ എങ്ങനെ ഓടിയെന്ന് മനസിലാകുന്നില്ല. ഇവിടെ ആര്‍ക്കാണ് മൂല്യചുതി സംഭവച്ചത് സിനിമക്കാര്‍ക്കോ പ്രേക്ഷകനോ?
ഞാന്‍ വിനീതിനോട് വിളിച്ചു ചോദിച്ചു. വിനീതേ എങ്ങനെയാണ് ഈ സിനിമയില്‍ അഭിനയിച്ചതെന്ന്. ഏഴോളം നായകന്‍മാരോട് കഥ പറഞ്ഞിട്ടും ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞു മാറാന്‍ പറ്റിയില്ല. അദ്ദേഹത്തിന്റെ അസിസ്റ്റന്റാണ് ഈ സിനിമ ചെയ്തത്. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അദ്ഭുതം തോന്നിയത് പ്രേക്ഷകന്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്നാണെന്നും ഇടവേള ബാബു പറഞ്ഞു.
നവംബർ 11 നാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് തിയറ്ററുകളിൽ എത്തിയത്. ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.ആര്‍ഷ ചാന്ദ്നി ബൈജു, തൻവി റാം, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഹോട്സ്റ്റാറിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.